യാത്രക്കാരന്‍റെയും അശക്തന്‍റെയും നിസ്കാരം

<img class="alignleft size-medium wp-image-22800" data-cke-saved-src="http://www.islamonweb.net/wp-content/uploads/2013/05/141-300x282.jpg" src="http://www.islamonweb.net/wp-content/uploads/2013/05/141-300x282.jpg" alt=" width=" 300"="" height="282">പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള എല്ലാ മുസ്ലിംകള്‍ക്കും നിസ്‌കാരം നര്‍ബന്ധമാണ്. അതിക്രമമായി വല്ലതും കഴിച്ചോ, മറ്റോ ബുദ്ധി നീങ്ങിയാല്‍ അതായത് ഭ്രാന്തോ, ബോധക്ഷയമോ മസ്‌തോ ഉണ്ടായാല്‍ ആ സമയത്തുള്ള നിസ്‌കാരം ഖളാഅ് വീട്ടണം. ഹൈളോ നിഫാസോ കാരണം അശുദ്ധി ഉണ്ടായാല്‍ നിസ്‌കാരം നിര്‍ബന്ധമില്ല. ആ നിസ്‌കാരം ഖളാഅ് വീട്ടേണ്ടതില്ല. മേല്‍ പറയപ്പെട്ട കാരണങ്ങള്‍ ഉണ്ടാവുന്നതിന് മുമ്പ് നിസ്‌കാരസമയം ആവുകയും ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ ആ നിസ്‌കാരം നിര്‍വ്വഹിക്കാനുള്ള സമയം ലഭിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആ കാരണങ്ങള്‍ നീങ്ങിയതിന് ശേഷം ആ നിസ്‌കാരം ഖളാഅ് വീട്ടേണ്ടതാണ്. 5 വഖ്ത് നമസ്‌കാര സമയങ്ങളില്‍ ഏതെങ്കിലും നിസ്‌കാര സമയത്ത് മേല്‍ പറയപ്പെട്ട കാരണങ്ങള്‍ ഇല്ലാതെ ആയാല്‍ (ഒരു തക്ബീറിന്റ് സമയം മാത്രമേ ബാക്കിയുള്ളൂ എങ്കിലും) ആ നിസ്‌കാരം നിര്‍വ്വഹിക്കേണ്ടതാണ്. അസ്‌റിന്റെയോ, ഈശാഇന്റെയോ സമയത്താണ് മേല്‍ പറഞ്ഞ കാരണങ്ങള്‍ ഇല്ലാതെ ആയെങ്കില്‍ അസ്‌റിനും ഇശാഇനും പുറമേ അവയുടെ കൂടെ ജംആക്കപ്പെടുന്ന ളുഹ്‌റും മഗ്‌രിബും കൂടി ഖളാഅ് വീട്ടേണ്ടതാണ്.

യാത്രക്കാരന്റെ നിസ്‌കാരം

യാത്രക്കാരനുവദിക്കപ്പെട്ട രണ്ട് ഇളവുകളാണ് ജംഉം ഖസ്‌റും 132 കി.മീ. ദൈര്‍ഘ്യം വരുന്ന ഹലാലായ യാത്രയില്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ ഉള്ളൂ. ജംഅ് രണ്ട് വിധമാണ്. രണ്ട് നിസ്‌കാരങ്ങളും കൂടി ഒന്നാമത്തെ നിസ്‌കാരത്തിന്റെ സമയത്ത് നിര്‍വ്വഹിക്കപ്പെടുന്നതിന് ജംഉത്തഖ്ദീം എന്നും രണ്ടാമത്തെ നിസ്‌കാരത്തിന്റെ സമയത്ത് നിര്‍വ്വഹിക്കപ്പെടുന്നതിന് ജംഉത്തഅ്ഖീര്‍ എന്നും പറയുന്നു. ജംഉത്തഖ്ദീമിന് 4 കാര്യങ്ങള്‍ നിര്‍ബന്ധമാണ്. 1. ഒന്നാമത്തെ നിസ്‌കാരം ആദ്യം നിര്‍വ്വഹിക്കുക. (2). ഒന്നാമത്തെ നിസ്‌കാരത്തില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പായി ജംഅ് ആക്കി നിസ്‌കരിക്കുന്നു എന്ന് കരുതുക. (3). രണ്ട് റക്അത്ത് നമസ്‌കാരസമയത്തേക്കാള്‍ വിട്ട് പിരിയാതിരിക്കുക. (4). രണ്ടാമത്തെ നിസ്‌കാരത്തിന്റെ സമയം തുടങ്ങുന്നതു വരെയെങ്കിലും യാത്രക്കാരന്‍ ആയിരിക്കുക. പിന്തിച്ചു ജംആക്കുമ്പോള്‍ നിര്‍ബന്ധമായും രണ്ട് കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. 1. ഒന്നാമത്തം നിസ്‌കാരത്തിന്റെ സമയത്തില്‍ നിന്ന് ആ നിസ്‌കാരം നിര്‍വ്വഹിക്കാനുള്ള സമയം ഉള്ളപ്പോഴോ അതിനു മുമ്പോ ചിന്തിച്ച് ജംആക്കി നിസ്‌കരിക്കുന്ന എന്ന് കരുതുക. ഒരു റക്അത്ത് നിസ്‌കരിക്കാനുള്ള സമയം ബാക്കി ഉള്ളപ്പോള്‍ ജംഇനെ കരുതിയാല്‍ ജംഅ് ശരിയാവുമെങ്കിലും അത്രയും ചിന്തിച്ചാല്‍ ഒറ്റക്കാരനാകും.

2. രണ്ട് നിസ്‌കാരവും തീരുന്നത് വരെ യാത്രക്കാരനായിരിക്കുക. 132 കി.മീ. ദൈര്‍ഘ്യമുള്ള യാത്രയില്‍ ഖസ്‌റ് അനുവദനീയമെങ്കിലും 198 കി.മീ. ദൈര്‍ഘ്യമുള്ള യാത്രയിലേ ഖസ്‌റ് അഫ്‌ളലാകുന്നുള്ളൂ. 4 റക്അത്തുള്ള നിസ്‌കാരം 2 റക്അത്തായി ചുരുക്കി നിസ്‌കരിക്കുന്നതിനാണ് ഖസ്‌റ് എന്ന് പറയുന്നത്. അതിനു ചില  നിബന്ധനകളുണ്ട്. മേല്‍ പറയപ്പെട്ട വഴി ദൂരമുള്ള ലക്ഷ്യസ്ഥാനമുണ്ടാവണം. എവിടേക്കാണ് പോകുന്നതെന്നറിയാതെ മറ്റൊരാളെ അനുഗമിക്കുന്ന ആള്‍ ഇത്രയും വഴി ദൂരം വിട്ട് കടന്നാല്‍ മാത്രമേ ഖസ്‌റാക്കാന്‍ പാടുള്ളൂ. പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നവനോട് തുടര്‍ന്ന് നിസ്‌കരിക്കാന്‍ പാടില്ല. തുടര്‍ന്നാല്‍ പൂര്‍ത്തിയാക്കി നിസ്‌കരിക്കേണ്ടി വരും. സാധാരണ നിലയില്‍ നിസ്‌കാരത്തിന്റെ നിയ്യത്ത് ചെയ്യുന്ന സമയത്ത് ഖസ്‌റീനെയും കരുതുക. ഖസ്‌റാക്കി നിസ്‌കരിക്കുന്നവന്‍ മനപൂര്‍വ്വം 3-ാം റക്അത്തിലേക്ക് എഴുനേറ്റാല്‍ നിസ്‌കാരം ബാത്വിലാകും. മറന്നിട്ടാണെങ്കില്‍ ഉടന്‍ തന്നെ മടങ്ങുകയും സഹ്‌വിന്റെ സുജൂദ് ചെയ്യുകയും വേണം. ഖസ്‌റിനെ കരുതിയോ എന്ന് സംശയിച്ചാലും പൂര്‍ത്തിയാക്കി നിസ്‌കരിക്കണം. നിസ്‌കാരത്തിന്റെ മുഴുവന്‍ മയത്തിലും യാത്രക്കാരനായിരിക്കണം. യാത്രയിലെ അദാആയ നിസ്‌കാരവും യാത്രയില്‍ ഖളാആയ നിസ്‌കാരവും ഖസ്‌റാക്കാം. ഒരു സ്ഥലത്ത് എത്രദിവസം എന്ന് പരിധിയില്ലാതെ താമസിക്കാന്‍ കരുതുകയോ പൂര്‍ണ്ണമായ 4 ദിവസം താമസിക്കാന്‍ കരുതുകയോ ചെയ്താല്‍ പറയപ്പെട്ട ആനുകൂല്യം ആ സ്ഥലത്ത് എത്തുന്നതോടെ അവസാനിക്കും. നാല് ദിവസത്തേക്കാള്‍ കുറഞ്ഞ ദിവസം താമസിക്കാന്‍ കരുതിയാല്‍ ഈ ദിവസങ്ങളിലെല്ലാം ജംഉം ഖസ്‌റും ജംഇസാണ്. എന്റെ ആവശ്യം ഏതു സമയത്തും നിറവേറ്റപ്പെടാം എന്ന് പ്രതീക്ഷയുണ്ടാവുകയും നിറവേറ്റപ്പെട്ടാല്‍ തിരിച്ച് പോകാന്‍ കരുതുകയും ചെയ്തവന് ആവശ്യം നിറവേറ്റപ്പെടാതെ നീണ്ട് പോയാല്‍ 18 ദിവസം വരെ ഖസ്‌റാക്കാം.

അശകതന്റെ നിസ്‌കാരം

നിന്ന് നിസ്‌കരിക്കാന്‍ കഴിയാത്തവന്‍ ഇരുന്ന് നിസ്‌കരിക്കണം. നെറ്റി മുട്ടിന്റെ മുന്‍ഭാഗത്തോട് നേരിടുന്നരീതിയില്‍ കുനിയലാണ് കുറഞ്ഞ രൂപത്തിലുള്ള അവന്റെ റുകുഅ്. സുജൂദ് സാധാരണപോലെ സാധിക്കുമെങ്കില്‍ അങ്ങിനെ ചെയ്യണം. നെറ്റി നിലത്ത് വെക്കുന്നതിനെതൊട്ട് അശക്തനായാല്‍ കഴിയുന്നില്ലെങ്കില്‍ നെറ്റിയെ പരമാവധി നിലത്തോട് അടുപ്പിക്കുക. റുളഇന്റെ പരിധിക്കപ്പുറം കുനിയാന്‍ കഴിയുന്നില്ലെങ്കില്‍ സുജൂദിനെ തൊട്ടും അത്ര കുനിഞ്ഞാല്‍ മതി. ഇതുകഴിയുന്നില്ലെങ്കില്‍ ആവുന്നത്ര കുനിഞ്ഞാല്‍ മതി. ഇരുന്ന് നിസ്‌കരിക്കുന്നവന്‍ സാധാരണ നിലയില്‍ സുജൂദ് ചെയ്യാന്‍ കഴിയുകയില്ലെങ്കില്‍ അവന്റെ മുന്നില്‍ സ്റ്റൂളോ ടേബിളോ മറ്റോ വെച്ച് സുജൂദ് ചെയ്യേണ്ടതില്ല. കുനിഞ്ഞാല്‍ മതി. നിന്ന് നിസ്‌കരിക്കാന്‍ കഴിയുമെങ്കിലും ഇരിക്കാന്‍ കഴിയുകയില്ല. അങ്ങിനെയുള്ളവര്‍ നിന്ന് കൊണ്ട് തന്നെയാണ് അത്തഹിയ്യാത്ത് ഓതേണ്ടത്. അവന് സാധാരണ നിലയില്‍ റുകുഉം സുജൂദും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ നിന്ന് കൊണ്ട് ആവുന്നത്ര മുതുക് കുനിക്കണം. അതിനും കഴിയുന്നില്ലെങ്കില്‍ പിരടിയും പിന്നെ തലയും പിന്നെ കണ്‍പോളയും. റുകുഅ് മാത്രം ചെയ്യാന്‍ കഴിഞ്ഞാല്‍ സുജൂദിനെതൊട്ടും അത് തന്നെ ചെയ്യണം. ജമാഅത്തിന്റെ കാരണത്തിന് വേണ്ടിയോ സൂറത്തോതാന്‍ വേണ്ടിയോ ഇരിക്കേണ്ടി വന്നാല്‍ ആ സമയത്ത് ഇരിക്കാം. പിന്നെ റുകുഇന് വേണ്ടി എഴുന്നേല്‍ക്കണം. നേരെ നില്‍ക്കാന്‍ കഴിയുകയില്ല. റുകുഅ് ചെയ്തവനെപ്പോലെയാണുള്ളത്. അങ്ങിനെയുള്ളവന്‍ അങ്ങിനെ നില്‍ക്കണം. റുകുഇന് വേണ്ടി കഴിയുമെങ്കില്‍ അല്‍പം കൂടി കുനിയണം. സുജൂദിലേക്ക് പോയവന്‍ ഒരു സഹായിയെ കൊണ്ട് മാത്രമേ എഴുന്നേല്‍ക്കാന്‍ കഴിയുന്നുള്ളൂവെങ്കില്‍ സഹായിയെ നിര്‍ത്തല്‍ നിര്‍ബന്ധമാണ്. മുട്ടിന്റെ മേല്‍ നില്‍ക്കാന്‍ കഴിയുന്നവന്‍ അങ്ങനെ നില്‍ക്കണം. ഇരുന്ന് നിസ്‌കരിക്കാന്‍ കഴിയാത്തവന്‍ വലംഭാഗത്ത് കിടന്ന് നിസ്‌കരിക്കണം. കാരണം കൂടാതെ ഇടഭാഗത്ത് ചെരിഞ്ഞ് കിടക്കല്‍ കറാഹത്താണ്. അതിനും കഴിയുന്നില്ലെങ്കില്‍ മലര്‍ന്ന് കിടന്ന് നിസ്‌കരിക്കണം. അവന്റെ മുഖവും കാലടിയും ഖിബലയിലേക്കാവണം. മുഖം ഖിബലയിലേക്കാവാന്‍ വേണ്ടി തലയണ വെച്ച് കൊടുക്കല്‍ നിര്‍ബന്ധമാണ്. ഈ സന്ദര്‍ഭങ്ങളില്‍ റുകുംഉം സുജൂദും ചെയ്യാന്‍ കഴിഞ്ഞാല്‍ ചെയ്യണം. കഴിഞ്ഞില്ലെങ്കില്‍ രണ്ട് കൈ കൊണ്ടും തല കൊണ്ട് ആംഗ്യം കാണിക്കണം. അതിനും കഴിയുന്നില്ലെങ്കില്‍ നിസ്‌കാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവന്റെ മനസ്സിലൂടെ നടത്തണം. എത്ര അശക്തനായാലും ബുദ്ധിസ്ഥിരതയുള്ള കാലത്തോളം ഒരാളെ തൊട്ടും നിസ്‌കാരം ഒഴിവല്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

ഓരോ ഫര്‍ള് നിസ്‌കാരവും അതിന്റെ സമയത്ത് നിസ്‌കരിക്കാന്‍ പ്രയാസപ്പെടുന്ന രോഗിക്ക് മേല്‍ പറഞ്ഞ ജംഅ് അവകളുടെ നിബന്ധനകളോടെ ജംഇസാകും. നിന്ന് നിസ്‌കരിക്കുമ്പോള്‍ മൂത്രം പോവുന്നവന്‍ ഇരുന്നാല്‍ മൂത്രം പിടിച്ചനില്‍ക്കാന്‍ കഴിയുമെങ്കില്‍ ഇരുന്ന് നിസ്‌കരിക്കല്‍ നിര്‍ബന്ധമാണ്. മൂത്രം പോവാന്‍ പൈപ്പിടപ്പെട്ടവന്‍ നിസ്#ാര സമയമായാല്‍ അത് കഴിയും പോലെ ശുദ്ധിയാക്കി പഞ്ഞിയോ മറ്റോ മൂത്രദ്വാരത്#ിന് വെച്ച് ഉടന്‍ നിസ്‌കരിക്കേണ്ടതാണ്. ചുരുക്കത്തില്‍ നിസ്‌കാരമെന്നത് ജീവനുള്ള കാലത്തോളം ഒഴിവാക്കാനാവാത്തതാണ്. 

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter