2022 മുസ്‍ലിം ലോകത്ത് കൂടി കടന്നുപോവുമ്പോള്‍

രാഷ്ട്രീയ ഉദയാസ്താമയങ്ങൾക്കും  ജനകീയ പ്രക്ഷോഭങ്ങൾക്കും  മാറുന്ന രാഷ്ട്രീയ സമവാക്യങ്ങൾക്കും മുസ്‍ലിം ലോകം സാക്ഷിയായ വർഷമാണ് 2022. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പലതും രാഷ്ട്രീയ പ്രതിസന്ധികളോ പ്രക്ഷോഭങ്ങളോ കൊണ്ട് നിരന്തരം വാർത്താ തലക്കെട്ടുകളായി മാറി. അതേസമയം,  ലോകത്തിന്റെ ശ്രദ്ധ മുസ്‍ലിം ലോകത്തേക്ക് പതിക്കാനിടയാക്കിയ പല സംഭവങ്ങളും അരങ്ങേറുകയുമുണ്ടായി. അതാകട്ടെ കാലങ്ങളായി പാശ്ചാത്യ രാജ്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്ന മുസ്‍ലിം അറബ് വിരുദ്ധ മനോഭാവത്തെ തിരുത്തിക്കുറിക്കാൻ പോന്നവയായിരുന്നു. ഖത്തർ ലോകകപ്പ് മുസ്‍ലിം സംസ്കാരത്തെ ലോകത്തിനു മുന്നിൽ വിജയകരമായി അവതരിപ്പിച്ച അത്തരം സംഭവങ്ങളിലൊന്നായി മാറി. 2022-ല്‍ മുസ്‍ലിം ലോകത്ത് നടന്ന ചില പ്രധാന സംഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കാം.

മാറ്റമില്ലാതെ ഫലസ്തീൻ ദുരിതം

2006 -നു ശേഷം ഫലസ്തീൻ കണ്ട ഏറ്റവും സംഘർഷഭരിതമായ വർഷമായിരുന്നു, വ്യാപക കുടിയേറ്റ അധിനിവേശങ്ങളും  മിസൈലാക്രമണങ്ങളും കൊണ്ട് ദുരിതപൂർണമായി തീർന്ന കഴിഞ്ഞ വർഷം. ആഗസ്റ്റ് മാസത്തിൽ ഫലസ്ഥീൻ ഇസ്‍ലാമിക് ജിഹാദും ഇസ്രായേൽ സൈന്യവും തമ്മിൽ  നടന്ന ദിവസങ്ങളോളം നീണ്ട ഏറ്റുമുട്ടലുകളിൽ കുട്ടികളടക്കം നൂറ് കണക്കിന് ഫലസ്ഥീനികൾ കൊല്ലപ്പെട്ടതിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല. അതോടൊപ്പം ഇസ്രായേൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നെതന്യാഹുവിന്റെ  തിരിച്ചു വരവിനും സയണിസ്റ്റ് തീവ്രവാദിയായ ബെൻ ഗവിറിന്റെ മന്ത്രിസ്ഥാനാരോഹണത്തിനും കൂടിയാണ് സാക്ഷിയായാണ് 2022 വിട പറയുന്നത്.

എന്നാൽ മറുപുറത്ത്  യുവത്വത്തിന്റെ രോഷങ്ങളും നിരാശകളും രൂപം കൊടുത്ത നവസായുധ പ്രതിരോധ സംഘങ്ങൾ ഫലസ്ഥീനിൽ ഉയർന്നു വരികയും യുവാക്കൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും വ്യാപക സ്വാധീനശക്തിയായി മാറുകയുമുണ്ടായി. ജെനീൻ കേന്ദ്രീകരിച്ച് രൂപം കൊണ്ട ജനീൻ ബ്രിഗേഡും നാബുല്‍സ് കേന്ദ്രീകരിച്ചു രൂപം കൊണ്ട ലയൺസ് ഡെന്നും മുഖ്യധാരാ ഫതഹ് ഹമാസ് കേന്ദ്രങ്ങളോടുള്ള ജനങ്ങളുടെ മടുപ്പിന്റെ പ്രതിഫലനമായിരുന്നു. വരും വർഷങ്ങളിൽ ഇത്തരം സംഘങ്ങൾ ഫലസ്ഥീൻ പ്രതിരോധത്തിലെ ചാലകശക്തികളാവുമെന്നുറപ്പാണ്.

മാറ്റമില്ലാതെ താലിബാൻ

2021 ആഗസ്റ്റ് 15 നു സാമ്രാജ്യത്വ ശക്തിയായ അമേരിക്കയെ പരാജയപ്പെടുത്തി അഫ്ഗാൻ ഭരണം ഏറ്റെടുത്ത താലിബാൻ വിദ്യാഭ്യാസവും വനിതാവകാശങ്ങളുമായി ബന്ധപ്പെട്ട ലോകത്തിന്റെ ആശങ്കകളും ആവശ്യങ്ങളും വേണ്ട വിധത്തിൽ പരിഗണിക്കുമെന്നും എല്ലാവർക്കും ചില നിയന്ത്രണങ്ങളോടെയെങ്കിലും വിദ്യാഭ്യാസം നൽകുമെന്നും വാർത്താ സമ്മേളനങ്ങളിലൂടെയും മറ്റും ഉറപ്പ് കൊടുത്തിരുന്നു. എന്നാൽ തുടക്കത്തിലെ ചില നടപടികൾ ഒഴിച്ചു നിർത്തിയാല്‍, സ്ത്രീ വിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് താലിബാൻ കഴിഞ്ഞ വർഷവും സ്വീകരിച്ചത്.  കൂടാതെ യൂണിവേഴ്സിറ്റികളിൽ നിന്നടക്കം സ്ത്രീകളെ വിലക്കികൊണ്ട് സ്ത്രീ വിദ്യാഭ്യാസത്തിനു  തടയിടുന്ന പല നടപടികളും താലിബാന്റെ ഭാഗത്തു നിന്നുമുണ്ടായി. സാമ്പത്തിക സ്ഥിതിയാവട്ടെ പാശ്ചാത്യ രാജ്യങ്ങൾ ചുമത്തിയ സാമ്പത്തിക ഉപരോധങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഫലമായി കാര്യങ്ങളെ കൂടുതൽ വഷളാക്കുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍ അഫ്ഗാനികള്‍ക്ക് 2022 കാര്യമായ വ്യത്യാസമൊന്നുമില്ലാതെയാണ് കടന്നുപോയത്.

സദ്റും ഇറാഖും

2003-ലെ അമേരിക്കൻ അധിനിവേശത്തിനു ശേഷമുള്ള എറ്റവും പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷത്തിലൂടെയാണ്  2022-ൽ ഇറാഖ് കടന്നുപോയത്. പാർലമെന്ററി തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതി വന്നപ്പോൾ രൂപീകരിച്ച ഇടക്കാല ഗവണ്മെന്റ് അകാരണമായി തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിനെ ചൊല്ലി മുഖ്തദാ സദ്റിന്റെ നേതൃത്തിൽ നടന്ന പ്രക്ഷോഭങ്ങൾ രാജ്യത്തെ പിടിച്ചുകുലുക്കുകയുണ്ടായി. പിന്നീട് മുഖ്തദാ സദ്ർ രാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങുകയാണെന്നതു കൂടി പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ അനുയായികൾ പാർലമെന്റ് അടക്കം കയ്യേറുന്ന സാഹചര്യത്തിനും 2022ലെ ഇറാഖ് സാക്ഷിയായി.

മഹ്സാ അമീനിയും ഇറാനും

ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ ഇറാനിലെ അച്ചടക്ക പൊലീസ് അറസ്റ്റ് ചെയ്യുകയും പൊലീസ് കസ്റ്റഡിയിൽ വെച്ച് സംശയാസ്പദമായ രീതിയൽ മരണപ്പെടുകയും ചെയ്ത മഹ്സാ അമീനി എന്ന കുർദിഷ് ഇറാനി വനിതക്ക് പിന്തുണയായി രാജ്യമൊട്ടാകെ നടന്ന ഭരണകൂടവിരുദ്ധ സമരങ്ങൾ വ്യാപക അന്താരാഷ്ട്ര മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ഇതിന്റെ ഫലമായി, ഇറാനിലെ ഭരണകൂടത്തിന് പല നിയമങ്ങളും മാറ്റി തിരുത്തേണ്ടിയും വന്നു. മഹ്സ അമീനി പ്രക്ഷോഭങ്ങൾ പാശ്ചാത്യ രാജ്യങ്ങൾക്ക് ഇറാനിലെ ഇസ്‍ലാമിക് റിപ്പബ്ലിക്കിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യാനുള്ള അവസരം നൽകുകയുണ്ടായി എന്ന് കൂടി പറയാതെ വയ്യ.

യമനും സിറിയയും
ഇറാന്‍ പിന്തുണയോടെ തുടക്കം കുറിച്ച ആഭ്യന്തര കലാപത്തിന് യാതൊരു വിധ അയവും വരാതെ 2022 യമനില്‍ കടന്നുപോയത്. തകര്‍ന്നടിഞ്ഞ റോഡുകളും കെട്ടിടങ്ങളും കലാപത്തിന്റെ ബാക്കിപത്രമായി ഇപ്പോഴും നിലകൊള്ളുന്നു. വിലക്കയറ്റവും സുരക്ഷിതത്വമില്ലായ്മയും മൂലം യമനുകാര്‍ ഇപ്പോഴും നരകയാതനയില്‍ തന്നെയാണ്. ആഭ്യന്തര കലാപം കൊണ്ട് പൊറുതിമുട്ടിയിരുന്ന സിറിയയുടെ കാര്യവും പറയത്തക്ക മാറ്റമില്ലാതെ തന്നെയാണ് 2022ലും തുടര്‍ന്നത്. ഈജിപ്ത്, സുഡാന്‍ തുടങ്ങിയ ഭരണ അട്ടിമറികള്‍ നടന്ന ഇതര രാജ്യങ്ങളും പറയത്തക്ക പുരോഗതികളൊന്നും കൈവരിക്കാതെയാണ് ഈ വര്‍ഷവും കടന്നുപോയത്.

അറേബ്യൻ ലോകകപ്പ്

ദുരിതങ്ങള്‍ക്കെല്ലാമിടയില്‍, അറബ്-മുസ്‍ലിം ലോകത്തിന് സന്തോഷം പകരുന്ന ചിത്രമായിരുന്നു, 2022 ലോകകപ്പിന്റേത്. മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിൽ നിർണായകമായ സ്ഥാനം അവകാശപ്പെടാൻ അർഹതയുമുള്ള സംഭവമായിരുന്നു ഖത്തർ വേൾഡ് കപ്പ്. പാശ്ചാത്യ ധാർമിക ബോധങ്ങൾക്ക് ബദലായി സഹിഷ്ണുതാപരവും സൗഹാർദപരവുമായ പുതിയ ധാർമികാന്തരീക്ഷത്തെ ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുകയും പലതിനെയും തിരുത്തി കുറിച്ചതുമായിരുന്നു ഖത്തറിലെ ലോകകപ്പ്. എഷ്യൻ അറബ് രാജ്യങ്ങളുടെ മുന്നേറ്റങ്ങൾക്കും ഈ ലോകകപ്പ് സാക്ഷിയായി. കൂടാതെ മൊറോക്കൊയും ആഘോഷങ്ങളും ലോകകപ്പിന്റെ മനോഹാര്യത വർധിപ്പിക്കുകയുമുണ്ടായി.

മലേഷ്യ
2022 ലെ, പ്രതീക്ഷകളുടെ മറ്റൊരു താരോദയമാണ് മലേഷ്യ എന്ന് പറയാം. പുതിയ അധികാര യുഗത്തിലേക്കുള്ള മലേഷ്യയുടെ ചുവടുവെപ്പിന് സാക്ഷിയായ വർഷമായിരുന്നു 2022. ദീർഘകാലം മലേഷ്യൻ രാഷ്ട്രീയം അടക്കി വാണിരുന്ന മഹാതിർ മുഹമ്മദിന്റെ പതനത്തിനും പരിഷ്കാര മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു രാഷ്ട്രീയ പോരിനിറങ്ങിയ അൻവർ ഇബ്റാഹീമിന്റെ അധികാരോഹണത്തിനും മലേഷ്യൻ രാഷ്ട്രീയം സാക്ഷിയായി.

ചുരുക്കത്തില്‍ 2022 മുസ്‍ലിം ലോകത്ത് കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണ് കടന്ന് പോയത് എന്ന് പറയാം. അതേസമയം, പ്രതീക്ഷാകിരണങ്ങളായി ലോകകപ്പിലൂടെ ഖത്തര്‍ എന്ന കൊച്ചുരാജ്യം സമ്മാനിച്ച ക്രിയാത്മക ഇടപെടലുകളും ഭരണമാറ്റത്തിലൂടെ മലേഷ്യ പ്രകടിപ്പിച്ച മുന്നേറ്റവും എടുത്ത് പറയേണ്ടത് തന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter