പരീക്ഷണങ്ങളിൽ പതറാതെ ഉര്‍വതുബ്‌നു സുബൈര്‍

ഇസ്‍ലാമിക ചരിത്രത്തിലെ അപൂർവ്വം നാമങ്ങളിൽ ഒരാൾ, കടുത്ത പരീക്ഷണങ്ങളെ പുഞ്ചിരിയോടെ നേരിട്ട മാതൃകാ വ്യക്തിത്വം, ലളിത ജീവിതം സൗമ്യമായ പെരുമാറ്റം, ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണത്തിന് ഏകദേശം ഒരു വർഷം മുമ്പ്, ഉന്നത കുടുംബത്തിൽ ജനനം, സ്വര്‍ഗം കൊണ്ട്‌ സന്തോഷവിവരം നൽകപെട്ടെ  സുബൈര്‍ ബിന്‍ അവ്വാമിന്റെ പുത്രന്‍, ഇരട്ടപ്പട്ടക്കാരി  എന്ന സ്ഥാനപ്പേരുള്ള അബൂബക്കര്‍ സിദ്ദീഖിന്റെ പുത്രി അസ്‌മാ ബീവിയാണ്‌ മാതാവ്‌. ഒരു വ്യക്തിയുടെ മഹത്വത്തിന് ഇതിലുപരി എന്ത് വേണം.

ഖലീഫ വലീദുബ്‌നു അബ്ദില്‍ മലിക്കിനെ കാണാന്‍ ദമസ്‌ക്കസിലെത്തിയതാണ് ഉര്‍വ, കൂടെ മകനുമുണ്ട്. ഖലീഫയെ കണ്ട് മടങ്ങുമ്പോള്‍ മകന് ഒരാഗ്രഹം, ഖലീഫയുടെ  കുതിരകളെയൊന്ന് കാണണം, അവര്‍ കുതിരപ്പന്തിയിലെത്തി. എന്നാല്‍ ദൗർഭാഗ്യകരമെന്ന് പറയട്ടെ, അവിടെ വെച്ച് വിറളികൊണ്ട ഒരു കുതിര ഉര്‍വയുടെ മകനു നേരെ ചാടി, കുളമ്പുകൊണ്ടുള്ള അപ്രതീക്ഷ ചവിട്ടേറ്റ് മകൻ തൽക്ഷണം മരണപ്പെട്ടു.

ദിവസങ്ങള്‍ പിന്നിട്ടതേയുള്ളൂ. മറ്റൊരു പരീക്ഷണമായി ഉര്‍വയുടെ കാലില്‍ ഒരു വ്രണമുണ്ടായി, വീക്കവും പഴുപ്പും കൂടിക്കൂടി വന്നു. ഖലീഫ ഡോക്ടര്‍മാരെ ഏര്‍പ്പാടാക്കി. ചികില്‍സ ഫലം കാണാതായി, ഒടുവില്‍ ഡോക്ടര്‍മാർ പറഞ്ഞത് കാല്‍ മുറിച്ചുമാറ്റണമെന്നായിരുന്നു. ഉര്‍വ സമ്മതിച്ചു. വജ്രക്കത്തികളും മറ്റുമായി ശസ്ത്രക്രിയാ വിദഗ്ധരെത്തി,  കാലു മുറിച്ചുനീക്കാന്‍ രോഗിയെ മയക്കിക്കിടത്തണമെന്നായി അവര്‍. പക്ഷേ അതിന് ഉർവ ഒരുക്കമായിരുന്നില്ല. കാരണമായി പറഞ്ഞത് എനിക്ക് എന്റെ റബ്ബിനെ  സദാ ഓർത്ത് കൊണ്ടിരിക്കണം, അതില്ലാതെ, ഏതാനും സമയം മയങ്ങിക്കിടക്കുന്നത് പോലും ഞാന്‍ ഇഷ്ടപെടുന്നില്ല എന്നായിരുന്നു. കാലുകള്‍ മരവിപ്പിക്കാന്‍ പോലും അദ്ദേഹം സമ്മതിച്ചില്ല. ഞാന്‍ വേദന സഹിക്കാം ഉര്‍വ ഉറച്ചുനിന്നു. പച്ച മാംസം കീറിയും എല്ലുകളെ തുളച്ചും വജ്രക്കത്തി നീങ്ങുമ്പോള്‍ പിടയുന്ന ഉര്‍വയെ പിടിച്ചുവെക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ആരംഭിച്ചു, പക്ഷെ അതൊന്നും വേണ്ടെന്ന് പറഞ്ഞ  ആ ദൈവ ഭക്തന്‍ ഇങ്ങനെ പറഞ്ഞു, എന്റെ നാഥന് തസ്ബീഹുകളര്‍പ്പിച്ച് ഞാന്‍ കിടക്കും. നിങ്ങള്‍ വേണ്ടത് ചെയ്‌തോളൂ. ശസ്ത്രക്രിയ കഴിയുന്നത് വരെ യാതൊരു അനക്കവുമില്ലാതെ തസ്ബീഹ് ചൊല്ലി ആസ്വദിച്ച് കിടന്ന ഉര്‍വ്വ കണ്ടുനിന്നവര്‍ക്കൊക്കെ അല്‍ഭുതമായിരുന്നു. മാംസം പതുക്കെ അറുത്തുമാറ്റി, എല്ലുകള്‍ മുറിച്ചുനീക്കി. അപ്പോഴൊക്കെയും ദൈവിക സ്മരണ നിറഞ്ഞ ഹൃദയവും അവനെ വാഴ്ത്തുന്ന ചുണ്ടുകളുമായി ഉര്‍വ കിടന്നു. അവസാനം  ഉർവ ബോധരഹിതനായി.

ചികില്‍സ കഴിഞ്ഞ് വീട്ടിലെത്തിയ ഉര്‍വയെ കാണാന്‍ കൂട്ടുകാര്‍ വന്നു. എങ്ങനെ ആശ്വസിപ്പിക്കും എന്ന് അറിയാതെ കുഴങ്ങിയ അവരോടായി ഉര്‍വ പറഞ്ഞതിങ്ങനെ, എന്റെ നാഥൻ എനിക്ക് നാലു സന്തതികളെ നൽകി, അവരില്‍ മൂന്നു പേരെ ബാക്കിവെച്ച് ഒരാളെ മാത്രമല്ലേ അവന്‍ തിരിച്ചെടുത്തുള്ളൂ, അവന്‍ എനിക്ക് രണ്ട് കൈകളും അത്ര തന്നെ കാലുകളും തന്നു. അവയില്‍ ഒരു കാലിന്റെ പകുതി മാത്രം അവന്‍ തിരിച്ചുവാങ്ങി. അവന്‍ എത്ര ഔദാര്യവാന്‍. അവന് സ്തുതി, അൽഹംദു ലില്ലാഹ്.

വിജ്ഞാനത്തോടുള്ള അടങ്ങാത്ത തൃഷ്ണ സാത്വികനായ ഈ താബിഈ പണ്ഡിതനെ നിത്യ യാത്രികനാക്കി. പ്രിയ നബിയുടെ വിയോഗം കഴിഞ്ഞ് ഒരു വ്യാഴവട്ടത്തിന് ശേഷമാണ് ഉര്‍വയുടെ ജനനമെങ്കിലും തന്റെ കാലക്കാരായ പ്രമുഖ സ്വഹാബിമാരെയെല്ലാം അദ്ദേഹം സന്ദർശിച്ചു അറിവ് നേടി.

നമസ്‌കാരത്തിലൂടെ  ജീവിതത്തിൽ ആനന്ദം കണ്ടത്തിയ ശ്രേഷ്ഠൻ, ഭക്തിയും സൂക്ഷ്മതയും അവധാനതയും സമന്വയിച്ച വ്യക്തിത്വം, നിത്യ ആരാധനയിലൂടെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞു. ഓരോ ദിവസവും ഖുര്‍ആനില്‍ നിന്ന് പകുതി വീതം പാരായണം ചെയ്യുമായിരുന്നുവെന്ന് ചരിത്രം. ഇതില്‍ അധികവും നമസ്‌കാരത്തിലായിരുന്നു. കൗമാരപ്രായം മുതല്‍ പതിവുതെറ്റാതെ ഈ ശീലം ഉര്‍വ പാലിച്ചുപോന്നു.

മദീനയില്‍ സമൃദ്ധമായ തോട്ടമുണ്ടായിരുന്നു ഉര്‍വക്ക്. അതിലെ ഈത്തപ്പനകള്‍ കുലച്ചാല്‍ ആര്‍ക്കുവേണമെങ്കിലും അതില്‍ പ്രവേശിക്കുകയും ഇഷ്ടമുള്ളത്ര പറിച്ചെടുക്കുകയും ചെയ്യാമായിരുന്നു. ദാനധര്‍മങ്ങള്‍ സമ്പത്തിന് കുറവ് വരുത്തില്ലെന്നും വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂവെന്നുമുള്ള പ്രവാചക വചനം അത്രമേല്‍ ഉര്‍വ്വയെ സ്വാധീനിച്ചിരുന്നു.

മിക്ക ദിവസങ്ങളിലും നോമ്പുകാരനായിരിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. തിരുദൂതരുടെ വീട്ടില്‍ പലപ്പോഴും അടുപ്പ് പുകയാറുണ്ടായിരുന്നില്ലെന്ന്  മാതൃ സഹോദരി ആഇശയില്‍ നിന്ന് കേട്ട അദ്ദേഹം,  ആ പ്രവാചകരോട് താദാത്മ്യം പുലര്‍ത്താന്‍ കൂടിയായിരുന്നു അതിലൂടെ ശ്രമിച്ചത്.

എഴുപത്തിയൊന്നാം വയസ്സില്‍ ലോകത്തോട് വിട പറയുമ്പോഴും  അദ്ദേഹം നോമ്പുകാരന്‍ തന്നെയായിരുന്നു. മരണ വേളയില്‍ നോമ്പു മുറിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. നോമ്പുകാരനായി എന്റെ നാഥനെ കണ്ടുമുട്ടണമെന്ന് പറഞ്ഞ്, അങ്ങനെത്തന്നെ ആ ധന്യജീവിതം അവസാനിക്കുകയും ചെയ്തു.

ഉര്‍വ്വ(റ) താമസിച്ചിരുന്ന വീടും പരിസരവും ഫത്‍വ നല്കാനായി ഇരുന്നിരുന്ന കോട്ടയുമെല്ലാം ഇന്നും മദീനയില്‍ കാണാം.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter