അധ്യായം 6. സൂറത്തുല്‍ അന്‍ആം (Ayath 45-52) പാവങ്ങളെ ആട്ടിയകറ്റരുത്
അവിശ്വാസികളായ ജനവിഭാഗങ്ങളെ സത്യവിശ്വാസികളും, അല്ലാഹുവിനോടും മുര്സലുകളോടും വിധേയത്വമുള്ളവരും ആക്കാന്‍ വേണ്ടി അനുവര്ത്തിക്കപ്പെട്ടുവന്ന ദൈവിക രീതിയെക്കുറിച്ചാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. ജീവിത പരീക്ഷണങ്ങളില്‍ നിന്നു പാഠമുള്‍ക്കൊള്ളാന്‍ സന്നദ്ധരാകാതെ ധിക്കാരികളായിത്തന്നെ അവര്‍ ജീവിതം തുടരും. തത്സമയം ജീവിതസൗകര്യങ്ങള്‍ കൂടുതല്‍ നല്കി അല്ലാഹു പരീക്ഷണം തീവ്രമാക്കും. പെട്ടെന്നാണ് ദൈവിക ശിക്ഷ വരിക. ഒരു വിധ രക്ഷാമാര്‍ഗവും കാണാതെ അവര്‍ ഹതാശരാകും.
ആപത്തുകള്‍ നല്‍കിയുള്ള ആദ്യപരീക്ഷണ ഘട്ടത്തിലും, അനുഗ്രഹങ്ങള്‍ മുഖനേയുള്ള രണ്ടാം പരീക്ഷണ ഘട്ടത്തിലും അവര്‍ പാഠം പഠിച്ചിട്ടില്ല. അങ്ങനെയാണ് പെട്ടെന്ന് ശിക്ഷ വരുന്നത്. അപ്പോഴവര്‍ കണ്ണുതുറക്കും. പക്ഷേ, എന്ത് ഫലം? നിശ്ശേഷം ഭൂമുഖത്തു നിന്നവര്‍ ഉന്മൂലനം ചെയ്യപ്പെടുകതന്നെ ചെയ്തു. അതാണിനി പറയുന്നത്. ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ മക്കാമുശ്രിക്കുകളും മറ്റു -നിഷേധികളും ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.
فَقُطِعَ دَابِرُ الْقَوْمِ الَّذِينَ ظَلَمُوا ۚ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (45)
അങ്ങനെ അക്രമീ സമൂഹം പിഴുതെറിയപ്പെട്ടു. പ്രപഞ്ച സംരക്ഷകനായ അല്ലാഹുവിനു സ്തോത്രം.
ലോക ചരിത്രത്തില്‍ ഇതിനു ധാരാളം തെളിവുകളുണ്ട്.
രണ്ടുതരം പരീക്ഷണങ്ങളും ഗുണകരമായി ഉപയോഗപ്പെടുത്തുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. പ്രയാസം വരുമ്പോള്‍ പ്രതിഫലം കാംക്ഷിച്ച് ക്ഷമ കൈക്കൊള്ളണം. അനുഗ്രഹം ലഭിക്കുമ്പോള്‍, അഹങ്കരിക്കാതെ വിനയാന്വിതരും കൃതജ്ഞരുമാകണം.
രണ്ട് അവസ്ഥകളും ഗുണകരമാക്കി മാറ്റാന്‍ കഴിയുന്നവനാണ് സത്യവിശ്വാസി; അവനുമാത്രമേ അത് കഴിയൂ. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നത് നോക്കൂ:
عَجَبًا لأَمْرِ المُؤْمِنِ، إنَّ أمْرَهُ كُلَّهُ خَيْرٌ، وليسَ ذاكَ لأَحَدٍ إلَّا لِلْمُؤْمِنِ، إنْ أصابَتْهُ سَرَّاءُ شَكَرَ، فَكانَ خَيْرًا له، وإنْ أصابَتْهُ ضَرَّاءُ، صَبَرَ فَكانَ خَيْرًا له (مسلم، أحمد)
(സത്യവിശ്വാസിയുടെ കാര്യം ആശ്ചര്യം തന്നെ! എല്ലാ കാര്യവും അവന് ഗുണകരമായിത്തീരുന്നു. സത്യവിശ്വാസിക്കല്ലാതെ മറ്റാര്ക്കുമിത് സാധ്യമല്ല. സന്തോഷമാണെങ്കില്‍ നന്ദി കാണിക്കുന്നു; അതവനു ഗുണകരമാകുന്നു. വല്ല ദുരിതവുമാണെങ്കിലോ ക്ഷമിക്കുകയും ചെയ്യുന്നു. അതും അവന് ഗുണകരംതന്നെ!)
وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
അക്രമികള്‍ നശിപ്പിക്കപ്പെടുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കണമെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം എന്ന് വ്യഖ്യാതാക്കള്‍ പറയുന്നുണ്ട് (കശ്ശാഫ്).
അടുത്ത ആയത്തുകള്‍ 46, 47
ഏതൊക്കെ തരത്തിലുള്ള ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്താലും നിഷേധികള്ക്കു മനം മാറ്റമില്ല. അവര്‍ ചിന്തിക്കട്ടെയെന്ന് കരുതി, അല്ലാഹു അവരോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയാണിനി:
നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ചിന്തിക്കാനുള്ള ഹൃദയവും തന്നത് അല്ലാഹുവാണല്ലോ. ഇവ കൊണ്ടുള്ള ഉപയോഗം അവനങ്ങോട്ട് എടുത്തുകളഞ്ഞുവെന്ന് സങ്കല്പിക്കുക. എന്നാല്‍, അല്ലാഹുവല്ലാത്ത ഏത് ഇലാഹാണ് നിങ്ങള്‍ക്കതെല്ലാം കൊണ്ടുവന്നുതരിക? നിങ്ങളവന് പങ്കുകാരായി ആരാധിക്കുന്ന ഏതെങ്കിലും വസ്തുവിന് അതെല്ലാം മടക്കിത്തരാന്‍ കഴിയുമോ?
കഴിയില്ല എന്ന് നിങ്ങള്‍ക്ക് തന്നെയറിയാമല്ലോ. പിന്നെയെങ്ങനെയാണ്, പരമകാരുണികനും സര്‍വ്വശക്തനുമായ അവനോട് മറ്റു വസ്തുക്കളെ നിങ്ങള്‍ പങ്കുചേര്‍ക്കുന്നത്?
ഒരു ന്യായവുമില്ലാതെ ഈ മഹാപാപം ചെയ്യുന്ന നിങ്ങളപ്പോലെയുള്ള അക്രമികള്‍ പൊടുന്നനെയോ അല്ലാതെയോ ശിക്ഷിക്കപ്പെട്ടേക്കാമെന്ന് നിങ്ങളോര്‍ക്കണം. ശിക്ഷ വരുമ്പോള്‍ നിര്‍നിമേഷരായി കൈയും കെട്ടി നിന്ന് അത് ഏറ്റുവാങ്ങാനല്ലാതെ നിങ്ങള്ക്കെന്തിനു കഴിയും? വന്സ്രാവുകളായിരുന്ന ഫിര്‍ഔനും ഖാറൂനും ഹാമാനും നംറൂദുമൊക്കെ ഈ നിസ്സഹായ പ്രകടനമാണ് കാഴ്ച വെച്ചത്.
കമ്യൂണിസ്റ്റ് റഷ്യയില്‍ ഭൂകമ്പമുണ്ടായും ഇമ്പീരിയലിസ്റ്റ് അമേരിക്കയില്‍ കൊടുംകാറ്റും കാട്ടുതീയുമുണ്ടായും ജനലക്ഷങ്ങള്‍ മരിച്ചൊടുങ്ങിയപ്പോള് ആ നിഷേധികള്‍ക്ക് എന്ത് ചെയ്യാന്‍ കഴിഞ്ഞു? അതെല്ലാം ദൈവിക ശിക്ഷയായേക്കാം എന്നു മനസ്സിലാക്കാന്‍ പോലും അവര്‍ തയ്യാറല്ല.
قُلْ أَرَأَيْتُمْ إِنْ أَخَذَ اللَّهُ سَمْعَكُمْ وَأَبْصَارَكُمْ وَخَتَمَ عَلَىٰ قُلُوبِكُمْ مَنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُمْ بِهِ ۗ انْظُرْ كَيْفَ نُصَرِّفُ الْآيَاتِ ثُمَّ هُمْ يَصْدِفُونَ (46)
നബിയേ, ചോദിക്കുക: നിങ്ങളുടെ കേള്‍വിയും കാഴ്ചകളും അല്ലാഹു തിരിച്ചെടുക്കുകയും ഹൃദയങ്ങള്‍ക്കു മുദ്രവെക്കുകയും ചെയ്താല്‍ അവനല്ലാതെ, വേറെ ഏതൊരു ദൈവമാണ് അവ കൊണ്ടുവന്നു തരിക? നോക്കൂ, എങ്ങനെയൊക്കെയാണ് നാം ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിക്കുന്നത്? എന്നിട്ടും എങ്ങനെയെല്ലാമാണ് അവര്‍ വ്യതിചലിച്ചുകളയുന്നത്?
قُلْ أَرَأَيْتَكُمْ إِنْ أَتَاكُمْ عَذَابُ اللَّهِ بَغْتَةً أَوْ جَهْرَةً هَلْ يُهْلَكُ إِلَّا الْقَوْمُ الظَّالِمُونَ (47)
നബിയേ, ചോദിക്കുക: നിങ്ങളൊന്നു പറഞ്ഞു തരൂ, യാദൃച്ഛികമായോ പ്രത്യക്ഷത്തിലോ ദൈവിക ശിക്ഷ വന്നെത്തിയാല്‍ അക്രമികളായ ജനങ്ങള്‍ മാത്രമല്ലേ സംഹരിക്കപ്പെടുകയുള്ളൂ?
إِنْ أَتَاكُمْ عَذَابُ اللَّهِ بَغْتَةً أَوْ جَهْرَةً
ശിക്ഷകള്‍ യാദൃച്ഛികമായി വരിക എന്നതിന്റെ ഉദ്ദേശ്യം ജനങ്ങള്‍ നിദ്രയിലായിരിക്കെ വന്നുഭവിക്കുന്നത് എന്നും, പ്രത്യക്ഷത്തില്‍ വരിക എന്നതിന്റെ വിവക്ഷ പകല്‍ ഉണ്ടാകുന്നത് എന്നുമാണ്.
هَلْ يُهْلَكُ إِلَّا الْقَوْمُ الظَّالِمُونَ
ശിക്ഷയെന്ന നിലക്ക് അക്രമികള്‍ മാത്രമാണ് നശിപ്പിക്കപ്പെടുക. അതേസമയം, പൊതുവായ ശിക്ഷയാകുമ്പോള്‍ സത്യവിശ്വാസികളുമതില് ഉള്പട്ടെന്നു വരാം (സൂറത്തുല്‍ അന്‍ഫാല്‍ 25 നോക്കുക). പക്ഷേ, അവര്‍ക്കത് ശിക്ഷയായല്ല, അനുഗ്രഹമായായിരിക്കും ഭവിക്കുക. പരലോകത്ത് രക്തസാക്ഷികളുടെ പദവിയാണവര്ക്കുണ്ടാവുക.
അടുത്ത ആയത്തുകള്‍ 48, 49
പ്രവാചകന്മാരെ അല്ലാഹു നിയോഗിക്കുന്നത്, ജനങ്ങള്‍ക്ക് സ്വര്‍ഗത്തെക്കുറിച്ച് സന്തോഷവാര്‍ത്തയറിയിക്കാനും നരകത്തെക്കുറിച്ച് താക്കീത് നല്‍കാനുമാണ്. അല്ലാതെ, സത്യനിഷേധികളുന്നയിക്കുന്ന വിചിത്രമായ ആവശ്യങ്ങള്‍ക്കനുസരിച്ച് ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കാനല്ല.
ദൃഷ്ടാന്തങ്ങള്‍ നല്‍കുന്നത് അല്ലാഹുവാണ്. ഇഷ്ടമുള്ളത് അവനുദ്ദേശിക്കുമ്പോള്‍ കാണിച്ചുകൊടുക്കും. അത് പ്രവാചകന്മാരുടെ ഡ്യൂട്ടിയല്ല. അവരുടെ ഡ്യൂട്ടി ദൌത്യനിര്‍വഹണം മാത്രമാണ്.
പല ദൃഷ്ടാന്തങ്ങളും കണ്ടിട്ടും, അതൊന്നും അംഗീകരിക്കാതെ വേറെയും ദൃഷ്ടാന്തങ്ങളാവശ്യപ്പെടുകയാണവര്. മറുത്തൊന്നും പറയാതെ ആ പ്രവാചകന്മാരെ അനുധാവനം ചെയ്യുകയായിരുന്നു സത്യത്തിലവര്‍ ചെയ്യേണ്ടിയിരുന്നത്. എങ്കിലവര് സൗഭാഗ്യവാന്മാരും വിജയികളുമാകുമായിരുന്നു.
പ്രവാചകന്മാരെ അനുധാവനം ചെയ്ത് സത്യവിശ്വാസികളായി, നല്ല കാര്യങ്ങള്‍ ചെയ്ത് ജീവിക്കുന്നവര്‍ക്ക് ഇഹലോകത്തോ പരലോകത്തോ ഒരു പേടിയും വ്യസനവും ഉണ്ടാവുകയില്ല. അല്ലാത്തവര്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരും. ഗുരുതരവും വേദനാജനകവുമായ ശിക്ഷയാണവര്‍ക്കുണ്ടാവുക. ചിലര്‍ക്ക് ഐഹികലോകത്തുവെച്ചു തന്നെ; പരലോക ശിക്ഷയുടെ കാര്യം തീര്‍ച്ച. ഖുര്‍ആന്‍ പലേടത്തും പഠിപ്പിച്ചതാണത്.
وَمَا نُرْسِلُ الْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنْذِرِينَ ۖ فَمَنْ آمَنَ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (48)
ശുഭവാര്ത്താവാഹകരും താക്കീതു നല്‍കുന്നവരും മാത്രമായാണു നാം ദൂതന്മാരെ നിയോഗിക്കാറുള്ളത്. അതിനാല്‍ സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് ദുഃഖിക്കുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല.
وَالَّذِينَ كَذَّبُوا بِآيَاتِنَا يَمَسُّهُمُ الْعَذَابُ بِمَا كَانُوا يَفْسُقُونَ (49)
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കിയിരുന്നവരെ അവരുടെ ധിക്കാരം കാരണമായി ശിക്ഷ പിടികൂടുന്നതായിരിക്കും.
فَمَنْ آمَنَ وَأَصْلَحَ
ഈമാനും സല്‍കര്‍മവും - രണ്ടും വേണം. ഒന്നുമാത്രം പോരാ. സര്‍വ അമ്പിയാക്കളും പഠിപ്പിച്ചതാണത്.
സല്‍കര്‍മങ്ങള്‍ ഈമാനിന്റെ ബഹിര്‍സ്ഫുരണങ്ങളും ടാസ്കുകളുമാണ്. അത് പരമാവധി നന്നാക്കാനും വര്‍ധിപ്പിക്കാനും ശ്രമിക്കുക. അമലുകള്‍ക്ക് മനോഹാരിതയുടെ മേക്കപ്പിട്ട് കൊടുക്കുക. അതാണല്ലോ ഇഹ്സാന്‍. ഈമാന്‍-ഇസ്ലാഹ്-ഇഹ്സാന്‍, ഈ മൂന്നും സമം ചേരുമ്പോള്‍ കര്മങ്ങള്ക്കെന്തൊരു ഭംഗിയായിരിക്കും! സ്വീകാര്യതയും തദ്വാരാ സ്വര്ഗവുമല്ലാതെ മറ്റെന്ത് പ്രതിഫലമാണുണ്ടാവുക?!
അടുത്ത ആയത്ത് 50
അവിശ്വാസികളുടെ സ്ഥിരം പരിപാടിയാണ്, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്, പലതരം ദൃഷ്ടാന്തങ്ങളും കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയെന്നത്. ഇതേ സൂറയിലെ 37 ആം ആയത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ടുതന്നെയാണ് ഇനിയുള്ള 50 ആം വാക്യവും.
പല വിചിത്രാവശ്യങ്ങളും അവരുന്നയിച്ചിരുന്നു: മക്കയിലൂടെ നദിയൊഴുക്കുക, അരുവികളുള്ള ഈത്തപ്പന-മുന്തിരിത്തോട്ടങ്ങളുണ്ടാക്കുക, ആകാശത്തിന്റെ കഷ്ണങ്ങള്‍ പൊട്ടിച്ചു വീഴ്ത്തുക, അല്ലാഹുവിനെയും മലക്കുകളെയും സംഘടിതരായി ഹാജറാക്കുക, നബിക്ക് സ്വര്‍ണത്തിന്റെ കൊട്ടാരമുണ്ടാവുക, നേരെ ആകാശത്തേക്കു കയറിപ്പോയി അല്ലാഹു എഴുതിയ കത്ത് നബി ഹാജറാക്കുകയും അവരത് വായിച്ചു നോക്കി ഉറപ്പുവരുത്തുകയും ചെയ്യുക മുതലായവയായിരുന്നു ആവശ്യങ്ങ ള്‍! (സൂറത്തുല്‍ ഇസ്രാഅ് 90-93). ഈ പശ്ചാത്തലത്തിലാണ് 50 ആം സൂക്തമിറങ്ങിയത്.
വിശ്വാസമായിരുന്നില്ല അവരുടെ ലക്ഷ്യമെന്നും അഹങ്കാരവും ദൈവനിന്ദയുമാണവര് കൈമുതലാക്കിയിരുന്നതെന്നും ഈ ആവശ്യങ്ങളില്‍ നിന്നു വ്യക്തമാണല്ലോ.
മറ്റുള്ളവരെപ്പോലെ തിരുനബി صلى الله عليه وسلم ഭക്ഷണം കഴിക്കുന്നതും അങ്ങാടികളിലൂടെ നടക്കുന്നതും അവര്‍ വിചിത്രമായി കണ്ടിരുന്നു. (സൂറത്തുല്‍ ഫുര്‍ഖാന്‍ 7 നോക്കുക).
അല്ലാഹുവിന്റെ ദൂതനാകണമെങ്കില് അമാനുഷികമായ കഴിവുകളും അദൃശ്യജ്ഞാനവുമൊക്കെ വേണമെന്നാണവരുടെ ധാരണ. ഈ ധാരണ ശരിയല്ലെന്ന് അവരോട് പറഞ്ഞുകൊടുക്കാനാണ് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അല്ലാഹു കല്പിക്കുന്നത്.
ചുരുക്കം ഇതാണ്: ഞാന്‍ ദൈവമാണെന്നോ ഇലാഹാണെന്നോ, അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ കൈയിലാണെന്നോ ഒന്നും പറഞ്ഞിട്ടില്ലല്ലോ. അല്ലാഹുവിന്റെ കഴിവോ അറിവോ എനിക്കുണ്ടെന്നോ, മലക്കാണെന്നോ ഞാന്‍ വാദിക്കുന്നുമില്ല; ഞാനൊരു മനുഷ്യനാണ്. മനുഷ്യവംശത്തിന് ലഭിക്കാവുന്ന പ്രവാചകത്വമല്ലേ ഞാന്‍ വാദിക്കുന്നുള്ളൂ? അതിന് പര്യാപ്തമായ ധാരാളം തെളിവുകളും ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. നിഷേധിക്കാന്‍ പിന്നെന്ത് ന്യായം? മനുഷ്യനാണെന്നതുകൊണ്ടുതന്നെ ആഹാരം കഴിക്കുക, പുറത്തിറങ്ങി നടക്കുക, വിവാഹം ചെയ്യുക മുതലായ കാര്യങ്ങളുണ്ടാവാം. അതൊന്നും റസൂലാകുന്നതിന് തടസ്സമല്ല.
എനിക്ക് ലഭിക്കുന്ന സന്ദേശം പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. അതു ഞാന്‍ പ്രബോധനം ചെയ്യുകയും ചെയ്യുന്നു. അതപ്പടി പിന്‍പറ്റുകയല്ലാതെ – അതില്‍ വല്ല ഭേദഗതിയും വരുത്താന്‍ – എനിക്കു നിര്‍വാഹമില്ല; അതിനെന്നെ കിട്ടുകയുമില്ല.
ഇപ്പറഞ്ഞ യാഥാര്‍ഥ്യം അംഗീകരിച്ചവന് കാഴ്ചയുള്ളവനും അംഗീകരിക്കാത്തവന് അന്ധനുമാണ്. അവര്‍ തമ്മില്‍ ഒരിക്കലും സമമാവുകയേയില്ല. ഹൃദയത്തിന്റെ അന്ധതയും കാഴ്ചയുമാണ് ഉദ്ദേശ്യം.
قُلْ لَا أَقُولُ لَكُمْ عِنْدِي خَزَائِنُ اللَّهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ لَكُمْ إِنِّي مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ ۚ قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ (50)
നബിയേ, പ്രഖ്യാപിക്കുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ കൈയിലാണെന്നോ എനിക്ക് അദൃശ്യമറിയാമെന്നോ ഞാന്‍ ഒരു മലക്കാണെന്നോ നിങ്ങളോടു ഞാന്‍ അവകാശവാദമുന്നയിക്കുന്നില്ലല്ലോ. എനിക്കു നല്കപ്പെടുന്ന ദിവ്യസന്ദേശങ്ങള്‍ പിന്തുടരുക മാത്രമാണു ഞാന്‍ ചെയ്യുന്നത്. ചോദിക്കുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാവുമോ? നിങ്ങള്‍ ചിന്തിച്ചുനോക്കുന്നില്ലേ?
وَلَا أَعْلَمُ الْغَيْبَ
‘നീ റസൂലാണെങ്കില്‍ ഭാവികാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം നല്‍കണം; എന്നാല്‍ അതിലെ നേട്ടങ്ങള്‍ നേടിയെടുക്കാനും, ആപത്തുകളാണെങ്കില് അത് തടയാനുള്ള മുന്‍കരുതലുകളെടുക്കുകയും ചെയ്യാമല്ലോ’ – ഇത്തരമൊരു ആവശ്യവും അവരുന്നയിച്ചിരുന്നു. അതിനുള്ള മറുപടിയാണിത്- എനിക്ക് അദൃശ്യമറിയാമെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ.
وَلَا أَقُولُ لَكُمْ إِنِّي مَلَكٌ
റസൂലാണെങ്കില്‍ എന്തുകൊണ്ട് ഭക്ഷണം കഴിക്കുകയും അങ്ങാടിയില്‍ കൂടി നടക്കുകയും ചെയ്യുന്നു എന്ന സംശയത്തിന്റെ മറുപടിയാണിത് – ‘ഞാനൊരു മലക്കാണെന്ന് പറഞ്ഞിട്ടില്ലല്ലോ.’
قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ
സത്യവിശ്വാസം സ്വീകരിക്കാന്‍ സ്വയം സന്നദ്ധതയും താല്പര്യവും ഉള്ളവര്‍ പ്രവാചകന്മാരുടെ മാര്‍ഗദര്‍ശനം അംഗീകരിച്ച് ഈമാന്‍ സ്വീകരിക്കുന്നു; അല്ലാത്തവര്‍ നിഷേധത്തിന്റെ അന്ധകാരങ്ങളില്‍ തന്നെ ചടഞ്ഞുകൂടുകയും ചെയ്യുന്നു. ഈ അവസ്ഥക്കൊരു ഉദാഹരണം പറഞ്ഞതാണിത് - അന്ധനും കാഴ്ചയുള്ളവനും ഒരുപോലെയല്ല.
ഹൃദയത്തിന്റെ അന്ധതയും കാഴ്ചയുമാണ് ഉദ്ദേശ്യം. മനസ്സിന്റെ കണ്ണുകൊണ്ട് അല്ലാഹുവിന്റെ സൃഷ്ടിവൈഭവവും പ്രാപഞ്ചിക പ്രതിഭാസങ്ങളും വിലയിരുത്തി പാഠമുള്ക്കൊള്ളുന്ന ഒരാള്‍ക്ക് ദൈവസാന്നിധ്യവും അവന്റെ മാര്‍ഗദര്‍ശനത്തിന്റെ അനിവാര്യതയും തള്ളിക്കളയാനാകില്ലല്ലോ.
അടുത്ത ആയത്ത് 51
പരലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ ഹാജറാകേണ്ടിവരുമെന്ന പേടിയുള്ളവരെ, ഈ ഖുര്‍ആന്‍ വഴി താങ്കള്‍ താക്കീത് ചെയ്യുക എന്നാണിനി പറയുന്നത്. അന്ന് അവരെ സഹായിക്കാന്‍ ആര
وَأَنْذِرْ بِهِ الَّذِينَ يَخَافُونَ أَنْ يُحْشَرُوا إِلَىٰ رَبِّهِمْ ۙ لَيْسَ لَهُمْ مِنْ دُونِهِ وَلِيٌّ وَلَا شَفِيعٌ لَعَلَّهُمْ يَتَّقُونَ (51)
തങ്ങളുടെ നാഥങ്കലേക്ക് സമ്മേളിപ്പിക്കപ്പെടുന്നതിനെ പേടിക്കുന്നവര്‍ക്ക് ഈ ഖുര്‍ആന്‍ വഴി താങ്കള്‍ താക്കീതു നല്‍കുക. അവനല്ലാതെ യാതൊരു സംരക്ഷകനും ശുപാര്‍ശകനും അവര്‍ക്കു ണ്ടാവില്ല. അവര്‍ ദൈവഭയമുള്ളവരായേക്കാം.
لَيْسَ لَهُمْ مِنْ دُونِهِ وَلِيٌّ وَلَا شَفِيعٌ
അല്ലാഹുവിന്റെ അനുമതി കൂടാതെ ശുപാര്‍ശ ചെയ്യുന്നവരില്ല എന്നാണുദ്ദേശ്യം. സൂറത്തുല്‍ ബഖറ 255 ല്‍ ആയത്തുല്‍ കുര്സിയ്യിയില്: مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ (അല്ലാഹുവിന്റെ അനുവാദം കൂടാതെ അവന്റെയടുക്കല്‍ ശഫാഅത്ത് ചെയ്യുന്നവന് ആരാണ്?) എന്ന് ചോദിക്കുന്നുണ്ടല്ലോ.
അല്ലാഹുവിന്റെ അനുമതിയോടെ ശഫാഅത്ത് ചെയ്യുന്ന ധാരാളം പേരുണ്ട്. തിരുനബി صلى الله عليه وسلم മാത്രമല്ല, അമ്പിയാക്കളും സ്വാലിഹീങ്ങളും ശുഹദാക്കളും തുടങ്ങി ശഫാഅത്തിന് അനുമതി കിട്ടുന്ന നിരവധി പേരുണ്ട്.
അടുത്ത ആയത്ത് 52
ഭൗതിക താല്പര്യങ്ങളോ മറ്റെന്തെങ്കിലും ദുരുദ്ദേശ്യങ്ങളോ ഇല്ലാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചും അവങ്കല്‍ നിന്നുള്ള പ്രതിഫലം മാത്രം ഉദ്ദേശിച്ചും പാവങ്ങളായ ചില സ്വഹാബികള്‍ നബി(صلى الله عليه وسلم)യുടെ സദസ്സുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. ‘അത്തരക്കാരെ ആട്ടിവിടുകയാണെങ്കില് നിന്റെ സദസ്സില്‍ ഞങ്ങള്‍ വരാം, നിന്നെ അംഗീകരിക്കുകയും ചെയ്യാം’ എന്നു മുശ്രിക്കുകളുടെ നേതാക്കള്‍ പറഞ്ഞപ്പോഴാണ് ഈ സൂക്തമിറങ്ങിയത്. അന്നം കൊതിച്ചാണ് അവര്‍ പള്ളിയില്‍ വരുന്നത് എന്നായിരുന്നു മുശ്രിക്കുകളുടെ ആരോപണം. എന്നാല്‍ അല്ലാഹു അത് നിഷേധിച്ചിരിക്കുകയാണ് ഈ ആയത്തിലൂടെ.
അവരെ ആട്ടിയകറ്റരുതെന്നാണ് തിരുനബി صلى الله عليه وسلم യോട് അല്ലാഹു പറയുന്നത്. അത് അക്രമമാണ്. അവരെ വിചാരണ ചെയ്ത്, അവര്‍ ഇസ്ലാമിലേക്കുവന്ന ഉദ്ദേശ്യം എന്താണ്, ശത്രുക്കള്‍ പറയുംപോലെ വയറ്റിപ്പിഴപ്പാണോ മറ്റുവല്ല ഉദ്ദേശ്യവുമാണോ എന്നൊന്നും ആരായേണ്ട ബാധ്യത താങ്കള്‍ക്കില്ല. താങ്കളെ വിചാരണ ചെയ്യാനുള്ള ബാധ്യത അവര്‍ക്ക് (ആ സ്വഹാബികള്‍ക്ക്) ഇല്ലാത്തതുപോലെത്തന്നെ.
وَلَا تَطْرُدِ الَّذِينَ يَدْعُونَ رَبَّهُمْ بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ ۖ مَا عَلَيْكَ مِنْ حِسَابِهِمْ مِنْ شَيْءٍ وَمَا مِنْ حِسَابِكَ عَلَيْهِمْ مِنْ شَيْءٍ فَتَطْرُدَهُمْ فَتَكُونَ مِنَ الظَّالِمِينَ (52)
തങ്ങളുടെ റബ്ബിന്റെ സംതൃപ്തി ഉദ്ദേശിച്ചുകൊണ്ട് പ്രഭാത-പ്രദോഷങ്ങളില്‍ (എല്ലാ സമയത്തും) അവനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെ താങ്കള്‍ ആട്ടിയോടിക്കരുത്. അവരുടെ കണക്കുനോക്കേണ്ട ചുമതല താങ്കള്‍ക്കോ താങ്കളുടെ കണക്കുപരിശോധിക്കേണ്ട ബാധ്യത അവര്‍ക്കോ ഇല്ലല്ലോ; അതുണ്ടെങ്കിലല്ലേ ആട്ടിയോടിക്കേണ്ടതുള്ളൂ! അങ്ങനെ ചെയ്താല്‍ താങ്കള്‍ അക്രമികളില്‍ പെട്ടുപോകും.
ഈ ആയത്തിറങ്ങാനുണ്ടായ സംഭവം വിവിധ രൂപങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചില ഖുറൈശി പ്രമാണിമാര്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുത്തുവന്നു. അന്നേരമവിടെ സ്വുഹൈബ്, അമ്മാര്‍, ബിലാല്‍, ഖബ്ബാബ് (رَضِيَ اللهُ تَعَالَى عَنْهُم) തുടങ്ങിയ സാധുക്കളായ ഏതാനും സ്വഹാബികളുണ്ടായിരുന്നു. പ്രമാണിമാര്‍ പറഞ്ഞു: “മുഹമ്മദേ, ഈ പാവങ്ങളാണോ ന്നിന്നോടൊപ്പമുള്ളത്? ഇവര്‍ക്കാണോ നീ പറയുംപോലെ, ഈമാനെന്ന അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചിരിക്കുന്നത്? ഇവരുടെ കൂടെ ഞങ്ങളും കൂടണമെന്നോ? അത് നടക്കില്ല. ഇവരെ ആട്ടിവിടുക. എന്നാല്‍ ഞങ്ങള്‍ നിന്നെ അനുധാവനം ചെയ്യാം.”
ആദ്യം പറ്റെ ആട്ടിയോടിക്കണമെന്നാണവര് ആവ്യപ്പെട്ടത്, എന്നാലേ ഞങ്ങള്‍ വരൂ. പക്ഷേ, പറ്റില്ലെന്നു തീര്‍ത്തുപറഞ്ഞു തിരുനബി صلى الله عليه وسلم. എന്നാല്പിന്നെ ഊഴം നിശ്ചയിക്കാമെന്നായി അവര്‍. ഒരു സമയം അവര്‍ക്കും മറ്റൊരു സമയം ഞങ്ങള്‍ക്കും. ഞങ്ങള്‍ പോയശേഷം നിങ്ങള്‍ അവരുടെ കൂടെ ഇരുന്നോളൂ.
എല്ലാവരുടെയും ഇസ്ലാമാശ്ലേഷം അതീവമായി ആഗ്രഹിക്കുന്ന തിരുനബി صلى الله عليه وسلم ക്കും അതൊരു നല്ല അഭിപ്രായമായി തോന്നി; രണ്ടുകൂട്ടരെയും കിട്ടുമല്ലോ. ഉമറുബ്നുല്‍ ഖഥ്ഥാബ് رضي الله عنه വുമായി കൂടിയാലോചന നടത്തി. ഉമര്‍ رضي الله عنه വും യോജിച്ചു; അവരുടെ നിലപാട് എന്താണെന്നറിയാമല്ലോ.
അങ്ങനെ അതുസംബന്ധമായൊരു ധാരാണാപത്രം എഴുതണമെന്ന് ഖുറൈശി പ്രമാണിമാര്‍ ആവശ്യപ്പെട്ടു. എഴുതാന്‍ വേണ്ടി പേനയും മഷിയും കൊണ്ടുവന്നു. പക്ഷേ, എഴുതിത്തുടുങ്ങുംമുമ്പ് ഈ ആയത്ത് അവതരിച്ചു. അവിടന്ന് പിന്മാറുകയും ചെയ്തു.
പാവങ്ങളായ ഈ സ്വഹാബികളെ ആദരിക്കുകയാണ് അല്ലാഹു ചെയ്തത്. അവരോടൊപ്പം ക്ഷമിച്ചുകഴിഞ്ഞുകൂടാന് തിരുനബി صلى الله عليه وسلم യോട് കല്പിച്ചുകൊണ്ട് സൂറത്തുല്‍ കഹ്ഫ് 28 ആം ആയത്തും അവതരിച്ചു. ഈ കല്പനക്കു ശേഷം ശേഷം, തിരുനബി صلى الله عليه وسلم അവരോട് ചേര്‍ന്നിരുന്ന്, എല്ലാ വിധ പരിഗണനയും കൊടുത്ത് കൂടെത്തന്നെയിരിക്കുമായിരുന്നുവത്രേ. അവര്‍ പോയിട്ടേ തിരുനബി(صلى الله عليه وسلم) എഴുന്നേല്‍ക്കാറുണ്ടായിരുന്നുള്ളൂ. പക്ഷേ, സ്വഹാബികള്‍ ഇത് മനസ്സിലാക്കി, അവിടത്തേക്ക് ബുദ്ധിമുട്ടാകേണ്ട എന്ന് കരുതി നേരത്തെത്തന്നെ എഴുന്നേല്ക്കുമായിരുന്നു. ‘ക്ഷമിച്ച് കൂടെയിരിക്കണമെന്ന് എന്നോട് കല്പിക്കപ്പെടുംവിധം മഹത്ത്വമുള്ളവരെ എന്റെ ഉമ്മത്തിലുള്പ്പെടുത്തിയ അല്ലാഹുവിനാണ് സര്വസതുതിയും’ എന്ന് ഈ ആയത്തിറങ്ങിയപ്പോള്‍ തിരുനബി صلى الله عليه وسلم പറഞ്ഞുവത്രേ.
ഈ 52 ആം ആയത്തും നമ്മളും തമ്മിലുള്ള ബന്ധം ചിന്തിച്ചുനോക്കിയിട്ടുണ്ടോ? പാവങ്ങളുടെ സ്ഥാനം മനസ്സിലാക്കിത്തരുന്നതോടൊപ്പം, അവരുടെ ഉള്ളൊന്നും ചികയേണ്ട എന്ന് തിരുനബി صلى الله عليه وسلم യോട് പറയുന്നത് എത്രമാത്രം ശ്രദ്ധേയമാണ്!
ഇന്നിപ്പോള്‍ പലരുടെയും നിലപാട് എന്താണ്? മറ്റുള്ളവരെ വിചാരണ ചെയ്യുക, അവരുടെ കുറ്റവും കുറവും കണ്ടെത്തുക, സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അത് പ്രചരിപ്പിക്കുക... മറ്റുള്ളവരെ വിചാരണ ചെയ്യാന്‍ റബ്ബ് ആരെയും ഏല്പിച്ചിട്ടില്ല എന്നല്ലേ ഇവിടെ പറയുന്നത്. നമ്മള് ജാഗ്രത പാലിക്കുക. അല്ലാഹു സഹായിക്കട്ടെ-ആമീന്‍
-----------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment