നമസ്കാരം നല്കിയ അനുഭൂതിയാണ് എന്നെ ഇസ്‍ലാമിലെത്തിച്ചത് വസീം കെപ്സോണ്‍

ലണ്ടനിലെ ഒരു യാഥാസ്ഥിക കത്തോലിക്ക കുടുംബത്തിൽ  ജനിച്ച് വളർന്ന് പിന്നീട് ഇസ്‍ലാം മതം സ്വീകരിച്ച്, ജിമി കെപ്സോണിൽ നിന്നും വസീം കെപ്സോണിലേക്കുള്ള പരിവർത്തനത്തിന്റെ കഥ ഏറെ ശ്രദ്ധ നേടിയതാണ്. 

ലണ്ടനിലെ ഒരു ക്രൈസ്തവ കുടുംബത്തിൽ വളർന്ന് വന്ന ജിമി ബാല്യത്തിൽ തന്നെ മത വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിത രീതിയിലായിരുന്നു. പിതാവ് വിശ്വാസങ്ങളിൽ വലിയ താൽപര്യമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും മകൻ്റെ  തിരുമാനത്തെ മാനിക്കുകയും അവൻ്റെ താൽപര്യങ്ങൾക്കുള്ള സ്വാതന്ത്രം നൽകുകയും ചെയ്തു.

അതിനാൽ തന്നെ, ക്രൈസ്തവ വേദഗ്രന്ഥമായ ഇഞ്ചീൽ (gospel )വായിക്കുക, കൃത്യമായി ദേവാലയങ്ങൾ സന്ദർശിക്കുക, സ്ഥിരമായി ആരാധനകളിൽ പങ്കെടുക്കുക ഇതെല്ലാം ജിമിയുടെ പതിവുകളായി. അതേ സമയം  തൻ്റെ മനസ്സിലെ ചില അടിസ്ഥാന ചോദ്യങ്ങൾക്കുള്ള വ്യക്തമായ മറുപടികളുടെ അഭാവം അദ്ദേഹത്തെ അലട്ടുകയും ചെയ്തിരിന്നു.

കലാലയ ജീവിതത്തിലെ വഴിത്തിരിവ്

കോളേജ് പഠനകാലത്താണ് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ചില സംഭവ വികാസങ്ങൾക്ക് തുടക്കം കുറിക്കുന്നത്.  വളരെ യാദൃശ്ചികമായി ഒരു  മുസ്ലിം സഹപാഠിയുമായി അദ്ദേഹം പരിചയപ്പെടാൻ ഇടയായി. സമയബന്ധിതമായുള്ള അഞ്ചുനേരത്തെ അവൻ്റെ നമസ്കാരവും  വ്യക്തി ജീവിതത്തിലെ വിശുദ്ധിയും സത്യസന്ധമായ ജീവിത രീതിയും ജിമിയെ വളരെ ഹഠാദാകർഷിച്ചു.

ഒരു ദിവസം അവനോടൊപ്പമുള്ള  സഞ്ചാരത്തിൽ മുസ്ലിം വിദ്യാർത്ഥികൾ അംഗസ്നാനം  (ablution-വുദൂഅ് ) ചെയ്ത് കൂട്ടമായി ( നമസ്ക്കാരം) സാഷ്ടാംഗം ചെയ്യുന്ന കാഴ്ച്ച അദ്ദേഹത്തിൻ്റെ ദൃഷ്ടിയിൽ പതിഞ്ഞു. ചിതലടിഞ്ഞ ചിന്താമണ്ഡലങ്ങൾക്ക് അത്  തീ കൊളുത്തി. 

ഇഞ്ചീലി-ൽ യേശുവും (ഈ സാ പ്രവാചകൻ) ഇത്തരത്തിൽ പ്രാർത്ഥിച്ചിരുന്നുവെന്ന കാര്യം ഹൃദയത്തിൽ തികട്ടിവന്നു. തൽഫലം  ജിമിയുടെ മനസ്സിൽ വലിയൊരു ചോദ്യമുണർന്നു: “ഞാൻ പിന്തുടരുന്നതോ അതോ ഞാൻ കാണുന്ന വഴിയോ യഥാർത്ഥം ?”

സംങ്കീർണ്ണതയിൽ നിന്നും സത്യത്തിലേക്ക്

ക്രൈസ്തവ വിശ്വാസത്തിലെ  “ത്രിത്വ” (Trinity) സങ്കല്പം മറ്റെല്ലാവരെയും പോലെ തന്നെ അദ്ദേഹത്തിനും  ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. വ്യക്തമാക്കുന്തോറും സംങ്കീർണ്ണമായി  മാറുന്ന ഈ ആശയത്തെ നിരന്തരമായ ചോദ്യശരങ്ങൾ കൊണ്ട് അദ്ദേഹം നേരിടാൻ തുടങ്ങി. പുരോഹിതർ വിവിധ രീതികളിലൂടെ അതിന് വ്യാഖ്യാനം നൽകിയപ്പോഴും അദ്ദേഹത്തിൻ്റെ ഹൃദയത്തിൻ്റെ തേട്ടം ഏകനായ സ്രഷ്ടാവിലേക്കായിരുന്നു.

ഇസ്‍ലാമിക പണ്ഡിതന്മാരോടുള്ള നിരന്തര വൈജ്ഞാനിക സംഭാഷണങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ പ്രകാശം തെളിച്ചു. ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം അദ്ദേഹം തിരിച്ചറിഞ്ഞു തുടങ്ങി. മൂന്ന് മാസത്തെ ആലോചനക്ക് ശേഷം, ഒടുവിൽ 1994 ഒക്ടോബറിൽ ലണ്ടനിലെ സെൻട്രൽ മസ്ജിദിൽ വെച്ച് ജിമി ശഹാദത്ത് ചൊല്ലി ഇസ്ലാം സ്വീകരിച്ചു കൊണ്ട്   “വസീം കെപ്സോൺ” ആയി മാറി. 

അദ്ദേഹത്തിൻറെ വാക്കുകളിൽ നിന്നും കേൾക്കാം“ആ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തമായിരുന്നു.  വുദൂഅ് ചെയ്ത് സ്രഷ്ടാവിലേക്ക് പ്രാർത്ഥനയോടെയുള്ള മടക്കം  ഞാൻ ഒരിക്കലും  അനുഭവിക്കാത്ത സമാധാനത്തിൻ്റെ അനുഭൂതിയായിരുന്നു.” – വസീം

കുടുംബത്തിൻറെ പ്രതികരണം

അദ്ദേഹത്തിൻറെ ഇസ്ലാം ആശ്ലേഷണം കുടുംബത്തിൽ വലിയ കോളിളക്കങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും മാതാവിൽ  ആദ്യം ആശ്ചര്യമുളവാക്കി. പക്ഷേ, വിശ്വാസങ്ങളിലെ പരിവർത്തനം മാതാവിനെ ആദരിക്കുന്നതിനും സ്‌നേഹിക്കുന്നതും തടസം സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല, പ്രത്യുത അതിന് ആക്കം കൂട്ടുകയായിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതരീതി മുച്ചൂടും മാറ്റങ്ങൾക്ക് വിധേയമായി. ഭക്ഷണ വിഭവങ്ങളിൽ ഇസ്ലാമിക വിധി വിലക്കുകൾ പാലിക്കപ്പെട്ടു. അഞ്ച് നേരങ്ങളിലെ പ്രാർത്ഥനകൾ ജീവിതത്തിൻറെ ഭാഗമായി.  പതിയെ മാതാവ് അതെല്ലാം ഉൾക്കൊള്ളാൻ പാകപ്പെട്ടു. കാലക്രമേണ ഇസ്ലാമിൻ്റെ സൗകുമാര്യതയെ പരിരംഭണം ചെയ്തുകൊണ്ട് അതിൻ്റെ ശാദ്വല തിരത്തേക്ക് അവർ കടന്ന് വന്നു.

അതേസമയം, പിതാവ് മതബോധം തീണ്ടിട്ടില്ലാത്തതിനാൽ  ഇസ്ലാം സ്വീകരിക്കാതെ വിടപറയുകയും  വസീമിന് അതൊരു വലിയ നോവായി അവശേഷിക്കുകയുമായിരുന്നു.

പ്രബോധന പ്രവർത്തനങ്ങൾ

ഇന്ന് വസീം ബ്രിട്ടനിലെ പ്രമുഖ ദാഈ (പ്രബോധകൻ) ആണ്. സ്കൂളുകളിലും പൊതുസമൂഹങ്ങളിലും “Discover Islam” എന്ന പ്രോജക്റ്റിലൂടെ ഇസ്ലാമിൻറെ സുന്ദരമായ സന്ദേശങ്ങളെത്തിക്കാനുള്ള ശ്രമകരമായ ദൗത്യവുമായി മുന്നേറുകയാണ്. 

അതോടൊപ്പം തന്നെ ഇസ്ലാമിലേക്ക് കടന്ന് വന്ന പുതുമുസ്ലിങ്ങൾക്കായി വിവിധതരം പഠന ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്ത് പോരുന്നു. അദ്ദേഹത്തിൻ്റെ സന്നദ്ധ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫലസ്തീൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ സഹോദരങ്ങൾക്കായി അദ്ദേഹം നടത്തിയിരുന്ന സജീവമായ സഹായ പ്രവർത്തനങ്ങളാണ്.

സത്യസന്ധമായി അന്വേഷിച്ചാൽ അല്ലാഹു സന്മാർഗത്തിൽ എത്തിക്കുമെന്നതിൻ്റെ ജീവിച്ചിരിക്കുന്ന തെളിവാണ് ജിമിയിൽ നിന്നും വസീമിലേകുള്ള  ഈ പരിവർത്തനം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter