പാശ്ചാത്യ മണ്ണിലെ ലോകകപ്പ്: വിവേചനങ്ങളുടെ കളിമുറ്റമോ?
ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഫിഫ ലോകകപ്പിന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി വേദിയാവുകയാണ്. ടൂർണമെന്റിന്റെ ആവേശം കെടുത്തുന്ന തരത്തിലുള്ള അതീവ ഗുരുതരമായ വാർത്തകളാണ് അമേരിക്കൻ മണ്ണിൽ നിന്ന് പുറത്തുവരുന്നത്. അമേരിക്കൻ വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ കേന്ദ്രങ്ങളിലും വിവിധ രാജ്യങ്ങളിലെ കായിക താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും നേരിടേണ്ടി വന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളുടെ നേർക്കാഴ്ചയാണ്. ദേശീയ ടീമുകൾക്ക് അമേരിക്കൻ വിമാനത്താവളങ്ങളിൽ കൊടുംകുറ്റവാളികളെപ്പോലെയാണ് സുരക്ഷാ പരിശോധനകൾ നടത്തിയത്. യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലൻഡിന്റെ പ്രമുഖ ഫുട്ബോൾ താരം ബ്രീൽ എംബോളോയുടെ വിസ അമേരിക്കൻ അധികൃതർ പരിശോധനയ്ക്കായി മണിക്കൂറുകളോളം തടഞ്ഞുവെച്ചത് വലിയ വിവാദമായിരുന്നു.
യു.എസ് കോൺസുലേറ്റിൽ ഇറാൻ ദേശീയ ടീമിലെ 13-ഓളം സ്റ്റാഫ് അംഗങ്ങൾക്കും പ്രതിനിധികൾക്കും അമേരിക്ക വിസ നിഷേധിച്ചിരുന്നു. നിലവിൽ മത്സരമുള്ള ദിവസങ്ങളിൽ മാത്രമാണ് ഇറാൻ കളിക്കാർക്ക് അമേരിക്കയിൽ പ്രവേശിക്കാൻ അനുമതിയുള്ളത്. ഇറാഖ് ദേശീയ ടീം താരമായ അയ്മൻ ഹുസൈനെ ഷിക്കാഗോ വിമാനത്താവളത്തിൽ അമേരിക്കൻ ഇമിഗ്രേഷൻ അധികൃതർ ഏഴ് മണിക്കൂറോളമാണ് തടഞ്ഞുവെച്ചതും ചോദ്യം ചെയ്തതും. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ അധികൃതർ പിടിച്ചെടുത്തു. ഇറാഖ് ടീമിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കാതെ അധികൃതർ തിരിച്ചയക്കുകയും ചെയ്തു. നാർകോട്ടിക്സ് പരിശോധനകൾ അടങ്ങിയ അതിതീവ്ര പരിശോധനകളാണ് അമേരിക്കയിലെ എയർപോർട്ടിൽ നിന്നും സെനഗൽ, ഉസ്‌ബപകിസ്ഥാൻ തുടങ്ങിയ ദേശീയ ടീമുകൾക്ക് നേരിടേണ്ടി വന്നത്. നിരവധി സ്റ്റാഫിനും ആരാധകർക്കും യാത്രാ വിലക്കുകളും ഉയർന്ന യാത്ര ചിലവുകളും വെല്ലുവിളിയാവുകയാണ്. ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ലഭിക്കണമെങ്കിൽ 15,000 ഡോളർ വരെ ബോണ്ട് കെട്ടിവെക്കണമെന്ന നിയമവും അമേരിക്കൻ ഭരണകൂടം കൊണ്ടുവന്നിട്ടുണ്ട്. ഒരു ലോകകപ്പ് കളിക്കാൻ വരുന്ന അന്താരാഷ്ട്ര കായികതാരങ്ങളോടുള്ള ഈ സംശയദൃഷ്ടിയോടെയുള്ള സമീപനം ഫുട്ബോളിന്റെ അന്തസ്സിനെയാണ് ഇല്ലാതാക്കുന്നത്, അതിലുപരി അമേരിക്കയുടെ തനിനിറം വ്യക്തമാക്കുക കൂടിയാണ് ചെയ്യുന്നത്.
ലോകകപ്പിന്റെ യു.എസ്സിലെ പരിശീലന കേന്ദ്രത്തിൽ എല്ലാ റഫറിമാരും നിർബന്ധമായും എത്തണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഫിഫ വേൾഡ് കപ്പ് നിയന്ത്രിക്കേണ്ട സൊമാലിയൻ റഫറി ഒമർ അബ്ദുൽ ഖാദറിന്ന് വിമാനത്താവളത്തിൽ അമേരിക്കൻ അധികൃതർ വിസ നിഷേധിക്കുകയും അദ്ദേഹത്തെ അപമാനിച്ച് തിരിച്ചയക്കുകയും ചെയ്തു. അതിനെ തുടർന്ന് ഔദ്യോഗിക പട്ടികയിൽ നിന്ന് ഫിഫ അദ്ദേഹത്തെ മാറ്റുകയും ചെയ്തു. സൊമാലിയ പോലൊരു രാജ്യത്തിന്റെ കായിക ചരിത്രത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷങ്ങളിലൊന്നാണ് അമേരിക്കൻ അധികൃതരുടെ ഈ നടപടിയിലൂടെ ഇല്ലാതായത്. ലോകകപ്പിൽ ആദ്യമായി നിയോഗിക്കപ്പെട്ട ആഫ്രിക്കയിലെ മികച്ച സൊമാലിയൻ റഫറി കൂടിയായിരുന്നു അദ്ദേഹം.
ഈ ലോകകപ്പിലെ ആതിഥേയ രാജ്യങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ എത്രത്തോളം മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങേറുന്നുണ്ടെന്ന് മനസിലാക്കാം. ആഭ്യന്തര സംഘർഷങ്ങളിൽ വലയുന്ന ഒരു രാജ്യമാണ് മെക്സിക്കോ. മയക്കുമരുന്ന് മാഫിയകളുമായുള്ള നിരന്തരമായ യുദ്ധത്തിന്റെ ഭയാനകമായ യാഥാർത്ഥ്യമാണ് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നത്. 2006 മുതൽ 1,30,000-ത്തിലധികം ആളുകളെയാണ് ഇവിടെ കാണാതായത്. അതായത് പ്രതിദിനം ശരാശരി 18 പേർ. കാണാതായവരെ കണ്ടെത്തുന്നത് ദേശീയ പ്രാധാന്യമുള്ള വിഷയമാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, ലോകകപ്പിനായി ഒഴുക്കുന്ന പണവും ശ്രദ്ധയും അവരെ കണ്ടെത്താനായി ചെലവഴിക്കാമായിരുന്നു എന്നാണ് പൊതുവെ പറയപ്പെടുന്നത്. മാത്രമല്ല, വിനോദസഞ്ചാരികളുടെ തള്ളിക്കയറ്റം രാജ്യത്തെ ഭവന പ്രതിസന്ധി രൂക്ഷമാക്കുകയാണ്. പ്രതിവർഷം 20,000-ത്തിലധികം കുടുംബങ്ങൾക്ക് സ്വന്തം കിടപ്പാടം നഷ്ടമാകുന്നുണ്ട്. ഇതിനെല്ലാം പുറമെ സുരക്ഷയുടെ പേരിലുള്ള കടുത്ത നടപടികൾ 1968-ലെ ഒളിമ്പിക്സിന് ദിവസങ്ങൾക്ക് മുമ്പ് പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന വെടിയുതിർത്ത ലാറ്റെലോൽകോ കൂട്ടക്കൊലയെയാണ് (Tlatelolco massacre) ഓർമിപ്പിക്കുന്നത്.
അമേരിക്കയുടെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ICE) കസ്റ്റഡി മരണങ്ങളിലെ റെക്കോർഡ് എണ്ണവും തകരുന്ന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ചർച്ചയായിരിക്കുകയാണ്. 2022-ലെ ഖത്തർ ലോകകപ്പിൽ ഉപയോഗിച്ച അത്യാധുനിക മെട്രോ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് ആരാധകരെ കൊണ്ടുപോകാൻ സാധാരണ മഞ്ഞ സ്കൂൾ ബസുകൾ ഉപയോഗിക്കാനുള്ള പദ്ധതി വലിയ പരിഹാസങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിലെ നിക്ഷേപമില്ലായ്മയാണ് ഇത് തുറന്നുകാട്ടുന്നത്.
കാനഡയിൽ, നഗരങ്ങൾ മോടിയാക്കുന്നതിന്റെ ഭാഗമായി ഭവനരഹിതരായ ആളുകളെ നിർബന്ധിതമായി ഒഴിപ്പിക്കുകയും അവർക്ക് സംരക്ഷണം നൽകുന്നതിൽ അധികാരികൾ പരാജയപ്പെടുകയും ചെയ്തു എന്ന ആരോപണം ശക്തമാണ്. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ നഗരങ്ങളെ മനോഹരമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിന് പകരം അവരെ സമൂഹത്തിൽ നിന്ന് മറച്ചുപിടിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ലോകകപ്പിന്റെ തിളക്കങ്ങൾക്കിടയിൽ ഇരുളിലാക്കപ്പെടുന്ന പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ ചൂഷണങ്ങളുടെ നേർക്കാഴ്ചയാണ്. ഇതിലൂടെ പാശ്ചാത്യർ നിലവിലുള്ള സാമൂഹിക അസമത്വങ്ങൾ വർദ്ധിപ്പിക്കുകയും ഗുരുതരമായ മനുഷ്യാവകാശ പ്രശ്നങ്ങളെ അവഗണിക്കുകയാണ്.
Read More:ഇരുപത്തിരണ്ടാമത് ലോകകപ്പിന് ഖത്തറില്‍ വിസില്‍ മുഴങ്ങുമ്പോള്‍..
2022 ൽ ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചും തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ചും പാശ്ചാത്യ മാധ്യമങ്ങൾ വലിയ തോതിൽ ആരോപണങ്ങള്‍ നടത്തിയിരുന്നു. എന്നാൽ ഇന്ന് ഇത്രയധികം ദുരനുഭവങ്ങൾ ഉണ്ടായിട്ടും പാശ്ചാത്യ മാധ്യമങ്ങളും ഫിഫയും മൗനം പാലിക്കുകയാണ്. ഈ സംഭവങ്ങൾ ഏതെങ്കിലും ഒരു അറബ് രാജ്യത്താണ് നടന്നതെങ്കിൽ ലോകമാധ്യമങ്ങൾ അത് വലിയ വിവാദമാക്കുകയും ടൂർണമെന്റ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുമായിരുന്നു. അമേരിക്കയുടെ കാര്യത്തിൽ ലോകം കാണിക്കുന്ന ഈ കടുത്ത ഇരട്ടത്താപ്പ് സുവ്യക്തമാണ്. 2022ല്‍, റഫറിയുടെ ദേശീയതയോ മതമോ നോക്കി ഖത്തർ പ്രവേശനം നിഷേധിച്ചിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് നമുക്ക് സങ്കൽപ്പിക്കാവുന്നതാണ്. ഉടനടി കായിക സംഘടനകളും എഡിറ്റോറിയലുകളും മറ്റു നേതൃത്വങ്ങളും വിശദീകരണം ആവശ്യപ്പെടുമായിരുന്നു. പാശ്ചാത്യ മാധ്യമങ്ങളും മറ്റു സംഘടനകളും ഖത്തറിന്റെ കാര്യത്തിൽ ഉണ്ടാക്കിയ കപടധാര്‍മ്മികത ഇപ്പോൾ നിശബ്ദത പാലിക്കുന്നത് ആശങ്കാജനകവും അതിലേറെ പരിഹാസ്യവുമാണ്. ആതിഥേയത്വം വഹിക്കുന്നത് ലോകത്തിലെ ശക്തമായ രാജ്യമാകുമ്പോൾ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നത് അപ്രസക്തമാണ്. അറബ് രാജ്യങ്ങളോട് പാശ്ചാത്യ ഓറിയന്റലിസ്റ്റുകൾ നടത്തുന്ന കപട തിരക്കഥകളും ഇതിനിടയിൽ വ്യക്തമായി കാണാൻ സാധിക്കും. 2022ൽ ഫിഫ ഉദ്ഘാടനം സംപ്രേഷണം ചെയ്യാതെ പ്രതിഷേധിച്ച് ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി) മാറിനിന്നത് കായിക മത്സരങ്ങളോട് പാശ്ചാത്യ മാധ്യമങ്ങൾക്കുള്ള കപടമായ ഇരട്ടത്താപ്പിനുള്ള ഉദാഹരണമാണ്.
2019 ൽ പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ന്യൂഡൽഹിയിലെ ഷൂട്ടിംഗ് ലോകകപ്പിന് പാക്കിസ്ഥാന്‍ ഷൂട്ടേർസിന്ന് ഇന്ത്യ വിസ നിഷേധിച്ചപ്പോൾ മാധ്യമങ്ങളും ഒളിമ്പിക് പ്രസ്ഥാനങ്ങളും കൈകൊണ്ട പ്രതികരണങ്ങൾ ശക്തമായിരുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്ത്യയിലെ ഭാവി പരിപാടികൾ ചർച്ചചെയ്യുന്നത് താൽക്കാലികമായി നിർത്തുകയും പ്രത്യേകമായി ഗ്യാരണ്ടി നൽകാതെ ഒളിമ്പിക് യോഗ്യത മത്സരങ്ങൾക്ക് വേദി നൽകരുതെന്ന് അന്താരാഷ്ട്ര ഫെഡറേഷനുകൾ ഉപദേശം നൽകുകയും ചെയ്തിരുന്നു. കൃത്യമായി യോഗ്യത നേടിയ ടീമുകളെ തടയാൻ ആതിഥേയ രാജ്യങ്ങൾക്ക് അവകാശമില്ലെന്ന സന്ദേശമാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ അധികാരത്തിന്റെ സ്വാധീനവലയത്തിൽ കായിക ധാർമ്മികതയുടെ നിർവചനങ്ങൾ മാറ്റിയെഴുതപ്പെടുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്.
സാധാരണ ഗതിയില്‍, ഓരോ ലോകകപ്പും സംവിധാനങ്ങളുടെ ഗരിമയും പ്രൗഢിയും ആധുനികതയും കൊണ്ട് മുന്‍ലോക കപ്പുകളെ അപ്രസക്തമാക്കുന്നതായിരുന്നു പതിവ്. എന്നാല്‍, അമേരിക്കന്‍ മണ്ണിലേക്ക് എത്തിയതോടെ കാര്യങ്ങള്‍ നേരെ മാറുകയാണ്. ഇത്രയും വലിയ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തിയിട്ടും, കഴിഞ്ഞ തവണ വളരെ കൊച്ചു രാഷ്ട്രമായ ഖത്തര്‍ നടത്തിയതിന്റെ നാലയലത്ത് പോലും ഇത് എത്തിയില്ലല്ലോ എന്നതാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇനിയും ഒരു പത്ത് ലോകകപ്പുകള്‍ ഖത്തറില്‍ തന്നെ നടത്താനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന്, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫിഫ പ്രസിഡണ്ട് ഗിയാനി ഇന്‍ഫാന്റിനോ പരസ്യമായി പറഞ്ഞത് ഇതിന് അടിവരയിടുകയാണ്. എത്ര മുതിര്‍ന്നാലും പുള്ളിമാനിന്റെ പുള്ളി മായില്ല എന്ന് പറഞ്ഞ പോലെ, എത്രവലിയ ആധുനികരെന്ന് സ്വയം മേനി നടിക്കുമ്പോഴും അമേരിക്കയുടെ തനിനിറം അറിയാതെ പുറത്ത് ചാടിക്കൊണ്ടേയിരിക്കും എന്നേ പറയാനുള്ളൂ.



Leave A Comment