ഇമാമുൽ ഹറമൈനിയുടെ അധ്യാപനമാതൃകകൾ
അബ്ബാസിയ കാലഘട്ടം അറബ്-മുസ്ലിം ലോകത്തുണ്ടാക്കിയ വൈജ്ഞാനിക ഉണർവ് അതിന്റെ പാരമ്യത്തിലെത്തിയ സമയം. യവന ഗ്രന്ഥങ്ങൾ വൻതോതിൽ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും, യുക്തിചിന്തയും തർക്കശാസ്ത്രവും മുസ്ലിം പണ്ഡിതന്മാർക്കിടയിൽ വലിയ സ്വാധീനം നേടുകയും ചെയ്തു. അൽഫാറാബി, ഇബ്നു സീന തുടങ്ങിയവർ തത്വചിന്തയെ കൂടുതൽ ജനകീയമാക്കി. മതനിരാസ പ്രസ്ഥാനങ്ങൾ ഉൾപ്പെടെ നിരവധി പുതിയ ചിന്താധാരകൾ ബൗദ്ധിക വെല്ലുവിളികളുമായി രംഗത്തുവന്നു.
മറുവശത്ത് രാഷ്ട്രീയ രംഗവും വ്യക്തിതാൽപ്പര്യങ്ങൾ കൊണ്ട് കലുഷിതമായിരുന്നു. ഇസ്ലാമിക ഖിലാഫത്ത് എന്നത് വെറും നാമമാത്രമായി ചുരുങ്ങുകയും ഭരണാധികാരികൾക്കിടയിൽ അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാഴുകയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ടിന്റെ (ഹിജ്റ അഞ്ചാം നൂറ്റാണ്ട്) ഈ സങ്കീർണ്ണമായ അന്തരീക്ഷത്തിലേക്കാണ് ഇമാമുൽ ഹറമൈനി അൽജുവൈനിയുടെ (ഹി. 419 - 478) കടന്നുവരവ്.
ശാഫിഈ കർമ്മശാസ്ത്രത്തിന് പുതിയ ഭാവവും ശൈലിയും നൽകുകയും, അതിന്റെ രചനാപരവും ആശയപരവുമായ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുകയും ചെയ്തവരിൽ പ്രധാനിയായ ഇമാം തന്റെ കാലം കണ്ട അതുല്യനായ പ്രതിഭയായിരുന്നു. അദ്ദേഹത്തിന്റെ കർമ്മശാസ്ത്രപരവും (Fiqh) വിശ്വാസശാസ്ത്രപരവുമായ (Aqidah) സംഭാവനകൾ ഇതിനകം ഏറെ പഠനവിധേയമാക്കപ്പെട്ടിട്ടുണ്ട്. എന്നാല് ജുവൈനി എന്ന അധ്യാപകന്റെ അക്കാദമിക മികവും അദ്ദേഹം രൂപപ്പെടുത്തിയ ബോധനശാസ്ത്രപരമായ (Pedagogical) മാതൃകകളും ഇനിയും കൂടുതല് വായിക്കപ്പെടേണ്ടതും മനസ്സിലാക്കപ്പെടേണ്ടതുമുണ്ട്.
അധ്യാപകനായ ഹറമൈനി
മധ്യകാല ഇസ്ലാമിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ അധ്യാപകരുടെ യോഗ്യത നിർണ്ണയിക്കാൻ കൃത്യമായൊരു സംവിധാനമുണ്ടായിരുന്നു. 'രിയാസ' എന്ന ഈ വലിയ കടമ്പ കടന്നവർക്ക് മാത്രമേ നിസാമിയ്യ പോലെയുള്ള ഉന്നത വിജ്ഞാനകേന്ദ്രങ്ങളിൽ അധ്യാപകനായി ചുമതലയേൽക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. ഈ ബഹുമതിയെ വിവരിക്കുന്ന രൂപകങ്ങൾ (metaphors) ധാരാളമുണ്ട്. അതിലൊന്നാണ് 'അവർ ഉയർത്തുന്ന പൊടി പടലങ്ങൾ പോലും മറ്റൊരാൾക്ക് പ്രവേശിക്കാൻ സാധിക്കാത്ത വിധം മുന്നിലാവും'. അത്രയും അജയ്യരായിരിക്കും എന്ന് സാരം. നിഷാപൂരിലെ നിസാമിയ്യ സർവ്വകലാശാലയുടെ ആദ്യ ഡയറക്ടറായിരുന്ന ഹറമൈനിയുടെ വിജ്ഞാനത്തിന്റെയും സംവാദത്തിന്റെയും ആഴം ഈ പദവിയിൽ നിന്ന് തന്നെ മനസ്സിലാക്കാം.
ബഗ്ദാദ്, മക്ക, മദീന എന്നിവിടങ്ങളിൽ പ്രശസ്തമായ രീതിയിൽ അധ്യാപനം നടത്തി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയതിന് ശേഷമാണ് അദ്ദേഹം സ്വദേശമായ നിഷാപൂരിലേക്ക് മടങ്ങിയെത്തിയത്. (മക്കയിലും മദീനയിലുമുള്ള ഇരുഹറമുകളിലും സേവനം ചെയ്തതുകൊണ്ടാണ് ഇമാമുൽ ഹറമൈനി എന്ന സ്ഥാനപ്പേര് ലഭിച്ചത്. യഥാർത്ഥ പേര് അബുൽ മആലി അബ്ദുൽ മാലിക് അൽജുവൈനി). ഇതിനിടയിൽ ചില അസ്വാരസ്യങ്ങൾ കാരണം നാടുവിട്ടിരുന്നെങ്കിലും, ഭരണം മാറിയതിന് ശേഷം അദ്ദേഹം തിരിച്ചെത്തി. മുപ്പത് വർഷത്തിലേറെ നിസാമിയ്യയിൽ തുടർച്ചയായി അധ്യാപനം നടത്തിയ ഹറമൈനിക്ക് നാനൂറിലധികം ശിഷ്യന്മാരുണ്ടായിരുന്നു. അഞ്ചാം നൂറ്റാണ്ടിന്റെ മുജദ്ദിദ് എന്നറിയപ്പെടുന്ന ഇമാം ഗസ്സാലിയാണ് അവരിൽ പ്രധാനിയെങ്കിലും അൽകിയ അൽഹറാസി, അബ്ദുൽ ഗാഫിർ അൽഫാരിസി, അബ്ദുൽ ഖാസിം അൽഅൻസാരി പോലോത്ത മറ്റു പ്രമുഖരും ഈ കൂട്ടത്തിലുണ്ട്.
മികച്ച അധ്യാപകന് എന്നതിന് പുറമെ ഗ്രന്ഥകാരൻ, മുഫ്തി, വഖഫ് സ്വത്തുക്കളുടെ കാര്യദർശി എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങി. ദൈവശാസ്ത്രം (Theology), കർമ്മശാസ്ത്രം (Legal theory), രാഷ്ട്രമീമാംസ (Politics), തർക്കശാസ്ത്രം (Dialectics) അങ്ങനെ തുടങ്ങി വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് ഇരുപതിലധികം കിതാബുകൾ രചിച്ച മഹാൻ കഠിനാധ്വാനിയും അറിവ് നേടുന്നതിൽ ബദ്ധശ്രദ്ധനുമായിരുന്നു. "ശീലത്തിന്റെ ഭാഗമായി ഞാൻ ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാറില്ല. പകലോ രാത്രിയോ എന്ന വ്യത്യാസമില്ലാതെ ഉറക്കം കീഴ്പ്പെടുത്തുമ്പോൾ മാത്രം ഉറങ്ങുന്നു, വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുന്നു" എന്ന വാക്കുകൾ മഹാന്റെ അധ്വാനത്തിന്റെ വ്യാപ്തിയെയാണ് ചൂണ്ടിക്കാണിക്കുന്നത്.
അക്കാലത്തെ ഏറ്റവും ഉയർന്ന അക്കാദമിക് സ്ഥാനത്ത് എത്തിയിട്ടും വിനയവും കഠിനാധ്വാനവും മുറുകെപ്പിടിച്ച മഹാൻ പൂർണ്ണമായൊരു മാതൃകാ വ്യക്തിത്വമായിരുന്നു. ഇമാം അബൂ ഇസ്ഹാഖ് അൽശീറാസി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: "നിങ്ങൾ ഈ ഇമാമിനെ ആസ്വദിക്കൂ. അദ്ദേഹം വർത്തമാന കാലത്തിന്റെ പരിശുദ്ധിയാണ്." 'വർത്തമാന കാലം' എന്നതിന് ഇമാമിനെ അന്വേഷിക്കുന്ന കാലം എന്ന് കൂടി വ്യാഖ്യനിക്കുന്നതിലും തെറ്റില്ല.
വിദ്യാർത്ഥികളോടുള്ള സമീപനം
വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി കഠിനമായി പ്രയത്നിക്കാറുള്ള ഹറമൈനി തനിക്ക് പാരമ്പര്യമായി ലഭിച്ചതും വരുമാനമായി ലഭിച്ചിരുന്നതുമായ സമ്പത്തെല്ലാം പഠിതാക്കൾക്കായി ചെലവഴിച്ചിരുന്നു. വിദ്യാർത്ഥിയായിരിക്കുക എന്നതിന്റെ മഹത്വത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം തന്റെ അധ്യാപനത്തിൽ സ്ഥിരത പുലർത്തുന്നതോടൊപ്പം അതി രാവിലെ അബൂ അബ്ദില്ലാഹിൽ ഖബ്ബാസിന്റെ ഖുർആൻ ക്ലാസിൽ പങ്കെടുത്തതായും കാണാം.
തന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ ഇമാം കൃത്യമായും വ്യക്തമായും നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുമായിരുന്നു.
"ഗസ്സാലി ഒരു അഗാധമായ സമുദ്രമാണ്" (ബുദ്ധിശക്തിക്കും വിശകലന പാടവത്തിനും), "അൽഹർറാസി ഒരു സിംഹമാണ്" (സംവാദങ്ങളിലെ വീര്യത്തിനും തർക്കശാസ്ത്രത്തിനും), "അൽഅൻസാരി ഒരു കത്തുന്ന അഗ്നിയാണ്" (വിശ്വാസശാസ്ത്രത്തിലെ സൂക്ഷ്മതയ്ക്കും ആഴത്തിനും) എന്നിങ്ങനെ തന്റെ പ്രധാനപ്പെട്ട ശിഷ്യന്മാരെക്കുറിച്ച് അവിടുന്ന് പറഞ്ഞത് ഇതിന് തെളിവാണ്. അതുപോലെ ഗസ്സാലി ഇമാമിന്റെ 'അൽമൻഖൂൽ' എന്ന ഗ്രന്ഥം വായിച്ച് "ഞാൻ ജീവിച്ചിരിക്കെ തന്നെ നീ എന്നെ കുഴിച്ചു മൂടിയല്ലോ.. മരിക്കുന്നത് വരെയെങ്കിലും നിനക്ക് കാത്തിരിക്കാമായിരുന്നില്ലേ" എന്ന് പറഞ്ഞത് താജുദ്ദീൻ അൽസുബ്കിയുടെ ത്വബഖാത്തിൽ രേഖപ്പെടുത്തിയതായും കാണാം. ഗസ്സാലിയുടെ അപഗ്രഥന പാടവത്തിന് ഇതിലും വലിയ അംഗീകാരം വേറെ ലഭിച്ചിട്ടുണ്ടാവില്ല.
അധ്യാപന രീതികൾ
ഗസ്സാലിയെപ്പോലുള്ള ജിജ്ഞാസുക്കളായ വിദ്യാർത്ഥികൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഗുരുനാഥനായിരുന്നു ഇമാം ഹറമൈനി. ക്രിയാത്മക വിമർശനങ്ങളെയും വിദ്യാർത്ഥികളുടെ സ്വതന്ത്ര ചിന്താശേഷിയെയും ആവോളം ഉത്തേജിപ്പിക്കുന്ന അദ്ദേഹത്തിന്റെ അധ്യാപന രീതിശാസ്ത്രം (Teaching Methodology) പ്രധാനമായും നാല് തൂണുകളിലധിഷ്ഠിതമായിരുന്നു. മധ്യകാല അക്കാദമിക് ലോകം ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്ന 'സ്കോളാസ്റ്റിക് മെത്തേഡിന്റെ' (Scholastic Method) ഏറ്റവും മികച്ച മാതൃകയായിരുന്നു ഇത്.
ഓർമശക്തി / ആവർത്തനം
'തക്റാർ' എന്ന് അടിസ്ഥാനപരമായി അറിയപ്പെടുന്ന ഈ ആവർത്തന പ്രക്രിയ ഇന്നത്തെ പോലെ കേവലം പഠനത്തിന്റെ അവസാനമായിരുന്നില്ല. മറിച്ച് അവ തുടർന്നുള്ള ഖണ്ഡനങ്ങളിലേക്കും മറ്റുമുള്ള ആദ്യപടിയായിരുന്നു. ഗസ്സാലിയുടെ സഹപാഠിയായിരുന്ന അൽകിയാ അൽഹർറാസി നിസാമിയ്യ മദ്രസയിലെ എഴുപത് കോണിപ്പടികളിൽ ഓരോന്നിലും ഇരുന്ന് തന്റെ പാഠങ്ങൾ ഓരോ തവണ വീതം ആവർത്തിച്ച് പഠിച്ചിരുന്നു എന്ന ചരിത്രകാരന്മാരുടെ സാക്ഷ്യപ്പെടുത്തൽ ഈ ഘട്ടത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
അറിവ് ഹൃദിസ്ഥമാക്കുന്ന ഈ 'ആവർത്തന പ്രക്രിയക്ക്' ഇമാം വലിയ ശ്രദ്ധ നൽകിയിരുന്നു. മഹാൻ പറയുന്നു: "ഖാളി അബൂബക്കിന്റെ രചനകളിൽ നിന്ന് മാത്രം പന്ത്രണ്ടായിരം പേജുകൾ മനപാഠമാക്കുന്നത് വരെ കലാം ശാസ്ത്രത്തിൽ (ഊഹശാസ്ത്രം) ഞാൻ ഒരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ല".
ഗ്രഹിക്കൽ / വിശകലനം
ഇമാം ഹറമൈനിയെ സംബന്ധിച്ചിടത്തോളം അറിവ് എന്നത് ഒരു നിശ്ചിത വസ്തുവിനെക്കുറിച്ചുള്ള ആന്തരികമായ ബോധ്യമാണ്. അതുകൊണ്ട് തന്നെ കേവലം വിവരങ്ങൾ കാണാപ്പാഠം പഠിക്കുന്നതിൽ (Rote learning) നിന്ന് വ്യത്യസ്തമായി വിഷയങ്ങൾ യുക്തിസഹമായി ഗ്രഹിക്കുന്നതിനാണ് അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകിയത്. വിവരങ്ങൾ വെറുതെ മനഃപാഠമാക്കുന്നതിന് പകരം ദൈവശാസ്ത്ര വിഷയങ്ങളിൽ അനിഷേധ്യമായ തെളിവുകൾ (Evidence-based proof) നിർമ്മിക്കാൻ ജുവൈനി നൽകിയ പരിശീലനത്തിന്റെ ഫലമാണ് അൽഖാസിം അൻസാരിയെ അക്കാദമിക ലോകം 'ചിന്തയുടെ വാൾ' എന്ന് വിശേഷിപ്പിച്ചത്. വിദ്യാർത്ഥികളിൽ ക്രിയാത്മക ചിന്തയും (Critical thinking) യുക്തിഭദ്രതയും (Reasoning) വളർത്താൻ ഇത് സഹായിച്ചു.
പരസ്പര ചർച്ചയും സംവാദവും
സംവാദങ്ങളിൽ ഇമാം സിംഹത്തെപ്പോലെയാണ്. പ്രസിദ്ധനായ അബുൽഖാസിം അൽഖുറൈഷി പറയുന്നു: "ഇമാം അൽഹറമൈനി പ്രവാചകത്വം വാദിച്ചിരുന്നെങ്കിൽ മുഅ്ജിസത്തായി അദ്ദേഹത്തിന്റെ വാക്ചാതുരി മതിയാകുമായിരുന്നു". ഈ കഴിവ് തന്റെ മുമ്പിലിരിക്കുന്നവർക്ക് പകരാൻ മഹാൻ ആവോളം പരിശ്രമിച്ചിരുന്നു.
പഠിച്ച കാര്യങ്ങളും മനസ്സിലാക്കിയ യുക്തിയും മാറ്റുരച്ചുനോക്കാനും, തങ്ങളുടെ വിമർശനാത്മക കഴിവുകൾ പ്രായോഗികമായി നടപ്പിലാക്കാനും ഈ ഘട്ടം വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു. ആധുനിക സർവ്വകലാശാലകളിലെ തിസീസ് ഡിഫൻസ് (Thesis defense), പിയർ റിവ്യൂ (Peer review) സമ്പ്രദായത്തിന് തുല്യമായിരുന്നു ഇത്. കേവലമൊരു തർക്കത്തിനപ്പുറം 'മുഅല്ലിഖ്' (വാദകൻ), 'സാഇൽ' (ചോദ്യകർത്താവ്) എന്നിങ്ങനെ കൃത്യമായ ഘടനയുള്ള അക്കാദമിക് സംവാദങ്ങളെയാണ് 'മുനാളറ' എന്ന് വിളിക്കുന്നത്. ഒരു വിദ്യാർത്ഥിയെ അന്ധമായ അനുകരണങ്ങളിൽ (Taqlid) നിന്ന് സ്വതന്ത്ര ചിന്തയിലേക്ക് (Ijtihad) ഈ രീതി നയിക്കുമെന്ന് ജോർജ്ജ് മക്ദീസി നിരീക്ഷക്കുന്നുണ്ട്. ഹറമൈനി തർക്കശാസ്ത്രത്തിന് (Dialectics) നൽകിയ വലിയ പ്രാധാന്യത്തിന്റെ തെളിവാണ് ഈ സംവാദ നിയമങ്ങളെക്കുറിച്ച് മാത്രം ചർച്ച ചെയ്യുന്ന അദ്ദേഹത്തിന്റെ 'അൽകാഫിയ ഫിൽ ജദൽ'.
കുറിപ്പുകൾ തയ്യാറാക്കൽ
പഠനരീതിയുടെ അവസാന ഘട്ടമാണിത്. സ്വന്തമായി നോട്ട്ബുക്കുകൾ തയ്യാറാക്കുന്ന ഈ രീതിയെ 'തഅ്ലീഖ' എന്നാണ് വിളിച്ചിരുന്നത്. ഈ നോട്ട്ബുക്കുകൾ പണ്ഡിതന്മാരുടെ ഏറ്റവും വലിയ ബൗദ്ധികസമ്പത്തായിരുന്നു. ഇമാം ഗസ്സാലി തന്റെ ഗുരുവായ ജുവൈനിയുടെ ക്ലാസ്സുകളിൽ നിന്ന് എഴുതിയെടുത്ത കുറിപ്പുകൾ ക്രോഡീകരിച്ചാണ് 'അൽമൻഖൂൽ' എന്ന പ്രശസ്തമായ ഗ്രന്ഥം രചിച്ചത്.
ചുരുക്കത്തിൽ, പതിനൊന്നാം നൂറ്റാണ്ടിൽ ഇമാമുൽ ഹറമൈനി അൽജുവൈനി വികസിപ്പിച്ചെടുത്ത അക്കാദമിക് മാതൃകകൾ കേവലം ഒരു മധ്യകാല ചരിത്രരേഖ മാത്രമല്ല, മറിച്ച് സമകാലിക വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് കൃത്യമായ ദിശാബോധം നൽകാൻ പ്രാപ്തിയുള്ള ഒന്നാണ്. ആധുനിക വിദ്യാഭ്യാസ പരിഷ്കാരങ്ങൾ (Modern Educational Reforms) അധ്യാപക കേന്ദ്രീകൃത (Teacher-centered) രീതികളിൽ നിന്ന് വിദ്യാർത്ഥി കേന്ദ്രീകൃത (Student-centered) രീതികളിലേക്കും, കാണാപ്പാഠം (Rote Learning) പഠിക്കുന്നതിൽ നിന്ന് വിമർശനാത്മക (critical thinking) രീതിയിലേക്കും മാറ്റുന്നതിനെ കുറിച്ച് നിരന്തരമായ അന്വേഷണങ്ങളും ചർച്ചകളും നടക്കുന്ന ഈ പുതിയ കാലത്ത്, ഇമാം നടപ്പിലാക്കിയ ഈ അധ്യാപന സമ്പ്രദായങ്ങൾക്ക് ചെറുതല്ലാത്ത പ്രസക്തിയുണ്ട്.
പ്രധാന അവലംബം:
* ത്വബഖാത്തുശ്ശ ശാഫിഇയ്യത്തിൽ കുബ്റാ / താജുദ്ദീൻ അസ്-സുബ്കി
* The Rise of Colleges: Institutions of Learning in Islam and the West / George Makdisi



Leave A Comment