ദീനിന്റെ പേരിലെ ചൂഷണത്തിനെതിരെ ജാഗ്രത വേണം

അടുത്തകാലത്തായി ഓൺലൈൻ മജ്‌ലിസുകളിലൂടെയും വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും ദീനിന്റെ പേരിൽ നടക്കുന്ന ആത്മീയ ചൂഷണങ്ങൾ ആശങ്കാജനകമായി വർധിച്ചുവരികയാണ്. നിഷ്കളങ്കരായ വിശ്വാസികളുടെ വിശ്വാസത്തെയും വികാരങ്ങളെയും മുതലെടുത്ത് ഭയവും അന്ധവിശ്വാസവും വളർത്തുകയും, ദീനിനെ വ്യക്തിപ്രശസ്തിയുടെയും സ്വാധീനത്തിന്റെയും ഉപാധിയാക്കുകയും ചെയ്യുന്ന പ്രവണതകൾ ഗൗരവത്തോടെ കാണേണ്ടതാണ്.

ഇത് ഏതെങ്കിലും വ്യക്തിയെയോ വിഭാഗത്തെയോ ലക്ഷ്യമിട്ട് എഴുതുന്ന കുറിപ്പല്ല. പരിശുദ്ധ ദീനിന്റെ അന്തസ്സും വിശ്വാസികളുടെ ആത്മീയ സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള ഒരു വിനീതമായ ഓർമ്മപ്പെടുത്തലാണ്. ഇത്തരം മൂല്യച്യുതികൾ നമ്മുടെ കൺമുന്നിൽ നടക്കുമ്പോഴും നാം മൗനം പാലിക്കുകയാണെങ്കിൽ, നാളെ അല്ലാഹുവിന്റെ കോടതിയിൽ അതിനും മറുപടി പറയേണ്ടിവരുമെന്ന ബോധ്യമാണ് ഈ കുറിപ്പിന് പിന്നിൽ.

ഈ വിഷയങ്ങളിൽ ശബ്ദിക്കുന്ന ഒറ്റപ്പെട്ട പണ്ഡിതന്മാരെപ്പോലും വിഭാഗീയ ചാപ്പകുത്തി വിമർശിക്കുന്ന സാഹചര്യം കാണുമ്പോൾ, പലരും ഉൾവലിയുന്നതും വേദനാജനകമാണ്. എന്നാൽ ഒരു വിശ്വാസിയുടെ ജീവിതം നയിക്കേണ്ടത് ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളല്ല; അല്ലാഹുവിന്റെ പ്രീതിയാണ്. ഇസ്സത്ത് നൽകുന്നത് അല്ലാഹുവാണ്, സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങൾ അല്ല.

കേരളത്തിന്റെ മണ്ണ് മഹാന്മാരായ ഉലമാക്കളുടെയും സയ്യിദന്മാരുടെയും ആത്മീയ പാരമ്പര്യം പേറുന്ന മണ്ണാണ്. ഖുർആനും സുന്നത്തും അടിസ്ഥാനമാക്കിയുള്ള റുഖ്‌യയും ആത്മീയ ഉപദേശവും ഇന്നും അനേകം പണ്ഡിതന്മാരും സയ്യിദന്മാരും ആത്മാർത്ഥമായി നിർവഹിക്കുന്നുണ്ട്. അവരുടെ ലക്ഷ്യം ജനങ്ങളെ അല്ലാഹുവിൽ കൂടുതൽ ആശ്രയിക്കാൻ പഠിപ്പിക്കലായിരുന്നു; ഒരിക്കലും ദീനിനെ കച്ചവടമാക്കുകയോ മനുഷ്യരുടെ നിസ്സഹായതയെ ചൂഷണം ചെയ്യുകയോ അല്ല. ആശ്രയം തേടിയെത്തുന്നവരെ സൃഷ്ടാവിലേക്കാണ് അവർ പാത തെളിയിച്ചത്; സൃഷ്ടികളിലേക്കല്ല.

എല്ലാ കാലത്തും ചൂഷകർ ഉണ്ടായിട്ടുണ്ട്. ഒരു വ്യാജ വൈദ്യന്റെ തെറ്റ് കൊണ്ട് വൈദ്യശാസ്ത്രത്തെ കുറ്റപ്പെടുത്താൻ കഴിയാത്തതുപോലെ, ചില ആത്മീയ ചൂഷകരുടെ പേരിൽ യഥാർത്ഥ ഉലമാക്കളെയും സയ്യിദന്മാരെയും വിലയിരുത്തുന്നതും നീതിയല്ല. എന്നാൽ മുമ്പ് ഇത്തരം ആളുകൾ ഏതെങ്കിലും ഒരു കോണിൽ ഒതുങ്ങിയിരുന്നെങ്കിൽ, ഇന്ന് സമൂഹമാധ്യമങ്ങളുടെ ശക്തിയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിലേക്ക് അവർ എത്തുകയാണ്. അതാണ് ഇന്നത്തെ ഏറ്റവും വലിയ അപകടം.

ആത്മീയ മജ്‌ലിസുകളുടെ പേരിൽ ആളുകളെ ഭയപ്പെടുത്തുക, വിമർശിക്കുന്നവരെ ശപിക്കുക, "ഞങ്ങളെ എതിർത്താൽ കുരുത്തക്കേട് വരും... രോഗം വരും... കുടുംബം തകരും..." എന്നിങ്ങനെ ഭീഷണിപ്പെടുത്തുക—ഇവയൊന്നും റസൂലുല്ലാഹ് ﷺ പഠിപ്പിച്ച ദഅ്‌വത്തിന്റെയോ ജീവിതശൈലിയുടെയോ ഭാഗമല്ല.

തിരുനബി ﷺയുടെ ജീവിതം പഠിച്ചാൽ കാണുന്നത് മറ്റൊന്നാണ്. തിരുനബിയെ അപമാനിച്ചവരുണ്ടായിരുന്നു. കല്ലെറിഞ്ഞവരുണ്ടായിരുന്നു. ഉപദ്രവിച്ചവരുണ്ടായിരുന്നു. ത്വാഇഫിൽ രക്തം വാർന്നപ്പോഴും പുണ്യപ്രവാചകൻ ﷺ അവരെ ശപിച്ചില്ല; അവരുടെ സന്തതികളിൽ നിന്ന് സത്യം സ്വീകരിക്കുന്നവർ ഉണ്ടാകട്ടെയെന്നാണ് പ്രാർത്ഥിച്ചത്. അതാണ് നബിവഴി. ശാപമല്ല, ദുആയാണ്. പ്രതികാരമല്ല, കരുണയാണ്. ഭയമല്ല, പ്രത്യാശയാണ്.

അപ്പോൾ പിന്നെ എവിടെ നിന്നാണ് ശാപത്തിന്റെയും കുരുത്തക്കേടിന്റെയും ഭീഷണിയുടെയും ഈ സംസ്കാരം കടന്നുവന്നത്?

ഈ വിനീതൻ ഖാളിയായി സേവനം ചെയ്യുന്നതിനിടയിൽ മഹല്ലുകളിലെ അഭിപ്രായഭിന്നതകളിൽ പലപ്പോഴും കേൾക്കുന്ന ഒരു വാചകമുണ്ട്:

"അവൻ മഹല്ലിന് എതിരഭിപ്രായം പറഞ്ഞത് കൊണ്ടാണ് ഇന്ന് രോഗം വന്നത്... കമ്മിറ്റിയെ വിമർശിച്ചതുകൊണ്ടാണ് കുടുംബത്തിന് കുരുത്തക്കേട് സംഭവിച്ചത്... ആ പണ്ഡിതനെ ചോദ്യം ചെയ്തതുകൊണ്ടാണ് ഈ പ്രയാസം വന്നത്..."

പ്രിയ സഹോദരങ്ങളേ, ഇത് ഇസ്ലാമിക വിശ്വാസമല്ല. രോഗവും ആരോഗ്യവും, സമ്പത്തും ദാരിദ്ര്യവും, പരീക്ഷണവും അനുഗ്രഹവും എല്ലാം അല്ലാഹുവിന്റെ വിധിപ്രകാരമാണ്. ഒരു അഭിപ്രായം പറഞ്ഞതിന്റെയോ ഒരു തീരുമാനത്തെ വിമർശിച്ചതിന്റെയോ പേരിൽ അല്ലാഹു ഒരാളെ ശിക്ഷിച്ചുവെന്ന് പ്രഖ്യാപിക്കാൻ ആർക്കും അവകാശമില്ല. അത് അല്ലാഹുവിന്റെ കാര്യത്തിൽ അറിവില്ലാതെ സംസാരിക്കുന്ന അപകടകരമായ സമീപനമാണ്.

പ്രതികരിക്കുന്നവനും കേൾക്കുന്നവനും മാന്യതയും ക്ഷമയും കൈവിടരുത് എന്നത് ഇസ്ലാമിന്റെ സംസ്കാരമാണ്. ഇസ്ലാം വിശാലതയുടെ മതമാണ്. അഭിപ്രായങ്ങൾ കേൾക്കുക, പരാതികൾ സ്വീകരിക്കുക, ശരിയുള്ളത് അംഗീകരിക്കുക, തെറ്റുള്ളത് സ്നേഹപൂർവ്വം തിരുത്തുക, വിയോജിപ്പിനിടയിലും മാന്യതയും സഹിഷ്ണുതയും പാലിക്കുക—ഇവയാണ് ഇസ്ലാമിന്റെ മുഖമുദ്ര. ഭീഷണിയും ശാപവും ഭയപ്പെടുത്തലുമല്ല.

ഇത്തരം വീഡിയോകളും പ്രഭാഷണങ്ങളും കണ്ട് വളരുന്ന പുതിയ തലമുറയിലെ ചിലർ യഥാർത്ഥ ഇസ്ലാമിനെക്കുറിച്ച് തെറ്റായ ധാരണകളിലേക്ക് നീങ്ങുന്ന സാഹചര്യം നാം അവഗണിക്കരുത്. ഖുർആനെയും സുന്നത്തിനെയും പഠിക്കാതെ ചില വ്യക്തികളുടെ പെരുമാറ്റത്തെ ഇസ്ലാമിന്റെ മുഖമായി അവർ കാണാൻ തുടങ്ങുമ്പോൾ, അത് ദീനിൽ നിന്നുള്ള അനാവശ്യ അകൽച്ചയ്ക്ക് പോലും കാരണമാകും.

അതുകൊണ്ട് ഓരോ മഹല്ലും ഈ വിഷയത്തെ ഗൗരവത്തോടെ കാണേണ്ട സമയമാണിത്. മഹല്ല് ഭാരവാഹികളും ഖതീബുമാരും ഉസ്താദുമാരും പരസ്പര സഹകരണത്തോടെ ഓരോ കാലഘട്ടത്തിലെയും സമകാലിക വെല്ലുവിളികൾ തിരിച്ചറിഞ്ഞ് സമൂഹത്തിന് ആവശ്യമായ ബോധവൽക്കരണ പദ്ധതികൾ ആവിഷ്കരിക്കണം. പ്രത്യേകിച്ച് വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ വിഭാഗങ്ങളിലേക്കും ഖുർആന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ ദീനിന്റെ യഥാർത്ഥ സത്ത വ്യക്തമായും പ്രായോഗികമായും എത്തിക്കുന്ന പഠനസദസ്സുകളും ബോധവൽക്കരണ പരിപാടികളും ഓരോ മഹല്ലിലും സ്ഥിരമായി സംഘടിപ്പിക്കണം.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആശയക്കുഴപ്പങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും വ്യക്തവും പ്രമാണബദ്ധവും ശാസ്ത്രീയവുമായ മറുപടി സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുന്ന ക്രിയാത്മകമായ പദ്ധതികൾ ഓരോ മഹല്ലും കാലാനുസൃതമായി രൂപപ്പെടുത്തേണ്ടത് ഇന്നത്തെ അനിവാര്യമായ ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിൽ മാത്രം ചർച്ച ചെയ്യപ്പെടാതെ മഹല്ലുകളുടെ വിജ്ഞാനവേദികളിൽ ഖുർആന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ ചർച്ച ചെയ്യപ്പെടുകയും ശരിയായ ബോധം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടണം.

നമ്മുടെ വിമർശനം ആത്മീയതയ്‌ക്കെതിരെയല്ല; ആത്മീയ ചൂഷണത്തിനെതിരെയാണ്. നമ്മുടെ എതിർപ്പ് പണ്ഡിതന്മാർക്കെതിരെയല്ല; പണ്ഡിതവേഷം ധരിച്ച് ദീനിനെ ദുരുപയോഗം ചെയ്യുന്ന പ്രവണതകൾക്കെതിരെയാണ്. ചൂഷകരെ തുറന്നുകാട്ടുന്നത് യഥാർത്ഥ ഉലമാക്കളുടെയും സയ്യിദന്മാരുടെയും മഹത്തായ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനാണ്.

ദീനിന്റെ പേരിൽ നടക്കുന്ന ചൂഷണത്തിനെതിരെ ശബ്ദിക്കുന്നത് ഒരു വ്യക്തിക്കോ സംഘടനയ്ക്കോ എതിരെയല്ല; അല്ലാഹുവിന്റെ ദീനിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനാണ്.

അതുകൊണ്ട് ദീനിനെ സ്നേഹിക്കുന്ന ഓരോ മഹല്ല് ഭാരവാഹിയും ഓരോ വിശ്വാസിയും ഇന്ന് ആത്മപരിശോധന നടത്തേണ്ട സമയമാണിത്.

"നമ്മുടെ മഹല്ല് കാലഘട്ടത്തിന്റെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ജനങ്ങൾക്ക് യഥാർത്ഥ ദീനിന്റെ സന്ദേശം എത്തിക്കുന്നതിൽ തന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നുണ്ടോ... അതോ നമ്മുടെ അലംഭാവവും മൗനവും ദീനിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങൾക്ക് കൂടുതൽ ഇടമൊരുക്കുകയാണോ?"

അല്ലാഹു നമുക്ക് സത്യത്തെ സത്യമായി തിരിച്ചറിയാനും അതിനെ പിന്തുടരാനും, അസത്യത്തെ അസത്യമായി തിരിച്ചറിയാനും അതിൽ നിന്ന് അകന്നുനിൽക്കാനും തൗഫീഖ് നൽകട്ടെ. നമ്മുടെ മഹല്ലുകളെ ഖുർആന്റെയും സുന്നത്തിന്റെയും വെളിച്ചം സമൂഹത്തിലേക്ക് പകരുന്ന വിജ്ഞാനകേന്ദ്രങ്ങളായും വിശ്വാസികളുടെ ആശ്വാസ ആശ്രയ  കേന്ദ്രങ്ങളായും അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter