അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 148-154)  'അല്ലാഹുവിനെ കാണിച്ചു തരണം'

കപടവിശ്വാസികളെ ആക്ഷേപിക്കുന്ന, അവരുടെ ഉള്ളുകള്ളികള്‍ തുറന്നുകാണിക്കുന്ന ചില ആയത്തുകളാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. ഇവിടെ സ്വാഭാവികമായും ഒരു സംശയം വന്നേക്കാം: ഒരാളുടെ അല്ലങ്കില്‍ ഒരു  സമൂഹത്തിന്‍റെ കുറ്റവും കുറവും ഇങ്ങനെ വിളിച്ചുപറയലും പരസ്യപ്പെടുത്തലും അല്ലാഹുവിന്‍റെ മഹത്വത്തിന് ചേരുന്നതാണോ? അതിന്‍റെ മറുപടിയാണിനി പറയുന്നത്.

 

ഇങ്ങനെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്നത്, പരസ്യമായി കുറ്റവും കുറവും പറഞ്ഞുനടക്കുന്നത് അല്ലാഹുവിന് ഇഷ്ടമല്ല. അങ്ങനെ ചെയ്യുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും.

അതേസമയം, ചില സാഹചര്യങ്ങളില്‍ അങ്ങനെ പരസ്യമായി പറയേണ്ടിവരും. ഉദാഹരണമായി, ഒരാള്‍ മറ്റൊരാളെ പരിഹസിച്ചു. അങ്ങനെ മാനഹാനിയോ ധനഷ്ടമോ മറ്റോ വരുത്തിവെക്കുകയോ മറ്റെന്തെങ്കിലും ദ്രോഹമേല്‍പ്പിക്കുകയോ ചെയ്താല്‍, ദ്രോഹിക്കപ്പെട്ടവന് കോടതിയെയോ മറ്റോ സമീപിച്ച് കേസ് പറയാം. അയാള്‍ ചെയ്ത ദ്രോഹം പരസ്യപ്പെടുത്തുകയും ചെയ്യാം. അതവന്‍റെ അവകാശമാണ്. പക്ഷേ, അവിടെയും ഉള്ളത് മാത്രമേ പറയാവൂ. അതായത്, മര്‍ദ്ദിതനായ ഒരാള്‍ക്ക് നിര്‍ബന്ധിതാവസ്ഥയില്‍ മര്‍ദ്ദകന്‍റെ ദൂഷ്യങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ തെറ്റില്ല എന്നര്‍ത്ഥം.

ഇതുപോലെയാണ് കപടവിശ്വാസികളുടെ അവസ്ഥയും. പലനിലക്കും സത്യവിശ്വാസികളെ ദ്രോഹിച്ചിരുന്നവരാണ് അവര്‍. അതുകൊണ്ടാണ് അല്ലാഹു അവരെക്കുറിച്ച് ആക്ഷേപിച്ചതും അവരുടെ രഹസ്യങ്ങള്‍ പരസ്യമാക്കിയതും.

ഇത് ഒരു പൊതുതത്വം കൂടിയാണ്. ആരെക്കുറിച്ചായാലും മോശം വാക്കുകള്‍ പറയുന്നതും ഉപയോഗിക്കുന്നതും എപ്പോഴും പാടില്ലാത്തതുതന്നെ; രഹസ്യമായിട്ടാലും പരസ്യമായിട്ടായാലും. പരസ്യമായിട്ടാകുമ്പോള്‍ കൂടുതല്‍ ഗൗരവതരമാകും. പല അനിഷ്ട സംഭവങ്ങളും ചെറിയൊരു വാക്കുമൂലം ഉണ്ടാകാറില്ലേ.

 

സര്‍വവിധ ചീത്തവാക്കുകളും മ്ലേച്ഛസംസാരങ്ങളും ഇതിലുള്‍പ്പെടും. ചീത്ത പറയുക, ഏഷണിയും പരദൂഷണവും പറയുക, അല്ലാഹുവിനെയും റസൂലിനെയും എതിര്‍ത്തുസംസാരിക്കുക, ആര്‍ക്കെങ്കിലുമെതിരെ പ്രാര്‍ത്ഥിക്കുക തുടങ്ങി എല്ലാം.

തൃപ്തികരമല്ലാത്ത വല്ലതും മനസ്സില്‍ തോന്നിയാല്‍പോലും അത് പുറത്ത് പറയാതിരിക്കുക, അഥവാ പറഞ്ഞുപോയാല്‍തന്നെ പരസ്യമാക്കുകയും ചെയ്യാതിരിക്കുക, ഇതാണ് വേണ്ടത്. ഇസ്‌ലാമിന്‍റെ അത്യുദാത്ത സംസ്‌കാരമാണിത് വിളംബരം ചെയ്യുന്നത്.

لَا يُحِبُّ اللَّهُ الْجَهْرَ بِالسُّوءِ مِنَ الْقَوْلِ إِلَّا مَنْ ظُلِمَ ۚ وَكَانَ اللَّهُ سَمِيعًا عَلِيمًا(148)

ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പടുകയില്ലഎന്നാല്‍ മര്‍ദിതന്‍ ഇതില്‍ നിന്നൊഴിവാണ്. എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ് അല്ലാഹു.

 

അടുത്ത ആയത്ത്146

 

ദ്രോഹിക്കപ്പെട്ടവരല്ലാത്തവര്‍ മോശമായ വാക്ക് പരസ്യമാക്കരുതെന്ന് പറഞ്ഞല്ലോ. ഇനി പറയുന്നത്, നല്ല വാക്കുകളും നല്ല കാര്യങ്ങളും, അത് പരസ്യമായി ചെയ്താലും രഹസ്യമായിചെയ്താലും, അല്ലാഹുവിന് ഇഷ്ടമാണ് എന്നാണ്. തിന്‍മക്കു പകരം തിന്‍മ ചെയ്യാതെ മാപ്പ് നല്‍കുന്നതും അവനേറെ ഇഷ്ടമുള്ള കാര്യമാണ്. അതിനൊക്കെ വലിയ പ്രതിഫലം നല്‍കുകയും ചെയ്യും.

 

അല്ലാഹു ധാരാളമായി മാപ്പുതരുന്നവനാണല്ലോ, വിട്ടുവീഴ്ച ചെയ്യുന്നവനുമാണ്. എന്തിനും കഴിവുളള സര്‍വ്വശക്തനാണവന്‍. എന്നിട്ടും നമുക്ക് മാപ്പ് ചെയ്തുതരികയാണ്. നമ്മളെക്കുറിച്ചുതന്നെ ആലാചിച്ചാല്‍ മതി. എത്ര തെറ്റുകളാണ് നമ്മളൊക്കെ ചെയ്തുകൂട്ടുന്നത്... എന്നിട്ടും നമ്മള്‍ക്ക് സാവകാശം തരുന്നില്ലേ... മനസ്സറിഞ്ഞ് തൌബ ചെയ്താല്‍ മാപ്പാക്കിത്തരുന്നില്ലേ...! എത്രമാത്രം ഉദാരനാണവന്‍!

 

 إِنْ تُبْدُوا خَيْرًا أَوْ تُخْفُوهُ أَوْ تَعْفُوا عَنْ سُوءٍ فَإِنَّ اللَّهَ كَانَ عَفُوًّا قَدِيرًا (149)

നിങ്ങള്‍ നന്മ വെളിപ്പെടുത്തുകയോ ഗോപ്യമാക്കുകയോ ദുഷ്പ്രവൃത്തി മാപ്പ് ചെയ്യുകയോ ആണെങ്കില്‍നിശ്ചയം അല്ലാഹു ഏറെ മാപ്പു ചെയ്യുന്നവനും സര്‍വശക്തനുമാകുന്നു.

 

മാപ്പുനല്‍കുന്നതും വിട്ടുവീഴ്ച ചെയ്യുന്നതും തോല്‍വിയോ അന്തസ്സുകുറവോ ആയി കരുതേണ്ടതില്ല. സത്യത്തില്‍ അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ പദവികള്‍ ഉയരുകയാണ് ചെയ്യുക. അതല്ലേ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങനെ പറഞ്ഞത്: ‘ദാനം ചെയ്തതുകാരണം സമ്പത്ത് ചുരുങ്ങിപ്പോകില്ല. മാപ്പ് നല്‍കിയാല്‍ അന്തസ്സല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയുമില്ല. അല്ലാഹുവിനുവേണ്ടി താഴ്മകാണിക്കുന്നവനെ അവന്‍ ഉയര്‍ത്തുന്നതാണ്.‘ (മുസ്‍ലിം).

അടുത്ത ആയത്തുകള്‍ 150,151

മുനാഫിഖുകളെക്കുറിച്ച് വിവരിച്ചശേഷം ജൂത-ക്രിസ്ത്യാനികളെപ്പറ്റി പ്രത്യേകമായും, സത്യനിഷേധികളെക്കുറിച്ച് പൊതുവായും പ്രതിപാദിക്കുകയാണ്.

 

ചില റസൂലുകളെ വിശ്വസിക്കുന്നു എന്ന് പറയും, ചിലരെ നിഷേധിക്കുകയും ചെയ്യും – ഇതാണ് വേദക്കാര്‍ ചെയ്യുന്നത്. ഇത് വിരോധാഭാസമല്ലേ?  എന്ത് നായമാണതിനുള്ളത്?

 

എല്ലാ പ്രവാചകരെയും അല്ലാഹു നിയോഗിച്ചയച്ചതാണ്. എല്ലാവരുടെയും ദൗത്യം ഒന്നാണുതാനും. പിന്നെ എങ്ങനെയാണ്, ചിലരെ മാത്രം വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നത്? ഇങ്ങനെ ചെയ്യുന്നവര്‍ സാക്ഷാല്‍ നഷേധികള്‍ തന്നെയാണ്.

അതുപോലെ, അല്ലാഹുവിനെയും മുര്‍സലുകളെയും നിഷേധിച്ചവരും അല്ലാഹുവില്‍ മാത്രം വിശ്വസിച്ച് മുര്‍സലുകളെ നിഷേധിച്ചവരും നിഷേധികള്‍ തന്നെയാണ്. എല്ലാവര്‍ക്കും ഹീനമായ ശിക്ഷയാണ് തയ്യാര്‍ ചെയ്തുവെച്ചിട്ടുള്ളത്.

 

إِنَّ الَّذِينَ يَكْفُرُونَ بِاللَّهِ وَرُسُلِهِ وَيُرِيدُونَ أَنْ يُفَرِّقُوا بَيْنَ اللَّهِ وَرُسُلِهِ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَنْ يَتَّخِذُوا بَيْنَ ذَٰلِكَ سَبِيلًا (150)

അല്ലാഹുവിനെയും അവന്‍റെ ദൂതന്മാരെയും നിഷേധിക്കുകയും അല്ലാഹുവിന്‍റെയും ദൂതന്മാരുടെയുമിടക്ക് വിവേചനമുണ്ടാക്കാനുദ്ദേശിക്കുകയും, ഞങ്ങള്‍ ചിലരെ വിശ്വസിക്കുകയും മറ്റുചിലരെ അവിശ്വസിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞ് വിശ്വാസത്തിനും അവിശ്വാസത്തിനുമിടക്കുള്ള ഒരു മാര്‍ഗമുണ്ടാക്കിത്തീര്‍ക്കാനാഗ്രഹിക്കുകയും ചെയ്യുന്നവരുണ്ടല്ലോ,

 

أُولَٰئِكَ هُمُ الْكَافِرُونَ حَقًّا ۚ وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُهِينًا (151)

 

അവരാണ് സാക്ഷാല്‍ നിഷേധികള്‍. നിഷേധികള്‍ക്ക് ഹീനമായ ശിക്ഷ നാം സജ്ജീകരിച്ചു വെച്ചിട്ടുണ്ട്!

 

യഹൂദികള്‍ ഈസാ നബി(عليه السلام)നെയും മുഹമ്മദ് നബി (صلى الله عليه وسلم) യെയും നിഷേധിച്ചു. ക്രിസ്ത്യാനികള്‍ മുഹമ്മദ് നബി (صلى الله عليه وسلم) യെ നിഷേധിച്ചു.

 

അടുത്ത ആയത്ത് 152

 

പിന്നെ ആരാണ് ശരിയായ സത്യവിശ്വാസികള്‍? അതാണിനി പറയുന്നത്.

 

അല്ലാഹുവിലും എല്ലാ മുര്‍സലുകളിലും വിശ്വസിക്കുന്നവരാണ് ശരിയായ സത്യവിശ്വാസികള്‍. അവര്‍ക്കതിന്ന് മതിയായ പ്രതിഫലം അല്ലാഹു നല്‍കുകയും ചെയ്യും. വിശ്വാസ വിഷയത്തില്‍ അവര്‍ക്കിടയില്‍ വ്യത്യാസം കല്‍പിക്കാന്‍ പാടില്ല.

وَالَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ وَلَمْ يُفَرِّقُوا بَيْنَ أَحَدٍ مِنْهُمْ أُولَٰئِكَ سَوْفَ يُؤْتِيهِمْ أُجُورَهُمْ ۗ وَكَانَ اللَّهُ غَفُورًا رَحِيمًا (152)

അല്ലാഹുവിലും അവന്‍റെ ദൂതരിലും വിശ്വസിക്കുകയും അവരിലൊരാള്‍ക്കിടയിലും വിവേചനം കല്‍പിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അഹിക്കുന്ന പ്രതിഫലം അവന്‍ നല്‍കുന്നതാണ്. ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ് അല്ലാഹു.

 

അടുത്ത ആയത്ത് 153

 

ഈ ആയത്തു മുതല്‍ ഏതാനും വചനങ്ങളും വേദക്കാരെക്കുറിച്ചാണ്. വിശേഷിച്ചും യഹൂദികളെക്കുറിച്ച്. അവരുടെ ഭാഗത്തു നിന്നുണ്ടായ ധിക്കാരപരമായ ഒരുചോദ്യമാണ് ആദ്യം പറയുന്നത്.

ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കണമെങ്കില്‍ ഒരു ഗ്രന്ഥം ആകാശത്തുനിന്ന് ഇറക്കിത്തരണം, നിങ്ങളെ വിശ്വസിക്കണമെന്ന് അതില്‍ കല്‍പിച്ചിരിക്കുകയും വേണം. അതായത്, മുമ്പ് മൂസാനബി (عليه السلام) ക്ക് ലഭിച്ചതുപോലെ, പലകകളില്‍ എഴുതിയ തൗറാത്ത് മുഴുവനും ഒറ്റപ്രാവശ്യമായി അല്ലാഹു ഇറക്കിക്കൊടുത്തത് പോലെ, ഒരു ഗ്രന്ഥം ഇറക്കിത്തരണം.

അല്‍പാല്‍പമായി അല്ലാഹു അവതരിപ്പിച്ച് കൊണ്ടിരുന്ന വിശുദ്ധ ഖുര്‍ആന്‍ സത്യമാണെന്ന് അറിയാത്തത് കൊണ്ടോ സദുദ്ദേശ്യത്തോടുകൂടിയോ അല്ല അവരങ്ങനെ ചോദിച്ചത്. തനിധിക്കാരവും നിഷേധവുംകൊണ്ടാണ്.

ഈ ആവശ്യം കേട്ടപ്പോള്‍ സ്വാഭാവികമായും തിരുനബി صلى الله عليه وسلمക്ക് വിഷമമായി. എന്തൊക്കെയാണിവരിപ്പറയുന്നത്?! അങ്ങ് ഇക്കാര്യത്തില്‍ അത്ഭുതപ്പെടുകയോ വ്യസനിക്കുകയോ വേണ്ട എന്നുപറഞ്ഞ് അല്ലാഹു തിരുനബി (صلى الله عليه وسلم)യെ സമാധാനിപ്പിക്കുകയാണ്.

ഇതിനേക്കാള്‍ ഗുരുതരമായ ധിക്കാരങ്ങള്‍ ഒരു ലജ്ജയുമില്ലാതെ ചെയ്തൂകൂട്ടിയ പാരമ്പര്യമുളളവരാണവര്‍. അതിന് ചില ഉദാഹരണങ്ങളും നിരത്തുന്നുണ്ട് അല്ലാഹു.

അല്ലാഹുവിനെ നേരിട്ടു കണ്ടാലേ വിശ്വസിക്കൂ എന്നവര്‍ ശഠിച്ചു. അപ്പോള്‍ അവരെ ഇടിത്തീ പിടികൂടി. അനേകം ദൃഷ്ടാന്തങ്ങള്‍ കണ്ടനുഭവിച്ചിട്ട്പിന്നെയും മൂസാ നബി (عليه السلام) തൗറാത്തുമായി വന്നപ്പോഴേക്കും പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചു. അതിനവരെ ശിക്ഷിച്ചു, പിന്നീട് മാപ്പ് ചെയ്തുകൊടുക്കുകയും ചെയ്തു. എത്രവലിയ ധിക്കാരമാണിതെല്ലാം!

 

يَسْأَلُكَ أَهْلُ الْكِتَابِ أَنْ تُنَزِّلَ عَلَيْهِمْ كِتَابًا مِنَ السَّمَاءِ ۚ فَقَدْ سَأَلُوا مُوسَىٰ أَكْبَرَ مِنْ ذَٰلِكَ فَقَالُوا أَرِنَا اللَّهَ جَهْرَةً فَأَخَذَتْهُمُ الصَّاعِقَةُ بِظُلْمِهِمْ ۚ ثُمَّ اتَّخَذُوا الْعِجْلَ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ فَعَفَوْنَا عَنْ ذَٰلِكَ ۚ وَآتَيْنَا مُوسَىٰ سُلْطَانًا مُبِينًا (153)

ആകാശത്തുനിന്നു തങ്ങള്‍ക്ക് ഒരു ഗ്രന്ഥമിറക്കിക്കൊടുക്കാന്‍ വേദക്കാര്‍ താങ്കളോടാവശ്യപ്പെടുകയാണ്! എന്നാല്‍ ഇതിനേക്കാള്‍ ഗുരുതരമായ കാര്യം മൂസാനബിയോടവര്‍ ചോദിച്ചിട്ടുണ്ട്. അല്ലാഹുവിനെ പരസ്യമായി ഞങ്ങള്‍ക്ക് കാണിച്ചുതരണം എന്നാണവര്‍ പറഞ്ഞത്. അങ്ങനെ തങ്ങളുടെ അക്രമം മൂലം അവരെ ഇടിത്തീ ബാധിച്ചു. ദൃഷ്ടാന്തങ്ങള്‍ കിട്ടിക്കഴിഞ്ഞിട്ടും പിന്നീടവര്‍ പശുക്കുട്ടിയെ ദൈവമാക്കുകയുണ്ടായി. എന്നിട്ട് നാമത് മാപ്പുചെയ്തു. നാം മൂസാനബിക്ക് വ്യക്തമായ ദൃഷ്ടാന്തം നല്‍കുകയും ചെയ്തു.  

അടുത്ത ആയത്ത് 154

യഹൂദികളുടെ ധിക്കാരങ്ങളെക്കുറിച്ച് പറയുന്നത് തുടരുകയാണ്.

 

നേരത്തെ പറഞ്ഞ  സംഭവങ്ങള്‍ക്കുശേഷവും അച്ചടക്കരാഹിത്യം പൂര്‍വാധികം ശക്തമായി തുടര്‍ന്നപ്പോള്‍, ഥൂര്‍ പര്‍വ്വതം തലക്കു മീതെ ഉയര്‍ത്തി അവരില്‍ നിന്ന് കരാറും ഉറപ്പും വാങ്ങിയത്, ബൈത്തുല്‍ മുഖദ്ദസിലേക്കു പ്രവേശിക്കുമ്പോള്‍ സുജൂദ് ചെയ്തുകൊണ്ട് പ്രവേശിക്കണമെന്ന കല്‍പന നിരസിച്ചത്, ശനിയാഴ്ച മത്സ്യം പിടിക്കരുതെന്ന കല്‍പന ലംഘിച്ചത്, തൗറാത്ത് അനുസരിച്ചു കൊള്ളാമെന്ന പ്രതിജ്ഞ ലംഘിച്ചത്... ഇങ്ങനെ ധിക്കാരത്തിന്‍റെയും നന്ദികേടിന്‍റെയും പരമ്പരകള്‍ തന്നെയായിരുന്നു അവര്‍ നടത്തിയത്. ഇതൊന്നും  അവര്‍ക്ക് നിഷേധിക്കാനാകില്ല.

 

وَرَفَعْنَا فَوْقَهُمُ الطُّورَ بِمِيثَاقِهِمْ وَقُلْنَا لَهُمُ ادْخُلُوا الْبَابَ سُجَّدًا وَقُلْنَا لَهُمْ لَا تَعْدُوا فِي السَّبْتِ وَأَخَذْنَا مِنْهُمْ مِيثَاقًا غَلِيظًا (154)

 

കരാര്‍ ലംഘിച്ചതുമൂലം ഥൂര്‍ പര്‍വതം അവര്‍ക്കുമീതെ ഉയര്‍ത്തിപ്പിടിക്കുകയുമുണ്ടായിനിങ്ങള്‍ നമ്രഃശിരസ്‌കരായി ഖുദ്‌സിന്റെ നഗരകവാടം കടക്കുക എന്നും ശനിയാഴ്ച അതിക്രമം കാട്ടരുത് എന്നും അവരോട് നാം കല്‍പിച്ചു. അവരില്‍ നിന്നു ബലിഷ്ഠമായ കരാര്‍ നാം വാങ്ങിയിരുന്നു.

 

ഈ വിഷയങ്ങളെല്ലാം സൂറത്തുല്‍ ബഖറയില്‍ മുമ്പ് നമ്മള്‍ പഠിച്ചിട്ടുണ്ട്.

 

പശുക്കുട്ടിയെ ഇലാഹാക്കിയ കാര്യം സൂറത്തുല്‍ ബഖറ 51-52 ലുണ്ട്.

 

وَإِذْ وَاعَدْنَا مُوسَى أَرْبَعِينَ لَيْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِنْ بَعْدِهِ وَأَنْتُمْ ظَالِمُونَ (51)  

ثُمَّ عَفَوْنَا عَنْكُمْ مِنْ بَعْدِ ذَلِكَ لَعَلَّكُمْ تَشْكُرُونَ (52)

 

മൂസാനബി(عليه السلام)യും സംഘവും ചെങ്കടല്‍ കടന്ന് രക്ഷപ്പെട്ട് സീനാപര്‍വതത്തിനടുത്തുള്ള മരുഭൂമിയില്‍ എത്തി. അവിടെ താല്‍ക്കാലികമായി താമസമുറപ്പിച്ചു.

 

ഇനി വേദഗ്രന്ഥമായി തൗറാത്ത് കൊടുക്കാനൊരുങ്ങുകയാണ്. അതിന് മുന്നോടിയായി സീനാപര്‍വതത്തില്‍ പോയി നാല്‍പത് ദിവസം ധ്യാനത്തിലിരിക്കാന്‍ മൂസാനബി(عليه السلام)നോട് അല്ലാഹു നിര്‍ദ്ദേശിച്ചു. വേദം ഗ്രന്ഥം നല്കാനൊരുങ്ങുക എന്നത് വലിയൊരു അനുഗ്രഹമേല്ല. അതിനാണീ ഒരുക്കം.

അങ്ങനെ, ഇസ്‌റാഈല്യരുടെ നേതൃത്വം സഹോദരന്‍ ഹാറൂന്‍ നബി (عليه السلام)യെ ഏല്‍പിച്ച്, മൂസാ (عليه السلام) സീനായിലേക്ക് പോയി.

മൂസാ നബി (عليه السلام) സ്ഥലം വിട്ട ശേഷം സാമിരീ എന്നു പേരുള്ളൊരാള്‍ രംഗത്തുവന്നു. അവന്‍റെ നേതൃത്വത്തില്‍ ഇസ്‌റാഈല്യര്‍ സ്വര്‍ണപശുക്കുട്ടിയെ ഉണ്ടാക്കി. ആളുകളുടെ ആഭരണങ്ങള്‍ വാങ്ങി ഉരുക്കി പശുക്കുട്ടി ഉണ്ടാക്കിയിട്ട്, 'ഇത് മൂസാനബിയുടെയും നിങ്ങളുടെയും ഇലാഹാണ്' എന്ന് പറയുകയും ചെയ്തു. ജനങ്ങള്‍ ആരാധിക്കാനും തുടങ്ങി.

പശുക്കളെ ആരാധിക്കുന്ന സമ്പ്രദായം പണ്ടേ ഈജിപ്‌തിലുണ്ടായിരുന്നല്ലോ, അവരുമായി ഇടപഴകിക്കഴിഞ്ഞവരുമായിരുന്നല്ലോ ഇവര്‍. അങ്ങനെയാണ് സാമിരി പശുക്കുട്ടിക്ക്‌ രൂപം നല്‍കിയത്‌.

നീണ്ട ഈജിപ്ത് വാസക്കാലം അവരുടെ ജീവിതരീതിയിലും സംസ്കാരത്തിലും കാതലായ മാറ്റം വരുത്തിയിരുന്നു. പ്രവാചകന്മാരുടെ നിര്‍ദ്ദേശങ്ങളൊക്കെ മറന്നു. ഫിര്‍ഔന്‍റെ ആളുകളുമായുള്ള നിരന്തര സമ്പര്‍ക്കം കാരണം ബിംബങ്ങള്‍ പൊതുവെ അവര്‍ക്കാകൃഷ്ടമായിത്തുടങ്ങിയിരുന്നു.

ഏതായാലും, പശുക്കുട്ടിയെ ഉണ്ടാക്കി, മൂസാ (عليه السلام) അന്വേഷിച്ചു പോയ ദൈവമാണിതെന്ന്‌ സാമിരിയും കൂട്ടരും ആളുകളെ ധരിപ്പിച്ചു.

ഹാറൂന്‍ (عليه السلام) മാക്സിമം പറഞ്ഞു നോക്കിയെങ്കിലും ആരും ചെവിക്കൊണ്ടില്ല.

നിശ്ചിത ദിവസങ്ങള്‍ കഴിഞ്ഞ് മൂസാ (عليه السلام) തൗറാത്തും കൊണ്ടുവന്നപ്പോള്‍ കണ്ട കാഴ്ച! മഹാനവര്‍കള്‍ക്കുണ്ടായ സങ്കടവും ദേഷ്യവും എത്രയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

ഇത്രയും കടുത്ത അപരാധം ചെയ്തിട്ടുപോലും പിന്നീട് അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കുകയുണ്ടായി. അവര്‍ നന്ദിയുള്ളവരായി മാറട്ടെ, അങ്ങനെ, സന്മാര്‍ഗപ്രാപ്തരാകട്ടെ എന്നുദ്ദേശിച്ചാണ് അല്ലാഹു മാപ്പ് നല്‍കിയത്.

അല്ലാഹുവിനെ കാണണം എന്ന് പറഞ്ഞ കാര്യം സൂറത്തുല്‍ ബഖറ 55-56 ല്‍‍ കാണാം.  

وَإِذْ قُلْتُمْ يَا مُوسَى لَنْ نُؤْمِنَ لَكَ حَتَّى نَرَى اللَّهَ جَهْرَةً فَأَخَذَتْكُمُ الصَّاعِقَةُ وَأَنْتُمْ تَنْظُرُونَ (55)

ثُمَّ بَعَثْنَاكُمْ مِنْ بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ (56)

സംഭവം ഇങ്ങനെയാണ്. ഇമാം ഥബ്‌രി(رحمه الله) എഴുതുന്നു: പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ച മഹാപാതകത്തില്‍ നിന്ന് അവര്‍ പശ്ചാത്തപിച്ച് മടങ്ങിയപ്പോള്‍ അല്ലാഹു മൂസാ നബി(عليه السلام)നോട് കല്‍പിച്ചു: നിങ്ങള്‍ 70 യോഗ്യന്മാരെ തെരഞ്ഞെടുക്കണം. പശുവിനെ ആരാധിച്ചവര്‍ക്കുവേണ്ടി അവര്‍ കുറ്റം സമ്മതിക്കുകയും പശ്ചാത്താപമര്‍ഥിക്കുകയും ചെയ്യണം. മൂസാ നബി عليه السلام അങ്ങനെ ചെയ്തു. അവരില്‍ നിന്ന് എഴുപതു പേരെ തെരഞ്ഞെടുത്ത് നോമ്പനുഷ്ഠിക്കാനും ശുദ്ധീകരിക്കാനും വസ്ത്രങ്ങള്‍ വൃത്തിയാക്കാനും കല്‍പിച്ചു. അവരങ്ങനെ ചെയ്യുകയും ചെയ്തു.

 

ശേഷം അവരെയും കൂട്ടി മൂസാ നബി عليه السلام സീനാ പര്‍വതത്തിലെത്തി. അവിടെ വെച്ച് മൂസാനബി عليه السلام യോടുള്ള അല്ലാഹുവിന്‍റെ സംസാരം കഴിഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു: 'മൂസാ നബിയേ, അല്ലാഹുവിന്‍റെ സംസാരം ഞങ്ങള്‍ക്കും കേള്‍ക്കുമാറാകുന്നതിന് ഒന്നപേക്ഷിക്കുക.'

 

മൂസാ നബി(عليه السلام) അങ്ങനെ ചെയ്തു. പര്‍വതത്തെയും അവരെയാകെയും ഒരു മേഘം മൂടിക്കളഞ്ഞു. അവര്‍ സുജൂദില്‍ വീണു. അങ്ങനെയവര്‍ അല്ലാഹുവിന്‍റെ സംസാരം കേള്‍ക്കുകയുണ്ടായി. ആ മേഘം നീങ്ങിയപ്പോള്‍ അവര്‍ പറഞ്ഞത്രേ: ഓ മൂസാ, അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നതുവരെ നിന്നെ ഞങ്ങള്‍ വിശ്വസിക്കുകയില്ല! (തഫ്‌സീര്‍ ഥബ്‌രി, വാല്യം 1, പേജ് 291; തഫ്‌സീര്‍ ഇബ്‌നു കസീര്‍ 1:93,94). മുഴുത്ത ധിക്കാരമല്ലാതെ മറ്റെന്താണിത്!

 

അല്ലാഹുവിനെ കാണുക എന്നത് അസാധ്യമാണെന്നറിയിച്ചിട്ടും അതിന് ശാഠ്യം പിടിക്കുന്നുവെങ്കില്‍, പിന്നെയുള്ള പ്രതിവിധി അവനെ കാണാനായി നോക്കിനില്‍ക്കവെ അവര്‍ പെട്ടെന്ന് മരിക്കുക എന്നതായിരുന്നു. അങ്ങനെ അവര്‍ നോക്കിനില്‍ക്കവെ ഘോരമായ ഇടി വെട്ടുകയും അവര്‍ മരണപ്പെട്ടുപോവുകയും ചെയ്തു.

 

മൂസാ നബി(عليه السلام) അല്ലാഹുവോട് ഇങ്ങനെ പ്രാര്‍ഥിച്ചു: 'എന്‍റെ നാഥാ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഇതിനു മുമ്പുതന്നെ അവരെയും എന്നെത്തന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നല്ലോ. ഞാന്‍ തെരഞ്ഞെടുത്തു കൊണ്ടുവന്നവരെല്ലാം മരിച്ച് അങ്ങോട്ടു ചെന്നാല്‍ ഇസ്രാഈലുകാരോട് ഞാനെന്തു പറയും? അവരെന്നെ വിശ്വസിക്കുമോ?'

 

അല്ലാഹു മരിച്ചവരെ ജീവിപ്പിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കി ഇനിയെങ്കിലും നന്ദിയുള്ളവരായിരാകാന്‍ വേണ്ടിയാണ് അവരെ ഉയര്‍ത്തെഴുന്നേല്‍പിച്ചത്.

 

പര്‍വതം ഉയര്‍ത്തിയ സംഭവം സൂറത്തുല്‍ ബഖറ 63 ലുണ്ട്.

 

وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطُّورَ خُذُوا مَا آتَيْنَاكُمْ بِقُوَّةٍ وَاذْكُرُوا مَا فِيهِ لَعَلَّكُمْ تَتَّقُونَ (63)

ثُمَّ تَوَلَّيْتُمْ مِنْ بَعْدِ ذَلِكَ فَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَكُنْتُمْ مِنَ الْخَاسِرِينَ (64)

 

സഭവം ഇങ്ങനെയാണ്: ഇസ്‌റാഈല്യര്‍ അല്ലാഹുവിലും മൂസാ നബി (عليه السلام) യിലും വിശ്വസിച്ചവരാണല്ലോ. അതുകൊണ്ടുതന്നെ തൗറാത്തിലെ വിധിവിലക്കുകള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥരുമാണ്. പക്ഷേ, അവരതിന് തയ്യാറായില്ല. തൗറാത്ത് പരിഗണിക്കാതെയായി. അപ്പോള്‍ അല്ലാഹു കാണിച്ചുകൊടുത്ത ഒരു അത്ഭുത ദൃഷ്ടാന്തമാണ് മല അവരുടെ മേലെ ഉയര്‍ത്തിനിര്‍ത്തിയത്. മല അവര്‍ക്കു മീതെ ഒരു കുട പോലെ നിന്നുവത്രേ.

 

ബൈബിളില്‍ ഇങ്ങനെ കാണാം: ജനം അത് കണ്ടപ്പോള്‍ വിറച്ചുകൊണ്ട് ദൂരത്തുനിന്നു. അവര്‍ മോശെയോട്: നീ ഞങ്ങളോട് സംസാരിക്കൂ; ഞങ്ങള്‍ കേട്ടുകൊള്ളാം (പുറപ്പാട് 20:18).

 

പര്‍വതം തലക്കുമീതെ വീണേക്കുമോ എന്നവവര്‍ പേടിച്ചു. തത്സമയം, തൗറാത്ത് മുറുകെ പിടിക്കണമെന്നും അതിലെ വിധിവിലക്കുകള്‍ ശരിക്ക് പാലിക്കണമെന്നും അല്ലാഹു കല്‍പിച്ചു. അങ്ങിനെ ചെയ്തുകൊള്ളാമെന്ന് അവര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

 

പക്ഷേ, എന്തു കാര്യം?! പിന്നെയും അവര്‍ പഴയപടി തന്നെ. എല്ലാം അവഗണിച്ചു. എങ്കിലും, അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും മൂലം അവരെ അവന്‍ പാടെ കൈയൊഴിഞ്ഞില്ല.

 

തലകുനിച്ച് കടക്കാന്‍ പറഞ്ഞത് സൂറത്തുല്‍ ബഖറ 58-59 ല്‍ പറയുന്നുണ്ട്.  

 

وَإِذْ قُلْنَا ادْخُلُوا هَذِهِ الْقَرْيَةَ فَكُلُوا مِنْهَا حَيْثُ شِئْتُمْ رَغَدًا وَادْخُلُوا الْبَابَ سُجَّدًا وَقُولُوا حِطَّةٌ نَغْفِرْ لَكُمْ خَطَايَاكُمْ وَسَنَزِيدُ الْمُحْسِنِينَ (58) فَبَدَّلَ الَّذِينَ ظَلَمُوا قَوْلًا غَيْرَ الَّذِي قِيلَ لَهُمْ فَأَنْزَلْنَا عَلَى الَّذِينَ ظَلَمُوا رِجْزًا مِنَ السَّمَاءِ بِمَا كَانُوا يَفْسُقُونَ (59)

വേദക്കാര്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്ത ഭൂമിയായ ഫലസ്ഥീനിലേക്ക് അവര്‍ പ്രവേശിക്കുമ്പോഴുണ്ടായ ഒരു സംഭവമാണിത്.

 

അവര്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട ഈ പരിശുദ്ധ ഭൂമിയിലേക്കെത്തുന്നതിനു മുമ്പുതന്നെ ഒരുപാട് പ്രയാസങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട് അവര്‍ക്ക് – അവരുടെ കൈയിലിരിപ്പും ധിക്കാര മനസ്ഥിതിയും തന്നെ കാരണം.

 

ഇസ്‌റാഈല്യരുടെ പ്രപിതാക്കളായ ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് (عليهم السلام) എന്നീ പ്രവാചകന്‍മാര്‍ താമസിച്ചുവന്നിരുന്ന ഭൂമിയായിരുന്നല്ലോ ഫലസ്ഥീന്‍ (ബൈതുല്‍ മുഖദ്ദസുള്ള നാട്). അത് അല്ലാഹു അവര്‍ക്ക് തിരിച്ചുകൊടുത്തതാണ്, അങ്ങോട്ടുതന്നെ അല്ലാഹു അവരെ തിരിച്ചെത്തിച്ചു. അതാണ് ഈ വാഗ്ദത്ത ഭൂമി എന്ന് പറയുന്നത്.

ആ പരിശുദ്ധ ഭൂമി അക്രമകാരികളായ അമാലിഖ എന്ന വിഭാഗത്തിന്‍റെ കൈയിലായിരുന്നു. അവരോട്  യുദ്ധം ചെയ്ത് ആ ഭൂമി ജയിച്ചടക്കി അവിടേക്ക് നിങ്ങള്‍ പൊയ്ക്കോളൂ എന്നാണ് അവരോട് കല്‍പിക്കപ്പെട്ടത്. അതിനവര്‍ തയ്യാറാകാതെ ധിക്കാരവാക്കുകള്‍ പറയുകയാണ് ചെയ്തത്. തല്‍ഫലമായ നാല്‍പത്‌ കൊല്ലം സീനാ മരുഭൂമിയില്‍ അല്ലാഹു അവരെ വട്ടം കറക്കി.

അങ്ങനെ വട്ടംകറങ്ങിയതു കാരണം മൂസാനബി(عليه السلام)ന്‍റെ കാലത്ത് ആ പട്ടണത്തില്‍ പ്രവേശിക്കാനവര്‍ക്ക് കഴിഞ്ഞില്ല. പിന്നീട് മഹാനവര്‍കളുടെ പിന്‍ഗാമിയായി വന്ന യൂശഅ് നബി (عليه السلام) യുടെ നേതൃത്വത്തിലാണ് ആ നാട് ജയിച്ചടക്കി അവരതില്‍ പ്രവേശിച്ചത്.

നാല്‍പത് കൊല്ലം മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞ് ഒരേ ഭക്ഷണം കഴിച്ചുമടുത്തിരുന്ന അവരോട് ഇനി, കായ്കനികളും അരുവികളുമുള്ള നാട്ടിലേക്ക് പോകാനാണ് റബ്ബ് പറയുന്നത് (ആയത്ത് 61). അത്തമരൊരു കല്‍പനക്ക് വല്ലാതെ കൊതിച്ചിരിക്കുകയായിരുന്നു അവര്‍. 40 കൊല്ലത്തെ അലഞ്ഞുതിരിയലിന് വിരമാമകാനും പോകുകയാണല്ലോ.

പക്ഷേ, അല്ലാഹു ചില നിബന്ധനകള്‍ വെച്ചു. മര്യാദകള്‍ പറഞ്ഞുകൊടുത്തു. ഫലഭൂയിഷ്ഠമായ ആ നാടിന്‍റെ പടിവാതില്‍ കടക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകള്‍.

അല്ലാഹുവിനോട് നന്ദിയും വിനയവും പ്രകടിപ്പിച്ച്, തലതാഴ്ത്തി കുനിഞ്ഞുകൊണ്ടായിരിക്കണം പ്രവേശിക്കേണ്ടത്. ആ സമയത്ത് حِطَّةٌ (പാപമോചനം) എന്ന് പറയുകയും വേണം.

ഇങ്ങനെ ചെയ്താല്‍ ഇതുവരെ അവര്‍ ചെയ്ത ധിക്കാരവും തെറ്റുകളുമൊക്കെ പൊറുത്തുകൊടുക്കുമെന്നും സുകൃതം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ നന്മ നല്‍കുമെന്നും അല്ലാഹു അറിയിക്കുകയും ചെയ്തു.

പക്ഷേ, അവര്‍ ചെയ്തത് നേരെ മറിച്ചായിരുന്നു. അഹങ്കാരത്തോടെയാണ് ആ നാട്ടിലേക്ക് പ്രവേശിച്ചത്. വിജയഭേരി മുഴക്കി, അര്‍മാദിച്ച്. അവരോട് കല്‍പിക്കപ്പെട്ട വാക്ക് പറഞ്ഞില്ലെന്ന് മാത്രമല്ല, പകരം മറ്റൊരു വാക്കു പറയുകയും ചെയ്തു.

ഊരകുത്തി (പൃഷ്ടഭാഗം) നിരങ്ങുകയും حِطَّةٌ (പാപമോചനം) എന്നതിന് പകരം حِنْطَةٌ (ഗോതമ്പുമണി) എന്നു പറയുകയും ചെയ്തുവെന്ന് ബുഖാരി (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ഹദീസിലുണ്ട്.  അതായത്, നിലത്തിരുന്ന് തല ഉയര്‍ത്തിപ്പിടിച്ച് 'ഞങ്ങള്‍ക്ക് ഗോതമ്പും യവവും തരണം' എന്ന് പറഞ്ഞ് ഊരകുത്തി നിരങ്ങിയാണ് അവര്‍ പട്ടണവാതില്‍ കടന്നത്.

ഇത് അല്ലാഹുവിന്‍റെ ആജ്ഞയെ പരിഹാസപൂര്‍വം ധിക്കരിക്കലാണെന്ന് പറയേണ്ടതില്ലല്ലോ. ഇതുകാരണമായി വീണ്ടും വലിയ ശിക്ഷ അവരെ പിടികൂടി. പ്ലേഗ് ബാധിച്ച് അനേകം പേര്‍ മരണപ്പെട്ടു.

ശനിയാഴ്ചയെ കുറിച്ച് പറഞ്ഞ കാര്യം സൂറത്തുല്‍ ബഖറ 65 ല്‍ വിവരിച്ചിട്ടുണ്ട്.

وَلَقَدْ عَلِمْتُمُ الَّذِينَ اعْتَدَوْا مِنْكُمْ فِي السَّبْتِ فَقُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ (65)

ശനിയാഴ്ച ദിവസം ദുന്‍യവിയ്യായ വിഷയങ്ങളില്‍ ഏര്‍പ്പെടരുതെന്ന് യഹൂദികളോട് വിരോധിച്ചിരുന്നു. പക്ഷേ, ദാവൂദ് നബി(عليه السلام)ന്‍റെ കാലത്ത് ചെങ്കടല്‍ തീരത്തുള്ള ഐല (ഐലാത്ത്) എന്ന സ്ഥലത്ത് താമസിച്ചിരുന്ന യഹൂദികള്‍ ശനിയാഴ്ചയെ ബഹുമാനിക്കണം എന്ന കല്‍പന ലംഘിച്ചു.

കടല്‍ത്തീരത്ത് വസിച്ചിരുന്ന അവര്‍  മീന്‍പിടിത്തക്കാരായിരുന്നു. ശബ്ബത്ത് നാളില്‍ ജോലി ചെയ്തുകൂടായ്കയാല്‍ അന്ന് മീന്‍ പിടിക്കാന്‍ പാടില്ലായിരുന്നു. മല്‍സ്യമാണെങ്കില്‍ അന്ന് വെള്ളത്തിനു മുകളില്‍ പൊങ്ങി കരയോട് അടുത്തുവരികയും ചെയ്യും; മറ്റു ദിവസങ്ങളിലൊട്ട് വരികയുമില്ല. അല്ലാഹുന്‍റെയൊരു പരീക്ഷണമായിരുന്നു ഇത്.

ഈ നിരോധം മറികടക്കാന്‍ അവരൊരു ഉപായം കണ്ടുപിടിച്ചു.

കടല്‍ക്കരയില്‍ ചില കുഴികളുണ്ടാക്കി അതില്‍ നിന്ന് ചാലുകള്‍ കടലിലേക്ക് തുറന്നു. ശനിയാഴ്ച ദിവസം പ്രസ്തുത ചാലുകള്‍ വഴി ധാരാളം മത്സ്യങ്ങള്‍ കുഴികളിലേക്ക് കടക്കും. അപ്പോള്‍ അവര്‍ ചെന്ന് ചാലുകള്‍ കെട്ടി മത്സ്യങ്ങള്‍ക്ക് കടലിലേക്കുള്ള വഴികള്‍ മുടക്കും. ശനിയാഴ്ച സൂര്യന്‍ അസ്തമിച്ചാല്‍ അവര്‍ കുഴികളില്‍ നിന്ന് മീന്‍ പിടിക്കുകയും ചെയ്യും.

ഇത്, തൗറാത്തിന്‍റെ വിധികളെ അക്ഷരത്തില്‍ അല്ലെങ്കിലും അര്‍ഥത്തില്‍ ലംഘിക്കലായിരുന്നു.

അങ്ങനെ കാലക്രമേണ അവര്‍ ശനിയാഴ്ചയും മീന്‍ പിടിച്ചുതുടങ്ങി. അവരിലെ പണ്ഡിതരും സജ്ജനങ്ങളും ഉപദേശിച്ചെങ്കിലും അവരത് കൈക്കൊണ്ടില്ലെന്നു മാത്രമല്ല, ഉപദേഷ്ടാക്കളെ കഠിനമായി ഉപദ്രവിക്കുക പോലും ചെയ്തു.

ഇങ്ങനെ തൗറാത്തിന്‍റെ നിയമങ്ങളും പണ്ഡിതന്മാരുടെ ഉപദേശങ്ങളും വകവെക്കാതെ ബനൂഇസ്രാഈല്‍ അതിരുവിട്ട പ്രവൃത്തികളില്‍ മുഴുകിയപ്പോള്‍ അല്ലാഹു അവരെ പന്നികളും കുരങ്ങുകളുമാക്കി കോലംമാറ്റി. ഏതായാലും രൂപം മാറ്റപ്പെട്ടവരാരും പിന്നീട് അധികം ജീവിക്കുകയോ, അവര്‍ക്ക് സന്താനങ്ങള്‍ ജനിക്കുകയോ ഉണ്ടായിട്ടില്ല.

-----------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter