നവൈതു  08 - അല്ലാഹുവിന്റെ റഹ്മതുകള്‍

അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമറാഹിമീന്‍

കഴിഞ്ഞ ഒരാഴ്ചയായി നാം ഉരുവിട്ടുകൊണ്ടേയിരിക്കുന്ന പ്രാര്‍ത്ഥനാവചസ്സുകളാണ് ഇത്. ഇതിലൂടെ നാം ചോദിക്കുന്നത് അല്ലാഹുവിന്റെ കാരുണ്യമാണ്. എന്നാല്‍ ഇത് ലഭ്യമാവാന്‍ സഹായകമാവുന്ന കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടോ എന്ന് കൂടി നോക്കേണ്ടതുണ്ട്.

അല്ലാഹുവിന്റെ കാരുണ്യം നിങ്ങള്‍ക്ക് ലഭിച്ചേക്കാം എന്ന് അല്ലാഹു പറയുന്ന സാഹചര്യങ്ങള്‍ ഒന്ന് പരിശോധിക്കാം. വിശുദ്ധ ഖുര്‍ആനില്‍ എട്ട് കാരണങ്ങളെ മുന്‍നിര്‍ത്തിയാണ്, നിങ്ങള്‍ക്ക് റഹ്മത് ലഭ്യമായേക്കാം എന്ന് നമുക്ക് പ്രതീക്ഷ നല്കപ്പെടുന്നത്. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക, വിശുദ്ധ ഗ്രന്ഥത്തെ പിന്തുടരുകയും ഭയഭക്തിയുള്ളവരാവുകയും ചെയ്യുക, അല്ലാഹുവില്‍നിന്ന് അവതീര്‍ണ്ണമായ ഉല്‍ബോധനത്തെ ഉള്‍ക്കൊള്ളുക, ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ നിശബ്ദത പാലിക്കുകയും അത് ശ്രദ്ധിക്കുകയും ചെയ്യുക, നിസ്കാരം നിലനിര്‍ത്തുകയും സകാത് നല്കുകയും പ്രവാചകരെ അനുസരിക്കുകയും ചെയ്യുക, അല്ലാഹുവിനോട് പാപമോചനം നടത്തുക, മുന്നിലും പിന്നിലുമായി കാത്തിരിക്കുന്ന ശിക്ഷയെപറ്റി  ബോധവാന്മാരാവുക, രണ്ട് പേര്‍ക്കിടയില്‍ രഞ്ജിപ്പ് ഉണ്ടാക്കുക എന്നിവയെല്ലാമാണ് അത്.

Read More: റമദാന്‍ ചിന്തകള്‍ - നവൈതു 8. സുബ്ഹി നിസ്കരിക്കുന്നതോടെ സുരക്ഷിതരാവുന്നവര്‍


അതോടൊപ്പം, പ്രവാചകാധ്യാപനങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍, ഭൂമിയിലുള്ള സമസൃഷ്ടികളോട് കരുണ കാണിച്ചാല്‍ മാത്രമാണ് വാനലോകത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കൂ എന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം ആവര്‍ത്തിക്കപ്പെടുന്നതും കാണാം.

അഥവാ, മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെട്ടാലേ അല്ലാഹുവിന്റെ കാരുണ്യം ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ. വിശിഷ്യാ, നമ്മുടെ കാരുണ്യം അര്‍ഹിക്കുന്നവരെ അവഗണിക്കുകയും അവര്‍ക്ക് നേരെ നമ്മുടെ കരുണാകടാക്ഷത്തിന്റെ കൈകള്‍ നീളാതിരിക്കുകയും ചെയ്ത്, അല്ലാഹുവിന്റെ കാരുണ്യം ചോദിക്കുന്നതും പ്രതീക്ഷിക്കുന്നതും മൗഢ്യമാണ്. 

ഇത് റമദാനില്‍ മാത്രമല്ല, വിശ്വാസിയുടെ ജീവിതത്തിലുടനീളം കൊണ്ട് നടക്കേണ്ട ബോധവും പാലിക്കേണ്ട പ്രതിജ്ഞയുമാണ്. ആദ്യപത്ത് ദിനങ്ങളിലൂടെ റമദാന്‍ അത് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് എന്ന് മാത്രം. അഥവാ, ആദ്യ പത്ത് നവൈതുകളിലൂടെ, ആ പ്രതിജ്ഞ നമ്മുടെ മനസ്സിലുറക്കണമെന്നര്‍ത്ഥം, ഇതരരോട് കരുണ കാണിക്കുന്നത് നമ്മുടെ സ്വാഭാവവും ജീവിത രീതിയും ആയി മാറണം എന്നര്‍ത്ഥം. നമ്മുടെ നവൈതുകള്‍ അതിന് കൂടിയായിരിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter