റമദാന്‍ ചിന്തകള്‍ - നവൈതു.. 25- വിശ്വാസിയുടെ അയല്‍വാസി

പ്രമുഖ സ്വഹാബി വര്യനായ സഈദുബ്നുല്‍ആസ്(റ)ന്റെ അയല്‍വാസിയായിരുന്നു താബിഇയായ മുഹമ്മദ്ബനുല്‍ജഹ്ം. സാമ്പത്തികമായ ചില അത്യാവശ്യങ്ങള്‍ വന്നതോടെ അദ്ദേഹത്തിന് തന്റെ വീട് വില്ക്കേണ്ടിവന്നു. അമ്പതിനായിരം ദിര്‍ഹം ആയിരുന്നു വീടിന് വിലയിട്ടത്. കച്ചവടക്കാര്‍ വീട് കാണാന്‍ വന്ന നേരം അദ്ദേഹം ചോദിച്ചു, വീടിന് വില പറഞ്ഞത് ശരി. അതേ സമയം, എന്റെ അയല്‍പക്കത്തിന് നിങ്ങള്‍ എന്ത് വില തരും. ഇത് കേട്ട അവര്‍ അല്‍ഭുതത്തോടെ ചോദിച്ചു, ഞങ്ങള്‍ വീടാണ് വാങ്ങുന്നത്. അയല്‍ബന്ധം ആരെങ്കിലും വില്‍ക്കാറുണ്ടോ. ഉടനെ ഇബ്നുല്‍ജഹ്മിന്റെ മറുപടി ഇങ്ങനെയായിരുന്നു, എന്ത് ചോദിച്ചാലും സന്തോഷത്തോടെ നല്കുന്ന ഒരാള്‍, അങ്ങോട്ടൊന്നും പറയാതെ മൗനം പാലിച്ചാല്‍ പോലും ഇങ്ങോട്ട് നമ്മുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുന്ന ഒരാള്‍, അങ്ങോട്ട് തിന്മ ചെയ്താല്‍ പോലും തിരിച്ച് നന്മ മാത്രം ചെയ്യുന്ന ഒരാള്‍, ആക്ഷേപിച്ചാല്‍ പോലും ഇങ്ങോട്ട് സൗമ്യമായി പെരുമാറുന്ന ഒരാള്‍, അത്തരം ഒരു അയല്‍വാസിക്ക് വില ഇല്ലെന്നാണോ നിങ്ങള്‍ പറയുന്നത്. വൈകാതെ, ഇബ്നുല്‍ജഹ്ം വീട് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അമ്പതിനായിരം വില പറയുന്നുണ്ടെന്നും കേട്ട സഈദ്(റ) അദ്ദേഹത്തിന് ഒരു ലക്ഷം ദിര്‍ഹം നല്കുകയും വീട് വിറ്റ് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തുവത്രെ.
ഇതാണ് യഥാര്‍ത്ഥ അയല്‍വാസി. ഒരു വിശ്വാസി തന്റെ അയല്‍ക്കാരോട് ഇങ്ങനെ പെരുമാറണമെന്നാണ് ഇസ്‍ലാം നിഷ്കര്‍ഷിക്കുന്നത്. അയല്‍വാസി പട്ടിണി കിടക്കെ വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്ന പ്രവാചക വചനം അത്രമാത്രം സ്വാധീനമാണ് ഈ സമുദായത്തില്‍ ചെലുത്തിയിരിക്കുന്നത്. അയല്‍വാസിയെ പ്രയാസപ്പെടുത്തുന്നുവെങ്കില്‍, പിന്നെ, എത്ര തന്നെ നിസ്കരിച്ചിട്ടും നോമ്പെടുത്തിട്ടും ആരാധനാകര്‍മ്മങ്ങള്‍ ചെയ്തിട്ടും ഫലമില്ലെന്ന പ്രവാചകാധ്യാപനവും ഇതിന് ശക്തി പകരുന്നതാണ്.

Read More: റമദാന്‍ ചിന്തകള്‍ - നവൈതു..24. മാതാപിതാക്കള്‍ എത്ര പുണ്യം ചെയ്തവര്‍...

വിശ്വാസിയുടെ അയല്‍വാസിയും ഏറെ ഭാഗ്യവാനാണ് എന്നര്‍ത്ഥം. ഒരു വിശ്വാസിയെ അയല്‍വാസിയായി ലഭിക്കുന്നതോടെ വീടിനും പരിസരത്തിനും പോലും വില വര്‍ദ്ദിക്കുന്നത് മുന്‍കാല ചരിത്രങ്ങളില്‍ എത്രയോ കാണാം. ഓരോ വിശ്വാസിയും അങ്ങനെയായിരിക്കണമെന്നാണ് ഈ മതം അനുശാസിക്കുന്നതും ആഗ്രഹിക്കുന്നതും. നമുക്കും ശ്രമിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter