റമദാന്‍ ചിന്തകള്‍ - നവൈതു..21. വിശ്വാസിയുടെ ഭാര്യ ഏറെ ഭാഗ്യവതിയാണ്

പ്രവാചകരുടെ ഒരു ഹദീസ് ഇങ്ങനെ മനസ്സിലാക്കാം, ഒരു വിശ്വാസി ചെലവാക്കുന്നതിനെല്ലാം അവന് പ്രതിഫലം ലഭിക്കാതിരിക്കില്ല, ഭാര്യയുടെ വായയില്‍ വെച്ച് കൊടുക്കുന്ന ഭക്ഷണ ഉരുളക്ക് പോലും അവന് പ്രതിഫലമുണ്ട്.

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ ഏറ്റവും വലിയ പ്രേരണയും പ്രചോദനവുമാണ് ഈ വചനമെന്ന് പറയാം. സ്നേഹമസൃണമായ ഭാര്യാഭര്‍തൃബന്ധത്തിന്റെ, അതിലൂടെ ഏറ്റവും സുന്ദരവും സമാധാനപൂര്‍ണ്ണവുമായ ഒരു കുടുംബത്തിന്റെ അസ്ഥിവാരമിടുകയാണ് ചെയ്യുന്നത്.

ഭാര്യമാരോട് വളെര മാന്യമായി പെരുമാറേണ്ടവനാണ് വിശ്വാസി. അതിന് പ്രേരണ നല്കുന്ന, മഹത്വവും പ്രാധാന്യവും വിളിച്ചോതുന്ന അനേകം വചനങ്ങളും പ്രയോഗങ്ങളും തിരുജീവിതത്തില്‍ തന്നെ കാണാനാവും. പ്രിയ പത്നി ആഇശാ ബീവിയോടൊപ്പം ഓട്ട മല്‍സരം നടത്തുന്ന പ്രവാചകര്‍, ഒരേ പാത്രത്തില്‍നിന്ന് കുടിക്കുകയും പ്രിയപത്നിയുടെ ചുണ്ടുകള്‍ സ്പര്‍ശിച്ച അതേ ഭാഗത്ത് തന്നെ ചുണ്ട് ചേര്‍ത്ത് കുടിക്കുകയും ചെയ്യുന്ന പ്രവാചകര്‍, ഒരുമിച്ച് ഒരു പാത്രത്തില്‍നിന്ന് വെള്ളം കോരിയൊഴിച്ച് കുളിക്കുന്ന പ്രവാചകന്‍, പള്ളിയില്‍ ഇഅ്തികാഫിലായിരിക്കുമ്പോള്‍ പോലും ചീകിയൊതുക്കാനായി തൊട്ടടുത്ത വീട്ടിലിരിക്കുന്ന ഭാര്യക്ക് മുന്നിലേക്ക് തല നീട്ടിക്കൊടുക്കുന്ന പ്രവാചകര്‍... ചന്തവും ചാരുതയുമാര്‍ന്ന ഇത്തരം ഒരു പിട സുഭഗ നിമിഷങ്ങള്‍ നമുക്ക് ആ ജീവിതത്തില്‍ കണ്ടെത്താനാവും.  ഏറ്റവും അവസാനം മരണപ്പെടുന്ന വേളയില്‍ പോലും പ്രിയപത്നിയുടെ മാറില്‍ കിടന്നാണ് അവിടുന്ന് അന്ത്യശ്വാസം വലിക്കുന്നത്. അവസാനമായി ആ തിരുവായിലേക്ക് എത്തിയതും പ്രിയപത്നിയുടെ ഉമിനീരിന്റെ ആര്‍ദ്രത നിറഞ്ഞ മിസ്‍വാക് ആയിരുന്നു.

Read More:റമദാന്‍ ചിന്തകള്‍ - നവൈതു..20. ഇന്നീ സ്വാഇമുന്‍... എനിക്ക് നോമ്പാണ്...

നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഭാര്യമാരോട് ഏറ്റവും മാന്യമായി പെരുമാറുന്നവരാണ്, ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ് ഞാന്‍ എന്ന് അവിടുന്ന് ഒരിക്കല്‍ പറയുന്നുണ്ട്. മരണവേളയില്‍ അവിടുന്ന് നടത്തുന്ന അവസാന വസിയതില്‍ പോലും, നിങ്ങള്‍ സ്ത്രീകളോട് നന്മയോടെ മാത്രം പെരുമാറുക എന്ന ഉപദേശവുമുണ്ടായിരുന്നു.

ഇങ്ങനെയെല്ലാമായിരിക്കണം ഒരു വിശ്വാസിയുടെ കുടുംബജീവിതം. വഴക്കും വക്കാണവുമില്ലാത്ത, ശണ്ഠയും കശപിശയുമില്ലാത്ത, അടിയും പീഢനവുമില്ലാത്ത, സ്നേഹം തുളുമ്പി നില്ക്കുന്ന ജീവിതം. അത്തരം സാഹചര്യത്തില്‍ വളര്‍ന്ന് വരുന്ന മക്കളും ഏറ്റവും സന്തുഷ്ടരും മാനസികവും ശാരീരികവുമായി ആരോഗ്യപൂര്‍ണ്ണരും ആവാതിരിക്കില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter