ഗസ്സാ മുനമ്പ്, പുതുവര്‍ഷം വന്നത് പോലും ഒരു പക്ഷെ, അവര്‍ അറിഞ്ഞു കാണില്ല- മറാം ഹുമൈദ്

ലോകം മുഴുക്കെ പുതുവര്‍ഷത്തെ ആഘോഷപൂര്‍വ്വം എതിരേറ്റത് കഴിഞ്ഞ ദിനങ്ങളിലാണ്. എന്നാല്‍, ഇത്തരം ആഘോഷങ്ങളൊന്നുമില്ലാതെ, ഒരു പക്ഷെ, വര്‍ഷം മാറിയത് പോലും അറിയാതെ ദുരിതങ്ങളിലൂടെ ദിനങ്ങള്‍ തള്ളി നീക്കുന്ന ഒരു കൊച്ചുപ്രദേശമുണ്ട്, അതിന്റെ പേരാണ് ഫലസ്തീനിലെ ഗസ്സ.

പിറന്ന മണ്ണില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലും സാധിക്കാതെ, അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും സുരക്ഷിതമായ പാര്‍പ്പിടവും ചികില്‍സാസേവനങ്ങളും നിഷേധിക്കപ്പെടുന്നതാണ് കഴിഞ്ഞ പതിറ്റാണ്ടുകളായി ഗസക്കാരുടെ പതിവ് അനുഭവങ്ങള്‍. വർഷങ്ങളായി അധിനിവേശത്തിന്റെ പുകമറകളിൽ എരിഞ്ഞമരുന്ന ഗസയെ കുറിച്ചും അവിടത്തെ പ്രദേശ വാസികളെ കുറിച്ചും വ്യാകുലപ്പെടാതിരിക്കാനാവില്ല.

പുതുവര്‍ഷമായിട്ട് എന്താണ് പുതിയ പദ്ധതികളെന്നോ ആശകളെന്നോ ഒരിക്കലും ഗസ മുനമ്പിൽ ചെന്ന് നിങ്ങൾ ചോദിക്കരുത്.. ഏതൊരു മനുഷ്യന്റെയും ജീവിതത്തില്‍ ഏറെ പ്രസക്തമായ ചോദ്യമാണ് അവയെങ്കിലും ഗസയെ സംബന്ധിച്ച് വെറും പ്രഹസനം മാത്രമാണ് അത്തരം ചോദ്യങ്ങൾ.

ഞാൻ ഗസക്കാരിയായ മാധ്യമ പ്രവർത്തകയാണ്. ഗസയുടെ ഓരോ ശ്വാസോച്ഛ്വാസവും എന്റേത് കൂടിയാണ്. ഇവിടെ ഒരു ജേർണലിസ്റ്റ് ആവുകയെന്നത് തന്നെയാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയും..

പതിനഞ്ചു വർഷങ്ങളായി ആവർത്തിച്ചു കൊണ്ടിരിക്കുന്ന കഥകളാണ് ഗസയിൽ കഴിഞ്ഞ വർഷവും അരങ്ങേറിയത്. ഇതിനെ കുറിച്ച് ഞങ്ങൾ വാ തോരാതെ എഴുതുകയും പറയുകയും ചെയ്യുന്നു. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു. എന്നാൽ അത് കൊണ്ടൊന്നും ഒന്നും തന്നെ സംഭവിക്കുന്നില്ല. പലപ്പോഴും ഞങ്ങളുടെ ജീവന്‍ പോലും അപകടത്തിലാവുന്നു. ഗസയിൽ ജീവിക്കുന്ന രണ്ട് മില്യൺ ജീവിതങ്ങൾക്ക് ഒരു വിലയുമില്ലെന്നാണോ ഇത്കൊണ്ട് അർത്ഥമാക്കേണ്ടത്? ഞങ്ങളും മനുഷ്യർ തന്നെയല്ലേ?

ഗസയിലെ ഓരോ യുവതയും കഥ പറഞ്ഞു മടുത്തവരാണ്. അധിനിവേശത്തിന്റെയും അടിച്ചമർത്തലിന്റയും കഥ. "ഞങ്ങളെ കേൾക്കാനോ ആശ്വസിപ്പിക്കാനോ ആരും തന്നെ വരാറില്ല. ഞങ്ങൾക്ക് ഞങ്ങൾ മാത്രമേയുള്ളൂ എന്ന സത്യം ഞങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു." ഇത് മാത്രമേ ഇപ്പോൾ ഗസക്കും പറയാനൊള്ളൂ.

ഗസക്ക് കഴിഞ്ഞ വർഷം ഒട്ടും ശുഭകരമായതായിരുന്നില്ല. കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്രായേൽ ആക്രമണത്തിൽ മരണപ്പെട്ടത് 49 ഗസക്കാരാണ്. മറ്റു പലർക്കും മാരകമായി മുറിവേറ്റിട്ടുമുണ്ട്. പലര്‍ക്കും ജീവച്ഛവങ്ങളായിട്ടുണ്ട് എന്ന് തന്നെ പറയാം.  ഇന്നും പല ജീവിതങ്ങളും ഇഴഞ്ഞാണ് നീങ്ങുന്നത്. മക്കൾ നഷ്ടപ്പെട്ടവർ... വിധവകൾ... അനാഥർ... അങ്ങനെയങ്ങനെ ഒരുപാട് ജീവിതങ്ങൾ...

ഉമ്മു ഖലീൽ ഹമദയെ മറക്കാൻ കഴിയുന്നില്ല.. പതിനഞ്ചു വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ദൈവം നൽകിയ 'ചോരപ്പിറപ്പി'നെ ഇസ്രായേലീ കാട്ടാളന്മാർ ഇല്ലാതാക്കിയത് പുതുവര്‍ഷത്തിലാണ്. പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ള റഹഫ് സുലൈമാൻ എന്ന പെൺകുട്ടിയുടെ ചോരയുണങ്ങാത്ത മുഖമാണ് ഇപ്പോഴും മനസ്സിൽ.. ബോംബാക്രമണത്തിൽ കയ്യും കാലും നഷ്ടപ്പെട്ട അവൾ അനുഭവിക്കുന്ന വേദനകൾക്ക് ആരാണ് സമാധാനം പറയുക??

എങ്ങനെയാണ് ഗസയിലെ ജനതക്ക് ഇതൊക്കെ മറക്കാൻ കഴിയുക??.. ഒരുപക്ഷെ കുറഞ്ഞ സമയത്തേക്കെങ്കിലും ഈ പോരാട്ടങ്ങളും അക്രമണങ്ങളുമെല്ലാം അവസാനിച്ചേക്കാം. എന്നാൽ അത്കൊണ്ടൊന്നും തീരുന്നതല്ല ഇവിടത്തെ പ്രശ്നങ്ങൾ..ബോർഡർ അടച്ചത് കാരണം അത്യാവശ്യങ്ങൾക്ക് പോലും പുറത്ത് കടക്കാൻ കഴിയുന്നില്ല.. സ്വസ്ഥമായിട്ട് ഇറങ്ങി നടക്കാനോ സഞ്ചരിക്കാനോ കഴിയാറില്ല.. ഇവിടത്തെ യുവതയിൽ നല്ലൊരു പങ്കും തൊഴിൽ രഹിതരാണ്. മതിയായ വരുമാന മാർഗ്ഗമോ സാമ്പത്തിക സ്രോതസ്സോ ഒന്നും തന്നെയില്ല. ദാരിദ്ര്യവും ദുരിതവും നിറഞ്ഞ ഗസ ഇന്നും കരയുകയാണ്.. ഒന്നുമില്ലാത്തവന്റെയും ഒന്നുമറിയാത്തവന്റെയും കരച്ചിൽ...

ഏറ്റവും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത് രോഗികളും ചികിത്സ തേടുന്നവരുമാണ്. മതിയായ സൗകര്യങ്ങളോ സജ്ജീകരണങ്ങളോ ഒന്നും ഇല്ലാതെ പേരിന് മാത്രം നിലകൊള്ളുന്നതാണ് ഗസയിലെ ആശുപത്രികള്‍. 

കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച എന്റെ ഉമ്മയെ പരിചരിക്കാൻ കയറിയിറങ്ങിയ ഹോസ്പിറ്റലുകൾ എണ്ണിയാൽ ഒതുങ്ങാത്തതാണ്... ഇത് കേവലം എന്റെ അനുഭവം മാത്രമല്ല. ഗസയിലെ ഓരോ മനുഷ്യർക്കും പറയാനുള്ള കഥകളാണ് ഇവകളൊക്കെയും..

നല്ല ആശുപത്രികളിലെ ചികില്‍സ ലഭിക്കണമെങ്കില്‍ ഇസ്രായേലിലേക്ക് കടക്കണം. അതിനാവട്ടെ, ഒന്നുകിൽ എറെസ് (ബെയ്ത് ഹനൂന്‍) വഴി കടക്കണം. പക്ഷെ അതിലൂടെ അപ്പുറത്തേക്ക് കടക്കുന്നത് അത്യന്തം ദുർഘടം പിടിച്ച കാര്യമാണ്. നിയമ തടസ്സങ്ങളും അധികാരികളുടെ അനാസ്ഥതകളുമൊക്കെയും പലപ്പോഴും ഞങ്ങളുടെ വഴി മുടക്കാറുണ്ട്.
മറ്റൊരു വഴിയുള്ളത് ഈജിപ്ത്തിലൂടെ (റഫാ) അപ്പുറത്തേക്ക് കടക്കലാണ്. എന്നാൽ അവിടെയും ചെക്ക് പോസ്റ്റുകളെയും നിയമ കുടുക്കുകളെയും തരണം ചെയ്ത് വേണം പോവാൻ. അത്കൊണ്ട് അതിലൂടെ അപ്പുറത്തേക്ക് പോകാൻ ശ്രമിക്കുന്ന  രോഗികളുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവാറാണ് പതിവ്.

ഇത്കൊണ്ടൊക്കെ തന്നെ എല്ലാം ഉള്ളിലൊതുക്കി ജീവിക്കാൻ ഞങ്ങൾ പഠിച്ചിരിക്കുന്നു. എല്ലാം ശരിയാവുന്ന ഒരു ദിനം വരുമെന്ന കേവല പ്രതീക്ഷ മാത്രമാണ് ഞങ്ങൾക്ക് മുന്നിലുള്ള ഏക കിരണം. വരുന്ന ദിനങ്ങൾ കഴിഞ്ഞ് പോയതിനേക്കാൾ അപകടം പിടിച്ചവയായിരിക്കാം എന്ന് അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുമ്പോഴും പിടിച്ച് നില്ക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത് ആ പ്രതീക്ഷാകിരണങ്ങളാണ്. അതിലുപരി, ഖുദ്സിന്റെ മോചനത്തിനായി നിലകൊണ്ടതിന്റെ പ്രതിഫലം നാളെ ഞങ്ങളെ കാത്തിരിക്കുമെന്ന ഉറച്ച വിശ്വാസവും. അതിന് വേണ്ടി, എല്ലാം ത്യജിക്കാനും വരുന്നതെല്ലാം സഹിക്കാനും ഗസക്കാര്‍ തയ്യാറാണ്. അത് കൊണ്ട് തന്നെയാണ് ഗസയും ഗസക്കാരും ഇന്നും ജീവിക്കുന്നതും.. കലണ്ടറിലെ വര്‍ഷങ്ങള്‍ ഓരോന്നായി മാറി ലോകജനത ആഘോഷിക്കുമ്പോഴും, ഗസ യഥാര്‍ത്ഥത്തില്‍ അത് അറിയുന്ന് പോലുമില്ലെന്ന് പറയാം.  കാരണം, അവരുടെ വേദനകള്‍ക്കും ദുരിതങ്ങള്‍ക്കും യാതൊരു വിധ മാറ്റവുമില്ലെന്നത് തന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter