ഇമാം മുസ്ലിം (റ)
മുഹമ്മദ് ബിന്‍ ഹജ്ജാജ് ബിന്‍ മുസ്ലിം എന്ന് യഥാര്‍ത്ഥ പേര്. അബുല്‍ ഹുസൈന് എന്ന് ഓമനപ്പേര്. ഹിജ്റ വര്‍ഷം 204 ല്‍ നൈസാപൂരില്‍ ജനിച്ചു. വിഖ്യാത കര്‍മശാസ്ത്ര പണ്ഡിതന് ഇമാം ശാഫിഈ ഈജിപ്തില്‍ മരണപ്പെട്ട ദിവസമായിരുന്നു അത്. പിതാവ് ഹജ്ജാജ് ബിന്‍ മുസ്ലിം ഖുറൈശി ഗോത്രക്കാരനാണ്. വളരെ ചെറുപ്പത്തില്‍തന്നെ ഹദീസില്‍ തല്പരനാവുകയും ആ രംഗത്തേക്ക് തിരിയുകയും ചെയ്തു. സുപ്രസിദ്ധ ഹദീസ് പണ്ഡിതനായ അബൂ ബക്ര് ബിന്‍ അബീ ശൈബയില്നിന്ന് 1154 ഉം ഇമാം അബൂ ഖുസൈമയില്നിന്ന് 1181 ഉം മുഹമ്മദ് ബിന്‍ മുസ്നിയില്നിന്ന് 772 ഉം ഹദീസുകള്‍ ഹൃദിസ്ഥമാക്കി.
പതിനാല് വയസ്സായപ്പോഴേക്കും ഹദീസ് മേഖലയിലെ ഗവേഷണ പഠനങ്ങള്‍ ആരംഭിച്ചു. ശേഷം, പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച പഠന പര്യടനങ്ങള്‍ നടത്തുകയും ലക്ഷക്കണക്കിന് ഹദീസുകള്‍ സ്വായത്തമാക്കുകയും ചെയ്തു. ഹിജാസ്, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ വിജ്ഞാന കേന്ദ്രങ്ങള്‍ ചുറ്റി സഞ്ചരിച്ച അദ്ദേഹം അവിടങ്ങളിലെല്ലാം അനവധി ഗുരുവര്യന്മാരെ തേടിപ്പിടിക്കുകയും അവരില്‍നിന്നും വിവിധ വിഷയങ്ങളിലുള്ള ഹദീസുകള്‍ സ്വീകരിക്കുകയും ചെയ്തു. അഹ്മദ് ബിന്‍ യൂനുസ്, യഹ്യ ബ്നു യഹ്യ നൈസാബൂരി, അഹ്മദ് ബിന്‍ ഹമ്പല്‍, ഇസ്ഹാഖ് ബിന്‍ റാഹവൈഹി, മുഹമ്മദ് ബിന്‍ മഹ്റാന്, സഈദ് ബ്നു മന്‍സൂര്‍, ഉമര്‍ ബ്നു സവാദ്, ഹര്‍മലത് ബ്നു യഹ്യ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വിവിധ മേഖലകളിലുള്ള ഗുരുജനങ്ങളാണ്.
Also Read:കാലില്‍ തറക്കുന്ന മുള്ളുകള്‍ പോലും മഗ്ഫിറത്തിന് കാരണമാണ്
ഇമാം ബുഖാരിയായിരുന്നു തന്റെ ഏറ്റവും പ്രഗല്ഭനായ ഗുരുവര്യന്. ഹദീസ് ശേഖരണാര്‍ത്ഥം ബുഖാരി നൈസാബുരില്‍ വന്നപ്പോഴാണ് മുസ്ലിം അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചത്. അനവധി ഹദീസുകള്‍ പഠിക്കാനും സനദ് മനസ്സിലാക്കാനും ഈ ബന്ധം അദ്ദേഹത്തെ സഹായിച്ചു. ഉസ്താദിനെ പല നിലക്കും സ്വാധീനിച്ച അദ്ദേഹത്തിന്റെ ജീവിതം പിന്നീട് എല്ലാ അര്‍ത്ഥത്തിലും അതിനെ അനുധാവനം ചെയ്തുകൊണ്ടായിരുന്നു. ഇമാം തുര്മുദിയടക്കം അനവധി പ്രഗല്ഭരായ ശിഷ്യന്മാരും അദ്ദേഹത്തിനുണ്ടായിരുന്നു. സത്യസന്ധത, നീതിനിഷ്ഠ, സ്വഭാവശുദ്ധി എന്നീ ഗുണങ്ങള്‍ക്കു പുറമെ ഗവേഷണ തല്പരത, ദാര്‍ശനികൗന്നത്യം, ഓര്‍മശക്തി, നിപുണജ്ഞാനം, ചരിത്രപാടവം എന്നിവകൊണ്ട് അലങ്കരിക്കപ്പെട്ടതായിരുന്നു ഇമാം മുസ്ലിമിന്റെ ജീവിതം. ഹദീസ് നിദാന ശാസ്ത്രത്തില്‍ ഇമാം ബുഖാരിയില്‍ നിന്നും വ്യതിരിക്തമായ പുതിയൊരു കാഴ്ചപ്പാടു തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഇമാം ബുഖാരിയുടെ പല ദര്‍ശനങ്ങളെയും സ്വീകരിച്ചു കൊണ്ടാണ് അദ്ദേഹം ഇത് വികസിപ്പിച്ചിരുന്നത്.
രചനയിലും ക്രോഡീകരണത്തിലും ഗഹന ഭാവം വെച്ചുപുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ പതിനഞ്ചു വര്‍ഷത്തെ ഗദീസ് ഗവേഷണ പഠനങ്ങളുടെ ഫലമായിരുന്നു സ്വഹീഹ് മുസ്ലിം എന്ന വിശ്വവിഖ്യാത ഹദീസ് ഗ്രന്ഥം. ബുഖാരി കഴിഞ്ഞാല്‍ വിശ്വാസ്യതയിലും പ്രാബല്യത്തിലും തൊട്ടടുത്ത സ്ഥാനത്തു നില്ക്കുന്ന ഗ്രന്ഥമാണിത്. മൂന്നു ലക്ഷം ഹദീസുകളില്‍നിന്ന് കടഞ്ഞെടുത്ത നാലായിരം ഹദീസുകളുടെ അനര്‍ഘ സമാഹാരമാണിത്. പ്രസിദ്ധരായ ഹദീസ് പണ്ഡിതന്മാര് സൂക്ഷ്മ നിരീക്ഷണം നടത്തിയ സ്വഹീഹാണെന്നു ഉറപ്പുവരുത്തിയ ഹദീസുകള്‍ മാത്രമേ താന്‍ ഇതില്‍ ഉള്‍പെടുത്തിയിട്ടുള്ളൂവെന്നും ദാര്‍ശനിക വീക്ഷണത്തോടെയല്ലാതെ ഒന്നും ഇതില്‍ ചേര്ത്തിട്ടില്ലായെന്നും രചന പൂര്‍ത്തിയായ ശേഷം അദ്ദേഹംതന്നെ ഇതിനെക്കുറിച്ച് പറയുകയുണ്ടായി. സ്വഹീഹിനു പുറമെ വേറെയും ശ്രദ്ധേയമായ പല രചനകളും ഇമാം മുസ്ലിം നടത്തിയിട്ടുണ്ട്. ചരിത്രമായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തിരുന്ന മറ്റൊരു മേഖല. വിവിധ വിഷയങ്ങളിലായി ഇരപത്തിയഞ്ചോളം കൃതികള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്. അല്‍ മുസ്നദുല്‍ കബീര്‍, കിതാബുല്‍ അഖ്റാന്‍, ഔഹാമുല്‍ മുഹദ്ദിസീന്‍, കിതാബുല്‍ അഫ്റാദ്, കിതാബുല്‍ അസ്മാഅ് തുടങ്ങിയവ അതില്‍ ഏറെ പ്രാധ്യാന്യമര്‍ഹിക്കുന്നു. ഹിജ്റ വര്‍ഷം 261 റജബ് അഞ്ചിന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. നൈസാപൂരില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
Leave A Comment