ഇമാം തുര്‍മുദി (റ)

മുഹമ്മദ് ബിന്‍ ഈസാ ബിന്‍ സൂറത്ത് അത്തുര്‍മുദി എന്ന് ശരിയായ പേര്. അബൂ ഈസാ എന്ന് ഓമനപ്പേര്. ഹിജ്‌റ 210 ല്‍ ഉസ്ബകിസ്താനിലെ തുര്‍മുദില്‍ ജനിച്ചു. ചെറുപത്തില്‍തന്നെ ഹദീസ് വിജ്ഞാന ശാഖയില്‍ തല്‍പരനാവുകയും അതില്‍ പരിജ്ഞാനം നേടാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്തു. സ്വന്തം നാട്ടിലും പരിസരത്തുമായി അനവധി പണ്ഡിതന്മാര്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വിജ്ഞാന ദാഹം അവരില്‍ പരിമിതപ്പെടാന്‍ അനുവദിച്ചില്ല. അതുകൊണ്ടുതന്നെ, വിജ്ഞാനത്തിന്റെ വിളനിലങ്ങളായ വിശ്വപ്രസിദ്ധ കേന്ദ്രങ്ങള്‍ തേടി യാത്ര പുറപ്പെടാന്‍ അദ്ദേഹം തയ്യാറായി. ഖുറാസാന്‍, ഇറാഖ്, ഹിജാസ് എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ യാത്രാ കേന്ദ്രങ്ങള്‍. ഈ യാത്രയില്‍ അനവധി പണ്ഡിതന്മാരെ കണ്ടുമുട്ടുകയും അവരില്‍നിന്നും ഹദീസ് സ്വീകരിക്കുകയും ചെയ്തു. തന്റെ ജ്ഞാനപുഷ്ടിക്കുവേണ്ടി ആയിരത്തിലേറെ ഗുരുജനങ്ങളെ സമീപിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഖുതൈബ ബിന്‍ സഈദ്, ഇസ്ഹാഖ് ബിന്‍ റാഹവൈഹി, മുഹമ്മദ് ബിന്‍ അംറ് അല്‍ ബല്‍ഖി, മഹ്മൂദ് ബിന്‍ ഗൈലാന്‍, ഇസ്മാഈല്‍ ബിന്‍ മൂസാ അല്‍ ഫസാരി തുടങ്ങിയ ജ്ഞാനികളില്‍ നിന്നും അദ്ദേഹം ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അനവധി പ്രഗല്‍ഭര്‍ അദ്ദേഹത്തില്‍നിന്നും ഹദീസ് ഉദ്ധരിക്കുകയുണ്ടായി.

അബൂബക്ര്‍ അഹ്മദ് ബിന്‍ ഇസ്മാഈല്‍ സമര്‍ഖന്ദി, അബൂഹാമിദ് അഹ്മദ് ബിന്‍ അബ്ദില്ല മര്‍വസി, അഹ്മദ് ബിന്‍ യൂസുഫ് നസഫി, ഹൈസം ബിന്‍ കുലൈബ് അശ്ശാശി തുടങ്ങിയവര്‍ അതില്‍ ചിലരാണ്. ഇമാം ബുഖാരിയായിരുന്നു തുര്‍മുദിയുടെ ഏറ്റവും പ്രഗല്‍ഭനായ ഗുരുവര്യന്‍. ഹദീസ് വിജ്ഞാനത്തിന്റെ അഗാധ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തുര്‍മുദിയെ സഹായിച്ചത് അദ്ദേഹമാണ്. നാല്‍പതാം വയസ്സില്‍ ബുഖാരിയുടെ ശിഷ്യത്വം സ്വീകരിക്കുന്നതിനു മുമ്പുതന്നെ പക്വതയുള്ള പണ്ഡിതനായി മാറി തുര്‍മുദി. തന്റെ ജാമിഉത്തുര്‍മുദിയില്‍ ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത അനവധി ഹദീസുകള്‍ കാണാവുന്നതാണ്. അതേസമയം, ഒരു ശിഷ്യന്‍ എന്നതിലപ്പുറം ഒരു ഗുരു എന്ന നിലക്കാണ് ബുഖാരി തുര്‍മുദിയെ കണ്ടത്. കാരണം, തന്റെ പക്കലില്ലാത്ത രണ്ടു ഹദീസുകള്‍ അദ്ദേഹം തുര്‍മുദിയില്‍നിന്നാണ് സ്വീകരിച്ചിരുന്നത്. അസാധാരണമായ ഓര്‍മശക്തിയും ഗവേഷണ പാടവവുമായിരുന്നു ഇമാം തുര്‍മുദിക്ക്.

Also Read:ജാമിഉത്തുര്‍മുദി

തന്റെ അടുക്കലില്ലാത്ത ഹദീസുകള്‍ തേടിപ്പിടിക്കാനായി എന്തു ത്യാഗവും ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു. കൂടാതെ, ഭക്തി, ഭൗതിക പരിത്യാഗം, ആരാധന എന്നിവയിലും അദ്ദേഹം വളരെ മുമ്പിലായിരുന്നു. ജാമിഉത്തുര്‍മുദിയാണ് അദ്ദേഹത്തെ വിശ്വവിഖ്യാതനാക്കുന്ന അതിപ്രധാനമായ ഗ്രന്ഥം. ആറു സുപ്രസിദ്ധ ഹദീസ് ഗ്രന്ഥങ്ങളില്‍ ഒന്നാണിത്. ആദ്യം മസ്അലകള്‍ സൂചകമായ തലക്കെട്ട്, പിന്നെ, അതു സംബന്ധമായി വന്ന ഒന്നോ അതിലധികമോ ഹദീസുകള്‍, കര്‍മശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം, ഹദീസിന്റെ പ്രാമാണിക വിവരണം, നിവേദകരെ സംബന്ധിച്ച വിലയിരുത്തല്‍, ഹദീസിന്റെ വിത്യസ്ത പരമ്പര എന്നിങ്ങനെയാണ് ഇത് സ്വീകരിച്ചിട്ടുള്ള ക്രമീകരണ ശൈലി.

കര്‍മശാസ്ത്ര പ്രശ്‌നങ്ങളും ഹദീസുമായി ബന്ധപ്പെട്ട് അവശ്യം അറിഞ്ഞിരിക്കേണ്ട നിദാന ശാസ്ത്ര വിഷയങ്ങളും വളരെ പ്രസ്‌കതമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ജാമിഇനു പുറമെ വേറെയും അനവധി ഗ്രന്ഥങ്ങള്‍ വ്യത്യസ്ത വിഷയങ്ങളിലായി അദ്ദേഹത്തിന്റെതായിട്ടുണ്ട്. ശമാഇലുത്തുര്‍മുദി, അസ്മാഉ സ്വഹാബ, കിതാബുന്‍ ഫില്‍ ജര്‍ഹി വ ത്തഅ്ദീല്‍, കിതാബുന്‍ ഫി താരീഖ് എന്നിങ്ങനെ പോകുന്നു അതില്‍ സുപ്രധാന ഗ്രന്ഥങ്ങളുടെ പേരുകള്‍. ഹിജ്‌റ 279 റജബ് മാസം തുര്‍മുദില്‍വെച്ച് മരണപ്പെട്ടു. 70 വയസ്സുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter