റബീഅ് - ഹൃദയ വസന്തം 06. ഉമ്മയും വാപ്പയുമില്ലാത്ത ബാല്യം

പ്രവാചകരുടെ ജനനത്തിന് മുമ്പേ പിതാവ് മരണപ്പെട്ടിരുന്നു എന്ന് ചരിത്രത്തില്‍ സര്‍വ്വാംഗീകൃതമാണ്. ആറാം വയസ്സില്‍ മാതാവും ഈ ലോകത്തോട് വിട പറയുന്നതാണ് പിന്നീട് നാം കാണുന്നത്. അഥവാ, മാതാവും പിതാവുമില്ലാതെ തികച്ചും അനാഥമായ ബാല്യം എന്ന് പറയാം. അതേ സമയം, ആലോചിച്ചുനോക്കിയാല്‍ ആ വേര്‍പാടുകള്‍ക്കും അനേകാര്‍ത്ഥങ്ങള്‍ കാണാവുന്നതാണ്, അഥവാ ആ വിരഹങ്ങള്‍ പോലും കൃത്യമായ സംവിധാനങ്ങളുടെ ഭാഗമാണെന്ന് പറയേണ്ടിവരും.

പ്രപഞ്ച നാഥന്റെ സൃഷ്ടികളില്‍ ഏറ്റവും ഉദാത്തവും ഉല്‍കൃഷ്ടവുമായത് ആ ജന്മമാണെന്ന് പറയേണ്ടതില്ലല്ലോ. അഥവാ, തിരുദൂതരുടെ മാതാപിതാക്കള്‍ വേറെയും മക്കളുണ്ടാവുന്ന സാഹചര്യം ഒന്ന് ആലോചിച്ച് നോക്കൂ. പ്രവാചകരുടെ പരമ്പരക്ക് പറയുന്ന മഹത്വങ്ങളെല്ലാം പറയാവുന്ന ഒരു സഹോദരനോ സഹോദരിയോ ഉണ്ടാവുമെന്നര്‍ത്ഥം. അഥവാ, ആ മഹത്വങ്ങളൊന്നും പ്രവാചകര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് പറയാന്‍ സാധിക്കാതെ വരും. പ്രവാചകരുടെ കുടുംബ പരമ്പര ആണ്‍മക്കളിലൂടെ തുടര്‍ന്നുപോവാത്തിടത്തും ഇത് തന്നെ കാണാവുന്നതാണ്. 

അതേ സമയം, അനാഥനായാണ് വളരുന്നതെങ്കിലും, അനാഥത്വത്തിന്റെ യാതൊരു വിധ കുറ്റങ്ങളോ കുറവുകളോ സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, മക്കയിലെ ഏറ്റവും സത്യസന്ധനായി, കെട്ട കാലത്തെ ഏറ്റവും വലിയ സച്ചരിതനായി അവിടുന്ന് വളരുന്നതാണ് നാം കാണുന്നത്. ആരും ആഗ്രഹിച്ചുപോവുന്ന സ്വഭാവസൗന്ദര്യവും ആരും കൊതിച്ചുപോവുന്ന വിശിഷ്ട ഗുണങ്ങളുമെല്ലാം അവിടുത്തേക്ക് സ്വന്തമായിരുന്നു. അവയിലൊന്നും അവകാശമുന്നയിക്കാന്‍, ആ ഉത്തമ വളര്‍ച്ചയുടെ ബഹുമതിയുടെ ഒരംശം പോലും ഒരാള്‍ക്കും വക വെച്ച് കൊടുക്കേണ്ട ആവശ്യം വരുന്നില്ല താനും.  

അതിലുപരി, തികച്ചും അനാഥനായി  വളര്‍ന്ന ആ കുഞ്ഞാണ് ശേഷം, ലോകാവസാനം വരെ വരുന്ന മുഴുവന്‍ അനാഥരുടെയും അഗതികളുടെയുമെല്ലാം നാഥനായി, ലോകത്തിന്റെ തന്റെ നാഥനായി മാറുന്നത് എന്നത് അതിലേറെ അല്‍ഭുതകരവും. എല്ലാം അല്ലാഹുവിന്റെ കൃത്യമായ സംവിധാനമെന്നേ പറയാനൊക്കൂ... പ്രപഞ്ചനാഥന്റെ ഹബീബിന്റെ കാര്യങ്ങള്‍ അങ്ങനെയാവാതിരിക്കാന്‍ വഴിയുമില്ലല്ലോ... അറിയാം നമുക്കാ വ്യക്തിത്വത്തെ... സ്നേഹിക്കാം ആ പ്രവാചകരെ..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter