ഇഖ്റഅ് 13. നോമ്പും റമദാനും പങ്ക് വെക്കലുകളുടേതാണ്

ഹിജ്റ ഒമ്പതാം വര്‍ഷം. അറേബ്യന്‍ ഉപദ്വീപിന്റെ ഭാഗങ്ങളായ തബൂക്, ദൂമതുല്‍ജന്ദല്‍ തുടങ്ങിയ ഭാഗങ്ങള്‍ റോമന്‍ ബൈസന്റൈന്‍ രാജാക്കന്മാരുടെ അധികാരത്തിന് കീഴിലായിരുന്നു അന്ന്. ശക്തിപ്രാപിച്ചു വരുന്ന ഇസ്‍ലാമിക സാമ്രാജ്യം തങ്ങളുടെ അധികാരത്തിനും പ്രദേശവാസികളെ ചൂഷണം ചെയ്ത് കഴിച്ച് കൂട്ടുന്ന ആഢംബര ജീവിതത്തിനും തടസ്സമാവുമെന്ന് മനസ്സിലാക്കിയ അവര്‍ മുസ്‍ലിം സൈനിക ശക്തിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. വിവരമറിഞ്ഞ പ്രവാചകര്‍, അത് അനുവദിക്കാനാവില്ലെന്ന് തീരുമാനിച്ച് വലിയൊരു സൈന്യവുമായി അവരോട് നേരിടാന്‍ ഉറച്ചു. 

കാലാവസ്ഥ ഏറെ പ്രതികൂലമായിരുന്നു. ത്വാഇഫ് ഉപരോധം കഴിഞ്ഞ് തിരിച്ചെത്തി ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. ആളുകളിലധികവും ക്ഷീണിതരാണ്, ആവശ്യമായ വിഭവങ്ങളോ യുദ്ധ സന്നാഹങ്ങളോ ഇല്ല, ഭക്ഷണസാധനങ്ങളുടെയും കുടിവെള്ളത്തിന്റെ പോലും ദൗര്‍ലഭ്യതയും അനുഭവിക്കുന്നുണ്ട്, അവക്കെല്ലാം പുറമെ ശക്തമായ ചൂടും ഏറെ ദൈര്‍ഘ്യമുള്ള വഴിദൂരവും. ഗസ്‍വതുല്‍ ഉസ്റ (പ്രയാസങ്ങളുടെ യുദ്ധം) എന്ന് പോലും ഇത് വിശേഷിപ്പിക്കപ്പെട്ടതും അത് കൊണ്ട് തന്നെയായിരുന്നു.

സൈന്യത്തെ സജ്ജമാക്കാന്‍ പ്രവാചകര്‍ ജനങ്ങളോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. മദീനയിലെ പള്ളി മിമ്പറില്‍ കയറി സാധിക്കുന്നവരോടെല്ലാം സാധിക്കുന്ന രീതിയില്‍ യുദ്ധഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. അതിന് പകരമായി നാളെ ലഭിക്കാനിരിക്കുന്ന പ്രതിഫലങ്ങളെ ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു പ്രവാചകരുടെ സംസാരം. ഉടന്‍ ഉസ്മാന്‍(റ) എണീറ്റ് നിന്ന് പറഞ്ഞു, പ്രവാചകരേ, യുദ്ധത്തിന് ആവശ്യമായ നൂറ് ഒട്ടകങ്ങളെയും അവക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഞാന്‍ നല്കാം. പ്രവാചകര്‍ വീണ്ടും സംസാരം തുടര്‍ന്നു, അല്‍പം കഴിഞ്ഞപ്പോള്‍ ഉസ്മാന്‍(റ) വീണ്ടും എണീറ്റ് നിന്ന് പറഞ്ഞു, പ്രവാചകരേ, ഇരുനൂറ് ഒട്ടകങ്ങളും അവക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഞാന്‍ നല്കാം. പ്രവാചകര്‍ സംസാരം തുടര്‍ന്നു. യുദ്ധസന്നാഹങ്ങള്‍ നല്കുന്നതിന്റെ പ്രതിഫലം വിവരിക്കുന്നത് കേട്ട ഉസ്മാന്‍(റ) അല്പം കഴിഞ്ഞ് വീണ്ടും എണീറ്റ് നിന്നു പറഞ്ഞു, പ്രവാചകരേ, യുദ്ധത്തിന് ആവശ്യമായ മുന്നൂറ് ഒട്ടകങ്ങളെയും അവക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഞാന്‍ നല്കാം.
ഇത്രയും കേട്ടതോടെ പ്രവാചകരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഏറ്റവും പ്രയാസകരമായ ഈ ഘട്ടത്തില്‍ പോലും ഇത്രയും ദാനം ചെയ്ത ഉസ്മാന്‍(റ)നെ അവിടുന്ന് വളരെയേറെ പ്രകീര്‍ത്തിച്ചു. പ്രസംഗം അവസാനിപ്പിച്ച് പീഠത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ അവിടുന്ന് ഇങ്ങനെ പറയുന്നുണ്ടായിരുന്നു, ഇന്ന് മുതല്‍ ഉസ്മാന്‍(റ) ജീവിതത്തില്‍ എന്ത് ചെയ്താലും അതൊന്നും ഒരു പ്രശ്നമേ അല്ല.

Read More: ഇഖ്റഅ് 12.ജീവിതം ഉത്തരവാദിത്തങ്ങളുടേതാണ്

തന്റെ സമ്പാദ്യം ഇതരര്‍ക്ക് കൂടി പങ്ക് വെക്കേണ്ടവനാണ് വിശ്വാസി. ഏറ്റവും ആവശ്യമുള്ള സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും മനസ്സിലാക്കി, അവക്ക് വേണ്ടി തന്റെ പക്കലുള്ളതെല്ലാം ചെലവഴിക്കാന്‍ അവന്ന് യാതൊരു മടിയുമുണ്ടാവില്ല. അല്ലാഹു കനിഞ്ഞേകിയ സ്വത്തും സമ്പാദ്യവും അവന്റെ പ്രീതിക്ക് വേണ്ടി ചെലവഴിക്കുക എന്നതാണ് വിശ്വാസിയുടെ നയം തന്നെ. ചെലഴിച്ചാല്‍ തനിക്ക് ഇല്ലാതാവുമോ എന്ന് ഭയപ്പെട്ട് ആര്‍ക്കും ഒന്നും നല്കാതെയിരിക്കുന്നതിനെ ഇസ്‍ലാം നിരുല്‍സാഹപ്പെടുത്തുന്നു. പിശുക്ക് എന്ന ദുസ്വഭാവത്തില്‍നിന്ന് അല്ലാഹുവിനോട് കാവല്‍ ചോദിക്കാനാണ് അത് വിശ്വാസികളോട് പറയുന്നത്.

ഉള്ളവരെല്ലാം ഇത്തരം ഒരു ചിന്താഒന്നത്യത്തിലേക്ക് ഉയര്‍ന്നിരുന്നുവെങ്കില്‍... ഇല്ലാത്തവരുടെയും പട്ടിണിപ്പാവങ്ങളുടെയും ജീവിതം എത്രമേല്‍ സന്തോഷകരവും സുഗമമവും ആകുമായിരുന്നു. ഈ റമദാനില്‍ ഉള്ളത് ആവശ്യക്കാര്‍ക്ക് നല്കാനും ഇതരരുമായി പങ്ക് വെക്കാനുമുള്ള സുമനസ്സിനെ പരിപോഷിപ്പിക്കാം, അതിലൂടെ നമുക്ക് ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ക്കാം... എങ്കില്‍ നമ്മുടെ റമദാനും നോമ്പും സാര്‍ത്ഥകമാവും... തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter