ഖത്തര്‍ ഫാദര്‍ അമീര്‍ ശൈഖ് ഹമദ് അൽഥാനി മരണപ്പെട്ടു

ഖത്തറിന്റെ അമീർ വാലിദ് (ഫാദര്‍ അമീര്‍) ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു അദ്ദേഹത്തിന്. നിലവിലെ ഖത്തര്‍ അമീര്‍ ശൈഖ് തമീം അല്‍ഥാനിയുടെ പിതാവായ അദ്ദേഹം, അറബ് അധികാര ചരിത്രത്തില്‍ ആദ്യമായി, 2013 ല്‍, ഇനി പുതുതലമുറ ഭരിക്കട്ടെ എന്ന് പറഞ്ഞ് സ്വയം അധികാരം ഒഴിഞ്ഞ ശേഷം, ഫാദര്‍ അമീര്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

ആധുനിക ഖത്തറിന്റെ നവോത്ഥാന ശില്പിയായാണ് അമീർ വാലിദ് ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് രാജ്യത്തിന്റെ സ്ഥിരമായ ഭരണഘടന നിലവിൽ വന്നതും, അറിവിലധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ഖത്തറിനെ സുസ്ഥിര വികസനം കൈവരിക്കാൻ പ്രാപ്തിയുള്ള ഒരു വികസിത രാജ്യമായി മാറ്റുന്നതിനും ലക്ഷ്യമിട്ടുള്ള "ഖത്തർ നാഷണൽ വിഷൻ 2030" രൂപീകരിച്ചതും.
തന്റെ ദീർഘവീക്ഷണത്തോടെയുള്ള ഭരണത്തിലൂടെ രാജ്യത്തെ ആഗോള ഭൂപടത്തിൽ ഏറ്റവും മുൻനിരയിലേക്ക് നയിച്ച നേതാവാണ് അദ്ദേഹം. ഖത്തറിന്റെ സാമ്പത്തിക മുന്നേറ്റത്തിനും വിദ്യാഭ്യാസ, സാംസ്കാരിക, മാധ്യമ മേഖലകളിലെ വിപ്ലവകരമായ പുരോഗതിക്കും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. ലോക പ്രശസ്ത വാര്‍ത്താചനലായ അൽജസീറ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെയും ഇഛാശക്തിയുടെയും ഫലമായിരുന്നു. ഖത്തറിലെ പ്രവാസി സമൂഹത്തിന് അദ്ദേഹം നല്കിയ പിന്തുണയും സ്നേഹവും ഏറെ പ്രശസ്തമാണ്.

പ്രയാസമനുഭവിക്കുന്നവരുടെ കൂടെ നിന്നും ഇരകള്‍ക്ക് സഹായങ്ങളെത്തിച്ചും പീഢിതര്‍ക്ക് അഭയം നല്കിയും ഖത്തറിനെ അക്രമിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമാക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ഫലസ്തീന്‍ പ്രശ്നത്തെ എന്നും തന്റേതായി കണ്ട അദ്ദേഹത്തെ, ഒരു ചരിത്രപരമായ ഔദ്യോഗിക സന്ദർശനത്തിലൂടെ, ഗസ്സയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം തകർത്ത ഏക അറബ് നേതാവെന്ന നിലയിലാണ്, ഗസ്സക്കാര്‍ ഓര്‍ക്കുന്നത്. കൂടാതെ ഫലസ്തീൻ പ്രശ്നത്തെ അന്താരാഷ്ട്ര-മേഖലാ വേദികളിലേക്ക് ഉയർത്തിക്കൊണ്ടുവരികയും, അതിനെ അറബ്-ഇസ്‌ലാമിക സമൂഹത്തിന്റെ പ്രധാന വിഷയമായി കണ്ട് പ്രതിരോധിക്കുകയും ചെയ്ത ഏറ്റവും പ്രമുഖരായ നേതാക്കളിൽ ഒരാളായും അവർ അദ്ദേഹത്തെ കണക്കാക്കുന്നു. 1999ല്‍ യാസര്‍ അറഫാതിന്റെ മരണത്തെ തുടര്‍ന്നും ശേഷം 2012ലും അദ്ദേഹം ഗസ്സ സന്ദര്‍ശിച്ചിരുന്നു. 1967-ന് ശേഷം ഫലസ്തീൻ സന്ദർശിക്കുന്ന ആദ്യത്തെ ഗൾഫ് നേതാവായിരുന്നു ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി. അധിനിവേശ ശക്തികള്‍ ഗസ്സയെയും ഫലസ്തീനെയും തകര്‍ത്ത് തരിപ്പണമാക്കിയപ്പോഴൊക്കെ സഹായഹസ്തങ്ങളുമായി ഓടിയെത്തിയത് ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തിന് അകമഴിഞ്ഞ് സഹായിച്ചതും അദ്ദേഹമായിരുന്നു. ഖാൻ യൂനിസിലെ 'ഷെയ്ഖ് ഹമദ് റെസിഡൻഷ്യൽ സിറ്റി'യും ജുഹർ അദ്ദീകിലെ ഖത്തറി ക്വാർട്ടറും ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി ഹോസ്പിറ്റൽ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പ്രോസ്തെറ്റിക്സും അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. സമാനമായി ലബനാനിലും സിറിയയിലും സുഡാനിലും അഫ്ഗാനിസ്ഥാനിലുമെല്ലാം അദ്ദേഹത്തിന്റെ സഹായഹസ്തങ്ങളെത്തിയിട്ടുണ്ട്.

ഖത്തറിലെ ഔദ്യോഗിക വൃത്തങ്ങളും വിവിധ പ്രവാസി സമൂഹങ്ങളും ലോക രാഷ്ട്ര നേതാക്കളുമെല്ലാം അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter