കോഴിക്കോട് മുഖ്യ ഖാളി കെ.വി. ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു

കോഴിക്കോട് മുഖ്യ ഖാളി കെ.വി.  ഇമ്പിച്ചമ്മദ് ഹാജി (88). സഹോദരൻ നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നിര്യാണത്തെ തുടർന്ന് 2009 തിലാണ് ഇമ്പിച്ചമ്മദ് ഹാജി ഖാളിയായി ചുമതലയേറ്റത്. 

ഇസ്‍ലാമിക പ്രബോധനത്തിനായി കേരളത്തിലെത്തിയ മാലിക്ബ്നുദീനാറിന്റെ കാലം മുതല്‍ തുടങ്ങുന്നതാണ് കോഴിക്കോട്ടെ ഖാളി പരമ്പര. ഏറെ ഉന്നത സ്ഥാനമായിരുന്നു സാമൂതിരി ഭരണകൂടവും സമൂഹവും ഇവര്‍ക്ക് കല്‍പിച്ച് പോന്നിരുന്നത്. ഇന്നും ഇവര്‍ ഖാളിമാരായി  ഔദ്യോഗിക രേഖകളില്‍ പോലും അംഗീകരിക്കപ്പെടുന്നുണ്ട്. 

ഹിജ്റ എട്ടാം നൂറ്റാണ്ടിലുണ്ടായ ചില ദൌര്‍ഭാഗ്യകരമായ സാമൂഹ്യസംഭവങ്ങളിലൂടെ കോഴിക്കോട്ടെ ജനങ്ങള്‍ രണ്ട് ചേരിയിലാവുകയും അതേ തുടര്‍ന്ന് ഇരുവിഭാഗത്തിനും വ്യത്യസ്ത ഖാളിമാര്‍ നിലവില്‍ വരുകയും ചെയ്തു. അതോടെയാണ്, വലിയ ഖാളിയും മുഖ്യ ഖാളിയും (ചെറിയ ഖാളി എന്ന പേരിലും അറിയപ്പെടുന്നു) കോഴിക്കോടിന്റെ ചരിത്രത്തിന്റെ ഭാഗമാവുന്നത്.  കുറ്റിച്ചിറ മിസ്ഖാല്‍ പള്ളിയാണ് മുഖ്യഖാളിമാരുടെ ആസ്ഥാനം. പല പ്രമുഖ ഖാളിമാരും അന്ത്യവിശ്രമം കൊള്ളുന്നതും ഈ പള്ളിയുടെ പരിസരത്താണ്. കോഴിക്കോട് താലൂക്കിലുൾപ്പെടുന്ന മഹല്ലുകളാണ് മുഖ്യഖാളിമാരുടെ പ്രവർത്തന പരിധി. 

സാമൂഹ്യ-സാംസ്കാരിക മേഖലയിലും പൊതുപ്രവർത്തന രംഗത്തും സജീവമായി ഇടപെടുന്നതാണ്, പൊതുവെ കോഴിക്കോട് ഖാളിമാരുടെ രീതി. അന്തരിച്ച ഖാളി ഇമ്പിച്ചമ്മദ് ഹാജിയും ഈ രീതി തുടര്‍ന്നുപോന്നു. ഖാസി ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരി കൂടിയായിരുന്ന അദ്ദേഹം, നിലവിലെ കോഴിക്കോട്ടെ സാമൂതിരിയായ കെസി ഉണ്ണി അനുജൻ രാജയോടൊപ്പം, വിവിധ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter