താങ്ങാനാളുണ്ടെങ്കിലേ തളർച്ചയുളളൂ
മക്കയുടെയുടെയും പരിസര പ്രദേശങ്ങളുടെയും അമീറുൽ മുഅ്മിനീനായി അവരോധിതനായിരുന്ന അബ്ദുല്ലാഹിബ്നു സുബൈർ (റ) വിനെ വകവരുത്താൻവേണ്ടി ഹജ്ജാജുബ്നു യൂസുഫ് വൻ സൈന്യവുമായി മക്കയിലെത്തിയിരിക്കുകയാണ്.
ശക്തമായ യുദ്ധം നടക്കാൻ പോവുന്നു. പ്രതിരോധിക്കാൻ മാത്രം സൈനികബലം തനിക്കില്ല. ഹജ്ജാജിന്റെ ഭീഷണിക്ക് വഴങ്ങി തന്റെ സൈനികരില്‍ ഭൂരിഭാഗവും കൂറുമാറി. അവശേഷിക്കുന്ന അനുയായികള്‍ക്കും ക്ഷമ നശിച്ചിരിക്കുന്നു. തന്റെ അന്ത്യം അടുത്തിരിക്കുന്നു. ഉമ്മയെ കാണണം. യാത്ര പറയണം. മകൻ ഉമ്മയുടെ മുമ്പിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. അബൂ ബക്കർ സിദ്ദീഖ് (റ)വിന്റെ പുത്രി അസ്മാ (റ)യാണ് അദ്ദേഹത്തിന്റെ ഉമ്മ. വാര്‍ധക്യത്തിന്റെ അവശത പേറുന്ന, കാഴ്ച മങ്ങിയ ആ മാതാവിന് മകന്റെ സന്ദര്‍ശനം ഇഷ്ടപ്പെട്ടില്ല.
"കഅ്ബാലയത്തിനുള്ളില്‍ നിന്റെ സൈന്യത്തിന് നേരെ ഹജ്ജാജിന്റെ പീരങ്കികള്‍ ഉതിര്‍ക്കുന്ന പാറക്കല്ലുകള്‍ മക്കയെ പ്രകമ്പനം കൊള്ളിക്കുമ്പോള്‍ നീ ഇവിടെ വന്നതെന്തിന്? മനസ്സാക്ഷിയെയും തന്നില്‍ വിശ്വാസമര്‍പ്പിച്ചവരെയും വഞ്ചിക്കരുത്. ശത്രുസൈന്യത്തോട് വിട്ടുവീഴ്ചക്ക് മുതിരരുത്. സത്യത്തിനുവേണ്ടി പൊരുതുക. ആ പോരാട്ടത്തിൽ രക്തസാക്ഷിയാവുക. അതാണ് അഭിമാനം. ഉമ്മ മകനെ കെട്ടിപ്പിടിച്ചു മുത്തം കൊടുത്തു പ്രാർത്ഥിച്ചു യാത്രയാക്കി.
അന്നത്തെ സൂര്യാസ്തമയത്തിന് മുമ്പായി ഇബ്നു സുബൈര്‍ വധിക്കപ്പെട്ടു. ആ വീര കേസരിയെ ഹജ്ജാജിന്റെ പട്ടാളം തെരുവില്‍ കുരിശിലേറ്റി. വത്സലയായ ആ മാതാവ് പൊന്നുമോന്റെ തൂക്കിലേറ്റപ്പെട്ട ജനാസ കാണാനായി അവിടെയെത്തി. ഹജ്ജാജ് അവരെ കണ്ടു. "ഉമ്മാ, അമീറുല്‍ മുഅ്മിനീന്‍ അബ്ദുല്‍ മലിക്ക് നിങ്ങള്‍ക്ക് നന്മ നേര്‍ന്നിരിക്കുന്നു. അങ്ങേക്ക് വല്ലതും ആവശ്യമുണ്ടോ?''
ഹജ്ജാജിന്റെ പരിഹാസം തിരിച്ചറിഞ്ഞ അസ്മ പൊട്ടിത്തെറിച്ചു: "ഞാന്‍ നിന്റെ ഉമ്മയല്ല. ആ രക്തസാക്ഷിയുടെ മാതാവാണ് ഞാന്‍. എനിക്ക് നിന്റെയോ അബ്ദുല്‍ മലിക്കിന്റെയോ ഒരു ചുക്കും വേണ്ട. എന്നാല്‍ നബിതിരുമേനിയില്‍ നിന്ന് കേട്ട ഒരു ഹദീസ് നിന്നെ കേള്‍പ്പിക്കാം. അവിടുന്ന് പ്രതിവചിച്ചു: "സഖീഫ് ഗോത്രത്തില്‍ ഒരു കള്ളപ്രവാചകനും മുടിയനും ജന്മം കൊള്ളും. കള്ളപ്രവാചകനെ നാം കണ്ടുകഴിഞ്ഞു. വിനാശകാരിയായ ആ മുടിയന്‍ നീയല്ലാതെ മറ്റാരുമല്ല.''
മക്കളെ ധീരരാക്കാനും ഭീരുക്കളാക്കാനും മാതാവ് കരുതിയാൽ മതി. ഉയരങ്ങളിലേക്ക് എത്തിപ്പെടാൻ ശ്രമിക്കുന്ന മക്കളെ ഭയപ്പെടുത്തി താഴെയിറക്കുന്ന ഉമ്മമാരുണ്ട്. അത് അവരോട് കാണിക്കുന്ന സ്നേഹവും കരുതലുമായി കാണുന്നവരുണ്ട്. സത്യത്തിൽ അവർ മക്കളുടെ ധൈര്യം കെടുത്തിക്കളയുകയാണ്. അവർ അന്തർമുഖരും അലസരും ആത്മബലമില്ലാത്തവരുമായി വളരാൻ സാഹചര്യമൊരുക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ പ്രോത്സാഹിപ്പിച്ചും സംരക്ഷണമൊരുക്കിയും കൂടെ നിന്ന് ഉയരങ്ങളിലേക്ക് എത്താനുള്ള വഴിയൊരുക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.
വിജയശ്രീലാളിതരായ ചരിത്രപുരുഷന്മാരുടെ വളർച്ചയിൽ പ്രധാന വഴിത്തിരിവായി വര്‍ത്തിച്ചത്, അവരെ കുഞ്ഞുന്നാളിലേ നല്ല ഗുണഗണങ്ങൾ പകർന്ന് വളർത്തിയെടുത്ത വലിയ മനസ്സുള്ളവരായിരുന്നുവെന്ന് കാണാനാവും. നവര വിതച്ചാൽ തുവര കായ്ക്കുമോ എന്നാണ് ചൊല്ല്. താങ്ങാനാളുണ്ടെങ്കിലേ തളർച്ചയുളളൂവെന്നും തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നും ഇതിനോട് ചേർത്ത് വായിക്കണം.
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: നിങ്ങളുടെ സന്താനങ്ങളുമായി നിങ്ങൾ നിരന്തര ബന്ധം പുലർത്തുക. അവരെ സൽഗുണങ്ങൾ ശീലിപ്പിക്കുകയും ചെയ്യുക.
Leave A Comment