മൊറോക്കോ
കര്‍മ്മശാസ്ത്ര പണ്ഡിതന്‍ ഖാളി ഇയാള്, തത്വചിന്തകന്‍ ഇബ്‌നു തുഫൈല്‍, ഇബ്‌നു റുശ്ദ്, ലോക സഞ്ചാരിയായിരുന്ന ഇബ്‌നു ബത്തൂത്ത, വൈദ്യ ശാസ്ത്രജ്ഞനായ ഇബ്‌നു സഹര്‍, ഭൂമി ശാസ്ത്രജ്ഞന്‍ ഇദ്‌രീസി, പ്രഥമ യൂണിവേഴ്‌സിറ്റി നിര്‍മിച്ച ഫാത്വിമ ഫിഹ്‌രി, തുടങ്ങി ഒട്ടേറെ പ്രതിഭകളുടെയും സ്വൂഫികളുടെയും ജന്മദേശമാണ് മൊറോക്കോ.

അഞ്ചാം നൂറ്റാണ്ടില്‍  മുറാബിത്തുകളാണ് മറാക്കിശ് പട്ടണം സ്ഥാപിച്ചത്. അവര്‍ക്ക് ശേഷം മുവഹിദുകളുടെ കാലത്താണ് പട്ടണം വൈജ്ഞാനികമായും മറ്റും പുരോഗതി പ്രാപിച്ചത്. ട്രിപ്പോളി മുതല്‍ അറ്റ്‌ലാന്റിക് സമുദ്രം വരെയും സഹാറ മരുഭൂമി മതുല്‍ അന്ദലുസ് വരെയും നീണ്ടുകിടക്കുന്നതായിരുന്നു അന്നത്തെ മൊറോക്കോ. (ഹിജ്‌റ 453-541 വരെ നിലനിന്ന ഭരണകൂടമായിരുന്നു മുറാബിത്ത് ഭരണകൂടം.)

മുവഹിദുകള്‍ക്ക് ശേഷം വന്ന ഭരണാധികാരികളില്‍ പ്രസിദ്ധനായ ഭരണാധികാരിയാണ്  ബനുല്‍ മരീന്‍. (ഹിജ്‌റ 524-667 വരെ ഭരിച്ച ഭരണകൂടമാണ് മുവഹിദീന്‍ ഭരണകൂടം) മുവഹിദുകള്‍ക്ക് ശേഷമാണ് മൊറോക്കൊയുടെ തകര്‍ച്ച ആരംഭിച്ചത്. എങ്കിലും ഫുലാലി ഭരണാധികാരിയായ മൗലായെ ഇസ്മാഈലിന്റെ കാലത്ത് രാഷ്ട്രീയവും നാഗരികവുമായ പുരോഗതിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിരുന്നു. 

മൊറോക്കയിലെ ഫ്രഞ്ച്, സ്പെയിന്‍ അധിനിവേശങ്ങള്‍
ഉത്തരാഫ്രിക്കയില്‍ ഫ്രഞ്ചുകാര്‍ ഏറ്റവും അവസാനമായി കീഴടക്കിയ രാജ്യമായിരുന്നു മൊറോക്കോ. 1912-ലായിരുന്നു അത്. അന്നത്തെ ഭരണാധികാരി മൗലായെ അബ്ദുല്‍ ഹഫീളായിരുന്നു. അന്ന് രീഫ് എന്ന പേരിലാണ് മൊറോക്കോ  അറിയപ്പെട്ടിരുന്നത്. രീഫിന്റെ വടക്ക് ഭാഗം സ്‌പെയിനിന്റെ അധീനതയിലും ബാക്കി ഭാഗങ്ങള്‍ ഫ്രാന്‍സും കീഴടക്കിയിരുന്നു. 1912 ല്‍ ഒരു കരാറിലൂടെ, സുല്‍താന്‍ എന്ന അധികാരം രാജാവിന് നിലനിര്‍ത്താമെന്ന എന്ന ധാരണയില്‍ അന്നത്തെ ഭരണാധികാരി ഫ്രാന്‍സിന് മുന്നില്‍ കീഴടങ്ങുകയാണുണ്ടായത്. മൊറോക്കോ ജനത അതിനെതിരെ ശക്തമായി പ്രതിഷേധിച്ചുവെങ്കിലും അതിനെയല്ലാം ഫ്രഞ്ച്സൈന്യം അടിച്ചമര്‍ത്തി, ദീര്‍ഘമായ 44 വര്‍ഷക്കാലം ഫ്രാന്‍സ് മൊറോക്കോ ഭരിച്ചു.

Also Read:സ്പെയിനിലെ മുസ്‌ലിം ഭരണകൂടം- അമവികള്‍

ഗാസി മുഹമ്മദ് ബ്‌നു അബ്ദില്‍ കരീം
അധിനിവേശത്തിനെതിരെ ദേശീയ ചെറുത്തു നില്‍പ്പ് പ്രസ്ഥാനങ്ങളും സേനാനികളും പലയിടങ്ങളിലും തലപൊക്കി. അവരില്‍ പ്രധാനിയായിരുന്നു സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നല്‍കിയിരുന്ന ഗാസി മുഹമ്മദ് ബ്‌നു അബ്ദുല്‍ കരീം. സ്‌പെയിന്‍ അധിനിവേശം നടത്തിയ മൊറോക്കയുടെ ഭാഗങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രമെങ്കിലും ഫ്രഞ്ച്കാരുടെ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരെയായിരുന്നു അദ്ദേഹം കൂടുതലും പോരാടിയത്. പോരാട്ടങ്ങളുടെ പേരില്‍ ജയിലിടക്കപ്പെട്ട അദ്ദേഹം വൈകാതെ ജയില്‍ ചാടുകയും പോരാട്ടങ്ങള്‍ തുടര്‍ന്ന് സ്‌പെയിന്‍ സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്തു. അതോടെ ചില ഭാഗങ്ങള്‍ ഗാസി മുഹമ്മദിന് കീഴില്‍ രീഫ് റിപ്പബ്ലിക്ക് എന്ന പേരില്‍ സ്വതന്ത്ര ഭരണം  പ്രഖ്യാപിച്ച് നിലവില്‍ വന്നു. സ്‌പെയിനോട് നിരന്തരം യുദ്ധം തുടരുകയും തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങളില്‍ രീഫിന്റെ ഏതാനും ചില ഭാഗങ്ങളൊഴികെ ബാക്കിയെല്ലാം ഗാസി മുഹമ്മദ് ബ്‌നു അബ്ദുല്‍ കരീമിന്റെ അധീനതയിലാവുകയും ചെയ്തു. 

സ്‌പെയിനോടുള്ള ഗാസി മുഹമ്മദിന്റെയും അനുയായികളുടെയും സമരങ്ങള്‍ കണ്ട് ഫ്രഞ്ചുപട ഭയവിഹ്വലരാവുകയും അവര്‍ ഗാസിയുടെ സൈന്യത്തെ പരാജയപ്പെടുത്താന്‍ ഫ്രാന്‍സില്‍ നിന്നും അള്‍ജീരിയയില്‍ നിന്നും പ്രത്യേകം സൈന്യത്തെ മൊറോക്കോ അതിര്‍ത്തിയിലേക്കെത്തിക്കുകയും ചെയ്തു. 

1925 ഒക്ടോബറില്‍ 1,65,000 ഫ്രഞ്ച് സൈനികര്‍ രീഫിന്റെ അതിര്‍ത്തിയിലെത്തി. അവസരം മുതലെടുത്ത് അതേസമയം തന്നെ സ്‌പെയിനും പ്രത്യേക സൈന്യത്തെ ഇറക്കി. സര്‍വായുധ സജ്ജരായ ഫ്രാന്‍സിന്റെയും സ്പയിന്റെയും സൈനികര്‍ ഒന്നിച്ചപ്പോള്‍ അംഗസംഖ്യ 2,80,000 ആയി. അവരോട് പോരടിക്കാനുള്ള സൈനിക ബലമില്ലെങ്കിലും അവരെ വിറപ്പിച്ച് നിറുത്താന്‍ മാത്രമുള്ള ശക്തി ഗാസി മുഹമ്മദ് ബ്‌നു അബ്ദുല്‍ കരീമിനുണ്ടായിരുന്നു. 

1926 മെയ് 27 ന് ഗാസി മുഹമ്മദ് ഫ്രഞ്ചുകാര്‍ക്ക് മുമ്പില്‍ കീഴടങ്ങി. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വിദൂരമായ ഒരു ദ്വീപിലേക്ക് നാടുകടത്തി. 21 വര്‍ഷത്തോളം അദ്ദേഹം അവിടെ കഴിച്ചുകൂട്ടി. 1947 മെയ് മാസം അദ്ദേഹത്തെ ഫ്രാന്‍സിലേക്ക് കൊണ്ടുപോവുന്നതിനിടെ ഈജിപ്തിലെ സൂയസ് കനാല്‍ തീരത്തിലൂടെ കടന്ന് പോവുമ്പോള്‍ ഉത്തരാഫ്രിക്കയിലെ നേതാക്കളുടെ അഭ്യര്‍ത്ഥനമൂലം അദ്ദേഹത്തിന് ഈജിപ്തിലെ ഭരണാധികാരി അഭയം നല്‍കുകയും,  ശിഷ്ടകാലം അദ്ദേഹം കൈറോയില്‍ താമസിക്കുകയും ചെയ്തു. അപ്പോഴും അദ്ദേഹം മൊറോക്കയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ തലവനായും അദ്ദേഹത്തിന്റെ ഓഫീസ് പോരാട്ടങ്ങളുടെ കേന്ദ്രമായും പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഫ്രഞ്ച്പടയെയും സ്‌പെയിനിനെയും വിറപ്പിച്ച ആ ധീരയോദ്ധാവ് 1962 ഫെബ്രുവരി 6 ന് ഈ ലോകത്ത് നിന്ന് വിടവാങ്ങി. 

സ്വാതന്ത്ര്യത്തിലേക്കുള്ള വഴികള്‍
മൊറോക്കോയില്‍ ദേശീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് 1925 ല്‍, സ്വാതന്ത്ര്യസമര പോരാളിയായിരുന്ന ഇലാലുല്‍ഫാസി, ഫാസ് നഗരത്തില്‍ ഒരു സംഘടന രൂപീകരിക്കുന്നതോടെയാണ്. അതിന് ശേഷം 1926 ല്‍ അഹ്മദ് ബാല ഫറജും മുഹമ്മദ് ഹസനുല്‍ വസാനിയും റബാത്വ് നഗരത്തില്‍ മറ്റൊരു സംഘടന രൂപീകരിച്ചു. ഫ്രാന്‍സ് ഇത്തരം ദേശീയ പ്രസ്ഥാനങ്ങളുടെയും സംഘടനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തിയിരുന്നതിനാല്‍ ചര്‍ച്ചയും സംവാദവും നടത്താനുളള കേവല കമ്മിറ്റികള്‍ എന്ന പേരിലാണ് ഈ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. 

1930ല്‍ ഫ്രാന്‍സ് ബര്‍ബറുകളുടെ പഴയ നിയമം എന്ന പേരില്‍ പ്രത്യേകനിയമം കൊണ്ടുവന്നതോടെ പ്രതിഷേധം ആളിക്കത്തി. അന്ന് ശക്തമായി പ്രതികരിച്ച നേതാവായിരുന്നു ശക്കീബ് അര്‍സലാന്‍. അദ്ദേഹം 4 വര്‍ഷങ്ങള്‍ക്ക് ശേഷം 1934 മെയ് മാസത്തില്‍ കത്വ്‌ലത്തുല്‍ അമലുല്‍ വത്വനി എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയുണ്ടായി. ഒരു വര്‍ഷം കൊണ്ട് തന്നെ ഒരു ലക്ഷത്തിലകം അനുയായികളെ ഉണ്ടാക്കാന്‍ ശക്കീബ് അര്‍സലാന് കഴിഞ്ഞിരുന്നു. 

Also Read:മുസ്‌ലിംകളുടെ പതനം :കാരണങ്ങളും പ്രതിവിധികളും; ഷാക്കിബ് അര്‍സലാന്റെ പുസ്തകത്തിലൂടെ

1943 ല്‍ ഹിസ്ബുല്‍ ഇസ്തിഖ്‌ലാല്‍ എന്ന ഒരു സംഘടനക്ക് അഹമദ് ബാല ഫറജ് രൂപം നല്‍കി. ഇതോടെയാണ് സ്വാതന്ത്ര്യ സമരപോരാട്ടം ശക്തിയാര്‍ജ്ജിച്ചത്. ഇവരോട് അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിച്ചിരുന്ന സുല്‍ത്താന്‍ മുഹമ്മദ് ഖാമിസിനോട് അരിശം തോന്നിയ ഫ്രഞ്ചുകാര്‍ സുല്‍ത്താനെതിരെ ആഭ്യന്തരം യുദ്ധം അഴിച്ചുവിടാന്‍ ശ്രമിച്ചുവെങ്കിലും, അത് വിജയം കാണാതെ വന്നപ്പോള്‍ അദ്ദേഹത്തെ നാടുകടത്തി. ഇതോടെ രാജ്യമൊന്നടങ്കം ഫ്രാന്‍സ് ഭരണാധികാരികള്‍ക്കെതിരെ പ്രതിഷേധങ്ങളും സമരപോരാട്ടങ്ങളും തുടര്‍ന്നു. പ്രതിഷേധം ആളിക്കത്തി, ഒടുവില്‍ സുല്‍ത്താന് നാട്ടിലേക്ക് മടങ്ങാന്‍ ഫ്രാന്‍സിന് അനുവാദം നല്‍കേണ്ടിവന്നു.

സ്വാതന്ത്ര്യത്തിലേക്ക്
സുല്‍ത്താന്റെ തിരിച്ച് വരവിന് നാട്ടില്‍ വന്‍ സ്വീകരണം ലഭിച്ചു. അത് സ്വാതന്ത്ര്യ പോരാളികളുടെ വിജയം കൂടിയായിരുന്നു. 1956 മാര്‍ച്ച് 2 ന് മൊറോക്കോയുടെ സ്വാതന്ത്യം അംഗീകരിക്കപ്പെട്ടു. 1912 മുതല്‍ നാലരപതിറ്റാണ്ട് തുടര്‍ന്ന ഫ്രാന്‍സിന്റെ അധിനിവേശത്തിന് അതോടെ അവസാനമായി. അതേ വര്‍ഷം ഏപ്രില്‍ മാസം രീഫില്‍ നിന്ന് സ്‌പെയിനും പിന്മാറി. സ്വാതന്ത്ര്യത്തിന് മുമ്പ് ഹിസ്ബുല്‍ ഇസ്തിഖ്‌ലാല്‍ പാര്‍ട്ടിക്കായിരുന്നു മൊറോക്കോയില്‍ ഏറ്റവും വലിയ പിന്തുണ ലഭിച്ചിരുന്നത്. എന്നാല്‍ 1959 സംഘടനയില്‍ ആഭ്യന്തര പ്രശ്‌നങ്ങളുടലെടുക്കുകയും പാര്‍ട്ടി  രണ്ട് ഗ്രൂപ്പായി മാറുകയും ചെയ്തു. 

നിലവിലെ ഭരണം
രാജാവുണ്ടെങ്കിലും പാര്‍ലമെന്ററി സംവിധാനമാണ് മൊറോക്കോയില്‍ തുടരുന്നത്. 2021 സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നാഷണല്‍ റാലി ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്, ഓഥന്റിസിററി ആന്‍ഡ് മോഡേണിറ്റി പാര്‍ട്ടി, ഇസ്തിഖ്‌ലാല്‍ പാര്‍ട്ടി എന്നീ മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യമാണ് നിലവില്‍ മൊറോക്കോയില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ രാജാവ് മുഹമ്മദ് ആറാമനാണ്. നാഷണല്‍ റാലി ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടി നേതാവ് കൂടിയായ അസീസ് അക്‌നോച്ചാണ് നിലവിലെ പ്രധാനമന്ത്രി. അദ്ദേഹം നയിക്കുന്ന പാര്‍ട്ടി 2021 സെപ്തംബറിലെ തെരഞ്ഞെടുപ്പില്‍ 102 സീറ്റുകള്‍ നേടി ഏറ്റവും വലിയ കക്ഷിയായതോടെ, 87 സീറ്റുകള്‍ ലഭിച്ച ഓഥന്റിസിറ്റി മോഡേണിറ്റി പാര്‍ട്ടി, 35 സീറ്റുകള്‍ ലഭിച്ച ഇസ്ത്വിഖ്‍ലാല്‍ പാര്‍ട്ടി എന്നിവരുമായി ചേര്‍ന്ന് അസീസ് അക്‌നോച്ച് ഭരണകൂടം രൂപീകരിക്കുകയാണ് ചെയ്തത്. പ്രസ്തുത സഖ്യം തന്നെയാണ് ഇപ്പോഴും മൊറോക്കോ ഭരിക്കുന്നത്.


Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter