പൂക്കോയ തങ്ങൾ: നേതൃപദവിയെ സർവ്വതലസ്പർശിയെന്ന് പുനർനിർവചിച്ച യുഗപുരുഷൻ
നേതൃത്വം എന്നാൽ സർവ്വാംഗീകൃതമായ അധികാരമാണ്. ഈ അംഗീകാരത്തിനുള്ള അതോറിറ്റി ആരെല്ലാമാണ് എന്ന ചോദ്യത്തിന്റെ മറുപടി, നയിക്കപ്പെടുന്ന ജനത എന്നതാണ്. ലോകത്തെ വ്യത്യസ്ത സമൂഹങ്ങൾക്ക് അവയുടെ വ്യത്യസ്ത തലങ്ങളിൽ നിന്നുള്ള നേതൃത്വങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ജനതയുടെ ജീവിതവ്യവഹാരങ്ങളുടെ ഏതെങ്കിലും ഒരു വംശത്തിന്റെ ഭാഗധേയം മാത്രമായിരിക്കും മിക്കയിടങ്ങളിലും നേതൃത്വത്തിലൂടെ നിർവഹിക്കപ്പെടുക. സാംസ്കാരികം,മതപരം,സാമൂഹികം എന്നിവയിലേതെങ്കിലും മാത്രം ഇത്തരത്തിൽ പ്രതിനിധീകരിക്കപ്പെടും. എന്നാൽ ഈ മുഴുവൻ സവിഷശേഷതകളിലും പിൻപറ്റപ്പെടുന്ന നേതാക്കൾ ഉണ്ടാകുക എന്നത് ചരിത്രസംഭവവും അപൂർവ്വവുമാണ്. നൂറ്റാണ്ടുകളിലൊരിക്കൽ മാത്രം അവതരിക്കപ്പെടുന്ന പ്രവാചകദൗത്യമായിരിക്കുമത്. "ഇസ്ലാമിക വിഭാവനയിലുള്ള നേതൃത്വം" എന്നതിനെ ഇറാനിയൻ -അമേരിക്കൻ ചിന്തകനായ സയ്യിദ് ഹുസൈൻ നസ്ർ, “പ്രവാചക നേതൃത്വത്തിന്റെ തുടർച്ചയായിരിക്കണം ഓരോ നേതൃത്വവും” എന്ന് വിവക്ഷിക്കുന്നു. "ജനങ്ങളുടെ ആത്മീയ ചോദനകളും സാമൂഹിക താല്പര്യങ്ങളും സാംസ്‌കാരിക ലക്ഷ്യങ്ങളും അറിയുന്നയാൾ" എന്നാണ് അദ്ദേഹം ഒരു മാതൃകാനേതാവിന് നൽകുന്ന നിർവചനം.
ഈ മാതൃകാ നേതൃത്വത്തിന്റെ മുഴുവൻ ഗുണങ്ങളും സമ്മേളിച്ചിരുന്ന, മലബാറിലെ പൊതുസമൂഹത്തിന്റെ നേതാവായിരുന്നു പി.എം.എഎസ്.എ പൂക്കോയ തങ്ങൾ. ഈ മൂന്ന്തലങ്ങളെയും പൂർണ്ണമായും പ്രതിനിധീകരിക്കുകയായിരുന്നു തങ്ങളുടെ നേതൃത്വ കാലഘട്ടം. മലബാറിൽ ഇന്ന് കാണുന്ന സാമൂഹിക-സാംസ്‌കാരിക സുരക്ഷിതത്വത്തിന്റെ വേരുകൾ തങ്ങളുടെ സാമൂഹിക നിർമ്മാണ പ്രക്രിയയിൽ ഉൾച്ചേർന്നിരിക്കുന്നു.
വ്യക്തിജീവിതം
പാണക്കാട് സയ്യിദ് കുടുംബത്തിൽ മലബാറിലേക്ക് കുടിയേറിയ ആദ്യത്തെ അംഗമായ സെയ്തു മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങളുടെ മകനായി പുതിയ മാളിയേക്കൽ സയ്യിദ് അഹമ്മദ് എന്ന പി.എം.എസ്.എ പൂക്കോയ തങ്ങൾ 1913 ജനുവരി 20ന് പാണക്കാട് ജനിച്ചു. പാണക്കാട് പ്രദേശത്തെ സ്‌കൂളുകളിൽ നിന്ന് പ്രാഥമിക പഠനത്തിനുശേഷം വിവിധ പള്ളിദർസുകളിൽ നിന്ന് മതപഠനം പൂർത്തിയാക്കി. മലബാറിന്റെ രാഷ്ട്രീയ,സാമൂഹിക,ആത്മീയ മേഖലകളെ പ്രതിനിധീകരിച്ച അദ്ദേഹം കേരളത്തിലെ 80 ഓളം പള്ളികളുടെ മേൽ ഖാളിയുമായിരുന്നു. മുസ്ലിം ലീഗ്,സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തുടങ്ങിയ സംഘടനകളിലെ നിർണ്ണായക സാന്നിധ്യമായി മാറി. ചന്ദ്രിക ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറായും പട്ടിക്കാട് ജാമിയ നൂരിയ്യയുടെ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, സ്വാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവർ പുത്രന്മാരാണ്. മലബാറിലെ പൊതുസമൂഹത്തിന്റെ മുഴുസമയ നേതാവായിരുന്ന അദ്ദേഹം 1975 ജൂലൈ 6 വിടപറഞ്ഞു.
തകർന്നടിഞ്ഞ പരിതഃസ്ഥിതികൾ
ഏതൊരു ചരിത്രപുരുഷന്റെയും സാമൂഹിക രാഷ്ട്രീയ ജീവിതം, അക്കാലത്തെ പ്രാദേശിക അധികാരബന്ധങ്ങളോട് കൂട്ടിവായിക്കുമ്പോൾ മാത്രമേ പൂർത്തിയാകുന്നുള്ളൂ. സാമ്രാജ്യത്വത്തോട് പരിപൂർണ്ണമായും സായുധമായി പ്രതിരോധം സൃഷ്ടിക്കുകയും അവരുടെ സാംസ്‌കാരിക അധിനിവേശത്തെ ചെറുക്കുകയും ചെയ്ത മലബാറിലെ മാപ്പിള സമുദായത്തെ കീഴ്‌പെടുത്തേണ്ടത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സുതാര്യമായ മുന്നോട്ട്പോക്കിന് അനിവാര്യമായിരുന്നു. മാപ്പിള സമുദായത്തോടുള്ള മുഴുവൻ വിദ്വേഷവും ശമിപ്പിക്കാനുള്ള സാമ്രാജ്യത്വ തന്ത്രമായിരുന്നു 1921 ലെ ലഹള. മാപ്പിള സമുദായത്തെ സാമൂഹികമായും സാമ്പത്തികമായും വർഷങ്ങൾ പിന്നോട്ടടിപ്പിക്കുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങൾക്ക് പുറമെ അവരെക്കുറിച്ച് ദീർഘകാലത്തെ പ്രതികൂലമുൻവിധികൾ സാധ്യമാക്കുന്ന തരത്തിലുള്ള ചരിത്ര,വിദ്യാഭ്യാസ വ്യവഹാരങ്ങളും ബ്രിട്ടീഷ് അക്കാദമിക്കുകൾ നിർമിച്ചെടുത്തു. ലഹളനാന്തര മലബാർ ജീർണ്ണതയുടെ ചതുപ്പുനിലങ്ങൾ മാത്രമായിരുന്നു. 1921 ലെ മാർഷൽ ലോയും മാപ്പിള ഔട്ട്‌റേജസ് ആക്റ്റും മലബാറിലൊന്നാകെ അരക്ഷിതാവസ്ഥയും ആരാജകത്വവും വിതച്ചു. ഈ നിയമങ്ങളുടെ പേരിൽ ബ്രിട്ടീഷ് പട്ടാളം കൊന്നുതള്ളിയവരുടെ കണക്കുകൾ ഇപ്പോഴും കൃത്യമല്ല. ഈ നിയമങ്ങളനുസരിച്ച് 12000 ആളുകൾ കൊല്ലപ്പെടുകയും 50000 ത്തോളം പേർ അറസ്റ്റ് ചെയ്യപ്പെടുകയും 14000 പേർ കോർട്ട് മാർഷൽ ലോ അനുസരിച് നാടുകടത്തപ്പെടുകയും ചെയ്തപ്പോൾ മലബാർ വിധവകളുടെയും അനാഥരുടെയും ശവപ്പറമ്പായി മാറി. ഇവക്ക് പുറമെ ബ്രിട്ടീഷ് ഏജന്റുകൾ വിതച്ച മുസ്ലിം-ഹിന്ദു അനൈക്യങ്ങളും അനവധി ലഹളകൾക്ക് തീകൊളുത്തി. സ്ത്രീകളും കുട്ടികളും വ്യാപകമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. മലബാർ സമരത്തിന്റെ ആദ്യ പതിറ്റാണ്ട് അവസാനിക്കുമ്പോഴേക്കും മുസ്ലിം അപരവൽക്കരണവും അനാഥത്വവും തീർത്തും സമുദായത്തെ അരക്ഷിതമാക്കിയിരുന്നു. ദിശാബോധം നൽകാൻ പക്വമായ നേതൃത്വത്തിന്റെ അഭാവവും അവരെ അലട്ടിയിരുന്നു. ദേശീയ തലത്തിൽ തന്നെ മുസ്ലിം പ്രതിനിധ്യത്തെ കോൺഗ്രസ് അംഗീകരിക്കാത്തതിനാൽ നിലനിന്ന ലീഗ്- കോൺഗ്രസ് ഭിന്നതകളും മലബാറിലെ മുസ്‌ലിം സമുദായത്തിന് വേണ്ടി നിലകൊള്ളുന്നതിൽ നിന്ന് കോൺഗ്രസിനെ വിലക്കി.
ഏറ്റവും ലളിതമായി, ജീർണ്ണമായ ഒരു ഭൂമികയിൽ, ശൂന്യതയിൽ നിന്ന് ഒരു ജനത കെട്ടിപ്പടുക്കേണ്ട ചുമതല അവശേഷിക്കുന്നുണ്ടായിരുന്നു. ഈ ദൗത്യമാണ് യുഗപുരുഷനായ പൂക്കോയ തങ്ങൾ കുറ്റമറ്റരീതിയിൽ നിർവഹിച്ചത്. രാഷ്ട്രീയത്തിലെ നിർമാണാത്മകത സ്വത്വപരമായും സാംസ്കാരികമായും രാഷ്ട്രീയമായും തകർന്നടിഞ്ഞ ഒരു സമൂഹത്തിൽ നിന്നും സ്വതവേ ഉയർന്നുവരുന്ന നിർമാണാത്മക നേതാവിനെ കുറിച്ചുള്ള Organic intellectual എന്ന ഗ്രാംഷിയുടെ സിദ്ധാന്തപരമായ വിശേഷണമുണ്ട്. സമൂഹത്തിന്റെ യൂണിറ്റുകൾക്ക് അതീതനാകാതെയോ ഉപരിവർഗസവിശേഷതകൾ പ്രകടിപ്പിക്കാതെയോ നേതൃത്വത്തിനായുള്ള ആവശ്യത്തെ സംബോധനചെയ്തുകൊണ്ട് സ്വാഭാവികമായി രൂപപ്പെട്ടുവരുന്ന നേതൃപദവിയായിരിക്കുമിത്. ജനതയുടെ ആത്മീയഭാഷ മനസിലാകുകയും സഞ്ചിതമായ സ്വത്വത്തെ പുനർപരികല്പന ചെയ്യുകയും അഭിമാനബോധം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഈ നേതാവിന്റെ മുഴുവൻ ഗുണങ്ങളും പൂക്കോയ തങ്ങൾ എന്ന രാഷ്ട്രീയ നേതാവിൽ പ്രകടമാണ്.
സമുദായത്തെ പുനരുദ്ധരിക്കാനുള്ള പൂക്കോയ തങ്ങളുടെ നിർമ്മാണനയങ്ങളിൽ രണ്ടു കാര്യങ്ങൾ പ്രകടമാണ്. 1. സാമുദായിക ഐക്യം പുനസ്ഥാപിക്കുക എന്ന പുരോഗമനപരവും സാഹിഷ്ണുതാപരവുമായ മൂലസ്വഭാവം. ഈ രീതിയിലൂടെ, സമരകാലത്ത് മുസ്‌ലിം സമുദായത്തിന് പിന്തുണയർപ്പിച്ച താഴ്ന്ന സമുദായങ്ങളിലെ നിരാലംബരായ ഒരു വലിയ സമൂഹത്തെത്തന്നെ മാപ്പിള ഉന്നമനം എന്നതിൽ മുസ്‍ലിംകൾക്കൊപ്പം തങ്ങൾ ഉൾക്കൊള്ളിച്ചു. മുസ്‍ലിം സമുദായത്തിൽ സഹജബോധം വ്യാപിക്കാനും അക്കാലഘട്ടത്തിൽ മുസ്‌ലിം ഉന്നമനമെന്ന വ്യാജേന നേതൃപദവി ലക്ഷ്യമിട്ട പല വൈകാരികസമീപനങ്ങളുടെ തീവ്രരാഷ്ട്രീയ ബോധത്തെ വലിയൊരളവോളം ചെറുക്കാനും ഇത്തരം നീക്കങ്ങൾ കാരണമായി. മലബാറിലെ മുഴുവൻ സമുദായങ്ങളുടെയും സമ്മതിയുള്ള നേതാവായി സ്വാഭാവികമായും തങ്ങൾ വളരുകയും ചെയ്തു.
- ഈ പ്രശ്നങ്ങളെല്ലാം ജനങ്ങളുമായി മാത്രം ബന്ധപ്പെട്ടതായിരുന്നില്ല, അവർ ജീവിക്കുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുടെ കൂടി സൃഷ്ടിയാണെന്ന തിരിച്ചറിവ്. ഒരു ദീർഘകാല പ്രക്രിയയിലൂടെ സമുദായത്തിനനുകൂലമായ രാഷ്ട്രീയ-സാമൂഹിക പരിസരം ചിട്ടപ്പെടുത്തിയെങ്കിൽ മാത്രമേ കാലാതിവർത്തിയായ വിജയവും അഭിമാനകരമായ അസ്തിത്വവും കൈവരികയുള്ളുവെന്നും അതിനായി സമുദായത്തിന്റെ മത-രാഷ്ട്രീയ നേതൃത്വം ഒരുമിക്കേണ്ടതുണ്ടെന്നുമുള്ള ബോധ്യം തങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നു.
കോൺഗ്രസുമായി ചേർന്നുനിൽക്കുന്നതിലൂടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്‍ലിം സമുദായത്തിന് ഉന്നമനമുണ്ടാകില്ലെന്ന് കോൺഗ്രസിന്റെ ഹിന്ദുത്വപ്രീണന നയങ്ങളിൽ നിന്നും മുസ്‍ലിം നേതൃത്വത്തോടുള്ള അസഹിഷ്ണുതയിൽ നിന്നുമുള്ള തിരിച്ചറിവാണ് സർവ്വേന്ത്യാ മുസ്‍ലിം ലീഗിലേക്ക് വഴിയൊരുക്കിയത്. ഭരണഘടനാസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലും ക്യാബിനറ്റ് മന്ത്രിസഭയിലും ഐക്യത്തിനുള്ള വാതിലുകൾ തുറന്നിട്ട ലീഗിനോട് കോൺഗ്രസിനുണ്ടായിരുന്ന വിദ്വേഷവും തീവ്രഹിന്ദുരാഷ്ട്രീയത്തെ തൃപ്തിപ്പെടുത്താൻ സെക്കുലർകോൺഗ്രസ് നിലകൊണ്ടതുമെല്ലാം ലീഗിന്റെ ആശങ്കകൾ സത്യമായിരുന്നുവെന്ന് തെളിയിച്ചു. ഇവ മുസ്‍ലിംകളെ കൂടുതലായി ലീഗിലേക്കടുപ്പിച്ചു.
മലബാറിലും ലീഗ് കമ്മിറ്റി രൂപീകരിക്കപ്പെട്ടതിന് പിന്നാലെ, ദീർഘകാലമായി താൻ അന്വേഷിച്ചുനടന്നിരുന്ന ആശയാടിത്തറ കണ്ടെത്തിയതിനാൽ ബാഫഖി തങ്ങൾക്കൊപ്പം പൂക്കോയ തങ്ങളും ലീഗിൽ ചേർന്നു. മാപ്പിളമാർ കൂട്ടമായി ലീഗിൽ ചേരാൻ തുടങ്ങി. വിഭജനാനന്തരം ലീഗ് പിരിച്ചുവിട്ടപ്പോഴും ലീഗിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും ഉറഞ്ഞുതുള്ളിയപ്പോഴും സമുദായത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള ദൃഡനിശ്ചയത്തോടെ സീതിസാഹിബും ഇസ്മായിൽ സാഹിബും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ മുസ്‍ലിം ലീഗ് പ്രഖ്യാപിച്ചപ്പോൾ അധികം സന്തോഷിച്ച ഒരാളായിരുന്നു തങ്ങൾ. ഇന്ത്യൻ മുസ്‍ലിംകളുടെ രാഷ്ട്രീയ പ്രസ്ഥാനമായി ലീഗ് മാറിയതോടെ അതിന്റെ കേരളത്തിലെ ഔദ്യോഗിക മുഖമായി പാണക്കാട് മാറി. വലിയ ഔദ്യോഗിക പദവിയൊന്നും വഹിച്ചിരുന്നില്ലെങ്കിലും ലീഗിന്റെ നേതൃമുഖമായും അവസാനകോടതിയായും ജനങ്ങൾ കണക്കാക്കിയിരുന്നത് പൂക്കോയ തങ്ങളെയായിരുന്നു.
ലീഗിന്റെ അഭൂതപൂർവമായ വളർച്ചയും തങ്ങളുടെ സർവ്വസ്വീകാര്യതയും പലരെയുംചൊടിപ്പിച്ചു. പലരും സംശയത്തോടെയും ലീഗിനെ വീക്ഷിച്ചു. ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ലയിക്കണമെന്ന ദേശീയ നിലപാട് സ്വീകരിച്ചിട്ടും ലീഗിനെ വേട്ടയാടാനുള്ള അവസരമായി പലരും ഹൈദരാബാദ് ആക്ഷനെ കണ്ടു. ലീഗ് നേതാക്കൾ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടു. പലരും ലീഗിൽ നിന്ന് രാജി വെക്കുകയും ലീഗ് അംഗമാണെന്ന് പറയാൻ ഭയക്കുകയും ചെയ്ത കാലത്ത് പൂക്കോയ തങ്ങളെ തേടിയും പൊലീസെത്തി. മഞ്ചേരി സബ്ജയിലിൽ അടക്കപ്പെട്ട നേതാവിനെകാണാൻ ജനം ഇരമ്പിവന്നു. ശക്തമായ പ്രതിഷേധത്തിൽ ക്ഷുഭിതരായ ജനങ്ങളെ ശാന്തമാക്കാൻ പോലീസിന് കഴിഞ്ഞില്ല. അവസാനം തങ്ങൾ തന്നെ പുറത്തുവന്ന് “എല്ലാം ദൈവവിധി പോലെ നടക്കും, എല്ലാവരും ശാന്തമായി പിരിഞ്ഞുപോകണം“ എന്ന് ആഹ്വാനം ചെയ്യേണ്ടിവന്നു. ഭരണകൂടത്തിന്റെ നീരസത്തിന് ഇരയായ ഒരു പാർട്ടിക്ക് നേതൃത്വം നൽകി എന്ന കാരണത്താൽ അറസ്റ്റ് വരിക്കേണ്ടി വരികയായിരുന്നു. അസാധാരണമായി ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്നിട്ടും അറസ്റ്റ് സമയത്ത് സംയമനത്തോടെ ഈ പ്രക്ഷുബ്ധ ഘട്ടത്തെ കൈകാര്യം ചെയ്തത് ഒരു നേതാവിന്റെ അസാമാന്യ പക്വതയെ അളക്കാൻ മതിയായതായിരുന്നു.
ഏതൊരു ജനതയുടെയും വിപ്ലവകരമായ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസ ഉൽബുദ്ധതയും അഭിമാനബോധവും രാഷ്ട്രീയ ധൈര്യവുമാണെന്ന് തങ്ങൾ ജനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. ദുരന്തങ്ങളുടെ വലിയൊരു ആഴക്കടൽ നീന്തിയെത്തിയ മുസ്‍ലിം-ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള സമർത്ഥമായ ചിന്തയുടെയും പ്രവർത്തനങ്ങളുടെയും ആകെത്തുകയായിരുന്നു തങ്ങളുടെ ജീവിതമെന്ന് പറയാം. സീതിസാഹിബും ഖാഇദെ മില്ലാത്തുമെല്ലാം കക്ഷിരാഷ്ട്രീയത്തിലൂടെ ലീഗിനെ അധികാരതലങ്ങളിൽ സജ്ജമാക്കിയപ്പോൾ സമാന്തരമായ മറ്റൊരു നേതൃപദവിയിലൂടെ പൂക്കോയ തങ്ങൾ അതിനെ സാധാരണക്കാരിൽ നട്ടുപിടിപ്പിച്ചു. സാധാരണക്കാരിലേക്ക് ചെന്ന് ദൈവികമതത്തെ പടർത്തിയ പ്രവാചകദൗത്യത്തിന്റെ മറ്റൊരു പ്രതിരൂപം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേണ്ടി കുഗ്രാമങ്ങളിൽ ചെല്ലുന്ന തങ്ങളെ ഒരുനോക്ക് കാണാനും വിഷമങ്ങൾ ബോധിപ്പിക്കാനും ധനികനും ദരിദ്രനുമെല്ലാം ഒത്തുകൂടി. തങ്ങൾ ആവശ്യപ്പെടുന്നു എന്ന കാരണത്താൽ ജനങ്ങളൊക്കെയും വോട്ട് ലീഗിനുതന്നെ അമർത്തി. പിന്നീട് ബാഫഖി തങ്ങൾക്ക് ശേഷം സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയപ്പോൾ കൂടുതൽ യുക്തിപരമായി നേതൃത്വം കൈകാര്യം ചെയ്യപ്പെട്ടു. ബാഫഖി തങ്ങളുടെ അവസാന കാലത്ത് തന്നെ ലീഗിൽ തലപൊക്കിയ സ്വരങ്ങൾ പിളർപ്പിലേക്കെത്തിയപ്പോൾ, ഔദ്യോഗിക വിഭാഗത്തിന്റെ മുഖമായി ഉറച്ചുനിന്നുകൊണ്ട് ഛിദ്രത്തെക്കെതിരെ തങ്ങൾ ആഞ്ഞടിച്ചു. പൂക്കോയതങ്ങൾക്ക് മന്ത്രം ജപിക്കാനല്ലാതെ രാഷ്ട്രീയം അറിയില്ലെന്ന് പരിഹസിച്ചവർ തന്നെ, ഈ കാലഘട്ടത്തിലെ ഏറ്റവും പക്വതയും പ്രായോഗിക ബുദ്ധിയുമുള്ള നേതാവാണ് തങ്ങളെന്ന് സമ്മതിച്ചു.
ജനാധിപത്യ വ്യവസ്ഥയുടെ മാർഗത്തിലൂടെ തന്നെ സഞ്ചരിച്ച ലീഗ് തിരഞ്ഞെടുപ്പുകൾ മാറിമാറിവന്നപ്പോൾ കോൺഗ്രസിന് നിർണ്ണായകമായ സഖ്യകക്ഷിയായി മാറി. അപ്പോഴെല്ലാം തിരഞ്ഞെടുപ്പ് മര്യാദകളും മാനദണ്ഡനങ്ങളിലുമെല്ലാം കൃത്യത സൂക്ഷിച്ച ലീഗ്, അവകാശ സമര പോരാട്ടത്തിൽ ഒരടി പിന്നോട്ട് പോകാൻ തങ്ങൾ അനുവദിച്ചില്ല. മലബാറിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനനുകൂലമായ ആവശ്യങ്ങളും ഡിമാന്റുകളും ലീഗ് രാഷ്ട്രീയ വിലപേശലുകളിൽ തുടർന്നുകൊണ്ടേയിരുന്നു. വർഗീയതയുടെ യാതൊരു പഴിയും കേൾക്കാതെ മുസ്‍ലിം സമുദായത്തെയും മലബാറിലെ മറ്റു പിന്നാക്ക സമുദായങ്ങളെയും ലീഗ് കൃത്യമായി രാഷ്ട്രീയപ്രതിനിധാനം ചെയ്തുകൊണ്ടേയിരുന്നു. മലപ്പുറം ജില്ലയും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും മറ്റനേകം വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹിക മുന്നേറ്റത്തിനാവശ്യമായ ഘടകങ്ങളുമെല്ലാം മലബാറിന്റെ മണ്ണിലെത്തിക്കാൻ പൂക്കോയ തങ്ങളുടെ കാർമികത്വത്തിലുള്ള ലീഗിന് സാധിച്ചു. ഒരു ജനത പതിയെപ്പതിയെ ഉന്നതിയുടെ ഉത്തുംഗതയിലേക്ക് നടന്നടുക്കാൻ തുടങ്ങി.
സർവ്വാധിപതികളായ നേതാക്കൾ അധികാരം നിലനിർത്തുന്നതിനായി ജനങ്ങളെ വ്യത്യസ്ത യൂണിറ്റുകളായി നിലനിർത്തുകയും അവർക്കെതിരിൽ ഒരു പൊതുശത്രുവിനെ സ്ഥാപിക്കുകയും ചെയ്യുമെന്ന് The Origins of Totalitarianism എന്ന പുസ്തകത്തിൽ അമേരിക്കൻ ചിന്തകയായ ഹന്നാ ആരെൻഡ് നിരീക്ഷിക്കുന്നു. ഈ വിഭാഗീയ നിർമ്മിതിക്കുള്ള മുഴുവൻ അനുകൂല സാഹചര്യങ്ങളുമുണ്ടായിരുന്നിട്ടും വ്യത്യസ്ത വിഭാഗങ്ങളെ സംഘടിപ്പിക്കാനും ഐക്യത്തിൽ വർത്തിക്കാനുമാണ് തങ്ങളുടെ നേതൃത്വം ലക്ഷീകരിച്ചത്. സാംസ്‌കാരിക സമ്പന്നമായ ഒരു നാഗരികത സൃഷ്ടിക്കപ്പെടുന്നത് ഈ രീതി പിന്തുടരുന്നതിലൂടെയാണ്. മുസ്‌ലിം സമുദായത്തെ വർഗീയമായി സംഘടിപ്പിക്കുന്നതിനും തന്മൂലം അതിവൈകാരിക രാഷ്ട്രീയം എളുപ്പത്തിൽ ക്ഷണികമായ വിജയം കണ്ടെത്തുന്നതിനുള്ള സാധ്യതയും ലഹളകൾ ബാക്കിവെച്ചിരുന്നു. പക്ഷെ വർഗീയ ധ്രുവീകരണത്തിന്റെ എല്ലാ പഴുതുകളും ഇല്ലാതാക്കുകയും ജനാധിപത്യ ബോധമുള്ള ഉത്തമ പൗരസമൂഹത്തിന്റെ നിർമ്മിതി മാത്രം മുന്നിൽകാണുകയും ചെയ്‌തു എന്നതാണ് പൂക്കോയ തങ്ങളുടെ പ്രത്യേകത. Recalling califet എന്ന വിഖ്യാതമായ കൃതിയിൽ കോളോണിയലാനന്തര മുസ്‍ലിം നേതൃത്വങ്ങൾ നിഷ്ക്രിയമായതും പ്രതിലോമപരവുമായ ശൈലികൾ സ്വീകരിക്കുന്നുവെന്ന് സൽമാൻ സയ്യിദ് ചൂണ്ടിക്കാണിക്കുന്നുവെങ്കിലും ധാർമ്മികതയിലൂന്നിയ അഹിംസാപരമായ ഒരു മൂന്നാംപാതയായിരുന്നു തങ്ങളുടെ രീതി.
ആത്മീയത: ജനകീയ ഇസ്‍ലാമിനെ വളർത്തിയ രീതി
ഏതൊരു സംസ്കാരത്തിന്റെയും നിർണയത്തിന് പിന്നിൽ അതിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും പങ്കുള്ളതുപോലെ വിശ്വാസാചാരങ്ങൾക്കും വലിയ പങ്കുണ്ട്. ദൃഢമായ ഒരു വിശ്വാസിസമൂഹം സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാൻ കെല്പുള്ളവരാണ്. മലബാറിലെ പൊതുസമൂഹത്തിന്റെ നേതാവ് എന്നതിനൊപ്പം തന്നെ മുസ്‍ലിം ബ്ലോക്കിന്റെ സർവ്വസമ്മതനായ ആത്മീയ നേതാവും കൂടിയായിരുന്നു പൂക്കോയ തങ്ങൾ. സമൂഹത്തിലെ അടിസ്ഥാനവിഭാഗത്തോടൊപ്പം നിന്ന് സഹിഷ്ണുതയിലും സഹവർത്തിത്ത്വത്തിലും അധിഷ്ഠിതമായ മതപാഠങ്ങൾ അവർക്കു പകർന്നുനൽകുക വഴി വിശ്വാസത്തെ ലളിതവും ജനകീയവുമാക്കുക എന്ന ദൗത്യമായിരുന്നു ഇത്. ജനകീയ ഇസ്‌ലാം (Popular islam) എന്നാണ് വെസ്റ്റേൺ ചരിത്രകാരനായ സ്‌പെൻസർ ട്രിമിങ്ഹാം ഈ പ്രക്രിയയെ വിശേഷിപ്പിച്ചത്.
സുന്നത്ത്ജമാഅത്തിന്റെ ആശയാദർശങ്ങളിലധിഷ്ടിധതവും തസവ്വുഫിന്റെ മധ്യമസരണിയിൽ ബന്ധിതവുമായിട്ടുള്ള ആത്മീയ പാതയാണ് തങ്ങൾ പിന്തുടർന്നിരുന്നത്. ബാഅലവി ത്വരീഖത്തിന്റെ പാരമ്പര്യ വിശുദ്ധി ആ പാതയെ കൂടുതൽ പ്രഫുല്ലമാക്കി. വൈയക്തിക ശീലങ്ങളിൽ ആരാധന കൃത്യമായ ഇടംപിടിച്ചിരുന്നു. ഓർമ്മവെച്ച കാലം മുതൽ തന്നെ നിസ്കാരവും നോമ്പുകളും, സുന്നത്തുകൾ ആണെങ്കിൽ പോലും കണിശമായി നിർവഹിച്ചിരുന്നു. സുബ്ഹിക്ക് മുൻപേ എണീറ്റ് ആരാധനകളിൽ മുഴുകുകയും ബാങ്ക് വിളിച്ചാൽ പള്ളിയിൽച്ചെന്ന് സുബ്ഹി ജമാഅത്തായി നിസ്കരിക്കുകയും ചെയ്തുകൊണ്ടാണ് തങ്ങളുടെ ഓരോ ദിവസവും ആരംഭിക്കുക. ഏത് യാത്രകൾക്കിടയിലും ബാങ്കുവിളിച്ചാൽ ആദ്യം കാണുന്ന പള്ളിയിൽ കയറി നിസ്കാരം നിര്‍വ്വഹിച്ചതിനു ശേഷമേ തങ്ങൾ യാത്ര തുടരാറുണ്ടായിരുന്നുള്ളൂ.
ആത്‌മീയത അഭയമായപ്പോൾ
ബറകത് എടുക്കുക എന്ന രീതി ഇസ്‍ലാമിന്റെ ആദ്യകാലം മുതലേ നിലനിൽക്കുന്നതാണ്. അല്ലാഹുവുമായി അടുത്തബന്ധത്തിലൂടെ ആത്മീയ ഔന്നത്യം കൈവരിച്ചവരിൽ നിന്ന് സാധാരണക്കാർ അനുഗ്രഹം കൈപ്പറ്റുന്ന രീതിയാണിത്. പ്രവാചക കാലത്ത് പിറക്കുന്ന കുഞ്ഞുങ്ങളുമായി മാതാപിതാക്കൾ പോയിരുന്നത് പ്രവാചകൻ (സ്വ) യുടെ സമീപത്തേക്കായിരുന്നു. നബി(സ്വ) ആ കുഞ്ഞിന്റെ വായിൽ തന്റെ ഉമിനീർ ചേർന്ന മധുരം പുരട്ടുകയും പേര് വിളിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്ന രീതി നിലനിന്നിരുന്നു. പൂക്കോയ തങ്ങൾ വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ ചികിത്സയ്ക്കും ആശീര്‍വാദങ്ങൾക്കും വേണ്ടി ജനങ്ങൾ അദ്ദേഹത്തെ സമീപിച്ചിരുന്നു.
പാണക്കാട് മാപ്പിളമാരുടെ അഭയകേന്ദ്രമായി വർത്തിച്ചു. ഒഴുകിവരുന്ന നൂറുകണക്കിന് മനുഷ്യരുടെ അനേകം പരാതികൾ മടിയൊട്ടുമില്ലാതെ തങ്ങൾ കേൾക്കുകയും പരിഹാരം നൽകുകയും ചെയ്തു. രാഷ്ട്രീയ-മത-കുടുംബപരമായ മുഴുവൻ കാര്യങ്ങളും അവിടെ ചർച്ചചെയ്യപ്പെട്ടു. സംഗമങ്ങൾക്ക് തീയതികൾ നിശ്ചയിക്കാനും പലരുമെത്തി. എല്ലാ കാര്യങ്ങളും പാണക്കാട് തങ്ങളുടെ ആശീർവാദത്തിൽ തീരുമാനിക്കപ്പെടുക എന്ന പതിവ് വ്യാപകമായി. തങ്ങളുടെ പ്രാർത്ഥനയായിരുന്നു ജനങ്ങളുടെ ലക്ഷ്യം. പലപ്പോഴും ഉയരുന്ന പ്രാർത്ഥനാസ്വരങ്ങൾക്ക് അവിടെ കൂടിയിരിക്കുന്ന അനേകം മനുഷ്യർ ആമീൻ പറയുകയും ആത്മീയ സംതൃപ്തിയോടെ മടങ്ങുകയും ചെയ്തു. നിരവധി പേർ ചികിത്സക്കായും തങ്ങളെ സമീപിച്ചു. തങ്ങൾ മലബാറിലെ പ്രസിദ്ധമായ ആത്മീയ ചികിത്സാരീതിയിൽ ഉറുക്ക് നൽകിയും മറ്റും അവരെ ചികിൽസിച്ചു ഭേദമാക്കി.
മലബാർ ചരിത്രത്തെക്കുറിച്ച് അക്കാദമിക സംഭാവനകൾ നൽകിയ കനേഡിയൻ ചരിത്രകാരൻ റോളണ്ട് ഇ മില്ലർ, മലബാറിലൂടെ സഞ്ചരിച്ചു പഠനം നടത്തി തയ്യാറാക്കിയ Mappila Muslim culture എന്ന പുസ്തകത്തിൽ പൂക്കോയ തങ്ങളെ പ്രതിബാധിക്കുന്ന ഭാഗത്ത് സൂചിപ്പിക്കുന്നു: "ആധുനിക ശാസ്ത്രത്തിന്റെ വർധിച്ചു വരുന്ന സ്വീകാര്യത ഇത്തരം ആത്മീയ ചികിത്സയുടെ സ്വീകാര്യതയെ പലയിടങ്ങളിലും വെല്ലുവിളിച്ചെങ്കിലും, ബഹുമാന്യ തങ്ങളുടെ വീട്ടുമുറ്റത്ത് തടിച്ചുകൂടിയ മനുഷ്യർ, ഇത്തരം വ്യക്തിത്വങ്ങളുടെ ആത്മീയ ശക്തിയെ ജനങ്ങൾ ഗാഡമായി സ്വീകരിക്കുന്നു എന്ന് തെളിയിക്കുന്നു".
ജനകീയ രേഖയിലുള്ള ഇത്തരം ആത്മീയ ശൃംഖലകൾ മതബോധത്തെ കാലാതിവർത്തിയായി നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നവയാണ്. മത വിശ്വാസികളെയും ഇസ്‍ലാമിക ചിഹ്നങ്ങളെയുമെല്ലാം തിരഞ്ഞുപിടിച് നിഷ്കാസനം ചെയ്തുവെന്ന് ഉറപ്പുവരുത്തിയ കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ മധ്യേഷ്യൻ രാജ്യങ്ങളിൽ, ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഭരണം തകർന്നപ്പോൾ തൊട്ടടുത്ത ദിവസം മുതൽതന്നെ ഇസ്‍ലാമികചര്യകൾ മുൻകാലങ്ങളിലേത് പോലെ അനുവർത്തിക്കപ്പെട്ടു. നീണ്ട സമയങ്ങൾ അടിച്ചമർത്തപ്പെട്ട് രഹസ്യക്കണ്ണുകളാൽ നിരീക്ഷിക്കപെട്ടപ്പോഴും ജനങ്ങൾ അതീവ രഹസ്യമായി ആരാധനാമുറകൾ നിലനിർത്തിയിരുന്നു എന്നാണ് ഇത് തെളിയിച്ചത്. ഇവ്വിഷയകമായി സാംസ്‌കാരികഗവേഷണം നടത്തിയ വില്യം റോയുടെ Geography of muslim identities എന്ന കൃതിയിലെ കൾച്ചറൽ മുസ്‍ലിം എന്ന അധ്യായത്തിൽ ഈ പ്രതിഭാസത്തിന്റെ മൂലകാരണം വിശദീകരിക്കുന്നത് കാണുക: “ഏഴു പതിറ്റാണ്ടുകള്‍ നീണ്ട കമ്യൂണിസ്റ്റ് രാഷ്ടീയസംവിധാനത്തിനോ സാംസ്‌കാരിക കടന്നുകയറ്റങ്ങള്‍ക്കോ മധ്യേഷ്യയിലെ മുസ്‌ലിം സ്വത്വം ഇല്ലാതാക്കാനോ പ്രദേശത്തെ മുസ്‌ലിം ജനവിഭാഗത്തിന്റെ ദൈനംദിന ജീവിതത്തില്‍ നിന്ന് ഇസ്‌ലാമിനെ അകറ്റി നിര്‍ത്താനോ സാധിച്ചില്ല. ഔദ്യോഗിക പണ്ഡിത വിഭാഗത്തിന്റെ സ്വാധീനം ഇല്ലാതാക്കാന്‍ സോവിയറ്റ് ഗവണ്‍മെന്റിന് സാധിച്ചെങ്കിലും സാമാന്യ ജനവിഭാഗങ്ങളുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടന്നിരുന്ന ആത്മീയനേതൃത്വങ്ങളുടെ സ്വാധീനം കാണാന്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടതിനാലാണ് ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും മധേഷ്യയിലെ കമ്യൂണിസ്റ്റ് അടിച്ചമര്‍ത്തലുകളെ അതിജയിക്കാന്‍ സാധിച്ചത്”.
ആത്‌മീയത തന്നിൽ മാത്രം ഒതുക്കാതെ അതിന്റെ വറ്റാത്ത ഉറവ പകർന്നുനൽകി ഒരു ആത്മീയനെറ്റ്‌വർക്ക് സ്ഥാപിക്കുകയാണ് യഥാർത്ഥത്തിൽ പൂക്കോയ തങ്ങൾ ചെയ്തത്. അതിന് സാംസ്കാരികവും മൂല്യപരവുമായ ഇത്തരം സാദ്ധ്യതകൾ കൂടിയുണ്ട്.
അക്കാലത്തെ ആത്‌മീയനേതാക്കളും പണ്ഡിതരുമെല്ലാം നിരന്തരം പാണക്കാട് വന്ന് പൂക്കോയ തങ്ങളുമായി ബന്ധം സ്ഥാപിച്ചുകൊണ്ടേയിരുന്നു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, കൂരിയാട് തേനുമുസ്‌ലിയാർ, അത്തിപ്പറ്റ ഉസ്താദ് തുടങ്ങിയ സൂഫികളും പറവണ്ണ മുഹ്‌യുദ്ധീൻ മുസ്‌ലിയാർ, വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ, ഖുതുബി മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയ പണ്ഡിതരും തങ്ങളുമായി ചര്‍ച്ച നടത്തുകയും കേരളത്തിലെ മതപ്രബോധന രംഗത്ത് തങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തുകയും ചെയ്തു. 1947 ൽ സമസ്ത മീഞ്ചന്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കാനെത്തിയ വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്തിന്റെ പ്രിന്സിപ്പാൾ ഷെയ്ഖ് ആദം ഹസ്രത് എന്ന പണ്ഡിതൻ ശേഷം നേരെ ചെന്നത് പാണക്കാട്ടേക്കായിരുന്നു.
ബഹുത്വം നിറഞ്ഞ സാമൂഹികത
ഇസ്‍ലാമിക വീക്ഷണത്തിൽ ആത്മീയതയും ഭൗതികതയും തമ്മിൽ നിഷേധാത്മക ബന്ധമല്ല നിലനിൽക്കുന്നത്. മറിച്ച് ഒന്ന് മറ്റൊന്നിന്റെ അനുപൂരകവും തുടർച്ചയുമാണ്. വ്യക്തിയും സമൂഹവും ഇത്തരത്തിൽ തന്നെ. ഓരോ വ്യക്തിയും സ്വന്തത്തോട് കടപ്പെട്ടിരിക്കുന്നത് പോലെ തന്നെ സമൂഹത്തോട് അവന് ബാധ്യതകളുണ്ട്. അഥവാ ഇസ്‍ലാമിക അധ്യാത്മികതയിൽ വളരുന്ന ഒരാൾ സമാന്തരമായി സമൂഹത്തിലും സക്രിയനായിരിക്കണം എന്നതാണ് ഇസ്‍ലാമികാധ്യാപനം. പൂക്കോയ തങ്ങളുടെ സാമൂഹികതയിൽ നിന്ന് ഈ പാഠങ്ങൾ നമുക്ക് കണ്ടെടുക്കാനാകും. മലബാറിലെ മുഴുവൻ ജനങ്ങളുടെയും നേതാവ് എന്ന നിലയിലാണ് തങ്ങൾ സ്വീകരിക്കപ്പെട്ടത്. തങ്ങൾ ആ പ്രതിനിധാനം കൃത്യമായി നിർവഹിക്കാനും ശ്രമിച്ചു. അങ്ങിനെയാണ് മലബാറിന്റെ കോസ്മോപോളിറ്റ് എന്ന നിലയിലേക്ക് അദ്ദേഹം എമെർജ് ചെയ്യുന്നത്.
മുസ്‍ലിംകൾക്ക് പുറമെ നാനാജാതി മതസ്ഥരും ദിനേനെ പാണക്കാട് വന്നിരുന്നു. ജനങ്ങളുടെ തിരക്കൊഴിയുന്ന നേരംനോക്കി പലരും രാത്രിയിൽ കയറിവരുന്നതിനാൽ പലപ്പോഴും തങ്ങൾ രാത്രിയും ഉണർന്നിരുന്നു. ഭക്ഷണത്തിന്റെ സമയമാണെങ്കിൽ സന്ദർശകർക്ക് ഭക്ഷണം വിളമ്പുന്ന ശൈലിയും പാണക്കാടുണ്ടായിരുന്നു. ആരെയും "ചായ കുടിച്ചോ" എന്ന ചോദ്യത്തോടെയാണ് തങ്ങൾ സ്വീൿരിച്ചിരുന്നത്. എല്ലാ ജാതിമതസ്ഥരുടെയും ക്ഷണങ്ങൾക്ക് കഴിയുന്നവിധത്തിൽ മറുപടി നൽകാനും തങ്ങൾ ശ്രമിച്ചിരുന്നു. അഥവാ, ഇവിടെ സാമൂഹ്യശാസ്ത്രപരമായ ഒരു ദ്വന്ദം നമുക്ക് കാണാം. ഒരേ സമയം സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾ തങ്ങളെ അവരുടെയെല്ലാം നേതാവായി സ്വീകരിച്ചതും, ജാതിമതഭേദമന്യെ തങ്ങൾ എല്ലാവർക്കുമായി സ്വയം സമർപ്പിതനായതും.
വീടിനകത്തുള്ള ഒരു മുറിയിലായിരുന്നു തങ്ങൾ ഉറങ്ങിയിരുന്നത്. ഒരു രാത്രിയിൽ വയനാട്ടിൽ നിന്നുള്ള ഒരു കുടുംബം, പ്രസവ സംബന്ധമായ അസുഖം കലശലായപ്പോൾ തങ്ങളെ കണ്ട് ചികിത്സ തേടാനായി എത്തിയതായിരുന്നു. ഉറങ്ങിക്കഴിഞ്ഞതിനാൽ പുറത്തുനിന്നുള്ള അവരുടെ വിളി തങ്ങൾ കേട്ടില്ല. പിറ്റേന്ന് തഹജ്ജുദ് നിസ്കാരത്തിനായി പുറത്തിറങ്ങിയപ്പോഴാണ് ഇവർ തങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. തന്നെ ഇത്രസമയം കാത്തിരുന്ന ആഗതരെ കണ്ട് തങ്ങൾ വേദനിക്കുകയും അവരോട് ക്ഷമാപണം നടത്തുകയും ചെയ്തു. ഈ സംഭവത്തിനു ശേഷം തന്റെ ഉറക്കം കോലായിക്കടുത്തുള്ള മുൻവശത്തെ മുറിയിലേക്ക് മാറ്റുകയാണ് തങ്ങൾ ചെയ്തത്. പൊതുസമൂഹത്തിനായുള്ള അതിരറ്റ സ്വയം സമർപ്പണത്തിന്റെ ഇത്തരം മകുടോദാഹരണങ്ങൾ തങ്ങളുടെ ജീവിതത്തിൽ അനേകമുണ്ട്. ഒരാൾ സമൂഹത്തിന് നേതൃത്വം നൽകുമ്പോൾ തന്നെ ജനങ്ങൾക്ക് തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾക്ക് പോലും നേതാവിനെ സമീപിക്കാൻ പ്രേരിപ്പിക്കുന്ന മനസ്ഥിതി നിലനിൽക്കുന്നുവെങ്കിൽ അത്തരം നേതൃത്വത്തെ നമുക്ക് വാഇൽ ഹല്ലാഖ് തന്റെ The impossible State ൽ സൂചിപ്പിക്കുന്ന Ethical leadership എന്ന് വിശേഷിപ്പിക്കാം.
ഒരു പൊതുസമൂഹത്തിന്റെ നേതൃത്വം സ്വഭാവപരമായ വിശുദ്ധി ഉയർത്തിപ്പിടിക്കുക എന്നത് അനിവാര്യമാണ് . സമൂഹത്തിന്റെ ഇരു തട്ടിലുമുള്ള ജനങ്ങൾക്ക് പ്രാപ്യമായ രീതിയിൽ നിലനിന്നാൽ മാത്രമേ ആ നേതൃത്വം വളരെക്കാലം നിലനിൽക്കുകയുള്ളൂ. താങ്കള്‍ പരുക്കൻ സ്വഭാവക്കാരനായിരുന്നെങ്കിൽ ജനങ്ങളൊക്കെയും താങ്കളില്‍ നിന്ന് പിന്തിരിഞ്ഞ് പോകുമായിരുന്നു എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രവാചകര്‍(സ്വ)യോട് പറയുന്നുണ്ട്. പ്രാപ്യവും ലഭ്യവും (available and approachable) എന്ന രണ്ട് അവസ്ഥയും ഒരു പൊതുസമൂഹത്തിന്റെ ഐഡിയൽ ലീഡർഷിപ്പിൽ സമ്മേളിച്ചിരിക്കണമെന്ന് പ്രവാചകൻ ജീവിതം കൊണ്ട് തെളിയിച്ചു. ഇതേ സ്വരൂപം പൂക്കോയ തങ്ങളിലും തെളിഞ്ഞുനിന്നു. ആരോടും വെറുപ്പും പകയുമില്ലാതെ മാന്യതയും ബഹുമാനവും കാണിച്ചു. "ഒരിക്കൽ പോലും അനിഷ്ടകരമായ ഒരു വാക്കുപോലും തങ്ങളിൽ നിന്ന് കേൾക്കേണ്ടിവന്നിട്ടില്ല, സ്വന്തം സുഹൃത്തിനോട് എന്ന നിലക്ക് എക്കാലവും അദ്ദേഹം എന്നോട് പെരുമാറിയിരുന്നു" എന്ന് പതിറ്റാണ്ടുകളോളം തങ്ങളുടെ സന്തത സഹചാരിയായിരുന്ന പാണക്കാട് അഹ്മദ് ഹാജി സ്മരിക്കുന്നതായി “പാണക്കാട് തങ്ങന്മാർ” എന്ന പുസ്തകത്തിൽ ഡോ. മോയിൻ മലയമ്മ രേഖപ്പെടുത്തിയിട്ടുണ്ട്. വലിയ സമ്പന്നനായിരുന്നിട്ടും കയ്യിലെത്തുന്ന പണമെല്ലാം അന്നുതന്നെ അതിന്റെ അർഹർക്ക് വീതിച്ചുനൽകി. വിവിധ സ്ഥാപനങ്ങൾക്ക് സംഭാവനകളായും പരിസര പ്രദേശങ്ങളിൽ തന്നെ ആശ്രയിച്ചു കഴിയുന്നവർക്ക് വിഹിതം നൽകിയും പണം ചിലവഴിച്ചു.
രാഷ്ട്രീയപാർട്ടിയുടെ നേതാവായിരുന്നിട്ടും ഒരിക്കൽ പോലും തന്റെ സംസാരങ്ങളിൽ വ്യക്തിഹത്യകൾ വരാതെ തങ്ങൾ സൂക്ഷിച്ചതും തങ്ങളുടെ സംയമന സാമൂഹിക നയങ്ങൾക്ക് ഉദാഹരണമാണ്. നേതാവായിരിക്കുമ്പോൾ തന്നെയും സമൂഹത്തിലെ സാധാരണക്കാരനെ പോലെ പരിഗണിക്കപ്പെടാനാണ് തങ്ങൾ ആഗ്രഹിച്ചിരുന്നത്. മുസ്‍ലിം ലീഗ് ഭരണത്തിൽ നിൽക്കുന്ന കാലം, തങ്ങളുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ നൽകുന്നതിന് വേണ്ടി ഉദ്യോഗസ്ഥർ വന്നു. സാധാരണക്കാരുടെ വീട്ടിൽ കണക്ഷൻ ലഭ്യമല്ലാതിരുന്ന കാലമായിരുന്നു അത്. "എല്ലാവർക്കും കണക്ഷൻ കിട്ടുമ്പോൾ മാത്രം എനിക്കും മതി" എന്ന് പറഞ്ഞുകൊണ്ട് അവരെ തിരികെ അയക്കുകയായിരുന്നു പൂക്കോയ തങ്ങൾ ചെയ്തത്.
കക്ഷിരാഷ്ട്രീയത്തിനതീതമായി മാനവികത ഉയർത്തിപ്പിടിക്കുക എന്ന അടിസ്ഥാനത്തിലാണ് പൂക്കോയ തങ്ങളുടെ സാമൂഹികത പടുത്തുയർത്തപ്പെട്ടത്. സംയമനവും സമാധാനവും ജനങ്ങളിൽ നിലനിർത്താൻ പൂക്കോയ തങ്ങളുടെ സാമൂഹികതക്ക് സാധ്യമായിട്ടുണ്ട്. ഐക്യരാഷ്ട്രസഭ നിർദ്ദേശിക്കുന്ന Culture of Peace എന്ന തത്വം പൂക്കോയ തങ്ങളുടെ സാമൂഹിക നിർമ്മാണത്തിൽ നമുക്ക് കണ്ടെത്താം. സംവാദത്തിലൂടെയും ബോധവൽക്കരണത്തിലൂടെയും അക്രമരഹിതമായ സാമൂഹികാവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഈ തത്വത്തിന്റെ പ്രായോഗിക വശം. ഒരുകാലത്ത് പരസ്പരം ബദ്ധവൈരികളായിരുന്ന മലബാറിലെ വ്യത്യസ്ത സമുദായങ്ങളെ ഒരൊറ്റ ജനതയാണെന്ന് ഓർമ്മിപ്പിക്കാനും മാനവികതയുടെ അടിസ്ഥാനത്തിൽ ഒരുമിപ്പിച്ചു നിർത്താനും പൂക്കോയ തങ്ങൾക്ക് സാധിച്ചു എന്നതാണ് പ്രധാനം.
താൻ പടുത്തുയർത്തിയ മൈത്രിയും സാമൂഹിക സുസ്ഥിരതയും കാത്തുസൂക്ഷിക്കുക എന്ന ബാധ്യതയെക്കുറിച്ചും പൂക്കോയ തങ്ങൾ ബോധവാനായിരുന്നു. ഈജിപ്തിലെ അൽഅസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ മകൻ മുഹമ്മദലി ശിഹാബ് തങ്ങൾ ഈജിപ്തിൽ തന്നെ ജോലി അന്വേഷിക്കുന്നതിനെ കുറിച്ച് പിതാവിനോട് സംസാരിച്ചപ്പോൾ, കേരളത്തിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും പതിയെ പതിയെ തന്റെ ശൈലിയിലേക്ക് മുഹമ്മദലി തങ്ങളെയും വളർത്തിയെടുക്കുകയുമായിരുന്നു. വീട്ടിൽ തന്നെ കാണാൻ വരുന്നവർക്ക് ഈജിപ്തിൽ നിന്ന് മടങ്ങിയെത്തിയ മുഹമ്മദലി തങ്ങളോട് ചായ നല്കാൻ പൂക്കോയ തങ്ങൾ ആവശ്യപ്പെട്ടിരുന്നു. മകനെ വലിയൊരു ദൗത്യത്തിന് പാകമാക്കുന്നതിനായി ഇത്തരത്തിലുള്ള ഒരു സാമൂഹ്യവൽക്കരണം ആവശ്യമാണെന്ന് പൂക്കോയ തങ്ങൾ മനസ്സിലാക്കിയിരുന്നു. പൂക്കോയ തങ്ങളുടെ ഈ ശിക്ഷണത്തിൽ വളർന്ന മക്കളൊക്കെയും ഈ ദൗത്യം മാതൃകാപരമായി തന്നെ നിര്‍വ്വഹിക്കുന്നതിനും ചരിത്രം സാക്ഷിയായി.
ഉപസംഹാരം
നേതൃപദവി എന്നാൽ അധികാരത്തിന്റെ കുഞ്ചികസ്ഥാനങ്ങളിൽ അമർന്നിരുന്ന് കല്പനകൾ പുറപ്പെടുവിക്കുക എന്നത് മാത്രമാണെന്ന പാരമ്പര്യ മുന്മാതൃകകളെ തിരുത്തിയെഴുതുകയായിരുന്നു പൂക്കോയ തങ്ങൾ. ജനതയുടെ ആത്‌മീയ-സാമൂഹിക-സാംസ്ക്കാരിക തലങ്ങളെ സ്പർശിക്കുന്നതും അവയോട് എൻഗേജ് ചെയ്യുന്നതുമാണ് നേതൃത്വം എന്ന് തന്റെ ജീവിതം കൊണ്ട് പുനർനിർവചിച്ചു എന്നതാണ് പൂക്കോയ തങ്ങൾ നിർവ്വഹിച്ച ദൗത്യം.
കോയഞ്ഞിക്കോയ തങ്ങളിൽ നിന്ന് തുടങ്ങി പൂക്കോയ തങ്ങൾ സ്ഥാപനവൽക്കരിച്ച ഈ സാമൂഹിക നിർമ്മാണ പ്രക്രിയ ഇന്നും കുറ്റമറ്റ രീതിയിൽ നിർവഹിക്കപ്പെട്ടുകൊണ്ടേയിരുന്നു. പാണക്കാട് തങ്ങൾ എന്ന നേതൃപദവിയെ ബഹുതലസ്പർശിയാക്കി പരിവർത്തിപ്പിച്ചത് പൂക്കോയ തങ്ങളുടെ കാലഘട്ടമാണ്. കേരളത്തിലെയും പ്രത്യേകിച്ച് മലബാറിലെയും മതമൈത്രിയുടെയും ആത്മീയ വികസനത്തിന്റെയും പ്രശ്‌നപരിഹാരത്തിന്റെയും കേന്ദ്രമായി പാണക്കാട് തങ്ങൾ കുടുംബം ഇക്കാലത്ത് രൂപാന്തരപ്പെട്ടു. പിന്നീട്, അക്രമണോൽസുകതയും വർഗീയതയും സൃഷ്ടിച്ച് കേരളത്തിൽ നിലനിൽക്കുന്ന സാമൂഹിക-സാമുദായിക ഐക്യം തകർക്കാൻ ഫാഷിസ്റ്റ് ഭരണകാലത്ത് നിരന്തര നീക്കങ്ങളുണ്ടായി എന്നിരിക്കെ, ശാന്തിയുടെയും സംയമനത്തിന്റെയും സന്ദേശവാഹകരായി അക്കാലങ്ങളിൽ മുന്നോട്ട് വന്നത് പാണക്കാട് തങ്ങൾ കുടുംബമായിരുന്നു. ആ നിലപാടുകളൊക്കെയും എത്ര പക്വമായിരുന്നെന്നും കലാതിവർത്തിയായിരുന്നുവെന്നും പിന്നീട് ചരിത്രം തെളിയിച്ചു. നാമൊക്കെയും അവ നൽകിയ സുരക്ഷിതത്വത്തിന്റെ തണലിൽ ജീവിച്ചുകൊണ്ട് ആ സത്യത്തിന് സാക്ഷികളായി കൊണ്ടിരിക്കുന്നു. ഗവൺമെന്റുകൾ പോലും പരാജയപ്പെടുന്നിടത്ത് സഹായ ഹസ്തങ്ങൾക്കായും, പരിഹാരങ്ങൾക്കായും തങ്ങൾ കുടുംബത്തിൽ നിന്ന് ഒരു നിർദ്ദേശത്തിനായി ജനം കാത്തുനിന്നത് കേരളത്തിന്റെ ചരിത്രത്തിലുണ്ട്. പാണക്കാട് തങ്ങൾ കുടുംബം സമ്മാനിച്ച ഈ സാമൂഹിക-സാമുദായിക-സാംസ്‌കാരിക സുരക്ഷിതത്വം ഭാവി തലമുറകൾക്കുകൂടി അവകാശപ്പെട്ടതും അവര്‍ക്ക് കൂടി ആസ്വദിക്കാനുമുള്ളതാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
About The Author:
കാളികാവ് വാഫി പി.ജി കാമ്പസ്, ഹിസ്റ്ററി ആന്റ് സിവിലൈസേഷന്‍ ഡിപ്പാര്‍ട്മെന്റിലെ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍.



Leave A Comment