ബദ്റിലെ രണ്ട് മുആദുമാര്‍

പ്രമുഖ സ്വഹാബി അബ്ദുറഹ്മാനുബ്നുഔഫ്(റ) ബദ്റ് യുദ്ധ വേളയിലെ ഒരു രംഗം വിവരിക്കുന്നത് ഇങ്ങനെയാണ്, 

ബദ്റില്‍ നിരയായി നില്‍ക്കുന്ന നേരം. ഞാന്‍ എന്റെ വലത് ഭാഗത്തേക്കും ഇടത് ഭാഗത്തേക്കും നോക്കി. അന്‍സ്വാരികളില്‍ പെട്ട വളരെ ചെറുപ്പക്കാരായ രണ്ട് പേരായിരുന്നു അവിടെ നിലയുറപ്പിച്ചിരുന്നത്. ഒരു വേള, കുറച്ച് കൂടി ശക്തരായ രണ്ട് പേര്‍ക്കിടയിലായിരുന്നെങ്കില്‍ ഞാനെന്ന് ആഗ്രഹിച്ചുപോയി. 

അപ്പോള്‍ അവരിലൊരാള്‍ എന്നോട് ചോദിച്ചു, നിങ്ങള്‍ക്ക് അബൂജഹ്‍ലിനെ അറിയുമോ. അതെ, അറിയാം, എന്ത് വേണം എന്ന് ഞാന്‍ മറുപടിയായി ചോദിച്ചു. അവന്‍ പറഞ്ഞു, അയാള്‍ പ്രവാചകര്‍(സ്വ)യെ ചീത്ത പറയാറുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവാണ് സത്യം, അവനെ നേരില്‍ കിട്ടിയാല്‍ ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ മരിച്ചിട്ടേ ബാക്കി കാര്യമുള്ളൂ. 

ഇത് കേട്ട ആകെ അല്‍ഭുതപ്പെട്ടിരിക്കുമ്പോഴാണ്, രണ്ടാമന്‍ എന്തോ ചോദിക്കാനായി എന്നെ തോണ്ടുന്നത്. അവനും പറയാനുള്ളത് അത് തന്നെയായിരുന്നു. വൈകാതെ അബൂജഹ്‍ല്‍ എന്റെ ശ്രദ്ധയില്‍ പെട്ടു. തന്റെ ആളുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി കറങ്ങി നടക്കുകയായിരുന്നു. ഉടനെ ഞാന്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത് കൊണ്ട് അവരോട് പറഞ്ഞു, ആ നടക്കുന്ന ആളെ നിങ്ങള്‍ കാണുന്നില്ലേ. അവനാണ് നിങ്ങള്‍ അന്വേഷിക്കുന്ന കക്ഷി. 

Read More: റബീഹ്-1,സന്തോഷാശ്രുക്കള്‍ പൊഴിച്ച നിമിഷങ്ങള്‍

അത് കേള്‍ക്കേണ്ട താമസം, രണ്ട് പേരും വാളുമായി അബൂജഹ്‍ലിന്റെ നേരെ പാഞ്ഞടുത്ത്, രണ്ട് പേരും ഒരേ സമയം അവന്റെ മേല്‍ ചാടിവീണ് കഥ കഴിച്ചു. ശേഷം ഏറെ സന്തോഷത്തോടെ രണ്ട് പേരും പ്രവാചകരുടെ സന്നിധിയിലെത്തി കാര്യം പറഞ്ഞു. അവിടുന്ന് ചോദിച്ചു, ആരാണ് ശരിക്കും അവനെ കൊന്നത്. ഞാനാണ് കൊന്നതെന്ന് ഓരോരുത്തരും അവകാശപ്പെട്ടു. പ്രവാചകര്‍ പറഞ്ഞു, ശരി, നിങ്ങള്‍ രണ്ട് പേരുമാണ് അവന്റെ കഥ കഴിച്ചിരിക്കുന്നത്.

മുആദുബ്നുഅംറുബ്നുല്‍ ജമൂഹ്, മുആദുബ്നുഅഫ്റാഅ് എന്നിവരായിരുന്നു ആ ചെറുപ്പക്കാര്‍. പ്രവാചകരെ അടുത്തറിഞ്ഞവരൊക്കെ അങ്ങനെയായിരുന്നു, അഗാധമായി സ്നേഹിച്ചിരുന്നു. ആ പ്രവാചകരെ ചീത്ത പറയുന്നതോ പരിഹസിക്കുന്നതോ അവര്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അത് തന്നെയാണല്ലോ യഥാര്‍ത്ഥ സ്നേഹം ആവശ്യപ്പെടുന്നതും. പ്രവാചക സ്നേഹത്തിന്റെ പാനപാത്രം ആസ്വദിക്കാനുള്ള സൌഭാഗ്യം നമുക്കുമുണ്ടാവട്ടെ, ആമീന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter