അബൂ അയ്യൂബില്‍ അന്‍സ്വാരി (റ)

അബൂ അയ്യൂബില്‍ അന്‍സ്വാരി(റ)യുടെ യഥാര്‍ത്ഥ നാമം ഖാലിദ് ബിന്‍ സൈദ് ബിന്‍ കുലൈബ് എന്നാണ്. അബൂ അയ്യൂബ് എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഗോത്രം ബനൂ നജ്ജാര്‍.  മദീനയിലെ അന്‍സ്വാറുകളില്‍ ഉള്‍പ്പെട്ടതിനാല്‍ 'അന്‍സ്വാരി' എന്ന അനുബന്ധ വാചകവും അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ക്കപ്പെട്ടു. വിശ്വപ്രസിദ്ധനാണ് അബൂ അയ്യൂബില്‍ അന്‍സ്വാരി(റ) എന്ന സ്വഹാബി വര്യന്‍.

നബി(സ്വ) മദീനയില്‍ എത്തിയതിന് ശേഷം ഏഴ് മാസത്തോളം താമസിച്ചത് അബൂ അയ്യൂബില്‍ അന്‍സ്വാരി(റ)യുടെ വീട്ടിലായിരുന്നു. മദീനാ നിവാസികളിലെ ഒരുപാടുപേര്‍ ഇതിനായി കൊതിച്ചിരിക്കെ ഇദ്ദേഹത്തിന്റെ വസതി  മാത്രം നബി(സ്വ) ഇഷ്ടപ്പെട്ടത് ആ മഹാമനീഷിയുടെ മഹത്വം വിളിച്ചോതുന്നതാണ്. വളരെ രസകരവും അനശ്വരവുമായി സ്മരിക്കപ്പെടുന്ന ഒരു ചരിത്രസംഭവമാണ് അബൂ അയ്യൂബില്‍ അന്‍സ്വാരി(റ)ന്റെ ഈ ആതിഥ്യം. നബി(സ്വ) മക്കയില്‍ നിന്ന് പലായനെ ചെയ്ത് മദീനയില്‍ കാലുകുത്തിയപ്പോള്‍ അവിടത്തുകാര്‍ നബി(സ്വ)യെ ഹൃദ്യമായി സ്വീകരിച്ചു. തങ്ങളുടെ ഇഷ്ടഭാജനത്തെ ഒരു നോക്കുകാണാന്‍ ഓരോ നയനങ്ങളും വ്യഗ്രത കാട്ടി. ഹൃദയാന്തരത്തിലേക്ക് ആ തിരുമനസ്സ് ഇറങ്ങിയിരിക്കാന്‍ അവര്‍ ഹൃദയകവാടങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു. യാത്രയ്ക്ക് വിരാമമിട്ട് എന്റെ വീട്ടില്‍ തന്നെ റസൂല്‍(സ്വ) താമസിക്കണമെന്ന്  ഓരോരുത്തരും ആഗ്രഹിച്ചു. അതിനായി തങ്ങളുടെ വീട്ടു കവാടങ്ങള്‍ നബി(സ്വ) മുമ്പില്‍ തുറന്നിട്ടു. മദീനയിലെത്തിയ നബി(സ്വ) ആദ്യം ഇറങ്ങിയത് ഖുബാഅ് എന്ന പ്രദേശത്തായിരുന്നു.

അവിടെ നാല് ദിവസം താമസിക്കുകയും മസ്ജിദ് ഖുബാഅ് പണികഴിപ്പിക്കുകയും ചെയ്തു. ശേഷം ഒട്ടകപ്പുറത്തേറി യസ്‌രിബിലേക്ക് നീങ്ങി. അവിടെ വഴിവക്കില്‍ നബി(സ്വ)യെ സ്വീകരിക്കാനായി നാട്ടുപ്രമാണിമാരും മറ്റും കാത്തുനില്‍പുണ്ടായിരുന്നു. നബി(സ്വ)യ്ക്ക് തന്റെ വീട്ടില്‍ തന്നെ ആതിത്ഥ്യം നല്‍കണമെന്ന് ഓരോരുത്തരും ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി അവര്‍ ഒട്ടകത്തോട് യാത്ര അവസാനിപ്പിക്കാനായി സൂചിപ്പിച്ചുകൊണ്ടിരുന്നു. '' പ്രവാചകരെ, അങ്ങ് എന്റെ വീട്ടില്‍ താമസിച്ചോളൂ, ഞാന്‍ നിങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഉപദ്രവകാരികളില്‍ നിന്നും താങ്കള്‍ക്ക് ഞാന്‍ സംരക്ഷണവും നല്‍കാം.'' നബി(സ്വ)ക്ക് ആതിത്ഥ്യമേകാന്‍ എല്ലാവരും മുറവിളി കൂട്ടിക്കൊണ്ടിരുന്നു. '' നിങ്ങള്‍ ഒട്ടകത്തെ അതിന്റെ വഴിക്ക് വിട്ടേക്കൂ.

അത് എവിടെ യാത്ര അവസാനിപ്പിക്കണമെന്ന് കല്‍പിക്കപ്പെട്ടതാണ്.'' നബി(സ്വ) അവരോട് പറഞ്ഞു. ഒട്ടകം എവിടെയും നില്‍ക്കാതെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ നയനങ്ങളും ഹൃദയങ്ങളും അതിനെ പൊതിഞ്ഞു മൂടിയിരിക്കുന്നു. ഒരു വീട് കഴിഞ്ഞ് ഒട്ടകം പോയാല്‍ ആ വീട്ടുകാരന്‍ പിന്നെ നിരാശയിലേക്കാണ്ടുപോകുന്നു. എന്നാല്‍ തന്റെ വീട്ടുമുറ്റത്താണ് ഒട്ടകം മുട്ടുകുത്തുന്നത് എന്ന ഭാവനയില്‍ അടുത്ത വീട്ടുകാര്‍ പ്രതീക്ഷയിലുമാണ്.  ആരാണ് ആ ഭാഗ്യവാന്‍ എന്നറിയാന്‍ ജനങ്ങള്‍ ഒട്ടകത്തിന് പിന്നിലായി ഒച്ചവെച്ച് നടക്കുന്നു. അങ്ങനെയാണ് അബൂ അയ്യൂബില്‍ അന്‍സ്വാരി(റ)യുടെ വീടിനു മുന്നിലെ ഒഴിഞ്ഞ മുറ്റത്ത് ഒട്ടകം എത്തുന്നത്. അത് അവിടെ മുട്ടുകുത്തി. പക്ഷെ നബി(സ്വ)  ഒട്ടകപ്പുറത്തുനിന്നും ഇറങ്ങിയില്ല. ഒട്ടകം വീണ്ടും ചാടിയെണീറ്റ് നടക്കാന്‍ തുടങ്ങി. നബി(സ്വ) അതിന്റെ കടിഞ്ഞാണ്‍ പിടിച്ച് നിയന്ത്രിച്ചു. അപ്പോള്‍ അത് പിന്നോട്ട് വന്നു അബൂ അയ്യൂബില്‍ അന്‍സ്വാരി(റ)യുടെ വീടിന് മുമ്പില്‍ മുട്ടുകുത്തി യാത്രയവസാനിപ്പിച്ചു. അബൂ അയ്യൂബ്(റ) സന്തുഷ്ടനായി. ആ ഹൃദയത്തില്‍ സന്തോഷത്തിന്റെ തിരമാലകള്‍ അലതല്ലിക്കൊണ്ടിരുന്നു. മുന്നോട്ട് വന്ന് നബി(സ്വ)യെ സ്വീകരിച്ചു. ഒട്ടകപ്പുറത്തിരുന്ന ഭാണ്ഡങ്ങള്‍ കയ്യിലേന്തി ദുനിയാവിന്റ മുഴുവന്‍ ഭാരങ്ങളും ആ ശിരസ്സിലേറ്റി നബി(സ്വ)യെ തന്റെ വീട്ടിലേക്കാനയിച്ചു.

***       ***

ഇരുനിലകളുള്ള ഒരു വീടായിരുന്നു അബൂ അയ്യൂബി(റ)ന്റേത്. മുകള്‍ നിലയിലെ സാധന സാമഗ്രികളെല്ലാം ഒഴിപ്പിച്ച് നബി(സ്വ)ക്ക് അവിടെ സൗകര്യം ചെയ്തു കൊടുത്തു. ലോകനേതാവിന്റ കീഴെയാണല്ലോ അണികള്‍ താമസിക്കേണ്ടതെന്ന മര്യാദയോടെയായിരുന്നു അബൂ അയ്യൂബില്‍ അന്‍സ്വാരി(റ) ഇങ്ങനെ സംവിധാനിച്ചത്. പക്ഷെ നബി(സ്വ) താഴെ നിലയില്‍ താമസിക്കാനാണ് ഇഷ്ടപെട്ടത്. അബൂ അയ്യൂബ്(റ) നബി(സ്വ)യുടെ ഇഷ്ടത്തിന് വഴങ്ങിക്കൊടുത്തു. അന്ന് രാത്രി, നബി(സ്വ) ഉറങ്ങാനായി കിടന്നു. അബൂ അയ്യൂബില്‍ അന്‍സ്വാരി(റ)യും ഭാര്യയും മുകള്‍ നിലയിലേക്ക് കയറി. വാതിലടച്ച് ഉറങ്ങാന്‍ ഒരുമ്പെടുമ്പോഴാണ് അബൂ അയ്യൂബ്(റ) അക്കാര്യം ഓര്‍ത്തത്.  അദ്ദേഹം ഭാര്യയോട് പറഞ്ഞു: ''കഷ്ടം, നമ്മള്‍ എന്താണീ ചെയ്തത്. നബി(സ്വ) താഴെ നിലയിലും നമ്മള്‍ മുകള്‍ നിലയിലും താമസിക്കുകയോ? അവരുടെ മുകളിലൂടെ നമ്മള്‍ നടക്കുകയോ? ദിവ്യസന്ദേശം ഇറങ്ങുമ്പോള്‍ അതിനടിയിലായി നമ്മള്‍ നില്‍ക്കുകയോ? അപകടമാണിത്''.

അബൂ അയ്യൂബി(റ)ന്റെ പ്രവാചകാനുരാഗവും ആദരവും പ്രകടമായി. അദ്ദേഹവും ഭാര്യയും ദുഃഖിച്ചിരുന്നു. ഇനി എന്തുചെയ്യുമെന്നറിയാതെ അവര്‍ സ്തബധരായി നിന്നുപോയി. അവര്‍ക്ക് സമാധാനം നഷ്ടപ്പെട്ടു. അവര്‍ ഒരു പോംവഴി കണ്ടു. മുറിയുടെ മധ്യഭാഗത്തില്‍ നിന്നും മാറി പാര്‍ശ്വഭാഗങ്ങളിലേക്ക് അവര്‍ മാറി കിടന്നു. താഴെ മധ്യഭാഗത്താണ് നബി(സ്വ)കിടക്കുന്നത്. അതിന് മുകളില്‍ ചവിട്ടാതെ അന്ന് രാത്രി കഴിച്ചുകൂട്ടി. അപ്പോള്‍ മാത്രമാണ് അവര്‍ക്ക് മാനസിക സുഖം കൈവന്നത്. എന്നിരുന്നാലും അവര്‍ക്ക ആ രാത്രി ഉറക്കം വന്നില്ല. പിറ്റെ ദിവസം രാവിലെ, ഇക്കാര്യം നബി(സ്വ)യെ ഉണര്‍ത്തി: ''പ്രവാചകരെ, ഇന്നലെ രാത്രി ഞാനും എന്റെ ഭാര്യയും ഒരു പോള കണ്ണടച്ചിട്ടില്ല''. ഇതുകേട്ടപ്പോള്‍ നബി(സ്വ)ക്ക് കാര്യം മനസ്സിലായില്ല. നബി(സ്വ)ചോദിച്ചു: ''എന്തേ ഉറങ്ങാന്‍ കഴിയാതിരുന്നത്?''. അബൂ അയ്യൂബില്‍ അന്‍സ്വാരി(റ) കാര്യം പറഞ്ഞു: ''ഞാന്‍ മുകള്‍ നിലയിലും അങ്ങ് താഴെ നിലയിലുമാണ് ഉറങ്ങുന്നത്. മുകള്‍ നിലയിലൂടെ നടക്കുമ്പോള്‍ പൊടി താഴെ വീണ് അങ്ങേക്ക് ബുദ്ധിമുട്ട് വരും. മാത്രമല്ല, പ്രഭാതമാവുമ്പോള്‍ അങ്ങയുടെയും ആകാശത്തില്‍ നിന്ന് ഇറങ്ങിവരുന്ന വഹ്‌യിന്റെയും ഇടയില്‍ ഞാന്‍ വരും. ഈ ചിന്തകളെല്ലാം ഞാന്‍ ഓര്‍ത്തുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ഉറക്കം വന്നില്ല''.

നബി(സ്വ)  പറഞ്ഞു: ''അതെല്ലാം വിട്ടേക്കൂ അബൂ അയ്യൂബ്, നിസ്സാര കാര്യങ്ങള്‍. എന്നെ സന്ദര്‍ശിക്കാന്‍ ധാരാളം ആളുകള്‍ വരുന്നുണ്ട്. അതുകൊണ്ട് ഞാന്‍ താഴെ നിലയില്‍ താമസിക്കുന്നതാണ്  ഏറ്റവും നല്ലത്''. അദ്ദേഹം പറയുന്നു: ''നബി(സ്വ)യുടെ കല്‍പന മാനിച്ച് ഞാനും ഭാര്യയും മുകള്‍ നിലയില്‍ താമസിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ തണുപ്പുള്ള ഒരു രാത്രിയില്‍ വെള്ളം നിറച്ചുവെച്ച ഒരു കൂജ ഞങ്ങളുടെ കയ്യില്‍ നിന്നും വീണ് പൊട്ടി. മുകള്‍ നിലയില്‍ വെള്ളം ചിതറിക്കിടന്നു. പുതപ്പായി ഉപയോഗിച്ചിരുന്ന ഒരു വെല്‍വറ്റ് തുണിയെടുത്ത് ഞാനും ഭാര്യയും വെള്ളം നിലത്തുനിന്നും തുടച്ചെടുക്കാന്‍ തുടങ്ങി. നബി(സ്വ)യുടെ ദേഹത്ത് അവ പതിക്കുമോ എന്ന ഭയം എന്നെയും ഭാര്യയെയും വേട്ടയാടിക്കൊണ്ടിരുന്നു. പിറ്റെ ദിവസം പ്രഭാത്തില്‍ ഞാന്‍ നബി(സ്വ)യെ സന്ദര്‍ശിച്ചുകൊണ്ട് തന്റെ വിഷമം വീണ്ടും ആ സവിധത്തില്‍ അവതരിപ്പിച്ചു. അങ്ങ് താഴെയും ഞങ്ങള്‍ മുകളിലും താമസിക്കുന്നത് ഞാന്‍ വെറുക്കുന്നു പ്രവാചകരെ. ശേഷം ഇന്നലെ രാത്രി നടന്ന സംഭവം ഞാന്‍ നബി(സ്വ)യോട് പറഞ്ഞു. അങ്ങനെ നബി(സ്വ) മുകളില്‍ താമസിക്കാന്‍ സമ്മതിച്ചു. ഞാനും ഭാര്യയും താഴെ നിലയിലേക്കിറങ്ങി''.

***       ***

ഏഴ് മാസത്തോളം നബി(സ്വ) അബൂ അയ്യൂബില്‍ അന്‍സ്വാരി(റ)യുടെ വീട്ടില്‍ താമസിച്ചു. ഒട്ടകം മുട്ടുകുത്തിയ സ്ഥലത്താണ് പിന്നീട് നബി(സ്വ) മസ്ജിദുന്നബവി നിര്‍മിച്ചത്. മസ്ജിദിനോടനുബന്ധിച്ച് പത്‌നിമാര്‍ക്കായിപ്രത്യേക അറകളും പണികഴിപ്പിച്ചിരുന്നു. ഇവയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ നബി(സ്വ) അവിടേക്ക് താമസം മാറ്റി. അങ്ങനെ നബി(സ്വ) അബൂ അയ്യൂബി(റ)ന്റെ അയല്‍വാസിയായി പരിണമിച്ചു. അവര്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും അനുരാഗത്തിന്റെയും മന്ദമാരുതന്‍ അടിച്ചുവീശി. ആ സ്‌നേഹാതിരേകത്തില്‍ പ്രശനങ്ങളും വിഷമങ്ങളും മഞ്ഞുകട്ടകളെപ്പോലെ അലിഞ്ഞില്ലാതായി. ഇടക്കിടെ നബി(സ്വ) തന്റെ വീട്ടില്‍ നിന്നും അബൂ അയ്യൂബിന്റെ വീട്ടിലേക്ക് കണ്ണയക്കും. അതും തന്റെ സ്വന്തം വീടു പോലെയാണ് നബി(സ്വ) കണ്ടത്.

***       ***

സ്വഹാബി വൃന്ദത്തിലെ പണ്ഡിത കേസരിയായ ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ഒരു നട്ടുച്ചവെയില്‍ നേരത്ത് പള്ളിയിലേക്ക് പോവുകയായിരുന്നു അബൂബക്ര്‍(റ). ഇതു കണ്ട ഉമര്‍(റ) അദ്ദേഹത്തോട്  ചോദിച്ചു:'' ഈ സമയത്ത് നിങ്ങള്‍ എന്തിനാണ് വീടു വിട്ട് ഇറങ്ങിയിരിക്കുന്നത്?'' അബൂ ബക്ര്‍(റ): ''വിശപ്പ്, അതല്ലാതെ ഒന്നുമല്ല ഉമറേ''. എന്നാല്‍ ഉമര്‍(റ)വും ഇതേ അവസ്ഥയിലായിരുന്നു. അദ്ദേഹം പറഞ്ഞു:'' വിഷപ്പ് മാത്രമാണ് എന്നെയും ഈ സമയത്ത് ഇവിടെ എത്തിച്ചത്''. രണ്ടുപേരും സംസാരിച്ചുകൊണ്ടിരിക്കെ മൂന്നാമതായി നബി(സ്വ) അവിടേക്ക് കടന്നുവന്നു. നബി(സ്വ) അവരോട് ചോദിച്ചു: ''ഈ നേരത്ത് എന്താണിവിടെ?'' നേരത്തെ രണ്ടുപേരും പങ്കുവെച്ച അതേ മറുപടി തന്നെയാണ് അവര്‍ നബി(സ്വ)യോട് പറഞ്ഞത്. എന്നാല്‍ നബി(സ്വ)യും ഇതേ അവസ്ഥ തന്നെയാണ് നേരിട്ടുകൊണ്ടിരുന്നത്. നബി(സ്വ) രണ്ടുപേരോടും പറഞ്ഞു: ''അല്ലാഹുവാണ് സത്യം, വിഷപ്പ് തന്നെയാണ് എന്നെയും ഇവിടെ എത്തിച്ചത്. എഴുന്നേല്‍ക്കൂ, എന്റെ കൂടെ വരൂ''.

അവരെയും കൂട്ടി നബി(സ്വ) പോയത് അബൂ അയ്യൂബി(റ)ന്റെ വീട്ടിലേക്കായിരുന്നു. നബി(സ്വ)ക്കായി ദിവസവും ഭക്ഷണം കരുതിവെക്കല്‍ അബൂ അയ്യൂബി(റ)ന്റെ പതിവായിരുന്നു. നബി(സ്വ)ക്ക് അത് ഭക്ഷിക്കാന്‍ അവസരമില്ലെങ്കില്‍ അത് തന്റെ വീട്ടിലുള്ളവര്‍ക്ക് കൊടുത്തയയ്ക്കും. വീട്ടിലേക്ക് വരുന്ന നബി(സ്വ)യെയും അബൂ ബക്ര്‍(റ), ഉമര്‍(റ) എന്നിവരെയും കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമ്മു അയ്യൂബ്(റ) പുറത്തേക്ക് വന്നുകൊണ്ട് അവരെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. ''അബൂ അയ്യൂബ് എവിടെ''? നബി(സ്വ) ചോദിച്ചു. തൊട്ടടുത്തുള്ള ഈന്തപ്പനത്തോട്ടത്തില്‍ ജോലിചെയ്യുകയായിരുന്നു അബൂ അയ്യൂബില്‍ അന്‍സ്വാരി(റ). നബി(സ്വ)യുടെ ശബ്ദം കേട്ട അദ്ദേഹം ഓടിയെത്തി. നബി(സ്വ)യുടെ അസമയത്തുള്ള വരവ് കണ്ട അദ്ദേഹം ആശ്ചര്യപ്പെട്ടു. അദ്ദേഹം ചോദിച്ചു:'' ഈ സമയത്ത് അങ്ങ് ഇവിടെ വരാറില്ലല്ലോ''. ''നീ പറഞ്ഞത് സത്യമാണ് അബൂ അയ്യൂബ്''. നബി(സ്വ)അദ്ദേഹം പറഞ്ഞതിനെ പിന്തുണച്ചു. അവരുമായി അബൂ അയ്യൂബ്(റ) തന്റെ ഈന്തപ്പനത്തോട്ടത്തിലേക്ക് പോയി. ഒരു ഈന്തപ്പഴക്കുല മുറിച്ചെടുത്ത് നബി(സ്വ)ക്ക് നല്‍കി. പച്ചയും പാകമായതും ഉണങ്ങിയതുമായ ഈന്തപ്പഴങ്ങള്‍ അതില്‍ അടങ്ങിയിരുന്നു. നബി(സ്വ)ക്ക് ആതിത്ഥ്യം ഇഷ്ടമായി. അബൂ അയ്യൂബി(റ)നോട് പറഞ്ഞു: ''ഇത്രയൊന്നും മുറിച്ചെടുക്കേണ്ടതില്ലായിരുന്നു. പറിച്ചുവെക്കപ്പെട്ട കാരയ്ക്കയുണ്ടെങ്കില്‍ അതായാലും മതി ഞങ്ങള്‍ക്ക്''. അബൂ അയ്യൂബ്(റ) തന്റെ ആതിത്ഥ്യം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്.

അദ്ദേഹം പറഞ്ഞു:''ഈ കാരക്കയും ഈന്തപ്പഴവും നിങ്ങള്‍ ഭക്ഷിക്കൂ. ഞാന്‍ അപ്പോഴേക്കും മൃഗത്തെ അറുക്കാം''. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ''അറുക്കുമ്പോള്‍ അറവു മൃഗത്തെ നീ അറുക്കരുത്''. തന്റെ വളര്‍ത്തു മൃഗങ്ങളില്‍ നിന്നും ഒരു വയസ്സ് പ്രായമുള്ള ഒരാടിനെ പിടിച്ച് അറുത്തു. ശേഷം ഭാര്യയോട് മാവ് കുഴച്ച് റൊട്ടിയുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അന്നേരം അബൂ അയ്യൂബ്(റ) അറവുമൃഗത്തെ ശരിയാക്കിക്കൊണ്ടിരുന്നു. മാംസത്തിന്റെ പകുതിഭാഗം കൊണ്ട് കറിയും പകുതി ഭാഗം പൊരിക്കുകയും ചെയ്തു. വിഭവങ്ങളെല്ലാം ഒരുങ്ങിയപ്പോള്‍ അവ നബി(സ്വ) ക്ക് നല്‍കി. സമൃദ്ധമായ ഭക്ഷണം. അപ്പോഴാണ് തന്റെ കരളിന്റെ കഷ്ണമായ പുത്രി ഫാത്വിമയുടെ മുഖം നബി(സ്വ)ക്ക് ഓര്‍മവന്നത്. ദിവസങ്ങളായി മഹതിയും വിശപ്പ് അനുഭവിക്കുകയാണ്. ഒന്നും ഭക്ഷിച്ചിട്ടില്ല. ആട്ടിറച്ചിയില്‍ നിന്നും ഒരു കഷ്ണമെടുത്ത് അതൊരു പത്തിരിയില്‍ വെച്ച് ഫാത്വിമ(റ)ക്ക് കൊണ്ടുപോയി കൊടുക്കാന്‍ നബി (സ്വ) അബൂ അയ്യൂബില്‍ അന്‍സ്വാരി(റ)യോട് ആവിശ്യപ്പെട്ടു. എല്ലാം കഴിച്ച് വയറ് നിറഞ്ഞപ്പോള്‍ നബി(സ്വ) പറഞ്ഞു: ''എന്തെല്ലാം വിഭവങ്ങളാണിന്ന്.

റൊട്ടി, ഇറച്ചി, കാരയ്ക്ക, ഈന്തപ്പഴം, പച്ചകാരയ്ക്ക''. പറഞ്ഞ് തീരും മുമ്പെ ആ നയനങ്ങളില്‍ നിന്നും കണ്ണുനീര്‍ ചാലിട്ടൊഴുകി. നബി(സ്വ) തുടര്‍ന്നു: ''അല്ലാഹുവാണ് സത്യം, ഈ അനുഗ്രഹങ്ങളെ കുറിച്ച് നിങ്ങള്‍ നാളെ ചോദിക്കപ്പെടുന്നത് തന്നെയാണ്. ഇതുപോലുള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചാല്‍ നിങ്ങള്‍ ബിസ്മില്ലാ എന്ന് പറഞ്ഞ് ഭക്ഷിക്കുക. ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ഇങ്ങനെ പറയുക: فأفضل الحمد لله الذي هو أشبعنا وأنعم علينا തനിക്ക് ഉപകാരം ചെയ്തവരോട് പ്രത്യുപകാരം ചെയ്തുകൊടുക്കുക നബി(സ)യുടെ പതിവായിരുന്നു.നാളെ തന്റെ അടുത്ത് വരണമെന്ന് നബി(സ്വ) അബൂ അയ്യൂബി(റ)നോട് ആവിശ്യപ്പെട്ടു. നബി(സ) പറഞ്ഞത് പക്ഷെ അബൂ അയ്യൂബ്(റ) കേട്ടിട്ടുണ്ടായിരുന്നില്ല. പിന്നീട് ഉമര്‍(റ)നാണ് അദ്ദേഹത്തോട് ഈ വിവരം പറഞ്ഞത്. നാളെ നബി(സ്വ)യെ കാണാമെന്ന് അബൂ അയ്യൂബില്‍ അന്‍സ്വാരി(റ) വാക്കു കൊടുത്തു. അങ്ങനെ പിറ്റെ ദിവസം നബി(സ)യുടെ അടുത്ത് ചെന്നു. നല്ല ഒരു ഉപഹാരം അബൂ അയ്യൂബി(റ)നായി നബി(സ) കരുതിവെച്ചിരുന്നു. തങ്ങളുടെ ഉടമസ്ഥയിലുണ്ടായരുന്ന ഒരു അടിമസ്ത്രീയെ നബി(സ) അബൂ അയ്യൂബി(റ)ന് സമര്‍പ്പിച്ചു. ശേഷം പറഞ്ഞു: ''അബൂ അയ്യൂബേ, ഇവളോട് നീ നന്മ മാത്രമെ കല്‍പ്പിക്കാവൂ. ഞങ്ങളുടെ കൂടെയായിരുന്നപ്പോള്‍ അവളില്‍ നന്മയല്ലാതെ ഞങ്ങള്‍ കണ്ടിട്ടില്ല''. അടിമപ്പെണ്ണുമായി അബൂ അയ്യൂബ്(റ) വീട്ടിലെത്തി. ഇത് കണ്ട ഭാര്യ ചോദിച്ചു: ''ആരുടേതാണ് ഈ അടിമസ്ത്രീ?''. അബൂ അയ്യൂബ്(റ) പറഞ്ഞു: ''നബി(സ) ഉപഹാരമായി നല്‍കിയതാണ്''. ഉമ്മു അയ്യൂബ്(റ): ''നല്‍കിയവര്‍ ഉന്നതന്‍, ദാനവും ഉന്നതമായത്''. അബൂ അയ്യൂബ്(റ): ''അവളോട് നല്ലത് മാത്രമേ കല്‍പ്പിക്കാവൂ എന്ന് നബി(സ) കല്‍പ്പിച്ചിട്ടിണ്ട്''. ഉമ്മു അയ്യൂബ്(റ): ''എങ്ങനെയാണ് നബി(സ്വ)യുടെ വസ്വിയ്യത്ത് നമ്മള്‍ നിറവേറ്റുക''? അബൂ അയ്യൂബ്(റ): ''അവളെ സ്വതന്ത്രയാക്കി മോചിപ്പിക്കുക മാത്രമാണ് അവളോട് നാം ചെയ്യുന്ന ഏറ്റവും നല്ല പ്രവര്‍ത്തി''. ഉമ്മു അയ്യൂബ്(റ): ''നിങ്ങള്‍ സൗഭാഗ്യവാനാണ്, നല്ലത് ചിന്തിക്കാന്‍ ഭാഗ്യം ലഭിച്ചവന്‍''. അങ്ങനെ അബൂ അയ്യൂബ്(റ) തന്റെ അടിമസ്ത്രീയെ മോചിപ്പിച്ച് നബി(സ്വ)യുടെ വസ്വിയ്യത്ത് നല്ലരീതിയില്‍  നടപ്പിലാക്കി. ***       *** മുസ്‌ലിമിന്റെ ഹൃദയാന്തരങ്ങളില്‍ അനശ്വര പ്രഭയോടെ വിളങ്ങിനില്‍ക്കുന്ന പോരാട്ട ചിത്രമാണ് അബൂ അയ്യൂബ്(റ)ന്റെ അവസാന കാല ജീവിതത്തിലെ സമര ജീവിതം സമ്മാനിക്കുന്നത്. അന്ത്യം വരെ ഒരു പോരാളിയായാണ് അബൂ അയ്യൂബില്‍ അന്‍സ്വാരി(റ) ജീവിച്ചത്. ഉമവി ഭരണാധികാരിയായ മുആവിയ(റ)യുടെ കാലം വരെ ജീവിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. അക്കാലം വരെയും മറ്റു ഉത്തരവാദിത്വങ്ങള്‍ ഇല്ലെങ്കില്‍ അദ്ദേഹം യുദ്ധത്തില്‍ നിര്‍ബന്ധമായും പങ്കെടുത്തിട്ടുണ്ട്. മുആവിയ(റ)യുടെ പുത്രനായ യസീദി(റ)ന്റെ നേതൃത്വത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് നടത്തിയ പോരാട്ടമാണ് അബൂ അയ്യൂബ്(റ)ന്റെ ജീവിതത്തിലെ അവസാന പോരാട്ടം.

അബൂ അയ്യൂബ്(റ) എന്‍പത് വയസ്സുള്ള പടു വൃദ്ധനായിരുന്നെങ്കിലും ഇതൊന്നും അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ നിഷ്പ്രഭമാക്കിയില്ല. യസീദി(റ)നൊപ്പം കടല്‍ കടന്ന് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് പോകുവാന്‍ തന്നെ തീരുമാനിച്ചു. ശത്രുമുഖത്ത് എത്തുന്നതിന് തൊട്ട് മുമ്പായി അബൂ അയ്യൂബില്‍ അന്‍സ്വാരി(റ) രോഗബാധിതനായി. പോര്‍കളത്തില്‍ എത്തുമോയെന്ന ആശങ്ക നിലനില്‍കെ യസീദ്(റ) അബൂ അയ്യൂബി(റ)നെ സന്ദര്‍ശിച്ചു. അദ്ദേഹം ചോദിച്ചു: ''താങ്കള്‍ക്ക് എന്തെങ്കിലും ആവിശ്യമുണ്ടോ?'' അബൂ അയ്യൂബ്(റ):'' മുസ്ലിം സേനയോട് എന്റെ സലാം പറയണം. ശത്രു ഭൂമിയില്‍ ദൂരങ്ങള്‍ കീഴടക്കി മുന്നേറാന്‍ അവരോട് കല്‍പിക്കുന്നുണ്ടെന്ന് പറയുക. എന്നെ അവരുടെ കൂടെ കൂട്ടണം. ഞാന്‍ മരണപ്പെട്ടാല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ അതിര്‍ത്തി ഭാഗങ്ങളില്‍ മറവ് ചെയ്യണം.'' അബൂ അയ്യൂബില്‍ അന്‍സ്വാരി(റ) വസ്വിയ്യത്ത് ചെയ്തു. അങ്ങനെ അബൂ അയ്യൂബ്(റ) തന്റെ അന്ത്യശ്വാസം വലിച്ചു. മുസ്‍ലിം സേന അബൂ അയ്യൂബി(റ)ന്റെ മയ്യിത്തുമായി കോണ്‍സ്റ്റാന്റിനോപ്പിളിലെത്തി. ഒരു ഖബ്ര്‍ കുഴിച്ച അവിടെ ആ വന്ദ്യ ദേഹം മറവുചെയ്തു. ഇസ്‍ലാമിക പ്രബോധനത്തിന്റെ തളരാത്ത പ്രതീകമായ അബൂ അയ്യൂബ്(റ) നിസ്തുല ചരിത്രം രചിച്ച് ഇന്നും തുര്‍ക്കിയുടെ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്നു.  

സുവര്‍ മിന്‍ ഹയാത്തിസ്വഹാബ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter