ആസാം: ബോഡോ-മുസ്‌ലിം സംഘര്‍ഷങ്ങളും ഹിന്ദുത്വവര്‍ഗീയതയും

 width=ലോവര്‍ ആസാമിലെ കൊക്രാജറിലും മൂന്ന് പരിസര ജില്ലകളിലും നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയാണ് ഇന്ന് ചാനലുകളിലും പത്രങ്ങളിലും ചൂടേറിയ ചര്‍ച്ചാവിഷയം. ജൂലൈ 19 ലെ പ്രധാന സംഘട്ടനങ്ങളുള്‍പെടെ ജൂലൈ ആറു മുതല്‍ ആരംഭിച്ച വിവിധ സംഘര്‍ഷങ്ങളില്‍ ഇതുവരെ എഴുപത്തിമൂന്നോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ഇപ്പോഴും അവിടങ്ങളില്‍ ആ ഭീതിയുടെ കാര്‍മേഘങ്ങള്‍ മായാതെ നിലനില്‍ക്കുന്നു. ആസാം ഡി.ജി.പി ജെ.എന്‍. ചൗധരി നടത്തിയ ഔദ്യോഗിക വെളിപ്പെടുത്തലനുസരിച്ച് കലാപത്തിന്റെ പരിണതിയെന്നോണം 3.78 ലക്ഷം ആളുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. 14,400 മുസ്‌ലിം വീട്ടുകാര്‍ കുടിയൊഴിക്കപ്പെട്ടു. 235 ക്യാമ്പുകള്‍ മുസ്‌ലിംകള്‍ക്കും 75 എണ്ണം ബോഡോകള്‍ക്കുമായി തുറക്കെപ്പെട്ടു. മീഡിയകള്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും എല്ലാം ഉപരിപ്ലവം മാത്രമാണ് എന്നതാണ് വസ്തുത. കാര്യത്തിന്റെ നിജസ്ഥിതി തേടിയുള്ള അന്വേഷണ പഠനങ്ങള്‍ തീരെ വന്നിട്ടില്ലെന്നുതന്നെ പറയാം. ആസാമില്‍ എന്താണ് സംഭവിക്കുന്നതെന്നും എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നും അന്വേഷിക്കപ്പെടേണ്ടതുതന്നെയാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സ്ഥലം സന്ദര്‍ശിക്കുകയും കലാപം രാജ്യ മുഖത്തേറ്റ കറുത്തപാടാണെന്നും എല്ലാവരും വംശഹത്യ മറന്ന് ഒരുമയോടെ നില്‍ക്കണമെന്നും പ്രസ്താവന ഇറക്കുകവഴി അവസാനിക്കുന്നതാണോ ഈ പ്രശ്‌നം? ഇതിന്റെ വേരുകള്‍ എങ്ങോട്ടെല്ലാമാണ് നീളുന്നത്?

കഴിഞ്ഞ മെയ് 30 ന് ഒരു മുസ്‌ലിം തൊഴിലാളി കൊക്രാജറില്‍ വധിക്കപ്പെടുന്നതോടെയാണ് ആസാമില്‍ പ്രശ്‌നം ആരംഭിക്കുന്നത്. പിന്നീട് ജൂലൈ ആറിന് ഓള്‍ ബോഡോലാന്റ് മൗനോറിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍, ഓള്‍ ആസാം മൈനോറിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നീ ന്യൂനപക്ഷ സംഘടനകളുടെ നേതാക്കള്‍ വധിക്കപ്പെടുന്നു. തുടര്‍ന്ന് പ്രതികാരമെന്നോണം നാല് ബോഡോകള്‍ വധിക്കപ്പെടുന്നു. അപ്പോഴേക്കും പ്രശ്‌നം ഏറെ രൂക്ഷവും അനിയന്ത്രിതവുമായിക്കഴിഞ്ഞിരുന്നു. പിന്നീടാണ് ജൂലൈ പത്തൊമ്പതിന്റെ അതിഭീകരമായ സംഘര്‍ഷവും കൂട്ടക്കൊലയും അരങ്ങേറുന്നത്. അപ്പോഴും സംസ്ഥാന സര്‍ക്കാര്‍ ഉറക്കില്‍നിന്നും ഉണര്‍ന്നിരുന്നില്ല. ആസാം കത്തുമ്പോഴും അത് കത്തുന്നില്ലെന്നു പറഞ്ഞ് ആരോപണത്തില്‍ കുപിതനാവുകയായിരുന്നു മുഖ്യമന്ത്രി ഗൊഗോയി. ആസാം അപ്പോള്‍ ശരിക്കും കത്തുകതന്നെയായിരുന്നു. അപ്പോഴും കേന്ദ്രം പ്രശ്‌നത്തില്‍ ഇടപെടുന്നതും കാത്തിരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്നാല്‍, കൊക്രാജറിലെയോ ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലിലെയോ (ബി.ടി.സി) ബോഡോ-മുസ്‌ലിം സംഘര്‍ഷങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ആസാമിലെ പ്രശ്‌നം എന്നതാണ് വസ്തുത. ഇതിനും എത്രയോ അപ്പുറത്തേക്ക് നീളുന്നതാണ് കാര്യങ്ങള്‍. സമാനമായ അനവധി സംഭവങ്ങളില്‍ ഒന്നുമാത്രമായിരുന്നു ആസാമിലെ വര്‍ഗീയ കലാപങ്ങള്‍ എന്നുവേണം മനസ്സിലാക്കാന്‍. ബംഗ്ലാദേശീ മുസ്‌ലിം കുടിയേറ്റമെന്ന ശുദ്ധ അസംബന്ധം ഉന്നയിക്കപ്പെടുന്ന കാലമത്രയും ഈ പ്രശനത്തിന് പരിഹാരമുണ്ടാവുകയില്ലതന്നെ.

എണ്‍പതുകളിലെ എ.എ.എസ്.യു മൂവ്‌മെന്റും അനന്തരമായി 1983 ല്‍ നെല്ലിയില്‍ നടന്ന ചോരക്കളികളുമായിരുന്നു ഈ വര്‍ഗവെറിയുടെ ആദ്യ പ്രകടനങ്ങള്‍. നെല്ലിയില്‍ ഇത് ബംഗ്ലാദേശികള്‍ എന്ന് വിളിക്കപ്പെടുന്ന ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കും ലാലുംഗ് എന്ന ആദിവാസി വിഭാഗത്തിനുമിടയിലായിരുന്നു. 3000 ലേറെ മുസ്‌ലിംകളാണ് ഈ കലാപത്തില്‍ വധിക്കപ്പെട്ടിരുന്നത്. ബംഗ്ലാദേശികള്‍ എന്ന ആരോപണമാണ് അവര്‍ക്കുനേരെയും അന്ന് ഉയര്‍ന്നിരുന്ന പ്രധാന പ്രശ്‌നം. ആസാമിലെ മുസ്‌ലിംകള്‍ക്കിടയില്‍ അന്നുമുതല്‍ പ്രകടമായൊരു ഭീതി കാണപ്പെട്ടിരുന്നു. ഇന്നും കാര്യങ്ങള്‍ തുറന്നുപറയാന്‍ കഴിയാത്ത വിധം ആ ഭീതി അവരെ ചുറ്റിപറ്റിതന്നെ നില്‍ക്കുന്നുണ്ട്. 2008 ലും ആസാമില്‍ മുസ്‌ലിംകള്‍ക്കും ബോഡോകള്‍ക്കുമിടയില്‍ സംഘട്ടനമുണ്ടായിരുന്നതായി കാണാം. 55 ഓളം പേരാണ് അതില്‍ വധിക്കപ്പെട്ടിരുന്നത്. ബംഗ്ലാദേശികള്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ഇതിലെ അധികം മുസ്‌ലിംകളും ബൃട്ടീഷ് കാലത്ത് പുറത്തുനിന്നും കുടിയേറിപ്പാര്‍ത്ത മുസ്‌ലിംകളാണ്. നെല്ലിയിലെയും കാര്യം ഇതിനു വിരുദ്ധമല്ല. മുപ്പതുകളിലോ അതിനു മുമ്പോ കുടിയേറിപ്പാര്‍ത്തവരായിരുന്നു അവരും. തങ്ങളുടെ പാടങ്ങളില്‍ ജോലി ചെയ്യാന്‍ ബ്രിട്ടീഷുകാരാണ് ഇവരെ പുറംപ്രദേശങ്ങളില്‍നിന്നും ഇറക്കുമതി ചെയ്തു കൊണ്ടുവന്നിരുന്നത്. അവര്‍ കഠിനാദ്ധ്വാനം ചെയ്യാന്‍ നിപുണരും തയ്യാറുള്ളവരായിരുന്നു എന്നതിനാലായിരുന്നു ഇത്. എന്നാല്‍, ആസാമികളായ അഹോമുകളോ ഗിരിവര്‍ഗക്കാരായ ലാലുംഗുകളോ ഇതിനു തയ്യാറുള്ളവരോ കെല്‍പുള്ളവരോ ആയിരുന്നില്ല. ഖേദകരമെന്നുപറയട്ടെ, വര്‍ഗീയ വിഷം ചീറ്റുന്ന കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഒടുവില്‍ നെല്ലിയിലും 3000 ത്തോളം പേര്‍ വധിക്കപ്പെടുന്ന അവസ്ഥാവിശേഷമാണ് ഉണ്ടായത്. എന്നാല്‍, ഇന്ന് അത്തരം ചരിത്രങ്ങളെല്ലാം വിസ്മൃതമായിക്കഴിഞ്ഞിരിക്കുന്നു. ഒരാള്‍ക്കും അതിനെക്കുറിച്ചൊന്നും അറിവോ വിവരമോ ഇല്ല. അന്നാവട്ടെ, ആ കലാപം വിതച്ച ദുരന്ത പരിണതികളെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുകയും ചെയ്തില്ല എന്നതാണ് കാര്യം.

പിന്നിലെ ഹിന്ദുത്വ അജണ്ട ആസാമിലേക്കു നിരന്തരം ബംഗ്ലാദേശികള്‍ കുടിയേറിക്കൊണ്ടിരിക്കുന്നുവെന്ന തെറ്റായ പ്രചരണം നടത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും ഭാരതീയ ജനതാ പാര്‍ട്ടി ഏറെ വിജയം കണ്ടിട്ടുണ്ട്. കാലങ്ങളായി അവരിത് നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ കുടിയേറി ക്രമേണ ആ ഭാഗം തന്നെ കീഴടക്കുമെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഈ വാദം സമൂഹത്തില്‍ ഉണ്ടാക്കുന്നത്. ഈയൊരു വാദമുഖം ഉയര്‍ത്തിപ്പിടിക്കുകയും ഹൈന്ദവ സ്പിരിറ്റ് ഉദ്ദീപിപ്പിക്കുകയും ചെയ്യുകവഴി എണ്‍പതുകള്‍ക്കു ശേഷം ബി.ജെ.പിക്ക് ഇവിടെ വലിയ വേരോട്ടം തന്നെ നേടിയെടുക്കാന്‍ സാധിച്ചു. ശകര്‍ ദിയോവിന്റെയും അസാന്‍ ഫഖീറിന്റെയും പ്രവര്‍ത്തനങ്ങള്‍കൊണ്ട് നൂറ്റാണ്ടുകളായി ഹിന്ദു-മുസ്‌ലിം സൗഹാര്‍ദ്ദാന്തരീക്ഷം നിലനിന്നിരുന്ന ഭൂമിയായിരുന്നു ആസാം. അവിടെ ഛിദ്രതയുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും വിത്ത് പാകാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ബി.ജെ.പിക്കു സാധിച്ചു. കുടിയേറ്റത്തിന്റെ പേരു പറഞ്ഞു മുസ്‌ലിം രക്തം ചിന്തുക വഴി ഇന്നവര്‍ അതിന്റെ പ്രതിഫലം പറ്റിക്കൊണ്ടിരിക്കുകയാണ്.

ചരിത്രപരമായി ഒരുമയും രഞ്ജിപ്പും നിലനിന്നൊരു നാട്ടില്‍ കടന്നുകൂടാനും കലാപങ്ങള്‍ അഴിച്ചുവിടാനും ഒരു പഴുതുമുണ്ടായിരുന്നില്ല. അവിടെയാണ് ബംഗ്ലാദേശീ കുടിയേറ്റത്തിന്റെ പ്രശ്‌നമുന്നയിച്ച് ബി.ജെ.പി രംഗം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നത്. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ ആസാമില്‍ താമസിക്കുന്നുവെന്നത് വസ്തുത തന്നെയാണ്. പക്ഷെ, വെസ്റ്റ് ബംഗാളില്‍നിന്ന് കുടിയേറിപ്പാര്‍ത്തവരാണ് അവരില്‍ അധികവും. ബംഗ്ലാദേശില്‍നിന്നു വന്നവരും ഇന്നെന്നില്ല. പക്ഷെ, ഒരു വലിയ പദ്ധതിയുടെയോ കടന്നാക്രമണത്തിന്റെയോ ത്വരയോടെ കടന്നുവന്നവരായിരുന്നില്ല അവര്‍. ജീവിതം തേടി വന്നവര്‍ മാത്രമായിരുന്നു. എന്നല്ല, ഇതിനും വ്യക്തമായ കാരണം ചരിത്രത്തില്‍നിന്നും കണ്ടെത്താന്‍ സാധിക്കും. സ്വന്തം താല്‍പര്യപ്രകാരം ബംഗ്ലാദേശില്‍നിന്നും ആസാമിലേക്കു പലായനം ചെയ്യുകയായിരുന്നില്ല അവര്‍. മറിച്ച്, ബ്രിട്ടീഷുകാര്‍ തങ്ങളുടെ ജോലിനിര്‍വഹണങ്ങള്‍ക്കുവേണ്ടി കുടുംബസമേതം അവരെ ഇങ്ങോട്ട് നിര്‍ബന്ധിച്ചു കൊണ്ടുവരികയായിരുന്നു. അങ്ങനെയാണ് ബംഗ്ലാദേശികള്‍ ആസാമിലെത്തുന്നത്. ഇതൊരിക്കലും അവര്‍ ചെയ്ത തെറ്റല്ല. ആണെങ്കില്‍തന്നെ പാപവുമല്ല. പിന്നെ, പില്‍ക്കാലത്ത് നടന്ന കുടിയേറ്റങ്ങളെക്കുറിച്ച് ഇന്നേവരെ വ്യക്തമായൊരു വിവരമോ അറിവോ ഇല്ലതാനും. വംശവെറിയെ പ്രോത്സാഹിപ്പിക്കുന്ന കഴുകക്കണ്ണുകള്‍ നടത്തുന്ന കുത്സിത ഉദ്ദ്യമങ്ങളാണ് ഇവിടെ 'സത്യ' ങ്ങളായി 'നിര്‍മിക്കപ്പെട്ടു' കൊണ്ടിരിക്കുന്നത്. അടിസ്ഥാനരഹിതമായ വാദമുഖങ്ങള്‍ ഉന്നയിക്കുകവഴി സമൂഹത്തില്‍ ആശയക്കുഴപ്പവും പ്രശ്‌നവും രക്തച്ചൊരിച്ചിലും ഉണ്ടാക്കുകയെന്നല്ലാതെ ഇതിന് യാതൊന്നുംതന്നെ ചെയ്യാന്‍ സാധിക്കുകയില്ല. ഇടക്കിടെ മുസ്‌ലിം രക്തം ഭൂമിയില്‍ ഇറ്റണമെന്നാഗ്രഹിക്കുന്നവര്‍ ഇടക്കിടെ ഈ ഓലപ്പാമ്പ് കാട്ടുകയും തങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്നു മാത്രം.

ഈയൊരു തെറ്റുദ്ധാരണ മാറ്റുകയാണ് ആദ്യം വേണ്ടത്. അത് മാറാത്ത കാലത്തോളം ആസാം പുകഞ്ഞുകൊണ്ടിരിക്കുകതന്നെ ചെയ്യും. കാരണം കുടിയേറ്റമെന്നത് ആസാമില്‍ ബംഗാളി സംസാരിക്കുന്നവരുടെ മാത്രം കാര്യമല്ല. ഹിന്ദി സംസാരിക്കുന്ന ബീഹാരികളും രാജസ്ഥാനിലെ മര്‍വരിസുകളുമെല്ലാം ആസാമിലേക്കു കുടിയേറിക്കൊണ്ടിരിക്കുന്നവരാണ്. നോര്‍ത്തീസ്റ്റിലെല്ലാം ഇവരുടെ എണ്ണം ധാരാളമായി കാണപ്പെടുന്നു. മുസ്‌ലിംകളെല്ലാം ബംഗ്ലാദേശില്‍നിന്നും നുഴഞ്ഞുകയറിയവരാണെന്ന വാദം മൗഢ്യമാണ്. ചില രാഷ്ട്രീയ ലാക്കു ലക്ഷ്യം വെക്കുന്നവര്‍ മാത്രമാണ് ഇത് ഉന്നയിക്കുന്നത്.

ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ എന്ന പരിമിതാധികാര കേന്ദ്രം ബോഡോകള്‍ സ്വന്തമായി രൂപീകരിച്ച ഭരണ പ്രദേശമായ ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ ആണ് പ്രശ്‌നത്തിന്റെ മറ്റൊരു കാതലായ വശം. 29 ശതമാനം മാത്രം വരുന്ന ബോഡോകള്‍ക്ക് പരിമിതാധികാരം നല്‍കി സ്വതന്ത്ര സംസ്ഥാനമെന്ന അവകാശ വാദത്തില്‍നിന്നും മെരുക്കിയെടുത്ത ഒരു അവസ്ഥാവിശേഷത്തിന്റെ പരിണതിയാണിത്. 71 ശതമാനംവരുന്ന ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ ഉള്‍കൊള്ളുന്ന ബോഡോകള്‍ അല്ലാത്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് ഇത് എന്നതാണ് ഏറെ വിരോധാഭാസകരം. ആസാമില്‍ സ്വതന്ത്ര ബോഡോ സ്റ്റെയ്റ്റ് വേണമെന്ന അവരുടെ അവകാശവാദത്തെ തണുപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെയാണ് ഇത് ചെയ്തത്. എങ്കിലും, ഇതിന്ന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങള്‍ അവര്‍ പ്രതീക്ഷിച്ചതിലും അപ്പുറത്താണെന്ന കാര്യം ബന്ധപ്പെട്ടവര്‍ മനസ്സിലാക്കേണ്ടതുണ്ട്. തങ്ങള്‍ക്കു ലഭിച്ച 'അധികാര അവകാശം' ഉപയോഗപ്പെടുത്തിയാണ് ബോഡോകള്‍ മുസ്‌ലിംകള്‍ക്കെതിരെ ഉറഞ്ഞുതുള്ളുന്നതെന്നു ചുരുക്കം. സര്‍ക്കാര്‍ തങ്ങളുടെ തീരുമാനത്തെ പുനര്‍വിചിന്തനത്തിന് വിധേയമാക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.

അല്ലെങ്കിലും, 71 ശതമാനം എതിര്‍വിഭാഗം താമസിക്കുന്നിടത്ത് 29 ശതമാനം മാത്രം വരുന്ന ബോഡോകള്‍ക്ക് എങ്ങനെ അധികാരം കയ്യാളാന്‍ സാധിക്കും? ന്യായം പരിഗണിച്ച് ടെറിറ്റോറിയല്‍ കൗണ്‍സില്‍ പിന്‍വലിക്കാന്‍ പലതവണ ആവശ്യങ്ങളുയര്‍ന്നിട്ടും ഇന്നുവരെ അവരതിന് തയ്യാറായിട്ടില്ല. പകരം തങ്ങളുടെ അംഗബലവും ജനസംഖ്യയും വര്‍ദ്ധിപ്പിക്കുകവഴി തങ്ങളുടെ അവകാശവാദത്തെ കൂടുതല്‍ ന്യായീകരിക്കാനും അധികാരമുറപ്പിക്കാനുമാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ബോഡോ കലാപകാരികള്‍ തങ്ങളുടെ സുരക്ഷിതത്വത്തിനെന്ന പേരില്‍ വലിയ തോതില്‍ ആയുധ സാമഗ്രികള്‍ ഉപയോഗിക്കുന്നുവെന്നതാണ് ആസാമിലെ പ്രശ്‌നങ്ങള്‍ക്ക് മറ്റൊരു കാരണം. എന്നാല്‍, തങ്ങളുടെ എതിരാളികളെ വകവരുത്താനാണ് അവര്‍ ഇത് ഉപയോഗിക്കുന്നതെന്ന കാര്യം ആരും മനസ്സിലാക്കാതെ പോകുന്നു. ബോഡോകള്‍ക്കിടയിലെ ആയുധ പ്രളയം സര്‍ക്കാറിനും നല്ലപോലെ അറിയാവുന്നതാണ്. പക്ഷെ, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടുകൊണ്ടാവാം ഇന്നുവരെ അവരെ നിരായുധരാക്കാന്‍ ഒരു നിയമവും ഉണ്ടായിട്ടില്ല. ആരും തയ്യാറായിട്ടുമില്ല. ഭരണവിഭാഗങ്ങളുമായി കൂട്ടുകക്ഷിത്വം ഉറപ്പിക്കാന്‍ അവരുടെ ബോഡോ നാഷ്‌നല്‍ ഫ്രണ്ടും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, അതൃപ്തിപ്പെടുത്താതെ നോക്കാനാണ് ഭരണകൂടങ്ങളും എപ്പോഴും ശ്രമിച്ചിട്ടുള്ളത്.

തുടര്‍നടപടികള്‍ ഇതേയൊരു വിഷയത്തില്‍ മാത്രം ആസാമിലോ കൊക്രാജറിലോ ഇതാദ്യമായല്ല കലാപമുണ്ടായതെന്ന കാര്യം സുപ്രധാനമാണ്. അതുകൊണ്ടുതന്നെ, ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള വ്യക്തമായൊരു പരിഹാരം കാണാത്ത കാലത്തോളം ആസാമില്‍ ഈ പ്രശ്‌നം പുകഞ്ഞുകൊണ്ടിരിക്കുകതന്നെ ചെയ്യും. കൊലകളും നാശനഷ്ടങ്ങളും പൂര്‍വ്വോപരി ശക്തമായി നടക്കും. ഇതിനു പിന്നില്‍ കളിക്കുന്നവര്‍ നിരന്തരമായി കളിക്കുകയും തങ്ങളുടെ വിഹിതം പോക്കറ്റിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യും.

അതിനാല്‍, ഇന്ന് ഏവര്‍ക്കും ഭീഷണിയായി മാറിക്കഴിഞ്ഞ ബോഡോ യുവാക്കളെ നിരായുധരാക്കുകയെന്നതാണ് ഏറ്റവും ആദ്യമായി ചെയ്യേണ്ടത്. കാരണം, നിയന്ത്രണാതീതമാം വിധമാണ് അവരിന്ന് ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ബോഡോകള്‍ അല്ലാത്തവര്‍ വിശിഷ്യാ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെ അവര്‍ ആയുധമണിഞ്ഞ് റോന്തു ചുറ്റുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നുണ്ട്. ഇതൊരു സാധാരണ വൃത്തിയായി മാറിയ കൊക്രാജര്‍ പോലുള്ള പ്രദേശങ്ങളില്‍ ഇതിനൊരു പരിഹാരം കണ്ടേതീരൂ. അതിന് ബോഡോകളില്‍നിന്നും ആയുധം പാടേ നിരോധിക്കേണ്ടിയിരിക്കുന്നു.

ചില ഭാഗങ്ങളിലെല്ലാം അധികാരമുപയോഗിച്ച് ബോഡോകള്‍ മറ്റുള്ളവരില്‍ നിന്നും പിടിച്ചുപറി വരെ നടത്തുന്നുണ്ട്. പണമാവശ്യപ്പെടുകയും നല്‍കാതിരുന്നാല്‍ അവരുടെ വളര്‍ത്തു മൃഗങ്ങളെ തട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. ഇതിനെല്ലാം മാറ്റം വരണമെങ്കില്‍ ഈ തീരുമാനം നടപ്പിലാക്കേണ്ടിയിരിക്കുന്നു.

രണ്ടാമതായി, അവിടത്തെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നിന്റെ പോലും പിന്തുണയില്ലാത്ത ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലിനെ നിര്‍വീര്യമാക്കുകയും അതിന്റെ അധികാരം ഇല്ലായ്മ ചെയ്യുകയും ചെയ്യേണ്ടതുണ്ട്. ബോഡോകളല്ലാത്തവരെ കൗണ്‍സിലില്‍ ധാരാളമായി ഉള്‍പ്പെടുത്തി ഇത് ചെയ്യാവുന്നതാണ്. മുസ്‌ലിംകള്‍ക്കും പുറമെ മറ്റു വിവിധ ആദിവാദിസ വിഭാഗങ്ങള്‍ക്കുമെല്ലാം അത് പങ്ക് നല്‍കുകയും അതൊരു പൊതുവഴിയായി മാറുകയും വേണം. അല്ലാതെ ബോഡോ അധികാര കേന്ദ്രമായി പരിണമിക്കരുത്.

മൂന്നാമതായി, ബംഗ്ലാദേശ് കുടിയേറ്റമെന്ന ആരോപണത്തെ അവസാനിപ്പിക്കുകയും സത്യാവസ്ത രാജ്യത്തെ ഓരോ പൗരനെയും അറിയിക്കുന്ന നിലക്ക് ഇതിനെക്കുറിച്ചുള്ള ഒരു വ്യക്തമായ പഠനം പുറത്തുകൊണ്ടുവരികയും വേണം. എങ്കിലേ ആരോപണത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാനാവുകയുള്ളൂ.

ഇത്രയും കാര്യങ്ങള്‍ വേണ്ടപോലെ ചെയ്താല്‍ ആസാമിലെ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്‌നം ഒരളവോളം അവസാനിപ്പിക്കാന്‍ സാധിക്കും. അല്ലാതെ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ 300 കോടി ചിലവഴിച്ചതുകൊണ്ടോ എല്ലാവരെയും യോജിപ്പിക്കാന്‍ ഉപരിപ്ലവമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടോ പ്രശ്‌നത്തിനൊരിക്കലും ശാശ്വത പരിഹാരമാവുകയില്ല. ഇന്നിത് കെട്ടടങ്ങിയാലും നാളെയല്ലെങ്കില്‍ മറ്റെന്നാള്‍ അത് വീണ്ടും പൊട്ടുകയും രക്തംതെറിക്കുകയും ചെയ്യും. അതിനാല്‍, തീര്‍ത്തും യുക്തിപൂര്‍ണമായൊരു തീരുമാനമാകണം ഇതില്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. (അവലംബം: അസ്ഗറലി എഞ്ചിനിയര്‍, ബോഡോ മുസ്‌ലിം ക്ലാഷെസ് ഇന്‍ ഇന്ത്യന്‍ ആസാം, ടു സിര്‍ക്കിള്‍ ഡോട്ട് നെറ്റ്)

മോയിന്‍ ഹുദവി മലയമ്മ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter