ഹദീസ് രംഗത്തെ സുനന്‍ സ്വഹീഹ്‌ മൂവ്‌മെന്റ്

ഹിജ്‌റ മൂന്ന്‌ നാല്‌ നൂറ്റാണ്ടുകളുടെ ആദ്യ ഘട്ടങ്ങളിലാണ്‌ ഹദീസ്‌ലോകത്തെ പണ്ഡിതജൂറികള്‍ ആ മേഖലയിലെ എക്കാലത്തെയും സുപ്രധാനമായ ഒരു തീരുമാനത്തിന്‌ തുടക്കം കുറിക്കുന്നത്‌. വ്യവസ്ഥാപിതമല്ലാതിരുന്ന ഹദീസ്‌ വിജ്ഞാന ശാഖക്ക്‌ തനതായ മാറ്റം വരുത്തിയ തീരുമാനമായിരുന്നു അത്‌. അന്നേ വരെ ഹദീസുകള്‍ രണ്ട്‌ വിധത്തിലായിരുന്നു രേഖപ്പെടുത്തി വന്നിരുന്നത്‌. കൈമാറുന്ന ആഖ്യാതാക്കളുടെ നാമമനുസരിച്ച്‌, അഥവാ പ്രാവചകന്‍ മുഹമ്മദ്‌ നബി(സ്വ)യുടെ അനുചരന്‍മാരുടെ പേരനുസരിച്ച്‌ ക്രമീകരിക്കുന്ന മുസ്‌നദുകളും വിഷയാടിസ്ഥാനത്തില്‍ ക്രമീകരിക്കുന്ന, അഥവാ സമാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹദീസുകള്‍ ഒന്നിച്ച് ക്രോഡീകരിക്കുന്ന മുസന്നഫുകളും. രണ്ട്‌ ധര്‍മ്മങ്ങളും ഒരൊറ്റ കുടക്കീഴില്‍ വരത്തക്ക രീതിയില്‍ ഇവയെ പുഃനക്രമീക്കുക എന്നതായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. സുനന്‌‍, സ്വഹീഹ്‌ എന്ന ഒരൊറ്റ രൂപത്തിലേക്ക്‌ മേല്‍ പറഞ്ഞ രണ്ട് രീതികളും പുനക്രോഡീകരിക്കപ്പെടുന്നത് ഇതോടെയാണ്. 

ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച സഈദ്‌ ബ്‌ന്‌ മന്‍സൂര്‍ അല്‍ ഖുറാസാനിയുടെയും അബ്ദുല്ലാഹ്‌ അല്‍ ദാരിമിയുടെയും സുനനുകള്‍ ആദ്യകാലങ്ങളില്‍ രചിക്കപ്പെട്ടാതായി കരുതപ്പെടുന്നു.
പൊതുവെ വിധികള്‍ ചര്‍ച്ചചെയ്യുന്ന സുനനുകള്‍ ഫിഖ്‌ഹീ കര്‍മ്മശാസ്‌ത്രാടിസ്ഥാത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്‌. വിഷയാസ്‌പദമാക്കി ക്രമീകരിക്കുന്ന ഇത്തരം സുനനുകള്‍, നിയമപരമായ അവലംബമായി സ്വീകരിക്കുന്നതോടൊപ്പം ഹദീസുകളുടെ ആഖ്യാതശ്രേണിയിലെ നിവേദകര്‍ (റാവിമാര്‍) കണ്ണിയറാതെ പ്രവാചകനിലേക്കെത്തുന്നതില്‍ കണിശമായ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. സുപ്രധാനമായി, ഹദീസ്‌ പണ്ഡിതവിശാരദര്‍ ഇത്തരത്തിലുള്ള സുനനുകളുടെ ഉള്ളടക്കത്തിന്റെ ആധികാരികത ഉറപ്പ്‌ വരുത്തുന്നതിലും, അതാസ്‌പദമാക്കിയുള്ള ചര്‍ച്ചകളിലും സ്‌ത്യുത്യര്‍ഹമായ സേവനങ്ങളാണ് അര്‍പ്പിച്ചത്.

മൊത്തത്തില്‍ സുനനുകളുടെ ക്രോഢീകരണത്തില്‍ സൂക്ഷ്‌മമായ സമീപനമായിരുന്നു ഗ്രന്ഥകര്‍ത്താക്കള്‍ പുലര്‍ത്തിയത്‌. നബി(സ്വ)യുടെ ഹദീസാണെന്ന്‌ മുസ്‍ലിം പണ്ഡിതര്‍ ഐക്യകണ്‌ഠേന അഭിപ്രായ പ്രകടനം നടത്തുകയോ, അല്ലെങ്കില്‍ ഹദീസ്‌ സുശക്തമായ ശ്യംഖല (സനദ്) വഴി കൈമാറ്റപ്പെട്ട്‌ വന്നതോ ആണെങ്കില്‍ മാത്രമായിരുന്നു ക്രോഡീകണത്തില്‍ അവ ഉള്‍പെടുത്തിയിരുന്നത്‌. ഇത്തരത്തില്‍ സുനന്‍ മൂവ്‌മെന്റില്‍ ആധികാരികതയിലൂന്നിയുള്ള ഹദീസ്‌ ശേഖരണം ഗ്രന്ഥകര്‍ത്താക്കളാലോ പില്‍കാല പണ്ഡിതരാലോ സ്വഹീഹ്‌ (ആധികാരികമായത്‌) എന്നറിയപ്പെട്ട്‌ തുടങ്ങി.

സുനന്‍ മൂവ്‌മെന്റില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ്‌ ഇമാം ഇസ്മാഈല്‍ അല്‍ ബുഖാരിയും ഇമാം മുസ്‍ലിം അല്‍ നൈസാബൂരിയും. ഇവരാണ്‌ ഹദീസ്‌ പണ്ഡിതവര്യരുടെ പരമ്പരാഗത സമീപനമായ ദുര്‍ബലമായ ഹദീസുകള്‍ നിയമവ്യവസ്ഥതയില്‍ ഉപയോഗിക്കുന്ന രീതി പൊളിച്ചെഴുതുന്നത്‌. ദുര്‍ബലം എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ മേല്‍പറഞ്ഞ നിബന്ധനകള്‍ ഒത്തിണങ്ങാത്ത ഇസ്‌നാദിന്‌ മതിയായ ദൃഢതയില്ലാത്ത ഹദീസുകള്‍ എന്ന് മാത്രമാണ്‌. ആധികാരികമായ ഹദീസുകള്‍ക്ക് ഊന്നല്‍ നല്‍കി നിയമവ്യവസ്‌ഥകളില്‍ അവക്ക്‌ പ്രാധാന്യം നല്‍കുന്ന രീതിയാണ്‌ അവര്‍ മുന്നോട്ട്‌ വെച്ചത്‌.

ഇത്തരത്തില്‍ ഇസ്‌നാദിന്‌ മതിയായ ആധികാരികതയുള്ള ഹദീസുകള്‍ മാത്രം ശേഖരിച്ച്‌ കൊണ്ട്‌ ആദ്യമായി കിതാബുകള്‍ രചിക്കുന്നത്‌ ഇമാം ബുഖാരി(റ), ഇമാം മുസ്‍ലിം(റ) എന്നിവരാണ്‌. അതു കൊണ്ട്‌ തന്നെ സ്വഹീഹ്‌ മൂവ്‌മെന്റിലെ ആദ്യ തരംഗങ്ങളായി ഇവയെ ഗണിക്കപ്പെടുന്നു. ഹദീസ്‌ മേഖലയില്‍ പിന്നീടിത്‌ സ്വഹീഹൈന്‍ എന്ന പേരില്‍ കൂടി പ്രശസ്‌തിയാര്‍ജ്ജിച്ചു. ഈ കിതാബുകള്‍ക്ക്‌ പിന്നീട്‌ ലഭിച്ച സ്വീകാര്യതയാണ്‌ ഇസ്‍ലാമിന്റെ അനിഷേധ്യ പ്രമാണമായ ഖുര്‍ആനിന്‌ ശേഷം ഏറ്റവും വിശ്വാസ്യതയോടെ അംഗീകരിക്കുന്ന ഹദീസ്‌ അവലംബമായി ഗണിക്കുന്നത്‌.

സ്വഹീഹായ ഹദീസുകള്‍ സ്വീകരിക്കുന്നതില്‍ ഇരുവരും കാണിച്ച സൂക്ഷ്‌മത സര്‍വ്വാംഗീകൃതമാണ്. സ്വഹീഹൈനില്‍ ഒരു ഹദീസ്‌ ഉള്‍കൊള്ളിക്കണമെങ്കില്‍, ഹദീസ്‌ പണ്ഡിത ലോകത്തിന്റെ ഏകോപനത്തിന്‌ പുറമെ തങ്ങളുടേതായ നിയമ വ്യവസ്‌ഥകള്‍ കൂടി പാലിക്കണമെന്നത്‌ ഇരു ഇമാമുമാരുടെയും കണിശമായ തീരുമാനമായിരുന്നു. ഇത്തരം കര്‍ക്കശമായ നിലപാടില്‍ സ്വീകാര്യമായ 6 ലക്ഷത്തോളം ഹദീസില്‍ നിന്ന്‌ സ്വഹീഹായവ വേര്‍തിരിക്കാന്‍ ഇമാം ബുഖാരിയും 3 ലക്ഷത്തോളം വരുന്നവയില്‍ നിന്ന്‌ വേതിരിക്കാന്‍ ഇമാം മുസ്‍ലിമും തങ്ങളുടെ ജീവിതത്തിന്റെ സിംഹഭാഗവും ഉഴിഞ്ഞ്‌ വെച്ചു. ഇമാം മുസ്‍ലിമിനേക്കാള്‍ കര്‍ക്കശമായ ഇമാം ബുഖാരിയുടെ സമീപനം ആധികാരികതയിലെ മുന്‍തൂക്കം സ്വഹീഹ്‌ ബുഖാരിക്ക്‌ നല്‍കുന്നെങ്കില്‍ വിഷയാടിസ്ഥാനമായ ക്രമീകരണം സ്വഹീഹ്‌ മുസ്‍ലിമിനെ മികച്ചതാക്കുന്നു.

ഇരുവരുടെ സമകാലീയരിലും ശിഷ്യഗണങ്ങളിലും അക്കാലത്തും പില്‍കാലത്തും ഈ കിതാബുകള്‍ വ്യക്തമായ സ്വാധീനം ചെലുത്തിയുട്ടിണ്ട്‌. ശാഫിഈ ഫിഖ്‌ഹ്‌ പണ്ഡിതന്‍ ഇബ്‌നു ഖുസൈമയുടെ സ്വഹീഹ്‌ ഇബ്‌നു ഖുസൈമയും അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇബ്‌ന്‍ അല്‍ ജാറൂദിന്റെ കടഞ്ഞെടുത്ത എന്നര്‍ത്ഥം വരുന്ന അല്‍ മുന്‍തഖയും സമര്‍ഖന്ദ്‌കാരനായ അബൂ ഹഫ്‌സ്‌ ഉമര്‍ അല്‍ ബുജൈരിയുടെ അല്‍ ജാമിഅ്‌ അസ്വഹീഹും എല്ലാവരാലും സ്വീകാര്യമായതും നിയമാവലംബമായി ഉപയോഗിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയതുമായ ഈജിപ്ത് പണ്ഡിതനായ സഈദ്‌ ബ്‌ന്‌ അല്‍ സക്കായുടെ ചെറിയ സ്വഹീഹ്‌ ഗ്രന്ഥവും ഇതിന്‌ വ്യകാതമായ ഉദാഹരണമാണ്‌. പ്രശസ്‌ത ചരിത്രകാരനായ മുഹമ്മദ്‌ ജരീര്‍ അല്‍ ത്വബ്‍രി വലിയൊരു സ്വഹീഹ്‌ സംരംഭത്തിന്‌ മുതിര്‍ന്നെങ്കിലും അത്‌ പൂര്‍ത്തിയാക്കും മുമ്പ്‌ മരണമടഞ്ഞത് ഈ ഉദ്യമത്തിലെ വലിയൊരു നഷ്ടമായി മുസ്‍ലിം പണ്ഡിത സമൂഹം ഗണിക്കുന്നു. ഇബ്‌നു ഹിബ്ബാന്‌ അല്‍ ബുസ്‌തിയുടെ സ്വഹീഹാണ്‌ സ്വഹീഹ്‌ മൂവ്‌മെന്റിലെ അവസാന സംഭാവനയായി കരുതപ്പെടുന്നത്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter