തലവനായി സിൻവാർ : ഹമാസ് ലോകത്തിന് നൽകുന്ന മൂന്ന് സന്ദേശങ്ങൾ

കഴിഞ്ഞ ജൂലൈ 31-നാണ് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ തലവൻ ഇസ്മായിൽ ഹനിയ്യ  കൊല്ലപ്പെട്ടത്. എന്നാൽ ഇസ്മായിൽ ഹനിയ്യയുടെ പിൻഗാമിയായി  ഹമാസിന്റെ തലവൻ യഹ്‌യ സിൻവാറിന്റെ തിരഞ്ഞെടുപ്പ് ഹമാസിന്റെ ഭാവി   യുദ്ധതന്ത്രങ്ങളെക്കുറിച്  വ്യക്തമായ സൂചന നൽകുന്നുണ്ട്. വിവിധ പരിഗണനകളാൽ ഹമാസിന്റെ  രാഷ്ട്രീയ വിഭാഗത്തിൽ നിന്നും  ഒരാൾ  ഈ സ്ഥാനം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പലർക്കും ഈ തിരഞ്ഞെടുപ്പ് അത്ഭുതമായി തോന്നിയെങ്കിലും,  ഇത് ഹനിയ്യയുടെ കൊലപാതകത്തിന്റെ സ്വാഭാവിക ഫലമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതോടൊപ്പം, ഇസ്റാഈലിന് മുന്നില്‍ വരും ദിനങ്ങള്‍ ഏറെ കടുത്തതാകുമെന്നും ഇത് സൂചിപ്പിക്കുന്നുണ്ട്. 

ഒക്ടോബർ 7ലെ ആക്രമണത്തിന്റെ പ്രധാന ആസൂത്രകനായാണ് സിന്‍വാര്‍ അറിയപ്പെടുന്നത്. പത്ത് മാസങ്ങള്‍ക്ക് ശേഷവും അദ്ദേഹം യാതൊരു വിധ മറയുമില്ലാതെ സധൈര്യം രംഗത്തുണ്ടെന്ന് കൂടി ഈ സ്ഥാനാരോഹണം പറയുന്നുണ്ട്. യുദ്ധം, സൈന്യം, രഹസ്യാന്വേഷണം, ചാരപ്രവർത്തനം എന്നിവയുടെ എല്ലാ ശക്തികളുമുണ്ടായിട്ടും ഇസ്രയേലിന് അദ്ദേഹത്തെ ഒന്നും  ചെയ്യാനായിട്ടില്ലെന്നതടക്കം, വ്യക്തമായ മൂന്ന് സന്ദേശങ്ങള്‍ നല്കുകയാണ് ഇതിലൂടെ ഹമാസ് ചെയ്തിരിക്കുന്നത്.

ഒന്ന്: ഹമാസ് ഇപ്പോഴും ശക്തമാണ്

തൂഫാനുല്‍അഖ്സക്ക് ശേഷം ഹമാസിന്റെ സൈനിക വിഭാഗവും രാഷ്ട്രീയ നേതൃത്വവും രണ്ട് തട്ടിലാണെന്നും അവര്‍ക്കിടയില്‍ അനൈക്യം ഉടലെടുത്തിരിക്കുകയാണെന്നും ഇസ്റാഈല്‍ ഇടക്കിടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിനുള്ള ശക്തമായ മറുപടിയാണ് ഇതിലൂടെ ഒന്നാമതായി ഹമാസ് നല്കിയിരിക്കുന്നത്. 

ഗസ്സയിലും പുറത്തുമായി പരന്ന് കിടക്കുന്ന ഹമാസിന്റെ സൈനിക വ്യവസ്ഥയ്ക്കും രാഷ്ട്രീയ നേതൃത്വത്തിനും ഇടയിലുള്ള യോജിപ്പ് പ്രകടിപ്പിക്കുന്നതിനൊപ്പം, ഹനിയ്യയുടെ  കൊലപാതകത്തിനു ശേഷമുള്ള യുദ്ധത്തിന്റെ പുതിയ ഘട്ടം കൈകാര്യം ചെയ്യാനും ആ വിടവ് നികത്താനും ഹമാസിന് പ്രയാസമില്ലെന്നും ഇത് വിളിച്ചുപറയുന്നു. അഥവാ, കൊന്ന് തീര്‍ക്കാമെന്ന ഇസ്റാഈലിന്റെ വ്യാമോഹത്തിന് ഏറ്റവും ശക്തമായ മറുപടി എന്നര്‍ത്ഥം.

ഗസ്സയിലെ ചെറുത്തുനിൽപ്പിന്റെ വീര്യം തകർക്കാനും ഒക്ടോബർ 7ലെ ആക്രമണത്തിന് ശേഷം തകർന്നുതരിപ്പണമായ ഇസ്രായേലി സുരക്ഷ എന്ന കടലാസുപുലിയെ പുനഃസ്ഥാപിക്കാനും തങ്ങളുടെ സൈനിക, രഹസ്യാന്വേഷണ കഴിവുകൾ പ്രദർശിപ്പിക്കാനുമാണ്, ഹനിയ്യയെ കൊലപ്പെടുത്തിയതിലൂടെ ഇസ്റാഈല്‍ ലക്ഷ്യം വെച്ചത്. എന്നാല്‍ അവക്കെല്ലാം അതേ നാണയത്തിലുള്ള തിരിച്ചടിയാണ്, സിന്‍വാറിനെ ആ സ്ഥാനമേല്‍പിച്ചതിലൂടെ ഹമാസ് നല്കിയിരിക്കുന്നത്. പുറത്ത് വെച്ച് മാത്രമേ നിങ്ങള്‍ക്ക് വല്ലതും ചെയ്യാനാവൂ എന്നും ഗസ്സക്ക് അകത്ത് തന്നെ സ്വൈരവിഹാരം നടത്തുന്ന ഏറ്റവും വലിയ ശത്രുവിനെ ഇസ്റാഈലിന് ഇപ്പോഴും ഒന്നും ചെയ്യാനായിട്ടില്ലെന്നും ഹമാസ് ഇതിലൂടെ ലോകത്തോട് തന്നെ വിളിച്ച് പറയുകയാണ്. അഥവാ, മറ്റുള്ളവരുടെ സുരക്ഷാവീഴ്ചകള്‍ മുതലെടുക്കാനേ ഇസ്റാഈലിന് ആയിട്ടുള്ളൂ, ഗസ്സയിലുള്ള ഏറ്റവും ശക്തനായ നേതാവിനെ തൊടാന്‍ പോലും ആയിട്ടില്ല എന്ന വ്യക്തമായ സന്ദേശം. 

രണ്ട്: നെതന്യാഹു പരാജയമാണ്

ഹനിയ്യയുടെ വധത്തിന്റെ ഉത്തരവാദിത്തം  ഏറ്റെടുത്തില്ലെങ്കിലും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹനിയ്യയുടെ കൊലപാതകത്തെ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിലെ മുൻനിര നേതാക്കളായ ഹനിയ്യയെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി സ്വാലിഹ് അൽഅരൂരിയെയും വധിച്ചതിലൂടെ ഇസ്രായേലിന്റെ ശക്തി പ്രകടിപ്പിക്കലും ഹമാസിന്റെ മുതിർന്ന രാഷ്ട്രീയ-സൈനിക നേതാക്കളെ ഉന്മൂലനം ചെയ്യുമെന്ന വാഗ്ദാനം നടപ്പിലാക്കുന്നുണ്ടെന്ന് തോന്നിപ്പിക്കലുമാണ് നെതന്യാഹുവിന്റെ ലക്ഷ്യം. ഇസ്റാഈല്യര്‍ക്കിടയില്‍ പോലും പിന്തുണ നഷ്ടപ്പെടുന്ന നെതന്യാഹുവിന് പിടിച്ച് നില്ക്കാന്‍ അത് ആവശ്യമാണ് താനും. 

എന്നാല്‍ പിൻഗാമിയായി സിൻവാറിനെ തിരഞ്ഞെടുത്തതിലൂടെ, നെതന്യാഹു കൂടുതല്‍ അപമാനിതനായിരിക്കുകയാണ്. ഒക്‌ടോബർ 7ലെ ആക്രമണത്തിന് ഉത്തരവാദിയായി ഇസ്രായേൽ കണക്കാക്കുന്ന സിൻവാര്‍ പൂര്‍വ്വാധികം ശക്തിയോടെ നേതൃപദവിയിലേക്ക് വരുന്നതിലൂടെ, നെതന്യാഹു നേരിടുന്ന അപമാനത്തില്‍നിന്ന്, അദ്ദേഹത്തിന് പെട്ടെന്ന് കരകയറാനാവുമെന്ന് തോന്നുന്നില്ല.

മൂന്ന്: സമാധാനപരമായ ചര്‍ച്ചകളുടെ കാലം കഴിഞ്ഞു

സമാധാനപരമായി കാര്യങ്ങള്‍ പര്യവസാനിക്കണമെന്നതായിരുന്നു ഹനിയ്യയുടെ പൊതുനിലപാട്. അത് കൊണ്ട് തന്നെ, ഇത് വരെ ഹമാസ് ചര്‍ച്ചകള്‍ക്ക് തയ്യാറാവുകയും പരമാവധി വിട്ട് വീഴ്ചക്ക് തയ്യാറാവുകയും ചെയ്തിരുന്നു. അതേ സമയം, അത് ബലഹീനതയായി മനസ്സിലാക്കിയ നെതന്യാഹു, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാവതെ യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണ് ഇത് വരെ ചെയ്തിരുന്നത്. തടവുകാരെ മോചിതരാക്കണമെന്ന് താൽപര്യപ്പെടുന്ന നിരവധി ഇസ്രായേലികളും  ഹമാസും  പരോക്ഷമായി അമേരിക്കയും അംഗീകരിക്കുന്ന  വെടിനിര്‍ത്തല്‍ കരാറിന് നെതന്യാഹു തടസ്സം നിന്നതും അത് കൊണ്ട് തന്നെയായിരുന്നു. എന്നാല്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത സിന്‍വാര്‍ തലപ്പത്ത് വന്നതോടെ, ഇനി നെതന്യാഹു തന്നെ വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയ്യെടുക്കുമെന്നാണ് പൊതുവെ കണക്ക് കൂട്ടുന്നത്. അഥവാ, ഇനി ചര്‍ച്ചകളുടെ ഗതി നിയന്ത്രിക്കുന്നത്, ഇസ്റാഈല്‍ ആയിരിക്കില്ല, മറിച്ച് ഹമാസും അവരുടെ ശക്തിയും ആയിരിക്കും എന്നര്‍ത്ഥം. 

സിന്‍വാര്‍ സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് അറബ് പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും വന്ന വിവിധ കാര്‍ട്ടൂണുകള്‍ തന്നെ അത് സൂചിപ്പിക്കുന്നുണ്ട്. പേന മുന്നില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തി അവസാനം തന്റെ ജീവിന്റെ ത്യജിക്കേണ്ടിവന്ന ഹനിയ്യക്ക് പകരം, ഇപ്പോള്‍ വന്നിരിക്കുന്നത് തോക്ക് മേശപ്പുറത്ത് വെച്ച് ചര്‍ച്ചക്കിരിക്കുന്ന സിന്‍വാര്‍ ആണെന്നാണ് ആ കാര്‍ട്ടൂണുകള്‍ വിളിച്ച് പറയുന്നത്. അതോടെ, പത്തി താഴ്ത്തി താഴോട്ട് പോവുന്ന നെതന്യാഹുവിനെയും അവ ചിത്രീകരിച്ചിരിക്കുന്നു. അഥവാ, വരും ദിനങ്ങള്‍ ഇസ്റാഈലിനെ സംബന്ധിച്ചിടത്തോളം കീഴടങ്ങലിന്റേതായിരിക്കുമെന്നര്‍ത്ഥം. 

പുതിയ നേതൃത്വത്തിന് കീഴില്‍ ഹമാസിന്റെ ഭാവി എന്തായിരിക്കുമെന്നും ഇസ്റാഈല്‍-ഫലസ്തീന്‍ യുദ്ധം ഇനി ഏത് ഗതിയിലേക്കാണ് നീങ്ങുകയെന്നും നമുക്ക് കാത്തിരുന്ന് കാണാം.

aljazeera.net ല്‍ പ്രമുഖ അന്താരാഷ്ട്ര രാഷ്ട്രീയ ഗവേഷകന്‍ മഹ്മൂദ് അല്ലൂശ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം

▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb Whatsapp Group:

https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter