അമൽ ഖലീലിയെയും അവര്‍ ഇല്ലാതാക്കി...
ഒരു മാധ്യമപ്രവർത്തക കൂടി ഇസ്രായേലി ക്രൂരതക്കിരയായിരിക്കുന്നു. പേര് അമൽ ഖലീലി. ലബനാനിലെ ഇസ്രാഈലി അധിനിവേശത്തിന്റെ തുടക്കകാലത്ത് ജനിച്ച് വർഷങ്ങളോളം ദക്ഷിണ ലാബനാനിലെ മനുഷ്യരുടെ ജീവിതവും ഇസ്രാഈലി ഭീകരതകളും ലോകത്തോട് വിളിച്ചുപറഞ്ഞ സുപ്രസിദ്ധ ലബനീസ് മാധ്യമപ്രവർത്തക. ലബ്നാനികൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു അമൽ. “അവൾ എല്ലായിടത്തുമുണ്ടായിരുന്നു”, അവരുടെ അന്ത്യയാത്രയില്‍ സഹോദരൻ അലി ഖലീല്‍ നടത്തിയ ആ പ്രതികരണത്തിലുണ്ട് എല്ലാം.
രണ്ട് വർഷത്തോളമായി ഇസ്‌റാഈലി ഭരണകൂടത്തിൻ്റ നിരന്തര ഭീഷണിയുണ്ടായിരുന്നു അമല്‍ ഖലീലിക്ക്. മാധ്യമപ്രവർത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ ഉടലും തലയും വേർപെടുത്തുമെന്ന മൊസാദ് ഏജൻ്റിൻ്റെ ക്രൂരമായ ഭീഷണി ഒരു അഭിമുഖത്തിൽ അവര്‍ തറന്നു പറയുന്നുണ്ട്. അവരെ സംബന്ധിച്ച സൂക്ഷ്മമായ വിവരങ്ങൾ വരെ മൊസാദിൻ്റെ കയ്യിലുണ്ടായിരുന്നു. താൻ സദാ നിരീക്ഷിക്കപ്പെടുകയാണെന്ന് അവർക്ക് അമലിനെ അറിയിക്കണമായിരുന്നു.
ഏത് ദിവസവും ഇസ്‌റാഈലി ഭരണകൂടം അവരുടെ ഭീഷണി നടപ്പിലാക്കുമെന്നറിഞ്ഞിട്ടും അമൽ മാധ്യമപ്രവർത്തനത്തില്‍ അല്പം പോലും പിന്‍മാറിയില്ല. ഇസ്‌റാഈലി ഭരണകൂടം ഏറ്റവും അധികം ഭയപ്പെട്ടിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു അമല്‍ ഖലീലി. ഇസ്‌റാഈലിന്റെ ക്രൂരതകളെ ലോകത്തിന് മുന്നിലെത്തിക്കുന്ന, കേവലം ഒരു മൂലയില്‍ ഒതുങ്ങാത്ത, നിശബ്ദതക്ക് പിടികൊടുക്കാത്ത ചങ്കുറപ്പുള്ള ഒരാൾ, അതായിരുന്നു അമല്‍.
അതേ സമയം, അമലിന്റെ കൊലപാതകത്തില്‍ അനേകം ദുരൂഹതകള്‍ നിലനിൽക്കുന്നുണ്ട്. അമല്‍ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനം അഖ്ബാർ പുറത്തുവിട്ട വിവരങ്ങളനുസരിച്ച്, അമല്‍ പലപ്പോഴും ചെലവഴിക്കാറുണ്ടായിരുന്ന തന്ത്രപ്രധാന നഗരമായ ബിൻത് ജബൈലിൽ റിപ്പോർട്ടിങ്ങിലായിരുന്നു അമൽ ഖലീലി. വെടിനിർത്തലിന് മുമ്പ് ഇസ്രാഈലിനും ഹിസ്ബുള്ളക്കുമിടയിലെ സുപ്രധാന ഏറ്റുമുട്ടലുകള്‍ അരങ്ങേറിയ ഇടമാണ് ബിൻത് ജബൈല്‍. കൂടാതെ പല ലബനാനികള്‍ക്കും സമാധാനത്തിന്റെ പ്രതീകാത്മക ഇടം കൂടിയാണ് ആ പ്രദേശം. 2006 ലെ ഇസ്രായേലി അധിനിവേശത്തിൽ ഇടറാതെ നിന്ന പോരാട്ടവീര്യത്തിൻ്റെ മണ്ണാണ് ലബനാനികൾക്ക് അത്.
സ്വതന്ത്രമാധ്യമ ഫോട്ടോഗ്രാഫർ സൈനബ് ഫറാജിനോടൊപ്പം യാത്രയിലായിരുന്നു അമൽ. തങ്ങളുടെ മുന്‍ വശത്തെ വാഹനത്തില്‍ ഇസ്‌റാഈലി ഡ്രോണ്‍ വന്നിടിക്കുകയും അപകടം മണത്ത രണ്ടുപേരും അടുത്ത ഒരു കെട്ടിടത്തിൽ അഭയം തേടുകയും സഹായത്തിനായി ബന്ധുക്കളെയും മറ്റും വിളിക്കുകയുമാണുണ്ടായത്. എന്നാൽ അധികം വൈകാതെ തന്നെ ആ കെട്ടിടവും ഇസ്രേലി ബോംബിനിരയായി.
ലബനാൻ റെഡ്ക്രോസിനോട് ഇടപെടലാവശ്യപ്പെട്ട് പ്രധാനമന്ത്രി പ്രസ്താവന ഇറക്കുകയും റെഡ് ക്രോസ് ഒരു ദൗത്യസംഘത്തെ അതിനായി അയക്കുകയും ചെയ്തു. സാരമായ പരിക്കുകളോടെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് സൈനബിനെ രക്ഷിക്കാനായെങ്കിലും സംഘത്തിന് പക്ഷേ അമൽ ഖലീലിയെ രക്ഷിക്കാനായില്ല. വെടിയൊച്ചകൾക്കിടയിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും ജീവനറ്റ അമലിനെയാണ് അവർക്ക് കാണാനായത്.
അമലിന്റെ കൊലപാതകം മുതിർന്ന ഫലസ്തീൻ പത്രപ്രവർത്തകയും ദീർഘകാലം അൽജസീറക്ക് വേണ്ടി വാര്‍ത്തകള്‍ റിപ്പോര്‍ട് ചെയ്ത് അവസാനം ഇസ്റാഈലിനെ അക്രമണത്തില്‍ കൊല്ലപ്പെട്ട ഷിറീൻ അബൂഅഖ്ലയുടെ കൊലപാതകത്തെ വല്ലാതെ ഓർമ്മിപ്പിക്കുന്നുണ്ട്. നാല് വർഷങ്ങള്‍ക്ക് മുമ്പാണ്, ഇസ്രായേലി അധിനിവേശത്തിനെതിരെ എന്നും ചെറുത്ത് നിൽപ്പിൻ്റെ ചിത്രങ്ങൾ വരച്ച ഫലസ്തീനിയൻ നഗരം ജെനീനിൽ ഇസ്‌റാഈല്‍ ക്രൂരതകളെ ഒപ്പിയെടുക്കുന്നതിനിടയില്‍ വെടിയുണ്ട അവരുടെ തല തുളച്ചു കയറുന്നത്.
സത്യംതുറന്നു പറയുന്നവരെ ലക്ഷ്യം വെച്ച് ഇല്ലാതാക്കുന്ന ഇസ്രേലി പ്രവണതയ്ക്ക് ഇന്നും അന്ത്യമായിട്ടില്ല. ഷീറിൻ അബൂ അഖ്‌ലയുടെ കൊലപാതകം മുതൽ ഇന്നുവരെ ഇരുനൂറ്റി അമ്പതോളം മാധ്യമപ്രവർത്തകർക്കാണ് ഇസ്രേലി ആക്രമണത്തിൽ ജീവൻ നഷ്ടമായത്. അതിലേറെയും ഈ വംശഹത്യക്കാലത്ത് തന്നെയാണ്. അക്രമണങ്ങളില്‍ അധികവും മാധ്യമപ്രവർത്തനത്തിനിലും മറ്റു ചിലത് കടുംബത്തോടൊപ്പം ചെലവഴിക്കുമ്പോഴുമായിരുന്നു. സ്വന്തം കുടുംബത്തിലെ പതിനൊന്ന് പേരോടൊപ്പം ഇസ്‌റാഈലി അക്രമണത്തില്‍ കൊല്ലപ്പെട്ട അബൂ ഹത്താബ് ഉദാഹരണം.
ഫലസ്തീനി, ലബനീസ് മാധ്യമപ്രവർത്തകരെ ലക്ഷ്യം വെക്കുന്ന ഇസ്‌റാഈലിന്റെ കൊടും ഭീകരത ലോകം ഏറെ കണ്ടതാണ്. അമല്‍ ഖലീലിയുടെ വധം ഈ വിഷയത്തിലെ ഏറ്റവും പുതിയ സംഭവം മാത്രം. ചരിത്രത്തിലെ മറ്റേത് സംഘട്ടനത്തേക്കാളും എത്രയോ അധികമാണിത്. ആക്രമണത്തിൻ്റെ തോതല്ല മറിച്ച് അവ സാധ്യമാക്കിയെടുക്കുന്ന സാഹചര്യങ്ങളാണ് ഏറെ ഭീതിപ്പെടുത്തുന്നത്.
സത്യങ്ങള്‍ പുറത്ത വന്നതിന് ശേഷവും തങ്ങള്‍ ശിക്ഷിക്കപെടുകയികയില്ലന്ന ചിന്ത കേവലം നീതിയുടെ പരാജയം മാത്രമല്ല, മറിച്ച് സത്യങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് തങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമോ അതിന്ന് അനുമതി നല്‍കുന്ന ഭരണകൂടങ്ങളുടെകൂടി പരാജയമാണ്. പാശ്ചാത്യ പിന്തുണ നഷ്ടപ്പെടുത്തുന്ന ഒരു പ്രവൃത്തിയും ചെയ്യരുതെന്ന് പതിറ്റാണ്ടുകളുടെ അനുഭവത്തിലൂടെ ഇസ്രായേൽ ഭരണകൂടം മനസ്സിലാക്കിയിട്ടുണ്ട്, അതിലൂടെ അവർ വ്യക്തമായ ഒരു നിഗമനത്തിലെ ത്തുകയും ചെയ്തിട്ടുണ്ട്. കുടിയേറ്റ കോളനികളുടെ ചരിത്രമെടുത്താൽ ഇസ്രായേൽ അത്ര വിഭിന്നതയൊന്നും തന്നെ കാണിക്കുന്നില്ല, എന്നാല്‍ അവരുടെ ആക്രമണങ്ങളെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ സ്വഭാവമല്ല, മറിച്ച് അതിലൂടെ അവർ ലോകത്തോട് കാണിക്കുന്ന ധിക്കാരമാണ്. ആ ധിക്കാരം തന്നെ അവരുടെ ക്രൂരതയുടെ ഒരു തെളിവായിക്കാണാം.
ഇസ്രാഈലി ഭരണകൂടം അവരുടെ ഇത്തരം മനുഷ്യത്വവിരുദ്ധ ചെയ്തികളെ മറച്ചുവെക്കുന്നില്ല. മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുന്നത് പരസ്പരമുള ഏറ്റുമുട്ടലുകളില്ല മറിച്ച് അവരെ കൃത്യവും വ്യക്തവുമായി ലക്ഷ്യം വെക്കുകയാണ്. ഈ ചെയ്തികളൊന്നും യാദൃശ്ചികതയല്ല, ഇസ്രായേലിൻ്റെ പദ്ധതി തന്നെയാണ്.
അമല്‍ ഖലീലിയും മറ്റു ലബനീസ് ഫലസ്തീന്‍ മാധ്യമ പ്രവഅത്തകരെ പോലെ താന്‍ നേരിടാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാണന്നറിഞ്ഞിട്ടും ഫലസ്തിനിലെ ജനങ്ങള്‍ അനുഭവിക്കുന്ന ക്രൂരതകള്‍ ലോകം അറിയുകയുകയെങ്കിലും വേണമെന്ന ലക്ഷ്യത്തോടെ ആ ദൗത്യം ഏറ്റെടുത്തതായിരുന്നു. അതിനാല്‍ തന്നെ ഇസ്രായേല്‍ ഭരണകൂടം അവരെ ഭയപ്പെടുകയും വൈകാതെ കൊലപ്പെടുത്തുകയും ചെയ്തു.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ലോകം കുറച്ച് നാൾ അമൽ ഖലീലിക്കും ചരമഗീതം പാടും, പിന്നെ വീണ്ടും സത്യത്തെ കൊന്നൊടുക്കാൻ കൂട്ടുനിൽക്കും.



Leave A Comment