പ്രധാനപ്പെട്ട ചില ഹദീസ് ഇനങ്ങള്‍

ഹദീസുകളെ വിവിധ ഇനങ്ങളാക്കി തരം തിരിച്ചിട്ടുണ്ട്. ഹദീസിന്റെ ബലാബലവും അതനുസരിച്ച് അതിന്റെ സ്വീകാര്യതയും നിര്‍ണ്ണയിക്കുക എന്നതായിരുന്നു സുപ്രധാനമായ ഈ വര്‍ഗ്ഗീകരണത്തിന്റെ പിന്നില്‍ പണ്ഡിതന്മാര്‍ക്കുണ്ടായിരുന്ന മഹത്തായ ലക്‌ഷ്യം. ഹദീസ് നിവേദനം ചെയ്യുന്ന റാവികളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയും, നിവേദനം ചെയ്യന്ന പരമ്പരയിലെ പരസ്പരബന്ധത്തെ അടിസ്ഥാനപ്പെടുത്തിയും, മറ്റുമൊക്കെയാണ് പണ്ഡിതന്മാര്‍ ഈ വര്‍ഗ്ഗീകരണം നടത്തിയിട്ടുള്ളത്.

എന്നാല്‍, ഹദീസിന്റെ സ്വീകാര്യതയെ സ്പര്‍ശിക്കുന്ന അതിപ്രധാനവും പ്രാഥമികവുമായ വര്‍ഗ്ഗീകരണം മാത്രമാണ് ഇവിടെ ചുരുക്കി വിവരിക്കുന്നത്.

അവ നാല് ഇനങ്ങളാണ്. 1. സ്വഹീഹ്, 2. ഹസന്‍, 3. ദഈഫ്, 4. മൌളൂഅ. അവയുടെ മാതൃകാ രൂപമാണ് താഴെ കൊടുത്തിട്ടുള്ളത്:

ഒന്നില്‍ ഒന്ന്: സ്വഹീഹുന്‍ ലി ദാതിഹി (صحيح لذاته) അഥവാ സ്വയം സ്വഹീഹായത്

സ്വഹീഹിന്റെ നിര്‍വ്വചനം:
فهو الحديث المسند الذي يتصل إسناده بنقل العدل الضابط عن العدل الضابط إلى منتهاه، ولا يكون شاذا، ولا معللا. (مقدمة ابن الصلاح)
(ന്യൂനതയോ മറ്റുള്ളവയില്‍ നിന്ന് വ്യത്യാസമോ ഇല്ലാതെ, നിവേദനം ചെയ്യുന്ന പരമ്പരയുടെ ആദ്യം മുതല്‍ അവസാനം വരെ തുടര്‍ച്ചയായി, ധര്‍മ്മനിഷ്ഠയും പൂര്‍ണ്ണകൃത്യതയുമുള്ള വ്യക്തി അതുപോലെത്തന്നെയുള്ള വ്യക്തിയില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ്.)

വിശദീകരണം:
ഈ നിര്‍വ്വചനത്തില്‍ അഞ്ചു നിബന്ധനകളാണ് പ്രസ്താവിച്ചിട്ടുള്ളത്‌. അവ ചെറിയ രീതിയില്‍ പരിശോദിക്കാം:

1. പരമ്പരയുടെ ആദ്യം മുതല്‍ അവസാനം വരെയുള്ള തുടര്‍ച്ച (اتصال السند). അതായത്, പരമ്പര മുറിഞ്ഞാല്‍ അത് സഹീഹിന്റെ പരിധിയില്‍ പെടില്ല. നിവേദനം ചെയ്യുന്ന ഒരു ശിഷ്യന്‍ തനിക്കു ഹദീസ് പറഞ്ഞു തന്ന ശൈഖിനെ മറികടന്നു അദ്ദേഹത്തിന്റെയും മുകളിലുള്ള ഷൈഖാണ് പറഞ്ഞു തന്നത് എന്ന് പറയാന്‍ പാടില്ല. പരമ്പരയുടെ കണ്ണി മുറിഞ്ഞാല്‍, മുറിഞ്ഞ കണ്ണിയുടെ എണ്ണവും തലമുറയും അനുസരിച്ച് പ്രസ്തുത ഹദീസ് അതാതു ഗണങ്ങളിലേക്ക് തരം താഴ്ത്തപ്പെടും. ഈ നിബന്ധനയനുസരിച്ച്, നിവേദനം ചെയ്യുന്ന ശിഷ്യനും ശൈഖും സമകാലികരാവുകയും വല്ലപ്പോഴും സന്ധിച്ചിട്ടുണ്ടായിരിക്കുകയും വേണം.

2. നിവേദനം ചെയ്യുന്ന വ്യക്തിയുടെ ധര്‍മ്മനിഷ്ഠ (عدالة). ധര്‍മ്മനിഷ്ഠ എന്നത് ഒരു പരിഭാഷ മാത്രമാണ്. അദ്ല്‍ എന്നാണു അറബിയില്‍ പ്രയോഗിക്കുന്നത്. അദ് ലാവാന്‍ ചില ഉപ-നിബന്ധനകള്‍ കൂടി ആവശ്യമുണ്ട്. സാക്ഷി പറയാന്‍ ആവശ്യമായ നിബന്ധനകള്‍ തന്നെയാണ് ഹദീസ് നിവേദനത്തിലും ഏറെക്കുറെ അദ് ലിന് പരിഗണിച്ചിട്ടുള്ളത്. സ്ത്രീയുടെയും അടിമയുടെയും നിവേദനം സ്വീകരിക്കപ്പെടും എന്ന് മാത്രം. അവ താഴെ പറയുന്നു:
1. ഇസലാം. അഥവാ അമുസ്‌ലിം നിവേദനം ചെയ്ത ഹദീസ് പരിഗണിക്കപ്പെടുകയില്ല
2. ബുദ്ധി: മാനസികരോഗിയുടെ നിവേദനവും പരിഗണിക്കപ്പെടുകയില്ല
3. പ്രായപൂര്‍ത്തി: നിവേദനം ചെയ്യുന്ന സമയത്ത് അദ്ദേഹം പ്രായപൂര്‍ത്തി ആയിരിക്കണം. തന്റെ ശൈഖില്‍ നിന്ന് ഹദീസ് സ്വീകരിക്കുന്ന സമയത്ത് പ്രായപൂര്‍ത്തി ആയിരിക്കണം എന്നില്ല. എങ്കിലും ആ സമയത്ത് വകതിരിവിന്റെ പ്രായമെങ്കിലും ആയിരിക്കണം.
4. സല്‍വൃത്തി (الخلوّ من الفسوق): ദുര്‍വൃത്തിയില്‍ നിന്ന് മുക്തനായിരിക്കണം റാവി. വന്‍ദോഷം ചെയ്യുകയോ ചെറുദോഷം ശീലമാക്കുകയോ എന്ന് ദുര്‍വൃത്തിയെ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്
5. ഉത്കൃഷ്ട സ്വഭാവം (الخلوّ من الأوصاف الخسيسة): തന്റെ നിലവാരത്തിനു ചേരാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത, സഭ്യതയുള്ള സ്വഭാമായിരിക്കണം. വഴിയരികില്‍ മൂത്രമൊഴിക്കുക, വഴിയിലൂടെ തിന്നു നടക്കുക തുടങ്ങിയവ അതിന്നു അപവാദമായ പ്രവൃത്തികളായി പണ്ഡിതന്മാര്‍ എണ്ണിയിട്ടുണ്ട്.

3. കൃത്യതയാര്‍ന്ന ഓര്‍മ്മശക്തി (الضبط): താന്‍ കേള്‍ക്കുന്നത് അപ്പടി ഹൃദയത്തില്‍ പതിയുകയും വേണ്ടപ്പോഴെല്ലാം അവ ഓര്‍ത്തെടുക്കാന്‍ കഴിയുകയും ചെയ്യുന്ന വ്യക്തിയായിരിക്കണം റാവി എന്നതാണ് ഇത് കൊണ്ട് വിവക്ഷിക്കുന്നത്. അതുപ്രകാരം, നിവേദനം ചെയ്യുന്നതില്‍ അശ്രദ്ധയോ, പിശകോ സംഭവിക്കുന്നവരും ഹൃദ്യസ്ഥമാക്കുന്നതില്‍ പ്രയാസമുള്ളവരും ഈ പരിധിയില്‍ പെടില്ല. ഈ കൃത്യതയും സൂക്ഷ്മതയും ഓര്‍മ്മയില്‍ എന്ന പോലെത്തന്നെ, എഴുതിവച്ച ഗ്രന്ഥങ്ങളിലും പാലിക്കണം. ഗ്രന്ഥത്തില്‍ നിന്നാണ് ഉദ്ധരിക്കുന്നത് എങ്കില്‍ നിരുത്തരവാദപരമായ ഇടപെടലുകളില്‍ നിന്നും ഗ്രന്ഥത്തെ സൂക്ഷിക്കേണ്ടതാണ്. എന്നാല്‍, കൃത്യതയുണ്ടായിരുന്ന കാലത്ത് പറഞ്ഞ ഹദീസുകള്‍ സഹീഹായി ഗണിക്കപ്പെടേണ്ടാതാണ്.

4. മറ്റുള്ളവയില്‍ നിന്ന് വ്യത്യാസപ്പെടാതിരിക്കല്‍ (الخلوّ من الشذوذ): സഹീഹിന്റെ മറ്റു നിബന്ധനകളെല്ലാം ഒത്തു ചേര്‍ന്ന വിശ്വാസയോഗ്യനായ ഒരു റാവി നിവേദനം ചെയ്ത ഹദീസ്, മറ്റു വിശ്വാസയോഗ്യരായ റാവികള്‍ നിവേദനം ചെയ്തതില്‍ നിന്ന് വിഭിന്നമാകുന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അവ്വിധം ഒറ്റപ്പെട്ട ഹദീസ് ‘ശാദ്ദ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. പക്ഷെ, മേല്‍പ്പറഞ്ഞ വൈരുദ്ധ്യങ്ങള്‍ വ്യാഖ്യാനിക്കാനും സമരസപ്പെടുത്താനും സാധിക്കാത്ത വിധമുള്ള വൈരുദ്ധ്യമായിരിക്കണം. അങ്ങനെയൊരു വ്യാഖ്യാന സാധ്യതയുണ്ടെങ്കില്‍ അപ്രാകാരം വ്യാഖാനിക്കുകയും രണ്ടു ഹദീസുകളും സഹീഹ് ആണെന്ന് വിധിക്കുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം, നാലാമത് പറഞ്ഞ ഈ നിബന്ധന, പല പ്രമുഖ പണ്ഡിതന്മാരും പരിഗണിച്ചിട്ടില്ല. മറിച്ചു, അത്തരം ഹദീസുകളും അവരുടെ അഭിപ്രായത്തില്‍ സഹീഹ് തന്നെയാണ്.

5. ന്യൂനതകളില്‍ നിന്ന് മുക്തമായിരിക്കല്‍ (الخلوّ من العلة): ഹദീസിന്റെ സ്വീകാര്യതയെ ബാധിക്കുന്ന ഒരു സൂക്ഷ്മ ഘടകമാണത്. അഗ്രഗണ്യരായ പണ്ഡിതന്മാര്‍ക്കാണത് മനസ്സിലാവുകയുള്ളൂ. ഇതിനു പല രൂപങ്ങളുണ്ട്. ഒന്ന് മാത്രം വിവരിക്കാം. ഒരു റാവി തന്റെ സമകാലികനായ ഒരു ശൈഖില്‍ നിന്ന് – നേരിട്ട് കേട്ടതാണോ അല്ലയോ എന്ന് വ്യക്തമാക്കാതെ – അദ്ദേഹത്തില്‍ ‘നിന്ന്; എന്ന് മാത്രം സൂചിപ്പിക്കുന്ന ‘അന്‍’ എന്ന പദം ഉപയോഗിച്ച് നിവേദനം ചെയ്യുക. യഥാര്‍തത്തില്‍ പ്രസ്തുത ശൈഖില്‍ നിന്ന് നേരിട്ട് കേട്ടിട്ടില്ല താനും. ഇത്തരം തെറ്റിദ്ധാരണക്ക് സാധ്യതയുള്ള പദപ്രയോഗങ്ങളുണ്ടെങ്കില്‍ അതിന്റെ നിചസ്ഥിതി മനസ്സിലാക്കാന്‍ ഖനമുള്ള പണ്ടിതന്മാര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. സ്വഹീഹാകണമെങ്കില്‍, ഇത്തരം സൂക്ഷ്മ സാധ്യതകളില്‍ നിന്ന് കൂടി ഹദീസ് മുക്തമായിരിക്കണം.


Also Read:ജാമിഉത്തുര്‍മുദി


മേല്‍പ്പറഞ്ഞ നിബന്ധനകളെല്ലാം ഒരു ഹദീസില്‍ ഒത്തുചേര്‍ന്നാല്‍ ആ ഹദീസിനെ സ്വഹീഹുന്‍ ലി ദാതിഹി (صحيح لذاته) അഥവാ സ്വയം സ്വഹീഹായത് എന്ന് വിളിക്കാവുന്നതാണ്.

സ്വഹീഹായ ഹദീസുകളുടെ വിവിധ പദവികള്‍:
മഹാനായ ഹാഫിദുല്‍ ഇറാഖി തന്റെ അല്ഫിയ്യയില്‍ പറയ്യുന്നത് കാണുക:
وأرفــــع الصحيـح مرويّـُهمــا ثم البخاري، فمسلمٍ، فمـا
شرطـَهما حوى، فشرط الجعفي فمسلمٍ، فشرط غيرٍ يكفـي
(സ്വഹീഹുകളില്‍ ഉന്നത സ്ഥാനം രണ്ടു പേരും (ബുഖാരിയും മുസ്‌ലിമും) നിവേദനം ചെയ്ത ഹദീസിനാണ്. പിന്നെ ബുഖാരി മാത്രം നിവേദനം ചെയ്തത്. പിന്നെ മുസ്‌ലിം മാത്രം നിവേദനം ചെയ്തത്. അതിനു ശേഷം അവര്‍ രണ്ടു പേരും നിവേദനം ചെയ്യാത്തതും അതോടൊപ്പം രണ്ടു പേരുടെയും നിബന്ധനകളൊത്തതുമായ ഹദീസ്. പിന്നെ ജുഅഫിയുടെ (ബുഖാരിയുടെ) മാത്രം നിബന്ധനയൊത്തത്. പിന്നെ മുസ്‌ലിമിന്റെ മാത്രം നിബന്ധനയൊത്തത്. അത് കഴിഞ്ഞാല്‍ മറ്റു മുഹദ്ദിസുകളുടെ അടുത്ത് സ്വഹീഹാവാന്‍ ആവശ്യമായ നിബന്ധനകള്‍ക്കനുസൃതമായത്/ അവര്‍ സ്വഹീഹാക്കിയത്).

ഒന്നില്‍ രണ്ട്: സ്വഹീഹുന്‍ ലി ഗൈരിഹി (صحيح لغيره) അഥവാ മറ്റു ഹദീസിനാല്‍ സ്വഹീഹായത്
യഥാര്‍ഥത്തില്‍ ഇത് താഴെ പറയുന്ന ഹസനുന്‍ ലി ദാതിഹി (حسن لذاته) തന്നെയാണ്. പക്ഷെ, മറ്റു വഴിയിലൂടെയും പ്രസ്തുത ഹദീസ് നിവേദനം ചെയ്യപ്പെട്ടിരിക്കണം. ഹദീസ് സ്വഹീഹാവാന്‍ ആവശ്യമായ അഞ്ചു നിബന്ധനകളില്‍ മൂന്നാമത്തെ നിബന്ധനയായ “കൃത്യതയാര്‍ന്ന ഓര്‍മ്മശക്തി” യില്‍, നിവേദനം ചെയ്യുന്ന റാവി പരിപൂര്‍ണ്ണനല്ല എന്ന ഒറ്റ കുറവ് കൊണ്ട് മാത്രമാണ് ഒരു ഹദീസ് ഹസനാകുന്നത്. ഈ ചെറിയ കുറവ്, മറ്റു വഴികളിലൂടെയും നിവേദനം ചെയ്യപ്പെടുമ്പോള്‍ പരിഹരിക്കപ്പെടുകയാണ്. ചുരുക്കത്തില്‍, ഹദീസ് സ്വഹീഹാണ്. സ്വന്തമായല്ല. മറിച്ച്, മറ്റു നിവേദനങ്ങളുടെ ബലത്തില്‍ ആണെന്ന് മാത്രം.

രണ്ടില്‍ ഒന്ന്: ഹസനുന്‍ ലി ദാതിഹി (حسن لذاته) അഥവാ, സ്വയം ഹസനായത്.

നിര്‍വ്വചനം:
ما اتصل سنده بنقل عدْل خفيف الضبط من غير شذوذ ولا علة
(ന്യൂനതയോ മറ്റുള്ളവയില്‍ നിന്ന് വ്യത്യാസമോ ഇല്ലാതെ, നിവേദനം ചെയ്യുന്ന പരമ്പരയുടെ ആദ്യം മുതല്‍ അവസാനം വരെ തുടര്‍ച്ചയായി, ധര്‍മ്മനിഷ്ഠയുള്ള, കൃത്യത കുറഞ്ഞ വ്യക്തി നിവേദനം ചെയ്ത ഹദീസ്)

മേല്‍ വിവരിച്ച പോലെ സ്വഹീഹിന്റെ നാല് നിബന്ധനകളും ഒത്തുചേര്‍ന്ന ഹദീസ് തന്നെയായിരിക്കും ഹസന്‍. പക്ഷെ, ഏതെങ്കിലും റാവി കൃത്യതയില്‍ പരിപൂര്‍ണ്ണനായിരിക്കില്ല. ഹദീസ് ഉദ്ധരിക്കുന്നതില്‍ ചെലപ്പോഴെല്ലാം അശ്രദ്ധയും പിഴവും സംഭവിക്കുന്ന ആളായിരിക്കാം.

രണ്ടില്‍ രണ്ട്: ഹസനുന്‍ ലി ഗൈരിഹി (حسن لغيره) അഥവാ മറ്റു ഹദീസിനാല്‍ ഹസനായത്

നേരത്തെ വിശദീകരിക്കപ്പെട്ട സ്വഹീഹുന്‍ ലി ഗൈരിഹി പോലെത്തന്നെയാണ് ഇതിന്റെയും രൂപം. ദഈഫായ റാവി നിവേദനം ചെയ്തതും അതോടൊപ്പം വേറെ ഒന്നോ അതിലധികമോ പരമ്പരയിലൂടെ നിവേദനം ചെയ്യപ്പെട്ട് ബലപ്പെടുകയും ചെയ്ത ഹദീസാണ് ഹസനുന്‍ ലി ഗൈരിഹി. രണ്ടു നിബന്ധനകള്‍ കൂടി ഇതിലേക്ക് കൂട്ടി വായിക്കേണ്ടതുണ്ട്. ഒന്ന്: പ്രസ്തുത റാവി ഹദീസില്‍ കള്ളം പറഞ്ഞതായോ ദുര്‍വൃത്തനായോ അറിയപ്പെടാതിരിക്കണം. രണ്ട്: ഹദീസിന്റെ മത്ന് ശാദ്ദാവാനും (മറ്റു വിശ്വാസയോഗ്യരായ റാവികളാല്‍ നിവേദനം ചെയ്യപ്പെട്ടതില്‍ നിന്ന് വ്യത്യാസപ്പെടുക) പാടില്ല. യഥാര്‍ത്ഥത്തില്‍ ഈ ഹദീസ് സ്വന്തമായി ദഈഫാണെങ്കിലും മറ്റു നിവേദനത്തിന്റെ ബലത്തില്‍ ഹസനിന്റെ ഗണത്തിലേക്ക് ഉയരുകയാണ് ചെയ്യുന്നത്.

മൂന്ന്: ദഈഫ്
നിര്‍വ്വചനം
كل حديث لم يجتمع فيه صفات الحديث الصحيح ولا صفات الحديث الحسن (مقدمة ابن الصلاح)
(സ്വഹീഹിന്റെയോ ഹസനിന്റെയോ നിബന്ധനകള്‍ക്കനുസൃതമല്ലാത്ത ഹദീസ് എന്നാണു ഇമാം ഇബ്നുസ്സ്വലാഹ് നിര്‍വ്വചിച്ചിട്ടുള്ളത്).
ദഈഫിനെയും പണ്ഡിതന്മാര്‍ പലതാക്കി തിരിച്ചിട്ടുണ്ട്. സ്വീകാര്യതയ്ക്കാവശ്യമായ നിബന്ധനകളില്‍ നിന്ന് ഒന്നാണ് കുറയുന്നതെങ്കില്‍ ഒരിനം. രണ്ടെണ്ണമാണ് കുറയുന്നതെങ്കില്‍ മറ്റൊരിനം. ഇങ്ങനെ തുടങ്ങി, ദഈഫിന്റെ മുന്നൂറ്റി എണ്‍പത്തി ഒന്ന് വിവിധ രൂപങ്ങള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ടത്രെ. മഹാനായ അബൂ ഹാതിം ഇബ്നു ഹിബാനുല്‍ ബുസ്തി (റ) അവയെ മുഴുവന്‍ നാല്പത്തി ഒമ്പതിലേക്ക് ഒതുക്കി  . മറ്റു ചിലര്‍ നാല്‍പ്പത്തി രണ്ടാണെന്ന് പറഞ്ഞു. എന്നാല്‍ ദഈഫിന്റെ ഈ വര്‍ഗ്ഗ ബാഹുല്യത്തില്‍ പല പ്രമുഖ പണ്ഡിതരും തൃപ്തരല്ല. ഇത്രയേറെ വിവിധ രൂപങ്ങള്‍ വിവരിച്ചിട്ടുണ്ടെങ്കിലും കൃത്യമായൊരു പേരൊന്നും ഈ രൂപങ്ങള്‍ക്ക്‌ അവര്‍ പറഞ്ഞിട്ടില്ല. ഇമാം ഇബ്നു ഹജ്ര്‍ (റ) നിരീക്ഷിക്കുന്നത് കാണുക: “إن ذلك تعب، وليس وراءه أرب” (അതെല്ലാം പ്രയോചനമില്ലാത്ത പ്രയാസപ്പെടല്‍ മാത്രമാകുന്നു)

ദഈഫിന്റെ പ്രാമാണികത
വിശ്വാസ-കര്‍മ്മ സംബന്ധമായ വിഷയങ്ങളില്‍ ദഈഫായ ഹദീസ് സ്വീകാര്യമല്ല. എന്നാല്‍ – തദ്‍സംബന്ധമായി വിശദീകരിച്ചിട്ടുള്ള നബന്ധനകള്‍ക്കനുസരിച്ച് – പുണ്യകര്മ്മങ്ങളുടെയും വ്യക്തികളുടെയുമെല്ലാം ശ്രേഷ്ടത വിവരിക്കുവാനായി ഉദ്ധരിക്കാവുന്നതുമാണ്.

നാല്: മൌദൂഅ്
തിരുനബി (സ്വ) യുടെ പേരില്‍ നിര്‍മ്മിച്ചുണ്ടാക്കപ്പെട്ട വ്യാജ ഹദീസിനാണ് മൌദൂഅ് എന്ന് പറയുന്നത്.
മൌദൂഇനെ ഹദീസിന്റെ ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നും ഒരു സ്വതന്ത്ര വര്‍ഗ്ഗമായി കാണണമെന്നും പറഞ്ഞ പണ്ഡിതന്മാരുണ്ട്. തിരുനബി (സ്വ) യിലേക്ക് ബന്ധപ്പെടുത്തി പറയുമ്പോള്‍, അത് മൌദൂആണെന്ന് എടുത്തു പറഞ്ഞു കൊണ്ടല്ലാതെ അതേക്കുറിച്ച് പറയാന്‍ പാടില്ല.
മൌദൂഇന്റെ നിര്‍മ്മാതാവ് തന്നെ ഏറ്റുപറയുക, അല്ലെങ്കില്‍ നിര്‍മ്മാതാവായ റാവിയും അയാളുടെ ശൈഖും തമ്മില്‍ കണ്ടുമുട്ടിയിട്ടില്ല എന്നത് പോലുള്ള സാഹചര്യത്തെളിവകളില്‍ നിന്ന് ബോധ്യപ്പെടുക തുടങ്ങിയ വഴികളിലൂടെയാണ്‌ വ്യാജ ഹദീസിന്റെ നിര്‍മ്മാണം സ്ഥിരീകരിക്കപ്പെടുന്നത്.  ഹാഫിദു ദ്ദഹബി (റ) പറഞ്ഞൊരു കഥയുണ്ട്:  മഹാനായ ഹാറൂന്‍ അല്‍ റഷീദ് (റ) ന്റെ സന്നിധിയില്‍ ഒരു നിരീശ്വര വാദിയെ പിടിക്കപ്പെട്ടു കൊണ്ട് വന്നു.  കൊല്ലപ്പെടുമെന്ന് കണ്ടപ്പോള്‍ ധാര്‍ഷ്ട്യത്തോടെ അയാള്‍ ചോദിച്ചു.  “ഞാന്‍ പടച്ചുണ്ടാക്കിയ ആയിരം ഹദീസുകള്‍ നിങ്ങള്‍ എന്ത് ചെയ്യും?” “ഓ അല്ലാഹുവിന്റെ ശത്രു, (ഹദീസിനെ) തലനാരിഴ കീറി സംശുദ്ധമാക്കിയെടുക്കാന്‍ അബു ഈസ്‌ഹാഖുല്‍ ഫസാരിയും (റ) അബ്ദുല്ലാഹി ബിനുല്‍ മുബാറകും (റ) ഇവിടെയുണ്ട് എന്ന കാര്യം നിനക്കറിയില്ലേ?” എന്ന് രാജാവ് തിരിച്ചു ചോദിച്ചു .  ഇബ്നു അബീ മര്‍യം എന്നയാളും വ്യാജ ഹദീസ് നിര്‍മ്മാണം സ്വയം സമ്മതിക്കുകയായിരുന്നു.   ജനങ്ങള്‍ ഖുര്‍ആനില്‍ നിന്ന് അകന്നു പോകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍, സൂറത്തുകളുടെ ശ്രേഷ്ടതകള്‍ പറയുന്ന ഹദീസ് ഇബ്നു അബ്ബാസില്‍ (റ) നിവേദനമായി നിര്‍മ്മിച്ചുണ്ടാക്കിയത്. എത്ര വലിയ നന്മക്കു വേണ്ടിയാണെങ്കിലും ശരി, വ്യാജ ഹദീസ് നിര്‍മ്മാണം അങ്ങേയറ്റം കുറ്റകരവും മുസ്‌ലിം ലോകത്ത് അസ്വീകര്യവുമാണ്.  ഇമാം സുയൂത്വി (റ) ക്കും മറ്റും  ഹദീസുകളെ മാത്രം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ തന്നെയുണ്ട്‌

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter