പിങ്ക് ചെറി ഇസ്‌ലാമും തട്ടമിട്ട ഫെമിനിസവും: ഒരു പോസ്റ്റ് സെക്കുലർ വായന
വ്യക്തിപരമായഅഭിപ്രായങ്ങൾക്ക് വസ്തുനിഷ്ഠതക്കപ്പുറം പ്രാധാന്യം നൽകുകയും മതങ്ങളെയും പൊതു ധാർമിക വശങ്ങളെയും വക്രീകരിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് സർവ്വ സാധാരണമാണ്. ആധുനികതയുടെ പരിണാമമായി തന്നെ സാമൂഹ്യ മാധ്യമങ്ങളും നവ സാങ്കേതിക വിദ്യയും വളർന്നതോടെ, മത മൂല്യങ്ങളെ അവയുടെ അതിർത്തികളിൽ നിന്ന് ദ്വന്ദവത്കരിക്കുന്നതും പതിവായിരിക്കുന്നു. ആധ്യാത്മിക വഴികളെന്ന വക്രീകരണം വഴി മത-സാമൂഹിക ഭദ്രത എന്ന അടിസ്ഥാന പ്രമേയത്തെ തന്നെ ഇല്ലാതാക്കുക എന്ന ആധുനിക കേന്ദ്രീകൃത അജണ്ടയാണ് ഇവിടെയെല്ലാം നടപ്പിലാക്കപ്പെടുന്നത്.
നവ-ആധുനികതയുടെ പരിണാമത്തിന്റെ ഭാഗമായി രൂപപ്പെട്ട ആധുനിക ഇസ്‌ലാമിക ഫെമിനിസത്തിന്റെ നവ രൂപമാണ് പിങ്ക് ചെറി ഇസ്‍ലാം (Pink cherry Islam/Feminism). സാമൂഹ്യ മാധ്യമങ്ങളുടെ അൽഗോരിതമിക് അധിനിവേശ തത്വത്തെ ഉപയോഗപ്പെടുത്തി മുന്നേറുന്ന പ്രത്യായശാസ്ത്രം ഇസ്‍ലാമിക ജ്ഞാന വ്യവഹാരത്തിലെ ഒരു ചിന്താധാര (School of Thought) എന്ന ലേബലിലേക്ക് വരെ പരിണമിച്ചിരിക്കുന്നു എന്നതാണ് വസ്തുത.
മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ പാടെ നിരാകരിക്കുന്ന ഈ നവ-പ്രത്യയശാസ്ത്രം, പ്രവാചക തിരുവചനങ്ങളുടെ പൂർണ്ണ നിരാകരണത്തിലേക്കാണ് സമൂഹത്തെ കൊണ്ടെത്തിക്കുന്നത്. നവ-പ്രത്യയശാസ്ത്രത്തിന്റെ ആവിർഭാവത്തിനു മുമ്പ് തന്നെ ഇത്തരത്തിലുള്ള നിറങ്ങളും പ്രതലങ്ങളും പ്രമേയമാക്കി ഫെമിനിസ്റ്റ് അജണ്ടകൾ നടപ്പിലാക്കുന്ന രീതിശാസ്ത്രത്തിന് തുടക്കം കുറിക്കപ്പെട്ടതായി കാണാം. 2002 ലെ മിഡിയാ ബെഞ്ചമിൻ തുടക്കം കുറിച്ച കോഡ് പിങ്ക് മൂവ്മെന്റ് (Code pink movement), ഇന്നും പ്രസിദ്ധീകരിച്ചു വരുന്ന cherry venus magazine, 2017 ലെ pussy hat movement ഇവയുടെയെല്ലാം നവ ലിബറൽ മോഡലാണ് പിങ്ക് ചെറി ഇസ്‌ലാമെന്ന പേരിൽ കൊട്ടിഘോഷിക്കപ്പെടുന്നത്.
ഈ നവനീക്കത്തെ അപകടകരമാക്കുന്നത് അതിന്റെ അടിസ്ഥാനമായി ഗണിക്കപ്പെടുന്ന അഞ്ച് പ്രമേയങ്ങളാണ്. ഖുർആൻ മാത്രമാണ് വസ്തുതാപരമായ ഉറവിടം, പ്രത്യക്ഷത്തിൽ സ്ത്രീകൾക്ക് എതിരായി തോന്നുന്ന ഹദീസുകളെ നിരാകരിക്കൽ, നീതിയെ പാരമ്പര്യത്തിന് മുന്നിൽ പ്രതിഷ്ഠിക്കൽ, പുരുഷ ഉത്തരവാദിത്വത്തിന്റെ പൊതുവത്കരണം, പുരുഷാധിപത്യമാണ് ഇസ്‌ലാമെന്ന് വിവക്ഷിക്കുന്ന വാദങ്ങള്‍ എന്നിവയാണ് അവ. ഖുര്‍ആന്‍ സൂക്തങ്ങളെയും ഹദീസുകളെയും പ്രത്യക്ഷഭാഷാര്‍ത്ഥത്തില്‍ വായിക്കുന്നതിന്റെ ബലഹീനത പ്രത്യയശാസ്ത്രത്തിലുടനീളം പ്രകടമാകുന്നു.
വിശുദ്ധ ഖുർആനിലെ സൂറത്തു ആലു ഇംറാനിലെ 36ആം സൂക്തത്തിലെ പുരുഷൻ സ്ത്രീയെ പോലെയല്ല എന്ന ആയത്തിനെയാണ് താത്വിക അടിസ്ഥാനമായും മാനിഫെസ്റ്റോയായും അവതരിപ്പിക്കുന്നത്. എന്നാൽ ഖുർആനിക പഠന ശാഖയോടുള്ള മുഖം തിരിഞ്ഞുള്ള സമീപനവും ആയത്തിനെ വ്യാഖ്യാനിക്കുന്നതിലുള്ള അബദ്ധതയുമാണ് ഇവിടെ പ്രകടമാകുന്നത്. ഇമാം റാസി തന്റെ തഫ്സീറിൽ ഈ ആയത്തിനെ വ്യാഖ്യാനിക്കുന്നത് സ്ത്രീയുടെ സാമൂഹിക പരവും ജീവശാസ്ത്ര പരവുമായ അടിസ്ഥാനങ്ങളെയാണ് ആയത്ത് അടിവരയിടുന്നതെന്നും ഇത് അവരുടെ സ്വത്വം അടിസ്ഥാനമാക്കിയുള്ള വിവക്ഷയാണെന്നുമാണ്. ചരിത്ര പരമായ വസ്തുതകളാണ് ഈ ആയത്ത് കൊണ്ട് വിവക്ഷിക്കുന്നതെന്നാണ് ഇബ്ൻ കസീർ തന്റെ തഫ്സീറിൽ വ്യക്തമാക്കുന്നത്. എന്നാൽ ഇസ്‍ലാം സ്ത്രീയെ എങ്ങനെയാണ് പരിഗണിച്ചത് എന്ന ചോദ്യത്തെ പോലും പോസ്റ്റ് സെക്കുലർ നിലപാടിന്റെ പിൻബലത്തിൽ മുസ്‍ലിം സ്ത്രീകൾ തന്നെ നിരുപാധികം തള്ളി കളയുകയും സര്‍വ്വരാലും അംഗീകരിക്കപ്പെടുന്ന വ്യാഖ്യാതാക്കളെയെല്ലാം അവഗണിച്ച് ഭാഷാര്‍ത്ഥം മാത്രം പിടിച്ച് ഈ സൂക്തങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നത് തെറ്റിദ്ധാരണാ ജനകമാണ്.
പ്രത്യയശാസ്ത്രത്തിന്റെ അനന്തരമായി രൂപപ്പെട്ട ടിക്ടോക് ഫത്‍വകളും അത്യന്തം അപകടം നിറഞ്ഞതാണെന്ന് പ്രത്യക്ഷത്തിൽ തന്നെ മനസ്സിലാക്കാം. അന്യ മതസ്ഥനുമായുള്ള വിവാഹം, ഭർത്താവുണ്ടായിരിക്കെ അന്യനുമായി ലൈംഗിക ബന്ധങ്ങളിലേർപ്പെടൽ തുടങ്ങി മതപരവും രീതിശാസ്ത്രപരവുമായ പരിധികളെ തന്നെ ഇല്ലാതാക്കുന്ന പ്രവണതകളിലേക്കാണ് ഇത്തരത്തിലുള്ള വീക്ഷണങ്ങൾ കൊണ്ടെത്തിക്കുന്നത്. ഇതിനെല്ലാം കാരണമായി അവതരിപ്പിക്കുന്നതാകട്ടെ, പാരമ്പര്യമായി കൈമാറി വന്നതെല്ലാം മുസ്‍ലിം പുരുഷ മേധാവിത്വത്തിന്റെ പ്രതിഫലനങ്ങൾ ആണ് എന്ന അബദ്ധജടിലമായ വാദഗതിയും.
അടിസ്ഥാനപരമായി നിലനിൽക്കുന്ന സാമൂഹ്യ ഭദ്രതയുടെയും മൂല്യങ്ങയുടെയും അന്ത സത്തയെയാണ് ഇത്തരത്തിലുള്ള വാദങ്ങൾ ഇല്ലാതാക്കുന്നത്. ഇവ വ്യാപകമാവുകയും ആഗോള മുതലാളിത്വ തത്വത്തിന്റെ അധിനിവേശ വാണിജ്യ വത്കരണ വംശാവലിക്ക് കൈകൊടുക്കുകയും ചെയ്‌താൽ സ്ത്രീ വെറും ഒരു പ്രദർശന വസ്തു എന്നതിലുപരി മറ്റെന്താകാനാണ്! സാമൂഹ്യ നീതിയുടെയും ജീവശാസ്ത്ര പരിമിതികളെയും മനുഷ്യത്വം എന്ന കേന്ദ്രീകൃത ഭാവത്തിലേക്ക് കോർത്തിണക്കി ഇസ്‍ലാം പണിത സ്ത്രീ എന്ന അസ്തിത്വത്തെ കേവലം നവ ലിബറൽ ലോകത്തെ കപട വ്യവഹാരങ്ങൾക്കും ലാഭത്തിനും വേണ്ടി പണയം വെക്കുന്ന പ്രത്യയശാസ്ത്രങ്ങൾ തകർത്തെറിയുന്നത് മുസ്‍ലിം സ്ത്രീ എന്നതിലുപരി സ്ത്രീ എന്ന അസ്തിത്വ രൂപത്തെ കൂടിയാണ്.
മുതലാളിത്വം കേവലം സാമ്പത്തിക തല്പരതയ്ക്കപ്പുറത്ത് നിന്ന് ഒരു മതത്തിന്റെ രീതിശാസ്ത്രത്തിന്റെ അടിത്തറയിലാണ് പ്രവൃത്തിക്കുന്നതെന്ന് 1920 ലെ വിഖ്യാത രചനയായ Capitalism as Religion (കൃതിയുടെ രചന പൂർത്തീകരിക്കപ്പെട്ടിട്ടില്ല) പറഞ്ഞു വയ്ക്കുന്നതായി കാണാം. അതോടൊപ്പം തന്നെ കനേഡിയൻ തത്വ ചിന്തകൻ Immanent frame തത്വത്തിലൂടെ മത ഇതര തത്വത്തിന്റെ അപകടത്തെ പ്രകടമാക്കുമ്പോൾ വസ്തുവാത്കണത്തിന്റെ (Objectification) അനന്തയിലേക്കുള്ള അടുത്ത ചുവടുപടിയാണിതെല്ലാം എന്ന സംക്ഷിപ്തത്തിലേക്കാണ് കാര്യങ്ങളെ ഉപസംഹരിക്കുന്നത്.
സമത്വത്തെയും നീതിയെയും മുസ്‍ലിം സ്ത്രീ, ഇസ്‍ലാം എന്നീ രൂപത്തിലേക്ക് ചുരുക്കി കെട്ടുന്നത് എന്നും പോസ്റ്റ് സെക്യൂലറിസത്തിന്റെ അജണ്ടയാണ്. ആധുനികതയ്ക്ക് മുമ്പിൽ നീതിയുടെയും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരിൽ കൊട്ടിഘോഷിക്കപ്പെട്ട ഫ്രഞ്ച് വിപ്ലവത്തിന്റെ പത്രിക പോലും നാമകരണം ചെയ്യപ്പെട്ടത് Declaration of right of man and citizen എന്നായിരുന്നു. അക്കാലത്തു തന്നെ ഇതിനെതിരെ സ്ത്രീപക്ഷ വാദഗതികൾ ഉയർന്നെങ്കിലും കേവലം ഭക്ഷണം, വോട്ടവകാശം എന്നീ രൂപത്തിലേക്ക് അവയെ ആരോഗ്യകരമായി പരിഭാഷപ്പെടുത്തുവാനും ഇവയെ പുരുഷ മേധാവിത്വ പരിധിയിൽ നിന്നൊഴിവാക്കി സ്വാതന്ത്ര്യത്തിന്റയും നീതിയുടെയും പേരിൽ കൊട്ടിഘോഷിക്കുവാനും പോസ്റ്റ് സെക്കുലർ കാഴ്ചപ്പാടുകൾ മറന്നില്ല. അതേ സമയം തന്റെ വിടവാങ്ങൽ പ്രഭാഷണത്തിൽ പോലും സ്ത്രീ എന്ന സ്വത്വത്തെ പുകഴ്ത്തുകയും ദൈവികവും മനുഷ്യത്വപരവുമായ അവകാശങ്ങൾ നേടികൊടുക്കുകയും ചെയ്ത പ്രവാചകനും അനുയായികളുമാണത്രെ ഇവര്‍ക്ക് സ്ത്രീ വിരുദ്ധർ!
പിങ്ക് ചെറി ഇസ്‌ലാമും തട്ടമിട്ട ഫെമിനിസവുമെല്ലാം പ്രത്യക്ഷത്തില്‍ തട്ടത്തിനുള്ളിലാണെങ്കിലും മുതലാളിത്വമെന്ന നവ-മതത്തിന്റെയും പോസ്റ്റ് സെക്യൂലറിസത്തിന്റെയും അജണ്ടയുടെ മറവിലാണ് നിലകൊള്ളുന്നത്. സ്രഷ്ടാവായ അല്ലാഹുവില്‍നിന്ന് അവതീർണ്ണമാവുകയും പ്രവാചകാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ മാത്രം വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത, ചെയ്യപ്പെടേണ്ട മതത്തിന് മുകളിൽ വ്യക്തിനിഷ്ഠയെ കെട്ടിവെക്കുന്നതിന്റെ അപകടം തിരിച്ചറിഞ്ഞ് ഇത്തംര നവനീക്കങ്ങളെ വിമര്‍ശിക്കുന്നവരെല്ലാം പുരോഗമനത്തോട് പിന്തിരിഞ്ഞ് നിൽക്കുന്നവരും സ്ത്രീത്വത്തെ അവഹേളിക്കുന്നവരുമായി മുദ്രകുത്തപ്പെടുന്നതാണ് ഇന്ന് കാണുന്നത്. ഇസ്‍ലാം എന്ന വിശ്വാസ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തെ ചോദ്യം ചെയ്യുന്നതിലുപരി അവ മുസ്‍ലിം സ്ത്രീയെ മാത്രമല്ല, സ്ത്രീ എന്ന സ്വത്വത്തിന് തന്നെ വരുത്തിത്തീർക്കുന്ന അപകടം ചെറുതല്ല. ആശയ വ്യാപനത്തിനായി കർമ്മ ശാസ്ത്രത്തെ വികലമാക്കുമ്പോൾ നഷ്ടപ്പെടുന്നത് കേവല പാരമ്പര്യം എന്നതിലുപരി സ്ത്രീ എന്ന ഏറ്റവും മഹത്തരവും മൂല്യവത്തുമായ സമൂഹത്തിന്റെ പാതിയാണ് എന്ന് തിരിച്ചറിയുന്നത് എല്ലാവര്‍ക്കും നന്ന്.



Leave A Comment