ആയിഷ ബെവ്‌ലി : മുസ്‍ലിം വുമൺ ഓഫ് ദി ഇയർ
ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 500 മുസ്‍ലിംകളുടെ പട്ടികയില്‍ വുമൺ ഓഫ് ദി ഇയർ ആയി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, ക്രിസ്തീയ കുടുംബത്തില്‍ ജനിച്ച് ബുദ്ധ മതത്തിലൂടെ ഇസ്‍ലാമിലെത്തിയ ആയിഷ ബെവ്‌ലിയാണ്. കഴിഞ്ഞ വർഷം ഈ സ്ഥാനം കരസ്ഥമാക്കിയ താൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സനിന്റെ സ്ഥാനത്തേക്കാണ് ആയിഷ ബെവ്‌ലി കടന്ന് വരുന്നത്. സമൂഹത്തിന് സമ്മാനിച്ച സംഭാവനകളും കൈവരിച്ച നേട്ടങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഈ സ്ഥാനം നല്കപ്പെടുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച വനിതയായി ആയിഷ ബെവ്‌ലി തെരെഞ്ഞെടുക്കപ്പെട്ടതിന് പിന്നിലെ ഘടകങ്ങള്‍ നമുക്കൊന്ന് നോക്കാം.
1948ൽ അമേരിക്കയിലാണ് ആയിഷ അബ്ദുറഹ്മാൻ ബെവ്‌ലി ജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കാലിഫോണിയ സർവകലാശാലയിൽ നിന്ന് ഫ്രഞ്ച് ഭാഷയില്‍ ബിരുദവും നിയർ ഈസ്റ്റൺ ഭാഷകളിൽ എം എയും കരസ്ഥമാക്കി.
തീവ്ര ക്രിസ്ത്യൻ കുടുംബമായിരുന്നു ആയിഷ ബെവ്‌ലിയുടേത്. എന്നാൽ ഒരുപാട് വയനകൾക്കും പഠനങ്ങൾക്കുമൊടുവിൽ ക്രിസ്ത്യൻ വിശ്വാസത്തിലുള്ള ക്രമക്കേടുകൾ മനസ്സിലാക്കിയ ആയിഷ സെൻ ബുദ്ദിസ്റ്റ് ആയി മാറി. അതോടൊപ്പം ഫിലോസഫിക്കൽ പഠനങ്ങൾക്കും വയനകൾക്കും ആയിഷ ബെവ്‌ലി സമയം കണ്ടെത്താൻ തുടങ്ങി. ഹെഗൽ, കാന്റെ, നീട്സ് തുടങ്ങിയവരുടെ സിദ്ധാന്തങ്ങളിൽ ആകൃഷ്ടയായിരുന്ന ആയിഷ മനുഷ്യാസ്തിത്വത്തെ കുറിച്ചുള്ള പഠനങ്ങളിലും തല്‍പരയായിരുന്നു.
ഇത്തരത്തിലുള്ള നിരന്തര വായനകൾക്കൊടുവിലാണ് ആയിഷ ബെവ്‌ലി മുസ്‍ലിമാവുന്നത്. 1968ൽ ഇസ്‍ലാം മതം സ്വീകരിച്ച ആയിഷയെ വരവേറ്റത് ഒരുപാട് ഇസ്‍ലാമിക് സൂഫി ഗ്രന്ഥങ്ങളും പഠനങ്ങളുമായിരുന്നു. ഇത് ആയിഷക്ക് ഇസ്‍ലാമിനോടുള്ള മതിപ്പ് കൂടാൻ കാരണമായി എന്ന് വേണം പറയാൻ. അങ്ങനെ ഇഹലോകം ശാശ്വതമല്ലെന്നും അതെല്ലാം നൈമിഷകമാണെന്നും ആഴത്തില്‍ മനസ്സിലാക്കിയ ആയിഷ ബെവ്‌ലി മുസ്‍ലിം സമുദായത്തിനിടയില്‍ ഇസ്‍ലാമിക പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും പരിചയപ്പെടുത്താനായി ശ്രമങ്ങള്‍ തുടങ്ങി.
ഇസ്‍ലാമിക ലോകത്തിന് മുന്നിൽ തന്റെതായ വ്യക്തി മുദ്രകൾ പതിപ്പിക്കണമെന്ന് തീരുമാനിച്ച ആയിഷ സൂഫിസ്റ്റ് കൃതികൾ ഭാഷാന്തരപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും തുടക്കം കുറിച്ചു. അൽ മൻസൂർ ഹല്ലാജിന്റെ തവാസിൻ എന്ന കൃതിയാണ് ആദ്യമായി അതിന് വേണ്ടി തെരെഞ്ഞെടുത്തതും.
1970 ന്റെ തുടക്കത്തിൽ അബ്ദുൽ ഖാദറുൽ സൂഫി അൽ മുറാബിത്തിനെ കണ്ട് മുട്ടുകയും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഖാദിരി ത്വരീഖത്തിന്റെ പിന്മുറക്കാരനായ ശൈഖിൽ നിന്നും ആയിഷ ബെവ്‌ലി കൂടുതൽ വിജ്ഞാനം കരസ്ഥമാക്കുകയും ഖാദിരി ത്വരീഖത് സംബന്ധിയായ പുസ്തകങ്ങൾ തർജ്ജമ ചെയ്യാൻ തുടങ്ങുകയും ചെയ്തു.
മാലിക്കി ഫിഖ്ഹ് സരണിയും അശ്അരി വിശ്വാസധാരയും പിന്തുടരുന്ന ജീവിത രീതിയായിരുന്നു ആയിഷയുടേത്. അത്കൊണ്ട് തന്നെ മാലിക്കി ഇമാമിന്റെ സമഗ്ര ഹദീസ് ഗ്രന്ഥമായ മുവത്വ യാഖൂബ് ജോൺസനുമായി ചേർന്ന് പരിഭാഷപ്പെടുത്തി.അതോടൊപ്പം ഖാളി ഇയാളിന്റെ അൽ ശിഫ എന്ന പ്രസിദ്ധ ഗ്രന്ഥവും മൊഴിമാറ്റം നടത്തുകയും അതുമൂലം ഇസ്‍ലാമിക ലോകത്ത് ഒരുപാട് സ്വാധീനം ചെലുത്താൻ ആയിഷ ബെവ്‌ലിക്ക് കഴിയുകയും ചെയ്തു. അതോടൊപ്പം തബാഖാതു ഇബ്ൻ സഈദിന്റെ തർജുമ, മുആവിയ, റീസ്റ്റോറർ ഓഫ് ഇസ്‍ലാമിക് ഫെയ്ത്, കംപ്ലീറ്റ് ഇംഗ്ലീഷ് ട്രാൻസ്ലേഷൻ ഓഫ് തഫ്സീറു ജലാലൈനി തുടങ്ങിയവയും ആയിഷയുടെ സംഭവനകളാണ്.
മാത്രമല്ല, 1988ൽ പുറത്തിറങ്ങിയ ഗ്ലോസ്സറി ഓഫ് ഇസ്‍ലാമിക് ടേംസ് ആയിഷ ബെവ്‌ലിയുടെ ഇസ്‍ലാമിലുള്ള അവഗാഹത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദർഖവി തരീഖത്തിന്റെ നേതാവും തന്റെ ഭർത്താവും കൂടിയായ ഹാജി അബ്ദുൽ ഹഖ് ബെവ്‌ലിയുടെ കൂടെയും ആയിഷ നിരവധി ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സബാടമിക് വേൾഡ് ഇൻ ദി ഖുർആൻ, ഇസ്‍ലാം ദി എമ്പവറിംഗ് ഓഫ് വുമൺ, മുസ്‍ലിം വുമൻ എ ബയോഗ്രാഫിക്കൽ ഡിക്ഷണറി എന്നിങ്ങനെയുള്ള ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ആയിഷ ബെവ്‌ലി.
അർഹതക്കുള്ള അംഗീകരമായിട്ടാണ് മുസ്‍ലിം വുമൺ ഓഫ് ദി ഇയർ പദവി ആയിഷയെ തേടിയെത്തിയിരിക്കുന്നത്. മൂന്ന് മക്കളുടെ ഉമ്മ കൂടിയായ ആഇശ ഇസ്‍ലാമിക പ്രബോധന വീഥിയിൽ അർപ്പിച്ചിട്ടുള്ള സമഗ്ര സംഭാവനകൾ തന്നെയാണ് ആയിഷ ബെവ്‌ലിയെ ഈയൊരു സ്ഥാനത്തിന് അർഹയാക്കിയതും.
Leave A Comment