ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി

വൈജ്ഞാനിക-സ്വൂഫീവേദികളില്‍ ഖാജാ ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി ഒട്ടും അപരിചിതനല്ല. ഹിജ്‌റ 575 മുതല്‍ 622 വരെ ബഗ്ദാദ് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ഖലീഫ നാസ്വിറുദ്ദീന്റെ കാലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്.

സുല്‍ഥാന്‍ മുഹമ്മദ് ഖ്വാരിസിംശാഹ് ബഗ്ദാദിനുനേരെ ആക്രമണം നടത്താനുദ്യമിച്ചപ്പോള്‍ അദ്ദേഹത്തെ അതില്‍ നിന്നും പിന്തിരിപ്പിക്കാനും സന്ധിയിലേര്‍പ്പെടുത്താനുമായി ഇമാം സുഹ്‌റവര്‍ദിയെയായിരുന്നു ഖ്വാരിസിംശായുടെ അടുത്തേക്ക് ഖലീഫ നാസ്വിറുദ്ദീന്‍ പറഞ്ഞയച്ചിരുന്നത്.

ഭീതിജനകവും ദുഃഖകരവുമായൊരു രംഗമാണ് ഖ്വാരിസിംശായുടെ കൊട്ടാരത്തില്‍ ഇമാമവര്‍കള്‍ കണ്ടത്: വലിയ അഹന്തയോടെ, ധിക്കാരത്തോടെ തന്റെ സിംഹാസനത്തിലിരിക്കുകയാണദ്ദേഹം. എന്തിനും ഒരുങ്ങി നില്‍ക്കുന്ന സുസജ്ജരായ മൂന്നു ലക്ഷം പട്ടാളക്കാര്‍ യുദ്ധക്കോപ്പുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നു. ആരെയും ഭയവിഹ്വലമാക്കുന്ന ഭീതിദമായ രംഗം!

പക്ഷേ, സേനാവ്യൂഹത്തിന്റെ ആരവവും സുല്‍ഥാന്റെ ഊക്കും കോപ്പും ഇമാമവര്‍കളെ ഒട്ടും ഭയപ്പെടുത്തിയില്ല. അദ്ദേഹം സാധാരണക്കാരെ സമീപിക്കുംപ്രകാരം അസ്സലാമു അലൈക്കും എന്ന ഇസ്‌ലാമിലെ അഭിവാദനവചനം മാത്രം ഉച്ചരിച്ചുകൊണ്ട് രാജസദസ്സിലേക്ക് കയറിച്ചെന്നു. തല കുനിച്ചില്ല; ഭൂമിയില്‍ നെറ്റിവെച്ചില്ല; മറ്റു ഉപചാരങ്ങളൊന്നും നടത്തിയതുമില്ല.

ഖ്വാരിസിംശായില്‍ ഇത് വേണ്ടത്ര നീരസമുണ്ടാക്കി. അദ്ദേഹം സലാം മടക്കുകയോ ഇരിക്കാന്‍ പറയുകയോ ശ്രദ്ധിച്ചുനോക്കുകപോലുമോ ചെയ്തില്ല.

ഇമാമവര്‍കള്‍ എന്നിട്ടും ഭയപ്പെട്ടില്ല. അദ്ദേഹം നിന്ന നില്‍പില്‍ തന്നെ അറബിയില്‍ ഉജ്ജ്വലമായൊരു പ്രസംഗം നടത്തി. അതില്‍ അബ്ബാസിയ്യ കുടുംബത്തെ-വിശിഷ്യ നാസ്വിറുദ്ദീന്‍ ബില്ലാഹിയെ-വളരെയധികം പ്രശംസിച്ചു. അബ്ബാസീ കുടുംബത്തെ അക്രമിക്കാന്‍ പാടില്ലെന്നര്‍ഥം വരുന്ന ഹദീസും അദ്ദേഹം ഉദ്ധരിച്ചു.

ഇതോടെ ശായുടെ കോപാഗ്നി ആളിക്കത്തി. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പറയുന്നതെല്ലാം വാസ്തവവിരുദ്ധമാണ്. ഞങ്ങള്‍ ബഗ്ദാദിനു നേരെ അക്രമണം നടത്തി, അവിടെ യോഗ്യനായ ഭരണാധികാരിയെ നിശ്ചയിക്കുകതന്നെ ചെയ്യും.


Also Read:ഇമാം ഹസനുല്‍ ബസ്വരി(റ) ആത്മജ്ഞാനത്തിന്റെ പ്രകാശം


ഇമാമിന്റെ വാക്കുകള്‍ അഗണ്യകോടിയില്‍ തള്ളി, തന്റെ തീരുമാനം നടപ്പാക്കാന്‍തന്നെ അദ്ദേഹം തീരുമാനിച്ചു; സൈന്യത്തിന് ഓര്‍ഡര്‍ നല്‍കി. യുദ്ധപാടവമുള്ള സേനാവ്യൂഹം എല്ലാ യുദ്ധക്കോപ്പുകളോടെയും യാത്രക്കിറങ്ങി. പക്ഷേ, ശായുടെ ഉദ്ദേശ്യം നടപ്പാക്കാന്‍ അല്ലാഹു അവരെ തുണച്ചില്ല. വഴിയില്‍വെച്ച് ശക്തമായ ഹിമവര്‍ഷത്തിനവര്‍ ഇരയായി. പട്ടാളക്കാരുടെ ആരോഗ്യം ക്ഷയിച്ചു. ചിലര്‍ മരണപ്പെട്ടു. പലരും തണുപ്പിന്റെ ആഘാതത്താല്‍ വിവിധ രോഗങ്ങള്‍ക്ക് വിധേയരായി. ആയിരക്കണക്കായ കന്നുകാലികള്‍ ചത്തൊടുങ്ങി. അവസാനം അവര്‍ നിരാശരായി വന്ന വഴിയെ തിരിച്ചു. ആ മഹാനുഭാവന്റെ വാക്കുകള്‍ തള്ളിക്കളഞ്ഞതിന്റെ തിക്തഫലം അങ്ങനെ അവര്‍ നേരിട്ടനുഭവിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter