ഇമ്രാൻ ഖാന്റെ അറസ്റ്റും വീണ്ടും സജീവമാവുന്ന ഇറാന്‍-അമേരിക്ക കരാറും
നൈജറിലെ പട്ടാള അട്ടിമറിയുടെ അനുരണനങ്ങൾ ആഫ്രിക്കൻ രാഷ്ട്രീയത്തെയും പാശ്ചാത്യ രാജ്യങ്ങളുടെ ആഫ്രിക്കൻ പദ്ധതികളെയും ആഴത്തിൽ ബാധിക്കുന്ന വിധമാണ് കാര്യങ്ങളുടെ പോക്ക്. ആഫ്രിക്കൻ രാജ്യങ്ങളിലെ വളർന്നുവരുന്ന റഷ്യൻ സ്വാധീനവും ഇമ്രാൻ ഖാന്റെ അറസ്റ്റും ഇറാൻ-അമേരിക്ക കരാറും തെൽ അവീവിലെ മാർച്ച് ഓഫ് ഡെത്തുമാണ് ഈ വാരത്തിലെ മുസ്‍ലിം ലോകത്തെ പ്രധാന സംഭവവികാസങ്ങൾ.
ഇമ്രാൻ ഖാൻ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമ്പോൾ
മാസങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി അതിന്റെ മൂർദ്ധന്യതയിലെത്തിയിരിക്കുകയാണ്. പാകിസ്ഥാൻ രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങൾ പ്രതിസന്ധിയുടെ ആഴം എത്രത്തോളമെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. പാകിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവും മുന്‍പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ അറസ്റ്റാണ് പുതിയ ചർച്ചാവിഷയം. പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ലഭിച്ച ഗവണ്മെന്റ് ഗിഫ്റ്റുകൾ മറിച്ചുവിറ്റെന്നും അവയിൽ ക്രമക്കേടു നടത്തിയെന്നും ആരോപിച്ചാണ് ഇമ്രാൻ ഖാൻ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മൂന്ന് വർഷത്തെ ജയിൽ ശിക്ഷയാണ് അദ്ദേഹത്തിനെതിരെ വിധിച്ചിരിക്കുന്നത്. കൂടാതെ രാഷ്ട്രീയത്തിൽ നിന്നും അഞ്ച് വർഷത്തെ വിലക്കുമുണ്ട്. വിധിക്കെതിരെ കോടതിയിൽ പോകാനിരിക്കുകയാണ് ഖാനും സംഘവും.
നിലവിൽ പാകിസ്ഥാൻ രാഷ്ട്രീയത്തിൽ വലിയ ജനപിന്തുണയുള്ള നേതാവാണ് ഇമ്രാൻ ഖാൻ. അവിശ്വാസ വോട്ടിലൂടെ പുറത്താക്കപ്പെട്ടതിനു ശേഷം സജീവമായി പൊതുജനങ്ങളിലേക്ക് ഇറങ്ങിചെല്ലുകയും സർക്കാറിനെതിരെ വൻ ജനകീയ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകുകയും വഴി ശഹബാസ് ഷരീഫിന്റെ ഭരണകൂടത്തിന് ഭീഷണിയുയർത്താൻ ഇമ്രാൻ ഖാന് സാധിച്ചിട്ടുണ്ട്. ഇമ്രാൻ ഖാന്റെ വർദ്ധിച്ചു വരുന്ന സ്വാധീനം പൊതു തിരഞ്ഞെടുപ്പിൽ നന്നായി പ്രതിഫലിക്കുമെന്നും തങ്ങൾ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും ശഹ്ബാസ് ശരീഫിനും ഭരണകൂടത്തിനും നന്നായി ബോധ്യമുണ്ട്. ആയത് കൊണ്ട് തന്നെയാണ് ഏത് വിധേനയും ഇമ്രാൻ ഖാനെ ഒതുക്കാനുള്ള പദ്ധതികളുമായി ഭരണകൂടം നിരന്തരം വ്യാപൃതരായിരിക്കുന്നത്. നിലവിലെ സംഭവവികാസങ്ങളെയും ഇതിന്റെ ഭാഗമായി വേണം വീക്ഷിക്കാന്‍. കഴിഞ്ഞയാഴ്ച്ച പുറത്തു വന്ന ഒരു റിപ്പോർട്ട് പ്രകാരം ഇമ്രാൻ ഖാനെ ഭരണത്തിൽ നിന്നും പുറത്താക്കിയതിനു പിന്നിൽ സജീവമായി പ്രവർത്തിച്ചതില്‍ അമേരിക്കക്കും പങ്കുണ്ടെന്ന് പറയപ്പെടുന്നു. ചൈനയോടുള്ള കൂടുതൽ അടുപ്പവും യുക്രയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് കൈകൊണ്ട നിക്ഷ്പക്ഷ സമീപനവുമാണ് ഇമ്രാൻ ഖാനെ അമേരിക്കക്ക് അനഭിമതനാക്കിയത് എന്നാണ് കരുതപ്പെടുന്നത്.
ആഫ്രിക്കയിലെ റഷ്യൻ സ്വാധീനം
നൈജറിലെ പട്ടാള അട്ടിമറിയും തുടർന്നുള്ള സംഭവവികാസങ്ങളുമെല്ലാം അന്താരാഷ്ട്ര നയതന്ത്ര മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലെ വളർന്നു വരുന്ന റഷ്യൻ സ്വാധീനവും പാശ്ചാത്യ വിരുദ്ധ വികാരവും ആഫ്രിക്കൻ രാഷ്ട്രീയത്തിനു പുറമേ പാശ്ചാത്യ രാജ്യങ്ങളെ കൂടി ആഴത്തിൽ ബാധിക്കാൻ പോന്നതാണ്. പാരമ്പര്യമായി പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീന വലയത്തിലായിരുന്നു അധിക ആഫ്രിക്കൻ രാജ്യങ്ങളും കഴിഞ്ഞുപോന്നിരുന്നത്. എന്നാൽ തങ്ങളുടെ മുൻ കോളനി യജമാനന്മാർക്കെതിരെയുള്ള ജനവികാരവും പാശ്ചാത്യ രാജ്യങ്ങളുടെ പാവകളായി നിലനിന്നിരുന്ന ഭരണകൂടങ്ങൾക്കെതിരെയുള്ള പട്ടാള അട്ടിമറികളും കാരണം പാശ്ചാത്യ അച്ചുതണ്ടിൽ നിന്ന് പല ആഫ്രിക്കൻ രാജ്യങ്ങളെയും വേർപ്പെടുത്തുകയുണ്ടായി. നൈജറും മാലിയും ബുർക്കിനാഫാസോയും ചാഡുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം.
നൈജറിലെ പുതിയ സംഭവവികാസങ്ങൾ ഇത്തരത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ട്. അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ നൈജറിലും ഇതര പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലുമുണ്ട്. നൈജറിന്റെ തലസ്ഥാന നഗരമായ നിയാമെയിൽ നടന്ന ഫ്രാൻസ് വിരുദ്ധ പ്രകടനങ്ങളും നൈജറിലെ പുതിയ പട്ടാള ഭരണകൂടം റഷ്യക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതും അമേരിക്കയുടെയും ഫ്രാൻസിന്റെയും ആശങ്ക വർദ്ധിക്കാനിടയാക്കിയിട്ടുണ്ട്. ആണവോത്പാദനത്തിനാവശ്യമായ യുറേനിയം വാതകം കൊണ്ട് സമ്പന്നമാണ് പടിഞ്ഞാറാഫ്രിക്കൻ രാജ്യങ്ങൾ. പാരമ്പര്യമായി ഇതിന്റെ ഗുണഭോക്താക്കളും ഉപഭോക്താക്കളുമെല്ലാം അമേരിക്കയും ഫ്രാൻസുമൊക്കെയായിരുന്നു. റഷ്യൻ സ്വാധീനം വരുന്നതോടെ തങ്ങൾ രാഷ്ട്രീയപരമായും സാമ്പത്തികമായും തന്ത്രപ്രധാനമായി കണ്ടിരുന്ന പ്രദേശങ്ങളിലെ നിയന്ത്രണം നഷ്ടമാവുമെന്ന ആശങ്കയിലാണ് പാശ്ചാത്യന്‍ രാജ്യങ്ങള്‍.
മരിച്ചവരുടെ മാർച്ച്
കഴിഞ്ഞയാഴ്ച്ച ഇസ്രായേൽ ഭരണത്തിനു കീഴിലുള്ള തെൽഅവീവിൽ ആയിരക്കണക്കിനു പേർ പങ്കെടുത്ത ഒരു വന്‍ മാർച്ച് നടക്കുകയുണ്ടായി. പൗരസംഘടനകളും മനുഷ്യാവകാശ സംഘടനകളും ഫലസ്തീനി പൗരന്മാരും ഇസ്രായേലി ഇടതുപക്ഷ സംഘടനകളും ചേർന്ന് സംഘടിപ്പിച്ച ‘മാർച്ച് ഓഫ് ഡെത്ത്’ ജനപങ്കാളിത്തം കൊണ്ടും സന്ദേശം കൊണ്ടും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. അറുതിയില്ലാതെ തുടർന്നുകൊണ്ടിരിക്കുന്ന ഫലസ്തീൻ വംശഹത്യക്കെതിരെയും ഇസ്രായേലി നരനായാട്ടിനെതിരെയുമുള്ള പ്രതിഷേധമെന്ന നിലയിലാണ്, ശവപ്പെട്ടികളും കയ്യിലേന്തിയുള്ള മാർച്ച് സംഘടിപ്പിക്കപ്പെട്ടത്. ഈ വർഷം മാത്രം 141 ഫലസ്തീനി പൗരന്മാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇതിനെ പ്രതീകാത്മകമായി സൂചിപ്പിച്ചുകൊണ്ട് 141 ശവപ്പെട്ടികളുമായിട്ടാണ് മാർച്ച് സംഘടിപ്പിക്കപ്പെട്ടത്. ഇസ്രായേലി ഭരണപ്രദേശങ്ങളിൽ താമസിക്കുന്ന ഫലസ്തീനി പൗരന്മാരുടെ യാതനകളെ ഉയർത്തിക്കാട്ടിയായിരുന്നു ഈ പ്രതിഷേധ പ്രകടനം.
ഒടുവിൽ കരാർ
2015 ലെ ഇറാൻ-അമേരിക്ക ആണവകരാർ ചരിത്രപരമായ കരാറായി പരക്കെ വാഴ്ത്തപ്പെട്ട ഒന്നായിരുന്നു. അമേരിക്കൻ പ്രസിഡന്റ് പഥത്തിൽ ഡൊണാൾഡ് ട്രംപ് എത്തിയതോടെ കരാറിൽ നിന്ന് അമേരിക്ക പിൻവാങ്ങുകയും വലിയ അനിശ്ചിതത്വങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു. പിന്നീട് ബൈഡൻ അമേരിക്കയിൽ അധികാരത്തിലേറിയതിനു ശേഷം കരാർ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയുണ്ടായെങ്കിലും വിജയിച്ചിരുന്നില്ല. എന്നാൽ ആണവോർജവുമായും മരവിപ്പിക്കപ്പെട്ട സ്വത്ത് തിരികെ നൽകുന്നതുമായും ബന്ധപ്പെട്ടുള്ള ഭാഗികമായ ഒരു കരാറിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിരിക്കുന്നത് ആശ്വാസകരമായ വാർത്തയാണ്. കരാർ പ്രകാരം ഇറാനിയൻ ജയിലിൽ തടവിൽ കഴിയുന്ന അഞ്ച് അമേരിക്കക്കാരുടെ മോചനത്തിനു പകരമായി മരവിപ്പിക്കപ്പെട്ടിരുന്ന ഇറാന്റെ 6 ബില്ല്യൺ ഡോളർ തുക അമേരിക്ക തിരിച്ചു നൽകും. അഞ്ച് അമേരിക്കക്കാരെ ടെഹ്‌റാനിലെ എവിൻ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റിയതായും അവരുടെ മോചനത്തിനുള്ള ചർച്ചകൾ തുടരുകയാണെന്നും യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിയൻ വാട്‌സൺ പ്രസ്താവനയിൽ പറഞ്ഞു.
Leave A Comment