മാതൃകാ അധ്യാപകൻ
അധ്യാപനം ഒരു കലയാണ്. വിദ്യക്ക് വിശുദ്ധ ഇസ് ലാം വലിയ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. അറിവുള്ളവരും അറിവില്ലാത്തവരും സമന്മാരാണോ എന്ന ഖുര്‍ആനിക സൂക്തം അറിവിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നു. അറിവുള്ളവനോ അറിവ് തേടുന്നവനോ അറിവ് നേടുന്നവനെ സഹായിക്കുന്നവനോ ആകുക എന്ന പ്രവാചക വചനവും അറിവിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
മഹാനായ പ്രവാചകൻ (സ്വ) ലോകത്തിന് മുഴുവൻ അറിവ് പകർന്ന മാതൃകാധ്യാപകനായിരുന്നു. നല്‍കുന്ന അറിവ് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന വലിയ ദൗത്യമാണ് അധ്യാപകന്‍ നിര്‍വ്വഹിക്കേണ്ടത്. പലപ്പോഴും നാം പകര്‍ന്നു നല്‍കുന്ന വിഷയങ്ങൾ വളരെ പെട്ടെന്ന് ഉള്‍കൊള്ളാന്‍ കഴിയുന്നവരും, സാവധാനം ഉള്‍കൊള്ളാന്‍ കഴിയുന്നവരും ഉണ്ടാവും, എല്ലാവരെയും പരിഗണിച്ചാണ് അധ്യാപകര്‍ വിദ്യാർഥികളിലേക്ക് അറിവ് നല്‍കേണ്ടത്. പ്രവാചകരോട് ചോദിക്കുന്ന പലകാര്യങ്ങള്‍ക്കും പ്രവാചകര്‍ മൂന്ന് പ്രാവശ്യം പറഞ്ഞ് കൊടുത്തതായി ഹദീസില്‍ കാണാന്‍ സാധിക്കും.
വിദ്യാർഥികളുടെ നന്മകള്‍ എടുത്തുപറയേണ്ടത് അധ്യാപകര്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകമാണ്, അറിവില്ലാത്തവനെയോ പഠിക്കാന്‍കഴിയാത്തവനെയോ കൂടുതല്‍ പരിശീലനങ്ങള്‍ നല്‍കി മെച്ചപ്പെടുത്തിക്കൊണ്ടുവരാനാണ് നല്ല അധ്യാപന്‍ ശ്രമിക്കേണ്ടത്. വിഢ്ഢിയെന്നോ മന്ദബുദ്ധിയെന്നോ മറ്റോ വിളിച്ച് അധിക്ഷേപിക്കുന്നതും പരിഹസിക്കുന്നതും സ്ഥിരമായി അവനെ അങ്ങനെ ബ്രാന്‍ഡിംഗ് ചെയ്യുന്നതും യഥാര്‍ത്ഥ അധ്യാപകന്റെ ശൈലിയല്ല. അഗാധഗര്‍ത്തത്തില്‍ വീണവന് പിടിവള്ളി പോലെയാണ് അധ്യാപകന്‍ തന്റെ ധര്‍മ്മം നിര്‍വഹിക്കേണ്ടത്. അടിച്ചേല്‍പ്പിക്കലല്ല അധ്യാപനം. പണ്ഡിതന്മാര്‍ നബിമാരുടെ പിന്മാഗികളാണെന്നാണ് നബി വചനം. വലിയ ഉത്തരവാദിത്വവും ദൗത്യനിര്‍വഹണവുമാണ് തന്നിലൂടെ നടക്കുന്നതെന്ന തികഞ്ഞ ബോധവും അധ്യാപകനിലുണ്ടാവണം. ഒരു വിദ്യാർഥിയെ കൂടുതല്‍ പരിഗണിക്കുകയോ അവഗണിക്കുകയോ അരുത്. എല്ലാവരോടും നീതിപുലര്‍ത്തുന്ന രീതിയിലാവണം അധ്യാപകന്റെ പെരുമാറ്റം.
തന്റെ മുന്നിലിരിക്കുന്ന വിദ്യാർഥിയെ കുറിച്ചും അധ്യാപകന്‍ മനസ്സിലാക്കേണ്ട ചിലസുപ്രധാന ഘടകങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട നാലെണ്ണം നമുക്ക് പരിചയപ്പെടാം.
ഒന്ന്-കുട്ടിയുടെ കുടുംബപശ്ചാത്തലത്തെ കുറിച്ചുള്ള കൃത്യമായ ധാരണ.
രണ്ട്- കുട്ടിയുടെ മാനസികാവസ്ഥ. മൂന്ന്- കുട്ടിയുടെ ബുദ്ധിപരമായ വൈഭവം.
നാല്- കുട്ടിയുടെ പ്രായമനുസരിച്ച് ക്ലാസില്‍ ഇടപെടുക. ഈ കാര്യങ്ങള്‍ മനസ്സിലാക്കിയാവണം അധ്യാപകന്‍ പെരുമാറേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. ഇതനുസരിച്ച് പെരുമാറുമ്പോഴാണ് നമ്മുടെ വിദ്യാർഥികളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്കാവുന്നത്.
രാവിലെ കുളിച്ച്, വസ്ത്രം ധരിച്ച് കൈയിലൊരു ചോക്കും മറുകൈയിലൊരു വടിയും അതിന്റെ രണ്ടിന്റെയുമിടയില്‍ ഒരു പുസ്തകവുമായി കുട്ടികളുടെ മുന്നിലേക്ക് കടന്നു വരുന്ന അധ്യാപന, അവയുടെ ഇടയില്‍ ഞെരിഞ്ഞമരുന്ന വിദ്യാര്‍ത്ഥികളെ സങ്കല്‍പിച്ചുനോക്കൂ. അധ്യാപനം എന്നത് കലയാവുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ഹൃദയ വെളിച്ചത്തോടെ അറിവ് പകരുമ്പോൾ ആണ്. ആ വെളിച്ചമാണ് നമ്മുടെ വിദ്യാർഥികളുടെ മുഖത്ത് തെളിഞ്ഞ് കാണേണ്ടത് . അത്തരത്തിലുള്ള അധ്യാപകരെയാണ് നമ്മുടെ വിദ്യാലയങ്ങൾക്ക് മുതല്‍കൂട്ടാവേണ്ടത്. ആ അധ്യാപനമാണ് വിശുദ്ധ റസൂല്‍ 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്‌ലിം സമുദായത്തിന് പകര്‍ന്ന് നല്‍കിയത്.
Leave A Comment