വിശന്ന് മരിക്കുന്ന ഗസ്സ: എല്ലാവരും അല്ലാഹുവിന്റെ മുന്നിൽ പ്രതികളാണ്

ഖത്തറിലെ പ്രമുഖ പള്ളിയായ മസ്ജിദ് ന്യൂസലതയില്‍, വിശപ്പ് കൊണ്ട് മരിക്കുന്ന ഗസ്സയെ കുറിച്ച്, ഈജിപ്ഷ്യന്‍ പണ്ഡിതനും ഖതീബുമായ ശൈഖ് ഇബ്റാഹീം മഹ്മൂദ് നടത്തിയ ഖുതുബയുടെ ഹ്രസ്വ പരിഭാഷ.

പ്രിയ വിശ്വാസികളേ,

ഇന്ന് വെള്ളിയാഴ്ച നാം ഈ പള്ളിയില്‍ ഒരുമിച്ചുകൂടിയിരിക്കുകയാണ്. ഒരാഴ്ച മുമ്പ് കഴിഞ്ഞ വെള്ളിയാഴ്ച, ഗസ്സയില്‍നിന്ന് ഹമാസിന്റെ വക്താവായ അബൂഉബൈദ ലോകത്തോട് വിളിച്ച് പറഞ്ഞ വാക്കുകള്‍ കൊണ്ട് തന്നെ ഞാന്‍ ഇന്നത്തെ സംസാരം തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, 

ലോക മുസ്‍ലിം സമൂഹമേ, അറബ് സഹോദരങ്ങളേ, മുസ്‍ലിം-അറബ് രാജ്യങ്ങളിലെ അധികാരികളേ, അവരെയെല്ലാം നേരിലേക്ക് വഴി നടത്തേണ്ട മുസ്‍ലിം പണ്ഡിതരേ, ഇവിടെയിതാ ഒരു പറ്റം മനുഷ്യര്‍ പട്ടിണി കൊണ്ട് മരണത്തെ മുഖാംമുഖം കാണുകയാണ്. വരും ദിനങ്ങളില്‍ ലോകം ഇത് വരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ പട്ടിണി മരണദുരന്തം ഒരു പക്ഷേ, ഇവിടെ സംഭവിച്ചേക്കാം. ഞങ്ങള്‍ക്കൊന്നേ പറയാനുള്ളൂ, ഇതിന്റെ ഉത്തരവാദികള്‍ നിങ്ങള്‍ എല്ലാവരുമാണ്. രക്തസാക്ഷ്യം വഹിച്ച് അല്ലാഹുവിന്റെ സമീപമെത്തുന്ന ഞങ്ങള്‍ തീര്‍ച്ചയായും നിങ്ങളെയെല്ലാം പ്രതിസ്ഥാനത്ത് നിര്‍ത്തുക തന്നെ ചെയ്യും. ഇവിടെ മുറിവേറ്റും മരിച്ചും വീഴുന്ന ആയിരക്കണക്കിന് ആളുകളുടെ രക്തക്കറകളുടെ പാപഭാരം നിങ്ങളുടെ ചുമലുകളിലാണ്. നിങ്ങളാരും ഒന്നും ചെയ്യില്ലെന്ന ധൈര്യം കൊണ്ടാണ് സയണിസ്റ്റ് സൈന്യം ഞങ്ങള്‍ക്കെതിരെ ഇത്രയും ക്രൂരതകള്‍ കാണിക്കുന്നത്. നിങ്ങളുടെയെല്ലാം മൗനവും നിസ്സംഗതയുമാണ് അവരുടെ ഏറ്റവും വലിയ ആയുധം. ആയതിനാല്‍ ഈ ക്രൂരതകളുടെ ഉത്തരവാദിത്തത്തില്‍നിന്ന് നിങ്ങള്‍ക്കാര്‍ക്കും ഒഴിഞ്ഞ് മാറാനാവില്ല. നിങ്ങളെല്ലാം അല്ലാഹുവിനോട് മറുപടി പറയുക തന്നെ വേണ്ടി വരും.

അബൂഉബൈദയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയി. ഇത്രയും കാലത്തിനിടക്ക്, ഇത്രയും ഗദ്ഗദ കണ്ഠനായി അദ്ദേഹത്തെ കണ്ടിട്ടില്ല. അവരനുഭവിക്കുന്ന വിശപ്പിന്റെയും വിശപ്പ് കൊണ്ട് കരയുന്ന കുഞ്ഞുങ്ങളുടെ മുന്നില്‍ അവര്‍ നേരിടുന്ന നിസ്സഹായതയുടെയും മഴുവന്‍  പ്രതിഫലനങ്ങളും ആ കണ്ണുകളില്‍ കാണാമായിരുന്നു. ശത്രുക്കളുടെ വെടിയുണ്ടകളെയും മിസൈല്‍ ആക്രമണങ്ങളെയുമെല്ലാം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച അവര്‍, വിശപ്പ് എന്ന മഹാമാരിക്ക് മുന്നില്‍ നിസ്സഹായരായിരിക്കുകയാണ്. വൈകാതെ, അടങ്ങാത്ത വിശപ്പിന് അടിപ്പെട്ട് ജീവന്‍ നഷ്ടപ്പെടുമെന്ന ചിന്ത ആ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാവുന്നാതണ്.

ആ കൂര്‍ത്ത മൂര്‍ത്ത പദങ്ങളോരോന്നും എന്നെ കൂടി ഉള്‍പ്പെടുന്നുവല്ലോ എന്ന ചിന്തയാല്‍ അവിടന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ എനിക്ക് ഉറക്കം പോലും വന്നിട്ടില്ല. മക്കളെ കാണുമ്പോഴും ഭക്ഷണം കഴിക്കാനിരിക്കുമ്പോഴുമൊക്കെ, ഗസ്സയും അവിടത്തെ ജനങ്ങളും എന്റെ മുന്നിലെത്തും. അല്ലാഹുവിനോട് ഞാനെന്ത് മറുപടി പറയുമെന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടേയിരിക്കുകയാണ്. 

ബൈതുല്‍ഇസ്സ (അഭിമാനഗേഹം) എന്നാണ് നാം ഗസ്സയെ പരിചയപ്പെടുത്താറുള്ളത്. എന്നാല്‍, ഇന്ന് ലോക മുസ്‍ലിംകള്‍ക്ക് ആകമാനം അപമാനകരമാം വിധമാണ് ഗസ്സയുടെ സ്ഥിതിഗതികള്‍. ഒരു നേരത്തെ ചോറിന് വേണ്ടി, ഒരല്‍പം കഞ്ഞി വെള്ളത്തിന് വേണ്ടി, സഹായങ്ങളെത്തിക്കുന്ന കൂട്ടായ്മകളുടെ വണ്ടികള്‍ക്ക് മുന്നില്‍ തിക്കും തിരക്കും കൂട്ടുന്ന കുട്ടികളും സ്ത്രീകളും വൃദ്ധരുമാണ് ഇന്ന് ഗസ്സയില്‍ നമുക്ക് കാണാനാവുന്നത്. സുഖലോലുപതയില്‍ കഴിയുന്ന നമ്മുടെ തന്നെ സഹോദരങ്ങളാണ് അവര്‍. അതിലുപരി, നമ്മേക്കാള്‍ ഈമാനും ദീനും ശരീഅതും മുറുകെപിടിക്കുന്നവരാണ് അവര്‍. അക്കൂട്ടത്തില്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയ സ്ത്രീകളും പുരുഷന്മാരുമുണ്ട്, വലിയ പണ്ഡിതരും പ്രബോധകരുമുണ്ട്, ജീവിതത്തില്‍ ഒരിക്കല്‍ പോലും അന്യപുരുഷരുടെ മുന്നില്‍ മുഖം കാണിക്കാത്ത പതിവ്രതകളായ സ്ത്രീരത്നങ്ങളുണ്ട്. അവരെല്ലാം, ഇന്ന് മക്കളുടെ കരച്ചിലടക്കാന്‍ എന്തെങ്കിലും ലഭിക്കാനായി, തെരുവില്‍ ഇറങ്ങി നടക്കുകയാണ്, ശത്രുക്കള്‍ തന്നെ വിതരണം നടത്തുന്ന പ്രഹസന സഹായഹസ്തങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുകയാണ്. ആ കാത്ത് നില്‍പ്പിനിടയില്‍ പോലും തങ്ങള്‍ കൊല്ലപ്പെട്ടേക്കാം എന്ന് അറിഞ്ഞിട്ട് പോലും, വിശപ്പ് എന്ന സത്യം മാത്രമാണ് ആ സമയത്ത് അവരുടെ മുന്നിലുള്ളത്.

സഹോദരങ്ങളേ, 

നമ്മള്‍ അല്ലാഹുവിനോട് എന്ത് പറയും. രണ്ട് ബില്യണ്‍ അംഗങ്ങളുള്ള ഒരു സമുദായമാണ് നാം. അമ്പതിലേറെ രാഷ്ട്രങ്ങള്‍ ഭരിക്കുന്നത് നാമാണ്. സമ്പത്ത് കൊണ്ടും സൗകര്യങ്ങളെക്കൊണ്ടും ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും നാം തന്നെ. നമ്മുടെ രാഷ്ട്രങ്ങളുടെ പ്രകൃതി വിഭവങ്ങളെക്കൊണ്ടാണ് ലോക രാഷ്ട്രങ്ങളെല്ലാം സുഭിക്ഷമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും എന്തേ നാം ഇങ്ങനെയായത്. നമ്മുടെ നൂറിലൊന്ന് പോലും അംഗങ്ങളില്ലാത്ത ഒരു സമുദായത്തിലെ അക്രമികള്‍ക്ക് മുന്നിലാണ് നാം ഈ നാണം കെടുന്നത്.  നിഷ്കളങ്കരായ കുട്ടികളുടെയും സ്ത്രീകളുടെയും വൃദ്ധരുടെയും വിശപ്പിന് പോലും നമ്മെ ഉണര്‍ത്താനാകുന്നില്ലല്ലോ. പ്രവാചകര്‍(സ്വ) പോലും അല്ലാഹുവിനോട് അഭയം ചോദിച്ച വലിയ പരീക്ഷണമാണ് വിശപ്പ്. 

മൃഗങ്ങള്‍ക്ക് പോലും ഇത്തരം അവസ്ഥ വരുന്നത് നമുക്ക് സഹിക്കാനാവില്ല. എവിടെയെങ്കിലും ഒരു മൃഗത്തിനോട് ആരെങ്കിലും എന്തെങ്കിലും ക്രൂരത കാണിച്ചു എന്ന് കേള്‍ക്കുമ്പോഴേക്ക് എത്രയോ പേര്‍ ചാടി വീഴുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ നാം കാണാറുണ്ട്. എന്നാല്‍ ഇവിടെയിതാ, ലക്ഷക്കണക്കിന് മനുഷ്യരെ, അതിക്രൂരമായി പട്ടിണിക്കിട്ട് കൊല്ലുകയാണ് ഒരു വിഭാഗം. അതും, അവര്‍ക്ക് ആവശ്യമായ സഹായവസ്തുക്കള്‍ നിറച്ച ആയിരക്കണക്കിന് ട്രക്കുകള്‍ ഏതാനും കാതം അകലെ, അകത്തേക്ക് പ്രവേശിക്കാനുള്ള അനുമതിക്കായി കാത്തിരിക്കുന്ന വേളയില്‍.
 
ഖലീഫ ഉമര്‍(റ)ന്റെ കാലത്ത് രാജ്യത്തെ പിടികൂടിയ പട്ടിണിയില്‍ ഖലീഫയെന്ന നിലയില്‍ അദ്ദേഹം എത്രമാത്രം ആശങ്കാകുലനായിരുന്നു എന്ന് ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. തന്റെ മക്കള്‍ക്ക് മാസങ്ങളോളം ജീവന്‍ ശേഷിക്കാന്‍ ആവശ്യമായ റൊട്ടി മാത്രം നല്കിയ അദ്ദേഹം അവരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു, ഞാന്‍ ഖലീഫയാണ്, ഈ സമുദായത്തിന്റെ കാര്യം അല്ലാഹു ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്നത് എന്നെയാണ്. ഈ സമയത്ത് ഒരാള്‍ക്ക് വിശന്നാല്‍ പോലും ഞാനാണ് അതിന് ഉത്തരവാദി. സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെയും വിശപ്പ് അടങ്ങി എന്ന ഉറപ്പ് ലഭിച്ചിട്ടല്ലാതെ ഇതില്‍ കൂടുതലൊന്നും നിങ്ങള്‍ക്ക് ഞാന്‍ നല്കില്ല.

ഇതെല്ലാം നമുക്ക് കേവലം പ്രസംഗിക്കാനും ആവേശം കൊള്ളാനുമുള്ള ചരിത്രവും ചിത്രവും മാത്രമായി മാറുകയാണോ. നമ്മുടെ അധികാരികള്‍ക്കും അവരെ ഉപദേശിക്കേണ്ട പണ്ഡിതര്‍ക്കും എന്ത് പറ്റി. ഇപ്പോഴും ഉണര്‍ന്നില്ലെങ്കില്‍, ഇനി ഈ സമുദായത്തിലെ ബന്ധപ്പെട്ടവര്‍ ഉണരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. എന്തേ ഇവരോടൊന്ന്, ഏകസ്വരത്തില്‍ അരുതെന്ന് പറയാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ പോവുന്നത്. ആ അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുന്ന സഹായട്രക്കുകളെ അകത്തേക്ക് കടത്തിവിടാന്‍ ആവശ്യമായതെങ്കിലും ചെയ്യാന്‍ എന്തേ നിങ്ങള്‍ക്ക് തടസ്സമാവുന്നത്. എല്ലും തോലുമായി മാറിയിരിക്കുന്ന നിങ്ങളുടെ സഹോദരങ്ങളായ ആ മനുഷ്യര്‍ക്ക് അന്നവും വെള്ളവും മരുന്നും എത്തിച്ച് നല്കാന്‍ ആരെയാണ് നിങ്ങള്‍ ഭയക്കുന്നത്. പ്രവാചകര്‍(സ്വ) പറഞ്ഞത് പോലെ, മല വെള്ളപ്പാച്ചിലിലെ ചപ്പുചവറുകളും പതനുരകളുമായി അക്ഷരാര്‍ത്ഥത്തില്‍ മാറിയിരിക്കുകയാണ് നാം. 

അല്ലാഹുവേ, എന്നെ കൊണ്ട് ആവുന്നത് ഞാനിതാ നിര്‍വ്വഹിക്കുന്നു. പീഢിതരായ ആ സഹോദരങ്ങളെ ഞങ്ങള്‍ നിന്നെ തന്നെ ഏല്‍പിക്കുകയാണ്. അവരെ നീ തന്നെ കാത്തോളണേ.

വിവര്‍ത്തനം: എം.എച്ച് പുതുപ്പറമ്പ്

Leave A Comment

3 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter