സി.കെ.കെ. മാണിയൂർ: വിദ്യാഭ്യാസ വിപ്ലവം തീർത്ത ദാർശനികൻ

കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ബൗദ്ധികവും സംഘടനാപരവുമായ ചരിത്രരൂപീകരണത്തിൽ അചഞ്ചലമായ പ്രതിബദ്ധതയും പാണ്ഡിത്യവും സേവനസന്നദ്ധതയും കൈമുതലായുള്ള വ്യക്തിത്വങ്ങൾ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട് . സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ പണ്ഡിതനും നേതാവും പ്രചോദനാത്മക സാന്നിധ്യവുമായിരുന്ന സി.കെ.കെ.മാണിയൂർ (സി.കെ. കമാൽ മൗലവി) ഈ നിരയിൽ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം കേവലം പദവികളുടെയോ ഉത്തരവാദിത്തങ്ങളുടെയോ സ്ഥാനമാനങ്ങളുടെയോ ഒരു പട്ടികയായിരുന്നില്ല;മറിച്ച് വിജ്ഞാനത്തോടും സമൂഹത്തോടും പ്രസ്ഥാനത്തോടുമുള്ള അചഞ്ചലമായ സമർപ്പണത്തിന്റെ സുദീർഘമായ പ്രയാണമായിരുന്നു. ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരുടെ സന്തത സഹചാരിയായിട്ടാണ് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. കേരളത്തിലെ മുസ്‌ലിം നവോത്ഥാന ചരിത്രത്തിൽ പാരമ്പര്യ പാണ്ഡിത്യത്തെയും ആധുനിക വിദ്യാഭ്യാസ ദർശനങ്ങളെയും സമന്വയിപ്പിച്ച അതുല്യ വ്യക്തിത്വമായിരുന്നു മർഹൂം സി.കെ.കെ. മാണിയൂർ എന്ന സി.കെ. കമാൽ മൗലവി. സമസ്തയുടെ ആദർശങ്ങളിൽ ഉറച്ചുനിന്നുകൊണ്ട്, സമുദായത്തിന്റെ ബൗദ്ധികവും സാമൂഹികവുമായ ഉന്നമനത്തിനായി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. വിനയം കൈമുതലാക്കിയ ആ ദാർശനികൻ നേതൃപദവികളിലിരിക്കുമ്പോഴും സാധാരണക്കാരോട് പുലർത്തിയിരുന്ന ഹൃദയബന്ധം അദ്ദേഹത്തെ ജനപ്രിയനാക്കി

ആദ്യകാല ജീവിതവും പശ്ചാത്തലവും

കേരളത്തിലെ മത-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ ഒരു സംഘാടകൻ, അധ്യാപകൻ, സമുദായ നേതാവ് എന്നീ മേഖലകളിൽ സി.കെ.കെ.മാണിയൂർ ശ്രദ്ധേയനായിരുന്നു. സമസ്തയുടെ പ്രധാന പോഷക സംഘടന സുന്നി യുവജന സംഘത്തിന്റെ (SYS) പരമ്പരാഗത പാണ്ഡിത്യത്തെയും സജീവമായ സാമൂഹിക ഇടപെടലുകളെയും അദ്ദേഹം സമന്വയിപ്പിച്ചു. മാണിയൂരിന്റെ അടിസ്ഥാന മൂല്യങ്ങൾ അദ്ദേഹത്തിന്റെ വൈജ്ഞാനികവും ആത്മീയവുമായ പൈതൃകത്തിൽ വേരൂന്നിയവയായിരുന്നു. ചരിത്രപരമായ മാണിയൂർ പാറാൽ പള്ളിയുടെ  വിദ്യാഭ്യാസ-ആത്മീയ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞുവെച്ച പണ്ഡിതൻ കൂളാട്ട് മാമു മുസ്‌ലിയാരുടെയും. വടക്കൻ മലബാറിലെ പ്രശസ്ത സൂഫി വര്യൻ വലിയുല്ലാഹി പാലത്തുംകര റമദാൻ ശൈഖ് തങ്ങളുടെ വംശപരമ്പരയിൽപ്പെട്ട ചിറ്റിക്കോത്ത് സൈനബയുടെയും പുത്രനായിട്ടായിരുന്നു ജനനം. ആത്മീയമായ കൃത്യതയും സൂഫി പാരമ്പര്യവും ഇഴചേർന്ന ഒരു പരിസരമാണ് അദ്ദേഹത്തിന് ലഭിച്ചത്. സമസ്ത ജനറൽ സെക്രട്ടറിയും പണ്ഡിതനുമായിരുന്ന ഇ.കെ. അബൂബക്കർ മുസ്ലിയാർ 1996-ൽ കോഴിക്കോട്ടെ ഫാത്തിമ ആശുപത്രിയിൽ അന്തരിക്കുന്നതിന് ദൃക്‌സാക്ഷിയായിരുന്നു അദ്ദേഹം. ദീർഘകാലം ശംസുൽ ഉലമയുടെ സേവകനെന്ന മേൽവിലാസത്തോടെയാണ് അദ്ദേഹം പൊതുരംഗത്തേക്ക് ചുവടുവെക്കുന്നത്. അങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളെ സ്പർശിക്കുന്ന ഒട്ടേറെ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഒരുകാലത്ത് ഉത്തര മലബാറിലെ സമസ്തയുടെ മുഖമായി അറിയപ്പെട്ടിരുന്ന ഇദ്ദേഹം 45 വർഷം മുൻപാണ് മാണിയൂരിൽ നിന്ന് കാസർകോട് നീലേശ്വരത്തെ തൈക്കടപ്പുറത്തേക്ക് എത്തുന്നത്. നാട്ടിൽ നിന്ന് പോയെങ്കിലും മാണിയൂരെന്ന നാടിനെ സ്വന്തം പേരിനോട് ചേർത്ത് ആ ബന്ധം നിലനിർത്തി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ദീര്‍ഘകാലമായി സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ച സംഘാടകനാണ് സി.കെ.കെ മാണിയൂര്‍.

സംഘടനാ നേതൃത്വവും വിദ്യാഭ്യാസ ദർശനവും

കേരളത്തിലെ പരമ്പരാഗത ദർസ് സമ്പ്രദായവും ഔദ്യോഗിക സ്കൂൾ പഠനവും ഒത്തുചേർന്നതായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യാത്ര. സ്വന്തം പിതാവിൽനിന്ന് പ്രാഥമിക പഠനം നേടിയെടുത്തു. തുടർന്ന്  അടൂർ, മാട്ടൂൽ മടക്കര, എടയന്നൂർ, ചെമ്പിലോട് തുടങ്ങിയ ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദുകളിൽ അദ്ദേഹം മതപഠനം നടത്തി. തുടർന്ന് കൊടുങ്ങല്ലൂർ ഇർഷാദുൽ മുസ്‌ലിമീൻ അറബിക് കോളേജ്, കോഴിക്കോട് കുറ്റിച്ചിറയിലെ ജലാലിയ അറബിക് കോളേജ് എന്നിവിടങ്ങളിൽനിന്നും ഉപരിപഠനം പൂർത്തിയാക്കി. സ്വന്തം പിതാവിനു പുറമെ, അബ്ദുറഹിമാൻ ഹാജി തങ്ങൾ (പാലത്തുക്കര മുലയിൽ), സി.കുട്ട്യാലി മുസ്‌ലിയാർ (മാണിയൂർ), അബ്ദുൽ ഖാദർ മുസ്‌ലിയാർ (ചെമ്പിലോട് കൈതേരിപ്പൊയിൽ), ഹബീബുള്ള മൗലവി ഇരിക്കൂർ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരുടെ കീഴിലുള്ള ശിക്ഷണം അദ്ദേഹത്തിന്റെ ബൗദ്ധിക വികാസത്തിന് അടിത്തറ പാകി. അദ്ദേഹത്തിന്റെ മാർഗ്ഗദർഷിയും വഴികാട്ടിയുമായ ശംസുൽ ഉലമക്ക് പതിനഞ്ച് വർഷക്കാലം സേവനം ചെയ്യാൻ ഭാഗ്യം ലഭിച്ച സി.കെ.കെ മാണിയൂരിന്റെ  പ്രോജജ്വലിക്കുന്ന ഓർമ്മകൾ പങ്കുവെക്കുന്ന “ശംസുൽ ഉലമയുടെ കൂടെ” എന്ന പുസ്തകം രചിച്ചത് അദ്ദേഹത്തിന്റെ വിജ്ഞാനസമ്പാദനത്തിന്റെ ആഴം മനസ്സിലാക്കിത്തരുന്നു.      

സമസ്തയുടെ സംഘടനാ സംവിധാനത്തിനുള്ളിൽ വിശ്വസ്തനും ദൃഢചിത്തനുമായ ഒരു ശബ്ദമായി സി.കെ.കെ.മാണിയൂർ നിലകൊണ്ടു. പാണ്ഡിത്യത്തിലും അനുഭവസമ്പത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പൊതുവേദികളിൽ പ്രത്യേകമായൊരു ആധികാരികത ഉണ്ടായിരുന്നു. എന്നാൽ ആധികാരികതയേക്കാൾ ഉപരി പ്രസ്ഥാനത്തോടുള്ള ആത്മീയവും ബൗദ്ധികവുമായ അഗാധമായ ബന്ധമാണ് അദ്ദേഹത്തെ വേറിട്ടുനിർത്തിയത്. തന്റെ പ്രഭാഷണങ്ങളിലുടനീളം ശംസുൽ ഉലമയുടെ പൈതൃകത്തെ സ്മരിക്കാനും സയ്യിദുൽ ഉലമയുടെ മാർഗനിർദ്ദേശങ്ങളെ അംഗീകരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. മുതിർന്ന നേതാവായിരിക്കെത്തന്നെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളിൽ ഒരു സാധാരണ പ്രവർത്തകന്റെ ആവേശത്തോടെ അദ്ദേഹം പങ്കുചേരാൻ മടി കാണിച്ചില്ല യുവജനങ്ങളിലാണ് പ്രസ്ഥാനത്തിന്റെ കരുത്തെന്ന വിശ്വാസം അദ്ദേഹത്തെ സമസ്തയുടെ പ്രധാന പോഷക സംഘടന എസ്.കെ.എസ്.എസ്.എഫുമായി (SKSSF) അടുപ്പിച്ചു. അന്തരിച്ച പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ പ്രസിഡന്റും സി.എച്ച്. ഹൈദ്രോസ് മുസ്ലിയാർ ജനറൽ സെക്രട്ടറിയുമായി 1993-ൽ രൂപീകരിച്ച കമ്മിറ്റിയിൽ ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്നു. പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റായും സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗിൽ ഭിന്നിപ്പുണ്ടായിരുന്ന സമയത്ത് അഖിലന്ത്യ ലീഗിനെ പ്രതിനിധീകരിച്ച് കുറ്റ്യാട്ടൂർ പഞ്ചായത്തിൽ മത്സരിച്ച് പഞ്ചായത്തംഗവുമായിട്ടുണ്ട്.. പ്രായത്തിന്റെ അവശതകൾ മറന്നും സമസ്ത പരിപാടികളിൽ ഓടിയെത്തിയ സമസ്ത സഹകാരിയായിരുന്നു സി.കെ.കെ. സമസ്ത ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുണ്ടായിരുന്ന സി.കെ.കെ, തൃക്കരിപ്പൂർ ബാഫഖി ആശുപത്രിയിൽ നടന്ന അന്ത്യയാത്ര വരെ കർമ്മരംഗത്ത് സജീവമായിരുന്നു. സംസ്ഥാന, ജില്ലാ സ്വാഗത സംഘം കമ്മിറ്റികളിൽ പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ് ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം അദ്ദേഹം സജീവമായിരുന്നു. നീലേശ്വരത്തെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ നീലേശ്വരം പ്രസ് ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റാണ് അന്തരിച്ച സി.കെ.കെ മാണിയൂർ. 20 വർഷം മുൻപാണ് നീലേശ്വരത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം പ്രസ് ഫോറം രൂപീകരിക്കാൻ മുൻകൈയെടുത്തത്. നീലേശ്വരത്തെ ചന്ദ്രികയുടെ ലേഖകനായും അദ്ദേഹം ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാണിയൂരിന്റെ വിദ്യാഭ്യാസ സംഭാവനകൾ അദ്ദേഹത്തിന്റെ പൈതൃകത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായമാണ്. വിജ്ഞാനം വ്യക്തിഗതമായ ശാക്തീകരണത്തിനും സാമൂഹികമായ ഉന്നമനത്തിനുമുള്ള ഉപാധിയാവണമെന്ന് അദ്ദേഹം വിശ്വസിച്ചു. മാണിയൂരിലെ ശംസുൽ ഉലമ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളേജ് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ അടയാളമാണ്. അഗതിമന്ദിരമായി ആരംഭിച്ച ഈ സ്ഥാപനത്തെ ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു.  പരമ്പരാഗത ഇസ്‌ലാമിക വിജ്ഞാനീയങ്ങളും ആധുനിക വിദ്യാഭ്യാസ രീതികളും സമന്വയിപ്പിച്ചുകൊണ്ടുള്ള ദാറുൽ ഹുദാ ഇസ്ലാമിക യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വിദ്യാഭാസ സ്ഥാപനമാണ് വിഭാവനം ചെയ്തത്. 2000 മുതൽ 2025 വരെ ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറിയായും ശൈഖുനായുടെ നിര്യാണത്തിനെ തുടർന്ന് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. സി.കെ.കെ. മാണിയൂരിന്റെ ഏറ്റവും വലിയ സംഭാവന വിദ്യാഭ്യാസ മേഖലയിലായിരുന്നു. വിജ്ഞാനം വെറുമൊരു അലങ്കാരമല്ല, മറിച്ച് അത് സമൂഹത്തെ ശാക്തീകരിക്കാനുള്ള ആയുധമാണെന്ന സന്ദേശം നല്കി. പയ്യന്നൂർ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രഥമ ജനറൽ സെക്രട്ടറി, കുഞ്ഞിമംഗലം തഹ്ദീബുൽ ഉലൂം ഹയർ സെക്കൻഡറി മദ്രസ സദർ മുഅല്ലിം, കാസർകോട് ശ്രീബാഗിലു മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് തുടങ്ങിയ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. നീലേശ്വരം മർക്കസുദ്ദഅവത്തിൽ ഇസ്ലാമിയ്യയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ്.

നേതൃപാടവവും സ്വഭാവവിശേഷവും

ദൃഢതയും കാരുണ്യവും സമന്വയിപ്പിച്ച നേതൃത്വ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അച്ചടക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമ്പോഴും വ്യക്തികളോട് പെരുമാറുന്നതിൽ അദ്ദേഹം അങ്ങേയറ്റം സൗമ്യനായിരുന്നു. സംസ്ഥാന സുന്നി യുവജന സംഘത്തിന്റെ (SYS) വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കെയാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയത്. സമസ്തയുടെ നൂറാം വാർഷിക പരിപാടികൾക്കിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോഴും അദ്ദേഹം തന്റെ സംഘടനാ ഉത്തരവാദിത്തങ്ങളിൽനിന്ന് പിന്മാറിയില്ല. നേതാക്കൾക്കിടയിൽ അപൂർവ്വമായി കാണുന്ന വിനയവും സ്നേഹനിർഭരമായ പെരുമാറ്റവുമായിരുന്നു അദ്ദേഹത്തിന്റേത്. മർഹൂം ഡോക്ടർ യൂ ബാപ്പുട്ടി ഹാജിയോടുള്ള ആദരവ് കാരണം മകൻ ഷാഫി ഹാജിയെ ദീർഘകാലം 'ഡോക്ടർ' എന്ന് അഭിസംബോധന ചെയ്തിരുന്ന അദ്ദേഹത്തിന്റെ രീതി സുഹൃദ്ബന്ധങ്ങൾക്കും പൈതൃകത്തിനും അദ്ദേഹം നൽകിയിരുന്ന വില വ്യക്തമാക്കുന്നു. പദവികൾക്കപ്പുറം സാധാരണ പ്രവർത്തകരോടൊപ്പം താഴെത്തട്ടിൽ പ്രവർത്തിക്കാനും അദ്ദേഹം മടി കാണിച്ചില്ല.

അദ്ദേഹത്തിന്റെ നിസ്തുലമായ സേവനങ്ങളെ പരിഗണിച്ച് കാസർഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് ശംസുൽ ഉലമ അവാർഡിന് അദ്ദേഹത്തെ തിരഞ്ഞെടുത്തു. എന്നാൽ ആ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് മുമ്പ് അദ്ദേഹം അന്തരിച്ചു. പാണ്ഡിത്യത്തിന്റെയും നേതൃത്വത്തിന്റെയും വിനയത്തിന്റെയും സമന്വയമായ സി.കെ.കെ. മാണിയൂരിന്റെ ജീവിതം കേരളത്തിലെ മുസ്‌ലിം ചരിത്രത്തിൽ എന്നും പ്രചോദനമായി നിലനിൽക്കുന്നു. സി.കെ.കെ. മാണിയൂർ വിടപറഞ്ഞെങ്കിലും അദ്ദേഹം കെട്ടിപ്പടുത്ത സ്ഥാപനങ്ങളിലൂടെയും  പകർന്നുനൽകിയ മൂല്യങ്ങളിലൂടെയും സ്മരണകൾ എന്നും ജ്വലിച്ചുനിൽക്കും. വിനയവും നേതൃപാഠവും സമന്വയിപ്പിച്ച ആ ജീവിതം വരുംതലമുറകൾക്ക് എന്നും ഒരു വഴിവിളക്കായിരിക്കും.

മാണിയൂര്‍ ബുസ്താനുല്‍ഉലൂം അറബിക് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter