മഹ്റ് വേണ്ട, എന്നെ വിവാഹം കഴിക്കൂ, വിവാഹച്ചെലവുകള്‍ക്കെതിരെ കാമ്പയിന്‍

വര്‍ദ്ധിച്ചുവരുന്ന വിവാഹച്ചെലവുകള്‍ക്കെതിരെ, മഹ്റ് വേണ്ട, എന്നെ വിവാഹം കഴിച്ചോളൂ എന്ന ഹാഷ്ടാഗില്‍ നടന്ന കാമ്പയിന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി. ഇറാഖിലാണ് വര്‍ദ്ധിച്ചുവരുന്ന വിവാഹച്ചെലവുകള്‍ക്കെതിരെ ഇത്തരത്തില്‍ കാമ്പയിന്‍ നടന്നത്. 
സ്ത്രീക്ക് മഹ്റ് നല്കിയാണ് ഇസ്‍ലാമിക കാഴ്ചപ്പാടില്‍ വിവാഹം നടക്കേണ്ടത്. അത് നിശ്ചയിക്കാനുള്ള അധികാരം വിവാഹിതയാകുന്ന സ്ത്രീയുടേതാണ്. സ്ത്രീയെ സംബന്ധിച്ചിടത്തോളം ചെലവുകളൊന്നുമില്ല തന്നെ. 

വിവാഹദിനത്തിലെ സദ്യയൊരുക്കേണ്ടതും ആവശ്യമായ ചെലവുകളെല്ലാം വഹിക്കേണ്ടതും പുരുഷന്‍ തന്നെയാണ്. ഇസ്‍ലാമിക രാജ്യങ്ങളിലും അറബ് നാടുകളിലും ഇത് തന്നെയാണ് നിലനില്‍ക്കുന്നത്. അത് കൊണ്ട് തന്നെ, പലരും വിവാഹം കഴിക്കാനാവാതെ പ്രയാസപ്പെടുന്നതും ഇവിടങ്ങളില്‍ പതിവാണ്. നമ്മുടെ നാടുകളില്‍ സ്ത്രീകളെ സഹായിക്കുന്നതിനായി സമൂഹവിവാഹം നടത്താറുള്ളത് പോലെ, ഈ രാജ്യങ്ങളില്‍ പലപ്പോഴും നടത്താറുള്ളത്, പ്രയാസപ്പെടുന്ന പുരുഷന്മാരെ ലക്ഷ്യം വെച്ചാണ്.

ഇറാഖിലും ഏറെക്കുറെ ഇങ്ങനെയൊക്കെത്തന്നെയാണ് കാര്യങ്ങള്‍. യുദ്ധവും ആഭ്യന്തര പ്രശ്നങ്ങളും കാരണം, ജനങ്ങള്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങിയതോടെ, പല ചെറുപ്പക്കാര്‍ക്കും വിവാഹം എന്നത് ഒരു സ്വപ്നമായി മാറിയിരിക്കുകയാണ്. രണ്ടായിരം മുതല്‍ പതിനായിരം വരെയാണ് നിലവിലെ മഹ്റ് നിരക്ക്. അതിന് പുറമെ വിവാഹച്ചെലവുകള്‍ വേറെയും. 

ഇതിനെതിരെയാണ്, വിവാഹച്ചെലവ് ചുരുക്കി പുരുഷന്മാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കാമ്പയിന്‍ തുടങ്ങിയിരിക്കുന്നത്. 
'മഹ്റ് വേണ്ട, എന്നെ വിവാഹം കഴിക്കുക' എന്ന ഹാഷ്ടാഗില്‍ സ്ത്രീകള്‍ തന്നെയാണ് കാമ്പയിന് മുന്‍കൈയ്യെടുത്തിരിക്കുന്നത്. ഇറാഖിലെ സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം ഇത് ഏറെ പ്രചാരം നേടുകയും ചെയ്തു. നിരവധി യുവാക്കൾ പോസ്റ്റിന് പിന്തുണയുമായി വന്നു. രാജ്യത്തെ പല വനിതാ പ്രവര്‍ത്തകരും വിവിധ രീതിയിലാണ് ഇതിനോട് പ്രതികരിച്ചത്. ഈ വലിയ തുക കണ്ടെത്താനാവാത്ത എത്രയോ ചെറുപ്പക്കാരുണ്ട്. അവർക്കും വേണ്ടേ നല്ല ജീവിതവും കുടുംബവുമൊക്കെ, അവര്‍ എന്ത് ചെയ്യാനാണ് എന്ന അനുകൂല പ്രതികരണമായിരുന്നു ചിലരുടേത്. 

എന്നാൽ ഇതുവഴി സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുമെന്ന ആശങ്കയാണ് മറ്റു ചിലർ പങ്കുവെക്കുന്നത്. രാജ്യത്ത് വിവാഹമോചനം വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും മഹ്റ് കൂടി ഇല്ലാതായാല്‍ ഇതിന്റെ എണ്ണം ഇനിയും കൂടുമെന്നും അതോടെ സ്ത്രീകള്‍ ഒന്നുമില്ലാതെ വഴിയാധാരമാവുമെന്നും ഇറാഖിലെ മുതിര്‍ന്ന ജഡ്ജി മുഹമ്മദ് ജുമുഅ തന്റെ  ട്വിറ്ററിലൂടെ പങ്കുവെച്ചു. മഹ്റ് എന്നത് സ്ത്രീക്ക് ഇസ്‍ലാം അനുവദിച്ച അവകാശമാണെന്നും പിതാവിന്റെ സ്വത്തില്‍ പുരുഷന്റെ പകുതി മാത്രം അവകാശം നിശ്ചയിച്ചതടക്കമുള്ള നിയമങ്ങളെല്ലാം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter