പള്ളിദര്‍സുകള്‍;  മതവിജ്ഞാനത്തിന്റെ തനതു വഴി

ഇസ്‌ലാമിക ലോകത്തെമ്പാടും പല തരത്തിലുള്ള ദര്‍സ് രീതികള്‍ നിലവിലുണ്ടെങ്കിലും കേരളം ലോകത്തിനു മുന്നില്‍  മൗലികവും സവിശേഷവുമായ തരത്തില്‍ മതവിദ്യാഭ്യാസത്തെ പള്ളി ദര്‍സുകളിലൂടെ പുനരുജ്ജീവിപ്പിക്കുകയും പ്രസരിപ്പിക്കുകയും ചെയ്തു. മുസ്‌ലിം കേരളത്തിലെ മിക്കവാറും പണ്ഡിതന്‍മാരെയും വാര്‍ത്തെടുത്തും മുസ്‌ലിം ജനസാമാന്യത്തിന് വഴികാട്ടിയും ഈ സംവിധാനം ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മസ്ജിദ് കേന്ദ്രീകരിച്ച് റസൂലിന്റെ കാലഘട്ടത്തിലേ തുടങ്ങിയ സംസ്‌കരണത്തിന്റെ കേരളീയ ആവിഷ്‌കാരമായിരുന്നു പള്ളിദര്‍സ്.അഹ്‌ലുസ്സുഹ്ഫയുടെ പാരമ്പര്യത്തിലാണ് ദര്‍സ് സംവിധാനം ചെന്നെത്തുന്നത്. മതവിദ്യാഭ്യാസത്തിന്റെ ഏറ്റവും മുന്തിയ രീതി എന്ന നിലക്കാണ് ദര്‍സുകളെ പരിഗണിക്കേണ്ടത്. പല പ്രായത്തിലുള്ളവരുടെ വിവിധ വൃത്തങ്ങളുടെ അഭ്യസന രീതി മതവിദ്യയെ സാര്‍വത്രികമാക്കുന്നതിന് ഇടവരുത്തി. മത വൈജ്ഞാനിക ചര്‍ച്ച പൊതുജനങ്ങളിലേക്കും വീട്ടകങ്ങളിലേക്കും എത്തിക്കുന്നതിന് ദര്‍സുകള്‍ അവസരമൊരുക്കി.
ദര്‍സ് വിദ്യാഭ്യാസം ആത്മീയ ജാഗരണത്തിന്റെയും ഉന്നത വിജ്ഞാനത്തിന്റെയും ചിഹ്നമായാണ് പരിഗണിക്കപ്പെട്ടു വന്നത്. സാമ്പത്തക നിലകള്‍ക്ക് അതീതമായി വിദ്യാര്‍ത്ഥികള്‍ ദര്‍സുകളെ അവലംബിച്ചു വന്നു. മതപഠനം അഭിമാനകരമായി എണ്ണപ്പെട്ടിരുന്നതിനാല്‍ തന്നെ നാനാ തുറകളില്‍ നിന്നുള്ളവര്‍ ദര്‍സു സമ്പ്രദായം സ്വീകരിച്ചിരുന്നു. പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ ഈ സംവിധാനം നിര്‍വഹിക്കുന്ന പങ്ക് വലുതാണ്. ശക്തവും ആത്മാര്‍ത്ഥവുമായ ഗുരു-ശിഷ്യ ബന്ധം, ധാര്‍മിക ബോധം, അച്ചടക്കം, പക്വത, ജനസമ്പര്‍ക്കം എന്നിവ ദര്‍സുകളിലൂടെ വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കുന്നു. സൗജന്യമായിരുന്നു ഈ വിദ്യഭ്യാസം. പണ്ഡിതന്‍മാരെ സൃഷ്ടിക്കുക ഉമ്മത്തിന്റെ കൂട്ടുത്തരവാദിത്തമാണ് എന്ന ധാരണയായിരിക്കാം ഈ അവസ്ഥ ഉണ്ടാക്കിയത്. അറിവ് അതിന്റെ മഹത്വത്തോടെ ആവാഹിക്കുകയും കൈമാറുകയും ചെയ്യുന്നത് ഇവിടെ കാണാം.

മദീനയിലെ മസ്ജിദുന്നബവിയെ തുടര്‍ന്ന് ലോകത്തുടനീളം പലതരത്തിലുള്ള ദര്‍സുകള്‍ നിലവില്‍ വന്നു. കേരളത്തിലെത്തിയ മാലിക് ബ്‌നു ദീനാറും കൂട്ടരും ചെയ്തത് പള്ളികള്‍ സ്ഥാപിക്കുക എന്ന മഹല്‍ കര്‍മമാണല്ലോ. അവ കേന്ദ്രീകരിച്ചുള്ള പ്രബോധ പ്രവര്‍ത്തനങ്ങളും അക്കാലത്ത് തുടങ്ങി. താനൂരിലെ വലിയകുളങ്ങര പള്ളിയില്‍ ഹിജ്‌റ 675 ല്‍ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്ലാഹില്‍ ഹദ്‌റമി തുടങ്ങിയതാണ് കേരളത്തിലെ അറിയപ്പെട്ട ഏറ്റവും പഴക്കമുളള ദര്‍സ്. പൊന്നാനി, കോഴിക്കോട്, ചാലിയം,കൊല്ലം എന്നിവിടങ്ങളിലും അതിനെ തുടര്‍ന്ന് ദര്‍സുകള്‍ ഉയര്‍ന്നു വന്നു.പൊന്നാനിയില്‍ മഖ്ദൂമുമാരുടെ സാരഥ്യത്തില്‍ നടന്നു വന്ന ദര്‍സാണ് ഈ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ ഏടുകള്‍. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം അല്‍മഅ്ബരി(ഒന്നാമന്‍), ശൈഖ് സൈനുദ്ദീന്‍ അസ്സഗീര്‍(രണ്ടാമന്‍) എന്നിവരായിരുന്നു ഈ കേന്ദ്രത്തിലെ ഉജ്ജ്വല താരങ്ങള്‍. ഇവിടെ ഇന്തോനേഷ്യ, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. തലയെടുപ്പോടെ ഉയര്‍ന്നു നിന്നിരുന്ന പൊന്നാനിയില്‍ പഠിക്കുക അഭിമാനമായി കരുതിയിരുന്നു.

കേരളത്തിലെ മഹല്ല് സംവിധാനം പള്ളി ദര്‍സുകളെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. ദര്‍സുകള്‍ മഹല്ലിന്റെ അഭിമാനമെന്ന നിലക്ക് അവയുടെ നില്‍പിനും പോഷണത്തിനും ആരോഗ്യകരമായ മത്സരം നിലനിന്നിരുന്നു. മുദര്‍രിസ്, മുതഅല്ലിം എന്നിവരുടെ ജീവിതരീത നേരില്‍ കാണാന്‍ ഇട വന്ന പൊതുജനത്തിന് മതം പ്രായോഗികമായി പഠിക്കാനുള്ള വേദിയായി ദര്‍സുകള്‍. മുദര്‍രിസുമാര്‍ മിക്കവാറും മഹല്ലുകളിലെ മുഫ്തിമാരും കല്യാണം, മരണാനന്ത ചടങ്ങുകള്‍, ഗൃഹപ്രവേശം എന്നിവക്ക് കാര്‍മികത്വം വഹിക്കുന്നവരുമായിത്തീര്‍ന്നു. ഇവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കുന്നതിനു മഹല്ലു നിവാസികള്‍ കാണിച്ച താത്പര്യം എടുത്തു പറയേണ്ടതാണ്. തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായ പഠന സംരഭങ്ങള്‍ മിക്കവാറും ദര്‍സുകളില്‍ നടന്നു വന്നിരുന്നു. മഗ്‌രിബിനു ശേഷം തുടങ്ങുന്ന ഈ ക്ലാസ് ഇശാ വരെ നീണ്ടു പോകുകയും ഇതില്‍ പ്രായഭേദമന്യേ ആളുകള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നാട്ടിലെ ചെറുപ്പക്കാരെയും മറ്റും പള്ളിയുമായി അടുപ്പിക്കാനും മതനിഷ്ഠ പുലര്‍ത്തുന്നവരാക്കാനും ഇതു വഴി കഴിഞ്ഞു.

പഠവിഷയങ്ങള്‍ സമ്പൂര്‍ണമായി അര്‍പ്പണ ബോധത്തോടെ അഭ്യസിക്കുന്ന രീതിയാണ് ദര്‍സുകളിലെത്. മതവിഷയങ്ങളും അനുബന്ധ വിഷയങ്ങളുമാണ് സിലബസിലുണ്ടായിരുന്നത്. തഫ്‌സീര്‍, ഹദീസ്, കര്‍മശാസ്ത്രം, അറബിഭാഷാ വ്യാകരണം, അഖീദ, തര്‍ക്കശാസത്രം എന്നിവയടങ്ങുന്നതാണ് ദര്‍സ് വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി. കേരളത്തിന്റെ ദര്‍സുകളുടെ ആസ്ഥാനമായി കരുതുന്ന പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളിയില്‍ മഖ്ദൂമുമാരുടെ നേതൃത്വത്തില്‍ നടന്നിരുന്ന ദര്‍സിലും അതിനെ പിന്തുടര്‍ന്ന് മറ്റിടങ്ങളിലും പ്രയോഗത്തിലിരുന്ന പാഠ്യക്രമം 'പൊന്നാനി സിലബസ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പരമ്പരാഗത മതപഠന വിഷയങ്ങളും ആധ്യാത്മിക രചനകളുമായിരുന്നു ഇതിലെ പ്രധാന ഉള്ളടക്കം.ഫറങ്കി മഹല്‍ പണ്ഡിതര്‍ വികസിപ്പിച്ചെടുത്ത് തമിഴ്‌നാട്ടിലെ ബാഖിയാത്ത് വഴി പ്രചരിച്ച മറ്റൊരു പാഠ്യപദ്ധതിയും നിലവിലുണ്ടായിരുന്നു. പേര്‍ഷ്യന്‍-ഗ്രീക്ക്-അറബി തര്‍ക്കശാസ്ത്രവും തത്വശാസ്ത്രവും ഗൗരവബുദ്ധിയോടെ ഉള്‍ക്കൊണ്ടിരുന്ന ഇത് 'നിസാമിയ്യ സിലബസ്' എന്ന പേരില്‍ അറിയപ്പെട്ടു. മലബാറില്‍ ബാഖിയാത്തിലെത്തിയ ചിലര്‍ പൊന്നാനി സിലബസിനെ ഇതുമായി ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചാലിലകത്ത് അഹ്‌മദ് ഹാജി രൂപം നല്‍കിയ പാഠ്യപദ്ധതി ഇത്തരത്തിലുള്ളതായിരുന്നു. കേരളത്തില്‍ പൊതുവെ മുന്നിട്ടു നിന്നത് പൊന്നാനി സിലബസാണെന്നു പറയാം.

സാമൂഹ്യ-രാഷ്ട്രീയ കാരണങ്ങളാല്‍ സ്വാതന്ത്ര്യത്തിനും മുമ്പും ശേഷവും മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന കടുത്ത ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍ ദര്‍സുജീവിതവും കഠിനമായിരുന്നു. ഭക്ഷണവും പഠനവും സൗജന്യമായി ലഭിച്ചിരുന്നു എന്നതിനാല്‍ മാത്രം ദര്‍സ് പഠനം തെരഞ്ഞെടുത്തവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ഗള്‍ഫ് പ്രവാസാനന്തരം ഉണ്ടായ സാമ്പത്തിക ഉണര്‍വ് മതവിദ്യാഭ്യാസത്തോട് പൊതുവിലും  ദര്‍സിനോട് പ്രത്യേകിച്ചും വിരക്തി സൃഷ്ടിച്ചിട്ടുണ്ട്. പള്ളികളോടനുബന്ധിച്ച് ഭക്ഷണ വിതരണ സംവിധാനം ഒരുക്കിയും മുത്തഅല്ലിമുകള്‍ക്ക് സ്‌കൂള്‍ പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് പള്ളി ദര്‍സുകള്‍ പുതിയ പ്രതിസന്ധിയെ നേരിട്ടത്. കേരളത്തിലെ മുസ്‌ലിം മതജാഗ്രതയുടെയും സാംസ്‌കാരി തനിമയുടെയും മൂല കാരണങ്ങള്‍ അന്വേഷിച്ചു ചെല്ലുന്നവര്‍ തീര്‍ച്ചയായും എത്തിച്ചേരുന്ന ഇടം പള്ളിദര്‍സുകളായിരിക്കും. നമ്മുടെ മതബോധത്തിന്റെ വേരുകളെ നിരന്തരം കുടിപ്പിച്ചു കൊണ്ടിരുന്നത് ഈ ശുദ്ധമായ തെളിനീരാണ്. കലര്‍പ്പുകളില്ലാതെ ദീന്‍ പിടിച്ചു നിന്നതിന് നാം കടപ്പെട്ടിരിക്കുന്നത് ദര്‍സുകളോട് തന്നെയാണ്.

അദ്‌നാന്‍ ഹുദവി മൂന്നിയൂര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter