ഗസ്സയില്‍ വെടിയൊച്ചകള്‍ നില്‍ക്കുമോ

48 ദിവസം നീണ്ട അക്രമണത്തിനൊടുവില്‍ ഗസ്സയില്‍ താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തിയതാണ് ഈ ആഴ്ചയിലെ പ്രധാന സംഭവം. ഒപ്പം പാകിസ്ഥാനിലെ അഫ്ഗാൻ അഭയാർത്ഥി പ്രതിസന്ധിയും സുഡാനിലെ സംഘർഷത്തിന്റെ ഭീകരമുഖവും നെതർലാന്റിലെ മുസ്‍ലിം-വിരുദ്ധ ഭരണകൂടത്തിന്റെ കടന്നുവരവും ഏറെ വാർത്താപ്രാധാന്യം നേടുകയുണ്ടായി. ഈ ആഴ്ച്ചയിലെ മുസ്‍ലിം ലോകത്തുനിന്നുള്ള പ്രധാന സംഭവവികാസങ്ങൾ വായിക്കാം.

മാറുന്ന സാമൂഹ്യ മാധ്യമ ആഖ്യാനങ്ങൾ

തൂഫാനുൽ അഖ്സാ ഓപ്പറേഷനോടുകൂടി ആരംഭിച്ച ഇസ്‍റാഈല്‍ -ഫലസ്തീൻ സംഘർഷം 48 ദിവസം പിന്നിട്ടിരിക്കുകയാണ്. സ്വയം പ്രതിരോധം എന്ന ലോകരാജ്യങ്ങൾ അനുവദിച്ചുകൊടുത്ത ന്യായീകരണ പിൻബലത്തിലാണ് സമാനതകളില്ലാത്ത സയണിസ്റ്റ് ക്രൂരതയുടെ അഴിഞ്ഞാട്ടം തകൃതിയായത്. ഇതിനോടകം തന്നെ പതിനാലായിരത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ വലിയൊരു ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ ഏതാനും ചില മാസങ്ങളിലായി കൊല്ലപ്പെട്ട ഫലസ്തീനികളുടെ ശരാശരി പ്രായം അഞ്ച് വയസ്സാണ്.

മറുഭാഗത്ത്, പലസ്തീന് പിന്തുണയുമായി സമൂഹ മാധ്യമങ്ങളിലും തെരുവുകളിലും ചത്വരങ്ങളിലുമായി ക്യാംപയിനുകൾ പലതും സംഘടിപ്പിക്കപ്പെട്ടു. സ്റ്റാർ ബക്ക്സും മാക്ഡൊണാൾസും പോലെയുള്ള ഇസ്‍റാഈല്‍ ബന്ധമുളള കമ്പനികളിൽ പലതും ബഹിഷ്കരണത്തിന് ഇരകളാവുകയും കച്ചവടങ്ങളിൽ നഷ്ടം അനുഭവിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലെ പിന്തുണയും മുസ്‍ലിം ധൈഷണികരുടെയും ബുദ്ധിജീവികളുടെയും ഇടപെടലുകളും പാശ്ചാത്യരാജ്യങ്ങളിലെ പലരെയും ഇരുത്തിചിന്തിപ്പിക്കുകയും തങ്ങൾ സ്വീകരിച്ചിരുന്ന നിലപാടുകളിലും സമീപനങ്ങളിലും പുനർവിചിന്തനം നടത്താൻ നിർബന്ധിതരാക്കുകയും ചെയ്തു. ഫലസ്തീനികളുടെ നെഞ്ചുറപ്പും ധൈര്യവും കരുത്തുമെല്ലാം പലരെയും ഖുർആൻ തേടിപ്പിടിച്ച് വായിക്കുന്നതിലേക്കും അതുവഴി ഇസ്‍ലാമിലേക്കുമെത്തിച്ചു. ഇസ്രായേലിന്റെ നരമേധത്തിലും മൗനം പാലിക്കുന്ന അറേബ്യൻ രാജ്യങ്ങളുടെ സമീപനങ്ങൾക്കെതിരെയും ശക്തമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പാശ്ചാത്യകേന്ദ്രീകൃത ആഖ്യാനങ്ങളാൽ നിറഞ്ഞുനിന്നിരുന്ന സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ പലതിലും ഫലസ്തീൻ സംഘർഷത്തിൽ പാശ്ചാത്യരാജ്യങ്ങൾ സ്വീകരിച്ച ഇരട്ടത്താപ്പും ഇസ്‍റാഈലിന്റെ ക്രൂരതയും കാരണം ആഖ്യാനങ്ങൾ മാറിമറിയുകയും അടിച്ചമർത്തപ്പെട്ട ജനതക്ക് വേണ്ടി മുറവിളികൂട്ടാൻ ഒരുപാട് പേർ രംഗത്ത് വരികയും ചെയ്തു എന്നത് ശുഭോദര്‍ക്കമാണ്. 

ഖത്തർ അമീര്‍ ശൈഖ് അൽതാനിയുടെ മധ്യസ്ഥതയിൽ തുടക്കം കുറിച്ച ഇസ്‍റാഈല്‍-ഫലസ്ഥീൻ വെടിനിർത്തൽ ചർച്ചകൾ ഒടുവിൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. രണ്ട് മാസം പിന്നിട്ട സംഘർഷത്തിൽ ആദ്യമായാണ് വെടിനിർത്തൽ കരാർ പ്രഖ്യാപിക്കപ്പെടുന്നതും ഫലവത്തായ ഒരു ചർച്ച നടക്കുന്നതും. കരാർ പ്രകാരം നാല് ദിവസത്തേക്കാണ് വെടിനിർത്തൽ പ്രാബല്യത്തിൽ ഉണ്ടാവുക. വെടിനിർത്തൽ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നീട്ടാവുന്നതാണെന്നും കരാറിൽ വ്യക്തമാക്കുന്നുണ്ട്. 

അഫ്ഗാൻ അഭയാർത്ഥി പ്രതിസന്ധി

യുദ്ധവും അധികാര വടംവലികളും നിർമിച്ചെടുത്ത പ്രാദേശിക അസ്ഥിരതയും അരാജകത്വവും കാരണം കാലങ്ങളായി അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനടക്കമുള്ള അയൽരാജ്യങ്ങളിൽ ദശലക്ഷകണക്കിനാളുകളാണ് അഭയാർത്ഥികളായി ജീവിതം കഴിച്ചുക്കൂട്ടുന്നത്. പാകിസ്ഥാനിലെ അഫ്ഗാൻ അഭയാർത്ഥികളുടെ എണ്ണം മാത്രം പത്ത് ലക്ഷം കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്ക പിന്മാറി താലിബാന്‍ അധികാരത്തിലെത്തിയതോടെ പതിന്മടങ്ങായി വർധിച്ച ഈ ഒഴുക്കിനെ തടയാനുള്ള ശക്തമായ നീക്കങ്ങൾ പാകിസ്ഥാൻ ആരംഭിച്ചു കഴിഞ്ഞു. നവംബർ ഒന്നോടെ അനധികൃതമായി താമസിക്കുന്ന അഫ്ഗാനികൾ സ്വദേശത്തേക്ക് മടങ്ങണമെന്നായിരുന്നു അന്ത്യശാസനം.  അഭയാർത്ഥികളിലധികവും ഇതോടെ അഫ്ഗാനിലേക്ക് തിരിച്ചുപോകാൻ നിർബന്ധിതരായിരിക്കുകയാണ്. സ്വദേശത്തേക്ക് മടങ്ങുന്ന അഭയാർത്ഥികളെ സ്വീകരിക്കാനായി താലിബാൻ സർക്കാർ താൽക്കാലികമായി തോർക്കാം, ബോൽദാക് പ്രദേശങ്ങളിലായി ക്യാംപുകൾ സജ്ജീകരിച്ചിട്ടുണ്ട്. അഭയാർത്ഥികൾ മടങ്ങാതിരിക്കുകയും പാകിസ്ഥാൻ ബലംപ്രയോഗിക്കാൻ ആരംഭിക്കുകയും ചെയ്താൽ മറ്റൊരു പ്രതിസന്ധിയാകും ഉടലെടുക്കുക.

പരിഹാരമില്ലാതെ സുഡാൻ

സുഡാനിലെ ആഭ്യന്തര പ്രതിസന്ധി എട്ട് മാസം പിന്നിട്ടിരിക്കുകയാണ്. കാര്യമായ ചർച്ചകളോ പരിഹാരങ്ങളോ നടപ്പിൽ വരാതെ അതിതീവ്രമായ അവസ്ഥയിലേക്കാണ് സുഡാനി ജീവിതങ്ങൾ പരിവർത്തിക്കപ്പെടുന്നത്. ആദ്യമേ ദാരിദ്ര്യ രേഖക്ക് കീഴിൽ ജീവിക്കുന്ന ബഹുഭൂരിപക്ഷമുള്ള നാട്ടിൽ വെള്ളവും ഭക്ഷണവും ലഭ്യമാകാതെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കൊടികുത്തി വാഴുകയാണ്. പട്ടിണി മരണങ്ങളും രോഗങ്ങളും ഭയാനകമായ രീതിയിൽ വർധിച്ചിട്ടുണ്ട്. കൂടാതെ ഏറ്റവും പുതുതായി വരുന്ന റിപ്പോർട്ടുകൾ പ്രകാരം ക്രമാതീതമായി ആഫ്രിക്കൻ നാടുകളിൽ കുറക്കാൻ സാധിച്ചിരുന്ന കോളറ അതിശക്തമായ രീതിയിലാണ് സുഡാനിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കൃത്യമായ ഭരണസംവിധാനങ്ങളോ സൗകര്യങ്ങളോ നിലവിൽ ലഭ്യമല്ലാത്ത സ്ഥിതിയിൽ പ്രശ്നം ഗുരുതരമാണ്. പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തി പട്ടിണിയെയും ദാരിദ്ര്യത്തെയും മഹാമാരികളെയും നേരിടാനാണ് സുഡാനി നേതൃത്വം ശ്രമിക്കേണ്ടത്.

ഇസ്‍ലാമോഫോബിയൻ ഭരണത്തിലേക്ക് നെതർലാന്റും

പാശ്ചാത്യരാജ്യങ്ങളിൽ പലതിലും പോപ്പുലിസ്റ്റ് മുസ്‍ലിം വിരുദ്ധ ഭരണങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി നിലവിൽ വന്നിട്ടുണ്ട്. ഏറ്റവും അവസാനമായി നെതർലാന്റിലാണ് മറ്റൊരു കുടിയേറ്റവിരുദ്ധ സമീപനം വെച്ചുപുലർത്തുന്ന തീവ്രമനോഭാവമുള്ള ഒരു സർക്കാർ അധികാരത്തിലേറാൻ നിൽക്കുന്നത്. എക്സിറ്റ് പോളുകൾ പ്രവചിച്ചത് പ്രകാരം വൈൽഡേയ്സ് പാർട്ടി ഫോർ ഫ്രീഡം നേതാവ് ഗീർഡ്സ് വൈൽഡാണ് അടുത്തതായി നെതർലാന്റ് ഭരിക്കാൻ പോകുന്നത്. നെതർലാന്റിലേക്കുള്ള കുടിയേറ്റങ്ങളെ ഒരു തരത്തിലും അനുവദിക്കരുതെന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം. കുടിയേറ്റക്കാരില്‍ അധികവും മുസ്‍ലിംകളാണെന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. 

അഭയാർത്ഥി വിരുദ്ധ സമീപനം വെച്ചുപുലർത്തുന്ന ഇദ്ദേഹം മുമ്പ് പലതവണകളിലായി ഇസ്‍ലാമികവിരുദ്ധ പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പികപ്പെട്ട പരിപാടിയിൽ വോട്ടർമാർക്ക് കൊടുത്ത വാഗ്ദാനങ്ങളിലൊന്ന് നെതർലാന്റിനെ ഇസ്‍ലാമികമുക്തമാക്കുമെന്നതായിരുന്നു. തെരഞ്ഞെടുപ്പ് ഫലം എന്താവുമെന്ന് കാത്തിരുന്ന് കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter