നൗഹില ബെൻസിന: നിശ്ചയദാർഢ്യത്തിന്റെ ഹിജാബണിഞ്ഞവൾ

നവകാല രാഷ്ട്രീയ സാംസ്കാരിക ചലനങ്ങൾ കാൽപന്തിനോളം പ്രതിഫലിക്കുന്ന മറ്റൊരു മാധ്യമം ഇന്നുണ്ടോ എന്ന് സംശയമാണ്. സർവ്വ സമൂഹങ്ങളിലും അമ്പരപ്പിക്കുന്ന സ്വാധീനമുള്ള നിർണ്ണായക സാന്നിധ്യമാണിന്ന് ഫുട്ബോൾ. പതിറ്റാണ്ടുകളോളം ലാറ്റിനമേരിക്കൻ, യൂറോപ്യൻ കേന്ദ്രീകൃതമായിരുന്ന ഫുട്ബോൾ ലോകം 2022 ഖത്തർ ലോകകപ്പോട് കൂടിയാണ് അനിവാര്യമായ ദിശമാറ്റത്തിന് വേദിയാകുന്നത്.

ഖത്തർ വേദിയായ പുരുഷ ഫുട്ബാൾ ലോകകപ്പ്  തുടങ്ങി വച്ച തിരുത്തെഴുത്തിന്റെ ആവർത്തനമാണ് 2023 ലെ ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന  വനിതാ ലോകകപ്പും. വിശ്വചരിത്രത്തിലാദ്യമായി ഹിജാബ് ധരിച്ചൊരു വനിത സീനിയർ ലോകകപ്പ് മത്സരത്തിൽ പന്തു തട്ടിയെന്ന അപൂർവ്വ ബഹുമതി ദക്ഷിണ കൊറിയക്കെതിരെ നടന്ന ഗ്രൂപ്പ്‌ ഘട്ട മത്സരത്തിൽ ബൂട്ടണിഞ്ഞ ഇരുപത്തഞ്ചുകാരി മൊറോക്കാൻ ഡിഫെൻഡർ നൗഹില ബെൻസിനയിലൂടെ നേടിയെടുത്താണ് ടൂർണമെന്റ് ചരിത്രത്തിലിടം പിടിച്ചിരിക്കുന്നത്.

കരിയറിന്റെ കൊടുമുടിയിൽ നൗഹില 

മൊറോക്കായിലെ കെനിത്ര പ്രവിശ്യയിൽ ജനിച്ച്, നിലവിൽ മൊറോക്കൻ വനിതാ ലീഗിലെ മുൻ നിര ക്ലബ് അസ്ഫാറിന് വേണ്ടി പന്ത് തട്ടുന്ന ഇരുപത്തഞ്ചുകാരി നൗഹില കഴിഞ്ഞ വർഷം ആഫ്രിക്കൻ കപ്പ്‌ ഓഫ് നേഷൻസിന്റെ ഫൈനൽ വരെയെത്തിയ മൊറോക്കൻ സ്‌ക്വാഡിലും അംഗമായിരുന്നു. ഇത്തവണത്തെ ലോകകപ്പ് പ്രവേശനത്തോടെ വനിതാ ലോകകപ്പിൽ പങ്കെടുക്കുന്ന ആദ്യ അറബ്, മുസ്‍ലിം ഭൂരിപക്ഷ രാജ്യമെന്ന ചരിത്ര നേട്ടവും തങ്ങളുടെ പേരിൽ കുറിച്ചിട്ടുണ്ട് നൗഹില യുടെ മൊറോക്കാൻ വനിതാ ടീം. അറ്റ്‍ലസ് സിംഹങ്ങളെന്നറിയപ്പെടുന്ന മൊറോകോയുടെ പുരുഷ, വനിതാ ടീമുകൾ അവയുടെ സുവർണ്ണകാലത്തിലൂടെയാണ് നിലവിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിലെല്ലാമുപരി കാലങ്ങളായി ഫുട്ബോൾ മൈതാനങ്ങളിൽ നിന്നും അയിത്തം കൽപ്പിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ട ഹിജാബിനെ  കളിക്കളത്തിലവതരിപ്പിച്ച വനിത കൂടിയായിട്ടായിരിക്കും ചരിത്രം അവരെ അടയാളപ്പെടുത്തുക.

അവഗണനയിൽ പുതഞ്ഞ വർഷങ്ങൾ 

2007 ഫെബ്രുവരി 25 ന് കാനഡയിൽ ഒരു ഫുട്ബാൾ ടൂർണമെന്റിൽ ഹിജാബ് ധരിച്ചിറങ്ങിയ അസ്മഹാൻ മൻസൂർ എന്ന പതിനൊന്നുകാരിയെ മത്സരത്തിൽ നിന്നും വിലക്കിയ റഫറിയുടെ നടപടിയിൽ പ്രതിഷേധിച്ച് അഞ്ചോളം ടീമുകൾ ടൂർണമെന്റ് തന്നെ ബഹിഷ്കരിച്ചതിലൂടെയാണ് ഫുട്ബോളിലെ ഹിജാബ് നിരോധനം ലോകാശ്രദ്ധയാകർഷിക്കുന്നത്. മതകീയ തലങ്ങൾക്കപ്പുറം സ്ത്രീ വിരുദ്ധ പൗരാവകാശ ലംഘനങ്ങൾക്കെതിരെ നിരവധി സംഘടനകൾ ഫിഫയെ സമീപിച്ചെങ്കിലും രാജ്യാന്തര ഫുട്ബാൾ നിയമ നിർമ്മാണ സമിതി (IFAB)യുടെ കീഴിൽ ഇംഗ്ലണ്ടിൽ സമ്മേളിച്ച യോഗം ഫിഫ നിയമാവലിയുടെ നാലാം അനുച്ഛേദപ്രകാരം ഹിജാബിന്റെ നിരോധനം ശരി വക്കുകയാണുണ്ടായത്.

പരിക്ക് പറ്റാനുള്ള സാധ്യത, മൈതാനങ്ങളിൽ മത ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിലെ അനൗചിത്യം തുടങ്ങിയ കാരണങ്ങൾ നിരത്തിയാണ് ഫിഫയും ഐ.എഫ്.എ.ബിയും ഹിജാബ് നിരോധനത്തെ അന്ന് നീതീകരിച്ചത്. പക്ഷേ കുരിശുൾപ്പടെയുള്ള നിരവധി ടാറ്റൂകളും പോണിടെയിലുകളും അസ്വാഭാവികതകളൊന്നുമില്ലാതെ  കളിക്കളങ്ങളിൽ അതേസമയം യഥേഷ്ടം വിഹരിക്കുന്നുണ്ടെന്നതാണ് വിരോധാഭാസം. ലിംഗ വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നുവെന്നവകാശപ്പെടുന്ന പല അന്താരാഷ്ട്ര സംഘടനകളും മില്യൺ കണക്കിന് വനിതാ മുസ്‍ലിം  അത്‍ലറ്റുകളെ സാരമായി ബാധിക്കുന്ന ഈ നടപടിയിൽ പരിപൂർണ്ണ മൗനം ദീക്ഷിക്കുകയാണുണ്ടായത്.

2011 ൽ ഒളിമ്പിക്സ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ജോർദാനെതിരെ മത്സരിക്കാനിറങ്ങിയ ഇറാൻ വനിതാ ഫുട്ബോൾ ടീമിനെ ഹിജാബ് ധരിച്ചതിന്റെ പേരിൽ അയോഗ്യരാക്കി മൂന്ന് ഗോളിന് പരാജയപ്പെട്ടതായി പ്രഖ്യാപിച്ച റഫറിയുടെ വിധി ആഗോള തലത്തിൽ തന്നെ പൗരാവകാശ ലംഘനത്തിന്റെ പേരിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ഒളിമ്പിക്സ് പോലൊരു ലോകോത്തര വേദിയിലേക്കുള്ള ഏറെ സ്വപ്നസമാനമായ പ്രയാണത്തിന് ദയനീയമായ തിരിച്ചടി നേരിട്ട് നിസ്സഹായരായി കണ്ണീരോടെ മടങ്ങുന്ന ഇറാനി വനിതാ സംഘം ലോകത്തിനു മുന്നിലൊരു നൊമ്പരക്കാഴ്ചയായിരുന്നു. പിന്നീട് കളിക്കളങ്ങളിലെ ഹിജാബ് വിവേചനത്തിൽ നിന്നും ഫിഫയെ മാറി ചിന്തിപ്പിക്കാൻ ഈ സംഭവം നിർണ്ണായകമായി എന്ന് വേണം പറയാന്‍.

നിരോധനം നീങ്ങി വീണ്ടും കളത്തിലേക്ക് 

ഓസ്ട്രേലിയൻ വുമൺസ് ഫുട്ബോൾ ടീം വൈസ് ക്യാപ്റ്റനും അന്നത്തെ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ വനിതാ കമ്മറ്റി അംഗവുമായിരുന്ന മോയ ഡോഡ്, ഹിജാബ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പിന്നീട് നടന്ന ഔദ്യോഗിക ചർച്ചയെ ഓർത്തടുക്കുന്നുണ്ട്. ഹിജാബ് മൂലം പരിക്ക് പറ്റുന്നതിന് ശാസ്ത്രീയമായി യാതൊരു തെളിവുമില്ലെന്നും മത ചിഹ്നമാണെന്ന കാരണം കൊണ്ട് നിരോധിക്കുയകയാണെങ്കിൽ ഗോൾ നേടിയതിന് ശേഷം മതപ്രതീകങ്ങളെ പ്രദർശിപ്പിക്കുന്ന ആഘോഷങ്ങളും ദേഹത്ത് ടാറ്റൂ ചെയ്ത മത ചിഹ്നങ്ങളും ആദ്യം നിരോധിക്കണമെന്നും യോഗം നിരീക്ഷിച്ചുവെന്ന് മോയ ഡോഡ് ചൂണ്ടിക്കാട്ടി. “ലോകത്താകമാനമുള്ള അമ്പത് കോടി മുസ്‍ലിം സ്ത്രീകളിൽ നിന്നും ഫുട്ബോൾ എടുത്ത് കളയുകയും അതിലൂടെ അവരുടെ മൗലികമായ അവകാശങ്ങൾ ധ്വംസിക്കുകയുമാണ് ഫുട്ബാളിലെ ഹിജാബ് നിരോധനം ചെയ്യുന്നത്” എന്നും വ്യക്തിപരമായി ഡോഡ് അഭിപ്രായപ്പെട്ടു.

നിരവധി വിവാദങ്ങൾക്കും അന്താരാഷ്ട്ര ചർച്ചകൾക്കും ശേഷം  ഏഷ്യൻ ഫുട്ബോൾ ആക്ടിങ് പ്രസിഡന്റ്‌ ഴാങ് ജിലാങ്ങിന്റെ അഭ്യർത്ഥന മാനിച്ച് 2012 ജനുവരിയിൽ ഫിഫ ഹിജാബ് ധരിക്കാൻ ആറു മാസത്തെ ട്രയൽ പീരിയഡ് അനുവദിച്ചു. നിരോധനത്തിനെ സാധൂകരിക്കുന്ന കാരണങ്ങളൊന്നും ലഭിക്കാത്തത് കൊണ്ട് തന്നെ ആറു മാസത്തിനുള്ളിൽ ഫിഫ ഹിജാബ് നിയമത്തിൽ അനുകൂലമായ സമീപനം സ്വീകരിച്ചു. അതേ സമയം തന്നെ മൈതാനങ്ങളിൽ സിഖ് തലപ്പാവുകൾ നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് നിരന്തര സമ്മർദ്ദം ചെലുത്തിയ കനേഡിയൻ സർക്കാരിന്റെ ശ്രമങ്ങൾക്കും ഫിഫ വെള്ളക്കൊടി കാണിച്ചു.

2014 ൽ സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വച്ചു നടന്ന IFAB യുടെ വാർഷിക പൊതു യോഗത്തിൽ വെച്ച് ഫിഫ നിയമവ്യവസ്ഥയിലെ പരിഷ്കരിച്ച നാലാം അനുച്ഛേദം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ കാലങ്ങളായി കൊട്ടിഘോഷിക്കപ്പെട്ടിരുന്ന കാൽപന്തുകളിയുടെ സാർവ്വജനീനത ആഴത്തിൽ ഊട്ടിയുറപ്പിക്കപ്പെടുകയായിരുന്നു.

സ്പോർട്സ് ഹിജാബുകൾ തുറക്കുന്ന പുതുവിപണി 
 
ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത സ്പോർട്സ് ഹിജാബുകൾ ഇന്ന് അന്താരാഷ്ട്ര വസ്ത്രനിർമ്മാണ വിപണിയിലെ ചൂടേറിയ വിഭവമാണ്. സ്വിമ്മിംഗ് പൂളുകൾ, ബീച്ചുകൾ പോലുള്ള പൊതു വിനോദയിടങ്ങളിൽ   മുസ്‍ലിം സ്ത്രീകളുടെ സാന്നിധ്യത്തിൽ ബുർക്കിനി ചെലുത്തിയ സ്വാധീനത്തോടാണ് സ്പോർട്സ് ഹിജാബിനെ ഫാഷൻ ലോകം താരതമ്യം ചെയ്യുന്നത്. മത സംസ്കാരം കായിക, വിനോദങ്ങൾ എന്ന ഇരു ധ്രുവങ്ങളിലെ രണ്ടിലൊന്നിനെ മാത്രം തിരഞ്ഞെടുക്കേണ്ടി വന്ന മുസ്‍ലിം വനിതകൾ സ്പോർട്സ് ഹിജാബിലൂടെ വിപുലമായ അവസരങ്ങളുടെ അനന്തസാധ്യത മുന്നിൽകണ്ടു.

സ്പോർട്സ് ഹിജാബുകളുടെ പ്രഥമ രൂപം അവതരിപ്പിക്കപ്പെട്ടത് 1999ൽ ഹോളണ്ടിലായിരുന്നു. നെതർലാൻഡ്സിലെ ജിമ്മിൽ നിന്നും പുറത്താക്കപ്പെട്ട ഒരു പെൺകുട്ടിക്ക് വേണ്ടി പ്രശസ്ത ഡച്ച് ഡിസൈനർ സിൻഡി വാൻ ഡെൻ ബ്രമൻ ആയിരുന്നു അത് ഡിസൈൻ ചെയ്തത്. വൻ വിജയമായിരുന്ന ആ പരീക്ഷണത്തിന്റെ ചുവടു പിടിച്ച് 2001ൽ ക്യാപ്‌സ്റ്റർ എന്ന സ്പോർട്സ് ഹിജാബ് ബ്രാൻഡും ആരംഭിച്ചു.

ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഹിജാബുകൾ വിപണിയിലെത്തിയത് കഴിഞ്ഞ ഒന്നര ദശകങ്ങൾക്കിടയിലാണ്. നിരവധി ബ്രാന്‍ഡുകളും നിർമതാക്കളും Modest fashion wave എന്നറിയപ്പെട്ട ഈ ധാർമിക വസ്ത്രധാരണാ തരംഗത്തിൽ രൂപം കൊണ്ടു. അണ്ടർ റാപ്റ്റ് (Under Rapt) എന്ന ഫാഷൻ ബ്രാൻഡ് സ്ഥാപകയും ഈജിപ്ഷ്യൻ ഡിസൈനറുമായ യാസ്മിൻ സ്വബീഹാണ് ഇതിൽ പ്രധാനി. മധ്യേഷ്യൻ മുസ്‍ലിം രാജ്യങ്ങളിൽ തുടങ്ങി ഇന്ന് ലോകമൊട്ടാകെ നിരവധി മാതൃകകളാണ് യാസ്മിൻ സ്പോർട്സ് ഹിജാബുകൾക്കൊരുക്കിയിരിക്കുന്നത്. സർവ്വ സാഹചര്യങ്ങളിലും സുഖകരമായി അണിഞ്ഞു നടക്കാവുന്നത് കൊണ്ടു തന്നെ കായിക കമ്പോളങ്ങൾക്ക് പുറത്തും അസാധാരണമായ വളർച്ചയാണ് യാസ്മിന്റെ ഹിജാബുകൾക്ക്.

പ്രവിശാലമായ വിപണി സാധ്യത മുന്നിൽക്കണ്ട് ലോകപ്രശസ്ത സ്പോർട്സ് ബ്രാൻഡുകളും ഫാഷൻ കമ്പനികളും നൂതനമായ സാങ്കേതികതയെ ഉൾക്കൊള്ളിച്ച ഹിജാബുകൾ പുറത്തിറക്കിയതോടെ ഉൽപ്പന്നത്തിന്റെ പ്രചാരം അതിവേഗം പടർന്നുപന്തലിച്ചു. Adidas, Nike, Under Armour പോലുള്ള കമ്പനികളാണ് ഇതിൽ മുന്നിട്ട് നിന്നത്. 2017 ഇൽ യു.എ.ഇ സ്കേറ്റർ താരം സഹ്‌റ ലാറി, അമേരിക്കൻ ഒളിമ്പിക്സ് ഫെൻസിങ് താരം ഇബ്തിഹാജ് മുഹമ്മദ്‌ എന്നിവരെ വച്ച് നൈക്ക് അവതരിപ്പിച്ച പ്രോ ഹിജാബ് വിപ്ലവകരമായ മുന്നേറ്റമായി മാറി. “ആദ്യമായി ഒരു സ്പോർട്സ് വെയറിങ് ഹിജാബ് വസ്ത്രം നിർമിച്ച് ഒരു ഭീമൻ ബ്രാൻഡ് കായിക ലോകത്തെ സാകല്യത്തെ തിരിച്ചറിഞ്ഞു പ്രകടിപ്പിച്ചിരിക്കുന്നു” എന്നാണ് യു.എ.ഇ റണ്ണിംഗ് കോച്ചും “surviving hijab” ഫേസ്ബുക് കൂട്ടായ്മ സ്ഥാപകയുമായ മനൽ റസ്തം (Manal Rastom) ഇതിനോട് പ്രതികരിച്ചത്.   നിലവിൽ സ്പോർട്സ് ഹിജാബ് 400 ബില്യൺ ഡോളറോളം റീടെയിൽ മൂല്യമുള്ള കൂറ്റൻ വിപണിയാണ്.

അവസാനിക്കാത്ത ആശങ്ക 

ആശാവഹമായ പരിഷ്കാരങ്ങൾക്കിടയിലും പൂർണ്ണമായ മാറ്റങ്ങൾ ഇനിയും അന്താരാഷ്ട്ര തലത്തിൽ സാധ്യമായി എന്നവകാശപ്പെടാൻ കഴിയില്ല. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ വ്യവസ്ഥകൾ സമ്പൂർണ്ണ മത സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുമ്പോഴും പല രാജ്യങ്ങളും ഹിജാബിനെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയിൽപെടുത്തുന്നില്ല എന്നതാണ് സത്യം.

അന്താരാഷ്ട്ര പൗര, രാഷ്ട്രീയാവകാശ ചട്ടത്തിന്റെ (ICCPR) പതിനെട്ടാം അനുച്ഛേദം നിർണ്ണയിക്കുന്ന മത സ്വാതന്ത്രത്തിന്റെ പരിധിയിൽ പെടുമെന്ന് യു.എൻ തന്നെ സ്പഷ്ടമാക്കിയ ഹിജാബുൾപ്പടെയുള്ള അവകാശങ്ങൾ ICCPR അംഗരാജ്യം തന്നെയായ ഫ്രാൻ‌സിൽ രാജ്യസുരക്ഷയുടെ പഴുതിലൂടെ  2010 ഒക്ടോബർ മുതൽ ക്രിമിനൽ കുറ്റമാക്കിയതും നിരവധി മുസ്‍ലിം വനിതകൾക്ക് മേൽ ക്രിമിനൽ കേസ് ചുമത്തിയതും ഇന്നും നിലനിൽക്കുന്ന വിവേചനത്തിന്റെ തീവ്രതയെ വരച്ചു കാണിക്കുന്നു.

2024 ൽ നടക്കാനിരിക്കുന്ന പാരിസ് ഒളിമ്പിക്സാണ് ഇനി അടുത്ത ചർച്ചക്കൾക്ക് വഴിമരുന്നിടാൻ പോകുന്നത്. ഫ്രാൻ‌സിൽ പൊതു ഇടങ്ങളിൽ നിരോധിക്കപ്പെട്ട ഹിജാബ് ധരിച്ച് ഒളിമ്പിക്സ് ഫുട്ബോളിൽ മത്സരിക്കാൻ ഇറാൻ, മൊറോക്കോ ഫുട്ബാൾ താരങ്ങൾക്കും മറ്റു മുസ്‍ലിം അത്‍ലറ്റുകൾക്കും സാധിക്കുമോ എന്നതാണ് താരങ്ങളും ആരാധകരും ഉറ്റുനോക്കുന്നത്. നിലപാടിൽ ഫ്രാൻസ് ഉറച്ചു നിൽക്കുകയാണെങ്കിൽ അന്താരാഷ്ട്ര നിയമങ്ങളോടുള്ള രാജ്യത്തിന്റെ വെല്ലുവിളിയാകുമെന്ന് മാത്രമല്ല, രാഷ്ട്രത്തിന്റെ മനോഭാവം പ്രകടമാവുന്ന മറ്റൊരു വേള കൂടിയായിരിക്കും അത്. ആധുനികതയുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും വക്താക്കളെന്ന് അവകാശപ്പെടുന്നവരുടെ തനിനിറം നമുക്ക് കാത്തിരുന്ന് കാണാം.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter