ജ്ഞാനസമ്പാദനം; മഖ്ദൂമീങ്ങള്‍ക്ക് മുമ്പ്
പതിനാറാം നൂറ്റാണ്ട് വരെയുള്ള കേരളചരിത്രം പൂര്‍ണാര്‍ത്ഥത്തില്‍ അവ്യക്തമാണ്. എങ്കിലും കിട്ടിയ തെളിവുകളും രേഖകളും വെച്ച് നോക്കുമ്പോള്‍ മനസ്സിലാകുന്നത് വൈജ്ഞാനികവും സാമൂഹികവും സാമ്പത്തികവുമായ മുസ്‌ലിം കേരളത്തിന്റെ ദിശ നിര്‍ണയിച്ചത് ഈയൊരു ഘട്ടത്തിലാണെന്നാണ്. ബ്രാഹ്‌മണരും ബുദ്ധന്‍മാരും ജൈനന്മാരും ക്രൈസ്തവരുമെല്ലാം കേരളത്തില്‍ വന്നിട്ടുണ്ടെങ്കിലും അറബികളും പേര്‍ഷ്യക്കാരും വന്നതോടെയാണ് കേരളത്തിന് വ്യതിരിക്തമായ ഒരു മുന്നേറ്റത്തിന് നാന്ദി കുറിച്ചത്.അതിപ്രാചീനമായ വ്യാപാരബന്ധത്തിന്റെ സുദീര്‍ഘമായ കഥയാണ് കേരളത്തിന് അറബികളുമായി ഉണ്ടായിരുന്നത്. റസൂലിന്റെ കാലത്ത് തന്നെ കേരളത്തില്‍ ഇസ്‌ലാം എത്തിയിട്ടുണ്ടെന്നത് വാസ്തവമായിത്തീരാനുള്ള കാരണം ഈ നിരന്തര ബന്ധത്തിന്റെ സാഹചര്യമാണ്. കേരളത്തിലെത്തിയ മാലിക് ബ്‌നു ദീനാറും കൂട്ടരും കേരളത്തിന്റെ വിവിധയിടങ്ങളില്‍ പള്ളികള്‍ പണിയുകയും അവിടെ ഖാസിമാരെ നിശ്ചയിക്കുകയും ചെയ്യുകയാണ് ചെയ്തത്. ഈ പള്ളികളും ഖാസിമാരും കേരളത്തിന്റെ മതഅധ്യയനത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് രചിച്ചത്. പള്ളികള്‍ ആരാധനാ കര്‍മങ്ങള്‍ക്കെന്ന പോലെ ജ്ഞാനാര്‍ജ്ജനത്തിനുമുള്ള ഇടങ്ങളായി പരിഗണിക്കപ്പെട്ടു. ഗുരുമുഖത്ത് നിന്ന് ഇസ്‌ലാമിക ജ്ഞാനത്തിന്റെ സിദ്ധാന്തവും പ്രയോഗവും അഭ്യസിക്കാനുള്ള രംഗമായി പള്ളികള്‍. എ.ഡി. 847ല്‍ കൊല്ലം നാടുവാഴി നല്‍കിയ സിറിയന്‍ ക്രിസ്ത്യന്‍ ചെപ്പേടില്‍ കാണുന്ന സാക്ഷിപ്പട്ടികയിലെ കൂഫീ ലിപിയും ഇബ്‌റാഹീം മകന്‍ മൈമൂന്‍, മാനി മകന്‍ മഹ്‌മൂദ്, ആലി മകന്‍ സുല്‍ഹ് തുടങ്ങിയ പേരുകളും കൂട്ടി വായിക്കുമ്പോള്‍ ഇസ്‌ലാമിക ജീവിതവും ഇടപെടലും വരമൊഴിയില്‍ സ്ഥാനം നേടിയത് മനസ്സിലാക്കാവുന്നതാണ്.
തിരുവിതാംകൂര്‍ മഹാരാജാവ് തേങ്ങാപട്ടണം, ആളൂര്‍, കോട്ടാര്‍, തക്കാല തുടങ്ങിയ സ്ഥലങ്ങളിലെ നെയ്ത്തുകാരെ പ്രോത്സാഹിപ്പിക്കുകയും അവരെ തിരുവിതാംകൂറില്‍ താമസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, സൂഫീ കവിയും സിദ്ധനുമായ പീര്‍ മുഹമ്മദിന് കരമൊഴിവാക്കിയ ഭൂമി നല്‍കിയതും ധാരാളം മുസ്‌ലിംകള്‍ക്ക് വ്യത്യസ്ഥമായ വിദ്യാഭ്യാസവും തൊഴിലും സ്വീകരിക്കുന്നതിന് പ്രചോദമായിട്ടുണ്ട്. ഹിജ്‌റ 208ല്‍ സൂഫീ വര്യനും പണ്ഡിതനുമായ കൂഫയിലെ ശൈഖ് അലി അനുയായികളുമായി കേരളത്തിലെത്തി കേരീളയരെ തന്റെ സിദ്ധി കൊണ്ടും പാണ്ഡിത്യം കൊണ്ടും അത്ഭുതപ്പെടുത്തിയത് മുനിമാരെയും വൈദ്യന്‍മാരെയും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായതോടൊപ്പം ധാരാളം പേര്‍ക്ക് വിജ്ഞാനം നേടുന്നതിന് പ്രേരകമായിത്തീര്‍ന്നിട്ടുണ്ടെന്ന് ഡോ.സി.കെ.കരീം ചൂണ്ടുക്കാണിച്ചിട്ടുണ്ട്.
പള്ളികളില്‍ തന്നെ താമസിച്ച് വിദ്യയഭ്യസിക്കുന്ന രീതിയാണ് അഥവാ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ്, നഹ്‌വ്, ബലാഗ, മന്‍ത്വിഖ്, ഫലക്, ത്വിബ്ബ് തുടങ്ങിയ ജ്ഞാന വിഭാഗങ്ങളിലെ വ്യത്യസ്ഥ ഗ്രന്ഥങ്ങള്‍ മുദര്‍രിസില്‍ നിന്ന് ഓതിപ്പഠിക്കുന്ന ദറസ് സംവിധാനമാണ് ഉണ്ടായിരുന്നത്. അതിന് സൗകര്യപ്പെടുന്ന തരത്തിലാണ് പള്ളികള്‍ നിര്‍മിച്ചിരുന്നത്. ഇത്തരത്തിലുള്ള ആദ്യ ദര്‍സ് സംവിധാനം കാണാന്‍ സാധിക്കുന്നത് ഹദര്‍ മൗത്ത്കാരനായ അബൂ അബ്ദുല്ലാഹില്‍ ഹദ്‌റമി ഹിജ്‌റ 675/എ.ഡി 1276 ല്‍ താനൂര്‍ വലിയ കുളങ്ങരപള്ളിയില്‍ ആരംഭിച്ച ദര്‍സാണ്. അവിടുത്തെ കുത്തുബ്ഖാനയില്‍ ഇംദാദ്, റൗള തുടങ്ങിയ നൂറിലധികം വരുന്ന ഗ്രന്ഥങ്ങളുടെ പകര്‍ത്തിയെഴുത്തുകളില്‍ വെച്ചേറ്റവും പഴക്കമുള്ള, ഇമാം അബൂ ഇസ്ഹാഖ് ശീറാസിയുടെ തന്‍ബീഹില്‍ അവിടെ മുദര്‍രിസ്സായിരുന്ന അബൂ അബ്ദുല്ലാഹില്‍ ഹദ്‌റമിയുടെ പേരും പകര്‍ത്തിയെഴുതിയ വര്‍ഷം ഹിജ്‌റ 675 എന്നും വ്യക്തമായി കാണുന്നുണ്ട്. ലഭ്യമായ തെളിവുകള്‍ വെച്ച് നോക്കുമ്പോള്‍ കേരളത്തില്‍ ആദ്യമായി ദര്‍സ് ആരംഭിച്ചത് ഇവിടെയാണെന്നു പറയാം. വ്യത്യസ്ത കാലങ്ങളില്‍ ഈജ്പിത്, സിറിയ, യമന്‍, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ വിദേശ രാഷ്ട്രങ്ങളില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തിയിരുന്നതായി പള്ളിയുടെ ചരിത്ര രേഖകളില്‍ കാണാന്‍ സാധിക്കുന്നുണ്ട്.
മലബാറിലെ മുസ്‌ലിംകള്‍ക്ക് ആധ്യാത്മക നേതൃത്വം നല്‍കിയയതോടൊപ്പം വൈജ്ഞാനിക സാമൂഹിക രംഗങ്ങളിലും മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ച കുടുംബമാണ് ചാലിയം ആസ്ഥാനമാക്കിയുള്ള കോഴിക്കോട്ടെ ഖാസി കുടുംബം. ഹബീബിനു മാലികിന്റെ പിന്‍മുറക്കാരില്‍ മാലിക്ബ്‌നു ഹബീബിന്റെ പൗത്രന്‍ സൈനുദ്ദീന്‍ മദനിയാണ് ചാലിയത്തെ പ്രഥമ ഖാസി. ചാലിയത്തിലേക്ക് ചേര്‍ത്തി ഈ കുടുംബത്തിലെ പിന്‍തലുറക്കാര്‍ ശാലിയാത്തി എന്ന് വിശേഷണം ഉപയോഗിച്ചു വരുന്നതായിക്കാണാം. അറബി ഭാഷയില്‍ അതിനിപുണന്‍മാരായിരുന്ന ഖാസി കുടുംബത്തില്‍ നിന്ന് ധാരാളം രചനകള്‍ ഉണ്ടായിട്ടുണ്ട്. ഖാസി സൈനുദ്ദീന്‍ റമദാന്റെ(ഹിജ്‌റ 899) ഉംദത്തുല്‍ അസ്ഹാബി വ നുസ്‌റത്തുല്‍ അഹ്ബാബും മകന്‍ ഖാസി ഫഖ്‌റുദ്ദീന്‍ അബൂബക്കറിന്റെ, ഇമാം ബൂസൂരി(റ)യുടെ ബുര്‍ദക്കെഴുതിയ വ്യാഖ്യാനം, ബാനത്ത് സുആദയുടെ വ്യാഖ്യാനം, ഫത്‌വാ സമാഹാരം എന്നിവയാണ് മഖ്ദൂമികള്‍ക്ക് മുമ്പു രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമാന്റെ ഗുരുനാഥന്‍ കൂടിയാണ് ഖാസി ഫഖ്‌റുദ്ദീന്‍ അബൂബക്കര്‍.
മലബാര്‍ ഭരിച്ചിരുന്ന സാമൂതിരി രാജാക്കന്‍മാരും മത-സാമൂഹിക-വൈജ്ഞാനിക-സാംസ്‌കാരിക മേഖലകളില്‍ അനിഷേധ്യമായ പല സംഭാവനകളും നല്‍കിയിട്ടുണ്ട്. ആര്‍ക്കും മുസ്‌ലിമാകാന്‍ സ്വാതന്ത്ര്യം നല്‍കിയ അവര്‍ ചാലിയം, കോഴിക്കോട് ഖാസിമാര്‍ക്ക് രാജകൊട്ടാരത്തില്‍ പ്രത്യേക പദവിയും ഇരിപ്പിടവും നല്‍കിയിരുന്നു. ഈ ഖാസിമാരാണ് കുറ്റവാളികളായ മുസ്‌ലിംകള്‍ക്ക് ശിക്ഷ വിധിച്ചിരുന്നതും നടപ്പിലാക്കിയിരുന്നതും. ജുമുഅ ഒഴിവാക്കിയവര്‍ക്ക് സാമൂതിരി തന്നെ വലിയ ശിക്ഷകള്‍ നല്‍കാന്‍ ഖാസിമാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എ.ഡി.1442 ല്‍ കോഴിക്കോട് സന്ദര്‍ശിച്ച അബുദുര്‍റസാഖ് പറയുന്നത് കേള്‍ക്കുക '' സാമൂതിരി നേരിട്ട് രണ്ട് പള്ളികള്‍ സ്ഥാപിക്കുകയും ഖാസിമാരെ നിയമിക്കുകയും ചെയ്തിരുന്നു. മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക ജ്ഞാനങ്ങള്‍ പഠിപ്പിച്ചു കൊടുക്കാന്‍ ശാഫീ മദ്ഹബുകാരായ ഈ ഖാസിമാര്‍ക്ക് സര്‍വ സ്വാതന്ത്ര്യം നല്‍കിയതായും എനിക്ക് കാണാന്‍ സാധിച്ചിരിക്കുന്നു''. മറ്റൊരു സഞ്ചാരിയായ മസ്ഊദി കേരള യാത്രയില്‍ ഇതുപോലെയുള്ള ധാരാളം ജുമുഅത്ത് പള്ളികള്‍ കണ്ടതായി പറയുന്നുണ്ട്. കുത്തുബുല്‍ മജ്മൂഉം ശൈഖ് യാഫിയുടെ ഇര്‍ഷാദും ഫഖീഹ് ഹുസൈന്റെ ഖൈദുല്‍ ജാമിഉം അസ്സൈറു വ സ്സുലൂകുമെല്ലാം കേരളത്തിലെ പള്ളി ദര്‍സുകളില്‍ സാധാരണ ഓതിയിരുന്നതായി എ.ഡി.1134 ല്‍ കേരളം സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്ത രേഖപ്പെടുത്തുണ്ട്.
ചുരുക്കത്തില്‍, ആരംഭകാലത്ത് പലരില്‍ നിന്നുമുള്ള കേട്ടുകേള്‍വിയിലൂടെ വിദ്യ നേടിയിരുന്ന കാലത്തെ ഒന്നാം ഘട്ടവും പള്ളികളില്‍ വെച്ച് ഖാസിമാര്‍ നല്‍കുന്ന ഉല്‍ബോധന ക്ലാസുകളും പ്രായോഗിക രൂപങ്ങളുമടങ്ങിയവയെ രണ്ടാം ഘട്ടവും പള്ളികളില്‍ താമസിച്ച് മുദര്‍രിസില്‍ നിന്ന് കിത്താബുകള്‍ ഓതിപ്പഠിക്കുന്ന ദര്‍സ് സംവിധാനമടങ്ങിയവയെ മൂന്നാം ഘട്ടവുമാക്കി മഖ്ദൂമികള്‍ക്കു മുമ്പുള്ള വൈജ്ഞാനിക കേരളത്തെ തരംതിരിക്കാന്‍ സാധിക്കുന്നതാണ്.
ഗ്രന്ഥസൂചി
ഇസ്‌ലാമിക വിജ്ഞാനകോശം. ഐ.പി.എച്ച്.
കേരള മുസ്‌ലിം ചരിത്രം. ഡോ.സി.കെ.കരീം.
കേരള മുസ്‌ലിം ഡയറക്ടറി. കേരളാ പബ്ലിക്കേഷന്‍സ്, കൊച്ചിന്‍.
മലയാളത്തിലെ മാപ്പിളമാര്‍. റാവു ബഹാദുര്‍ ഗോപലന്‍ നായര്‍.
രിഹ്‌ലത്തുല്‍ മുലൂക്. ഉമര്‍ ബിന്‍ സുഹ്‌റ വര്‍ദി.
ചരിത്രപഠനങ്ങള്‍. ഡോ.സി.കെ.കരീം
രിഹ്‌ലത്ത് ഇബ്‌നു ബത്തൂത്ത. ഇബ്‌നു ബത്തൂത്ത.
നസീല്‍ ഇബ്രാഹീം കോടമ്പുഴ



Leave A Comment