ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയും, കേരളത്തിലെ ഇസ്‌ലാമിക മതപണ്ഡിത സമൂഹത്തിന്റെ നെടുംതൂണുമായിരുന്ന ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, അറിവിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു.
മലപ്പുറം ജില്ലയിലെ തിരൂര്‍ക്കാട് ഗ്രാമത്തിലായിരുന്നു ജനനം. പ്രാഥമിക പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍നിന്ന് ഉന്നത പഠനം നടത്തി ഫൈസി ബിരുദം കരസ്ഥമാക്കുകയും ശേഷം അവിടെ തന്നെ അധ്യാപകനായി നിയമിതനാവുകയും വൈകാതെ അതിന്റെ അമരത്തെത്തുകയും ചെയ്തു. പതിനാറാം വയസ്സിൽ തിരൂർക്കാട് മഹല്ലിൽ സുന്നി പക്ഷത്തെ ആദ്യത്തെ ബിരുദധാരിയായ ഖത്വീബായി ആലിക്കുട്ടി മുസ്‍ലിയാര്‍ ചുമതലയേറ്റു. പത്തൊമ്പതാം വയസ്സിൽ മഹല്ലിന്റെ ഖാസിയായി നിയമിതനായി.
വലിയൊരു പണ്ഡിതനും സംഘാടകനുമായിരിക്കുമ്പോഴും വലിയൊരു ആബിദുമായിരുന്നു ആലിക്കുട്ടി മുസ്‍ലിയാര്‍. എത്ര തിരക്കുപിടിച്ച ഷെഡ്യൂളുകളിലും സുന്നത്തുകളൊന്നും അല്പം പോലും വീഴ്ചവരുത്താതെ കൃത്യമായി പതിവാക്കുമായിരുന്നു. യാത്രാവേളകളിൽ സമയം തെറ്റാതിരിക്കാൻ വാഹനത്തിൽ വെച്ചുപോലും നിസ്കാരം അതാത് സമയത്ത് നിർവ്വഹിക്കും. പ്രത്യേകിച്ച്, ളുഹാ നിസ്കാരം എട്ട് റക്അത്തും തികച്ചുതന്നെ നിസ്കരിക്കുമായിരുന്നു. ജാമിഅയിൽ ക്ലാസ് എടുക്കുന്ന സമയത്ത് പോലും ഈ നിസ്കാരം മുടക്കാറില്ല. രണ്ടു റക്അത്ത് നിസ്കരിച്ച് വീണ്ടും ക്ലാസെടുത്ത്, ചെറിയ ഇടവേളകളിൽ വീണ്ടും രണ്ടു റക്അത്ത് വീതം നിസ്കരിച്ച്, ആ എട്ടു റക്അത്തും തികച്ച ശേഷമേ കാക്കുപ്പ തൃപ്തനാവാറുള്ളൂ എന്ന് കേട്ടിട്ടുണ്ട്.
മഹാന്മാരോടുള്ള അദ്ദേഹത്തിന്റെ ആദരവും സ്നേഹവും എടുത്തുപറയേണ്ടതാണ്. ഏതൊരു ചെറിയ യാത്രയാണെങ്കിലും മഹാന്മാരുടെയും ഔലിയാക്കളുടെയും മഖ്ബറകൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ എത്തുമ്പോൾ അവരുടെ ഹള്റത്തിലേക്ക് ഫാത്തിഹ ഓതിയേ കടന്നുപോവുകയുള്ളൂ. സമയം ലഭിക്കുകയാണെങ്കിൽ മഖ്ബറകളിൽ നേരിട്ട് ഇറങ്ങാനും സമയം കണ്ടെത്തുമായിരുന്നു. ജാമിഅയിലേക്ക് പോകുമ്പോഴൊക്കെ പുത്തനങ്ങാടി ശുഹദാക്കളുടെ ഹള്റത്തിലേക്ക് ഫാത്തിഹ ഓതുകയും, ആ ഭാഗത്തുകൂടി പോവുകയാണെങ്കിൽ അവിടെ ഇറങ്ങി സിയാറത്ത് ചെയ്യുകയും പതിവായിരുന്നു.
പ്രവർത്തന മേഖലകളും നേതൃപാടവവും
നീണ്ട ദശാബ്ദങ്ങളായി കേരളത്തിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്തും സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും സമാനതകളില്ലാത്ത സേവനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്. 1986 ല്‍ സമസ്തയിലെത്തിയ അദ്ദേഹം, 2016 ല്‍ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയെയും സമുദായത്തെയും ശരിയായ ദിശയിൽ നയിക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. പെരിന്തൽമണ്ണ ജാമിഅ നൂരിയ അറബിക് കോളേജിന്റെ പ്രിൻസിപ്പലായും (ശൈഖുൽ ജാമിഅ) സേവനമനുഷ്ഠിച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വെളിച്ചം പകർന്നു നൽകി.
ജനകീയവും സമുദായോപകാരപ്രദവുമായ സേവനങ്ങൾ
വിദ്യാഭ്യാസ രംഗം: സമസ്ത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ്, വിവിധ അറബിക് കോളേജുകളുടെയും സ്ഥാപനങ്ങളുടെയും നേതൃസ്ഥാനം എന്നിവയിലൂടെ കേരളത്തിലെ മദ്റസ പ്രസ്ഥാനത്തെയും ഉന്നത വിദ്യാഭ്യാസ സംരംഭങ്ങളെയും ശക്തിപ്പെടുത്തുന്നതിൽ മുൻനിരയിൽ നിന്നു.
2003 മുതൽ 2006 വരെ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനായും, തുടർന്ന് 2006 മുതൽ 2009 വരെ ഇന്ത്യ ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ച് ലക്ഷക്കണക്കിന് തീർത്ഥാത്തകർക്ക് ആശ്വാസകരമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. അനേകം മഹല്ലുകളുടെ ഖാളി കൂടിയായിരുന്നു അദ്ദേഹം.
ദേശീയ - അന്തർദേശീയ തലങ്ങൾ:
അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് അംഗം, മുസ്‍ലിം വേൾഡ് ലീഗിലെ ഇസ്‌ലാമിക് ഫിഖ്ഹ് കൗൺസിൽ അംഗം എന്നീ നിലകളിൽ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ ശബ്ദം ദേശീയ-അന്തർദേശീയ വേദികളിൽ ശക്തമായി പ്രതിധ്വനിപ്പിച്ചു. കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയായും അദ്ദേഹം സേവനം ചെയ്തു.
മാധ്യമ-സാമൂഹിക രംഗങ്ങൾ:
'സുപ്രഭാതം' ദിനപത്രത്തിന്റെ ചെയർമാനായും വിവിധ സുന്നി പ്രസിദ്ധീകരണങ്ങളുടെ മുഖ്യപത്രാധിപരായും പ്രവർത്തിച്ച് മാധ്യമ സാംസ്കാരിക രംഗത്തും മായാത്ത മുദ്ര പതിപ്പിച്ചു. അനാഥകളുടെയും നിരാലംബരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഓർഫനേജ് കോർഡിനേഷൻ കമ്മിറ്റിയുടെ ഭാരവാഹിയായും സജീവമായിരുന്നു.
അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വിപുലമായ ഇസ്‌ലാമിക സംഘടനയായ മുസ്‍ലിം വേൾഡ് ലീഗ് (റാബിത്വ) യുമായി ഉസ്താദിന് പ്രത്യേക ബന്ധമുണ്ടായിരുന്നു. ഒരിക്കല്‍ ഉംറക്ക് പോയ ആലിക്കുട്ടി മുസ്‍ലിയാര്‍ റാബിത്വയുടെ കാര്യാലയം സന്ദർശിച്ച വേളയില്‍, അവിടെ നടക്കുകയായിരുന്ന ചർച്ച ഉസ്താദിൻ്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു കർമ്മശാസ്ത്ര തർക്കമാണെന്ന് മനസ്സിലാക്കിയതോടെ, അതില്‍ ഇരിക്കാന്‍ സമ്മതം ചോദിച്ചു. മിനയിൽ കെട്ടിടം പണിയാമോ എന്നതിനെ സംബന്ധിച്ചായിരുന്നു ചര്‍ച്ച. അന്നേരം ഉസ്താദ് ഞാൻ ഇടപെട്ടോട്ടെയെന്ന് സമ്മതം ചോദിച്ചു. എല്ലാവർക്കും സമ്മതമായിരുന്നു. ഉസ്താദിന്റെ ഇടപെടലുകള്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തുകയും ആ അറിവിന്റെ ആഴം അവര്‍ മനസ്സിലാക്കുകയും ചെയ്തതോടെ, പ്രതിമാസം തങ്ങള്‍ നടത്തുന്ന ഇനിയുള്ള ചർച്ചകളിൽ നിങ്ങളും പങ്കു ചേരണമെന്ന് അവര്‍ ഉസ്താദിനോട് അഭ്യർഥിച്ചു. ആദ്യമായി റാബിത്തയുടെ ഒരു പൊതുവേദിയിൽ പ്രബന്ധം അവതരിപ്പിക്കാന്‍ ഉസ്താദിനെ ക്ഷണിക്കുന്നതും അതിന്റെ ഭാഗമായാണ്. ഭർത്താവ് നഷ്ടപ്പെട്ട ഭാര്യ എത്ര കാലം വരെ കാത്തിരിക്കണമെന്ന വിഷയത്തില്‍ ഉസ്താദ് അവതരിപ്പിച്ച പ്രബന്ധം ഉസ്താദിൻ്റെ പേരിൽ റാബിത്തയുടെ പ്രസിദ്ധീകരണ വിഭാഗം തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതേ യോഗത്തിലെ മറ്റൊരു ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ച ഉസ്താദിനെ, യൂസുഫുൽ ഖർളാവി എഴുന്നേറ്റു നിന്ന് ശരിവെച്ചതും റാബിതയുടെ ചരിത്രത്തിലുണ്ട്.
കാലിക്കറ്റ് സർവകലാശാലയുടെ ലൈബ്രറി രേഖകളിൽ ഉൾപ്പെട്ടിട്ട, ആലിക്കുട്ടി ഉസ്താദ് രചിച്ച അറബി-മലയാളം-ഇംഗ്ലീഷ് നിഘണ്ടു ഭാഷാ പഠിതാക്കൾക്ക് ഏറെ ഉപകാരപ്രദമായ ഒന്നാണ്. Muslim Lokam Year Book: മുസ്‌ലിം ലോകത്തെ സമകാലിക വിവരങ്ങളും ചരിത്രവും ഉൾപ്പെടുത്തി അദ്ദേഹം തയ്യാറാക്കിയ ഒരു പ്രധാന സമാഹാരം ഒരു ചരിത്ര ഗ്രന്ഥമാണ്. ഫത്‍വകളുടെ സമാഹാരം അടക്കം നിരവധി പുസ്തകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും അദ്ദേഹം രചിച്ചിട്ടുണ്ട്. അറബി ഭാഷയിലുള്ള അല്‍നൂര്‍ അറബിക് അന്താരാഷ്ട്ര മാസികയുടെ ചീഫ് എഡിറ്ററായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സുപ്രഭാതം ദിനപത്രത്തിന്റെ വൈസ് ചെയർമാനായും സുന്നി അഫ്കാർ വാരിക, അൽമുഅല്ലിം മാസിക തുടങ്ങിയവയില്‍ നിരവധി സ്ഥാനങ്ങളിലും കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.
അറബിയും ഉർദുവും ഹിന്ദിയും അനായാസം കൈകാര്യം ചെയ്ത അദ്ദേഹം ആംഗലേയ ഭാഷയിലും പ്രാവിണ്യം നേടി. ഒരു ബഹുമത സമൂഹത്തിൽ ആദർശത്തിൽ വെള്ളം ചേർക്കാതെ നല്ല വിശ്വാസിയായി മതസൗഹാർദ്ദത്തിൻ്റെ പ്രതീകമാകാൻ എങ്ങിനെ സാധിക്കുമെന്നതിൻ്റെ മികച്ച ഉദാഹരണം കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതം.
തുളുമ്പാത്ത നിറകുടമായി മലയാള ഭൂമിയിയുടെ ആത്മീയ പണ്ഡിത ലോകത്ത് , കുനിഞ്ഞ ശിരസ്സോടെ വിനയാന്വിതനായി നിറഞ്ഞു നിന്ന ആലിക്കുട്ടി മുസ്‍ലിയാര്‍, പെരുമാറ്റത്തിലെ അത്യാകർഷണീയത കൊണ്ടും മിതമായ ഭാഷണ സാരോപദേശ ശൈലി കൊണ്ടും സമകാലികരെ അൽഭുതപ്പെടുത്തി. മതവിധി നൽകാൻ യോഗ്യനാണെന്ന് പണ്ഡിത ലോകം സർവാത്മനാ അംഗീകരിച്ച മുസ്ല്യാർ വീട്ടുകാരുടെയും നാട്ടുകാരുടെയും ഇഷ്ട സേവകനായാണ് കാലം കഴിച്ചത്. ഒരു ഉറുമ്പിനെപ്പോലും നോവിക്കാൻ ഇടവരാത്ത വിധം തൻ്റെ കാലടികളുടെ ചലനം പോലും സൂക്ഷ്മതയോടെ മുന്നോട്ടു വെച്ച ഒരു പണ്ഡിത കേസരിയും സാമൂഹ്യപ്രവര്‍ത്തകനും ആയിരുന്നു ആലിക്കുട്ടി മുസ്‍ലിയാര്‍.
2026 ജൂലൈ 23, (1447, സ്വഫര്‍ 6), വ്യാഴാഴ്ച ദിവസം അദ്ദേഹം നാഥന്റെ സവിധത്തിലേക്ക് യാത്രയായി. തിരൂര്‍കാട് ജുമുഅത് പള്ളി ഖബ്റിസ്ഥാനിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. അല്ലാഹു അദ്ദേഹത്തിന്റെ സേവനങ്ങള്‍ സ്വീകരിക്കട്ടെ, സ്വര്‍ഗ്ഗ ലോകത്ത് ഒത്ത് ചേരാന്‍ തുണക്കട്ടെ.



Leave A Comment