കാല്‍പന്ത് കളിയിലും വിദ്വേഷത്തിന്റെ നുരപതയുമ്പോള്‍
"പലർക്കും ഞാൻ ജർമ്മൻകാരനാവുന്നത് ഗോൾ നേടുമ്പോഴും ടീം ജയിക്കുമ്പോഴും മാത്രമാണ്, ജർമ്മനി പരാജയപ്പെടുമ്പോൾ ഞാൻ മുസ്ലിം കുടിയേറ്റക്കാരനായി മാറുന്നു"ലോക ഫുട്ബോൾ ഇതിഹാസം മെസുദ് ഓസിലിൻ്റെ വാക്കുകളാണിത്.സ്വന്തം നിലപാട് പ്രകടിപ്പിച്ചതിൻ്റെ പേരിൽ കരീർ അവസാനിപ്പിക്കേണ്ടി വന്ന ഹതഭാഗ്യരുടെ കൂട്ടത്തിൽ ഇന്നും അസിസ്റ്റുകളുടെ രാജകുമാരനായ ഈ ഫുട്ബോൾ മാന്ത്രികൻ ഓർമ്മിക്കപ്പെടുന്നു.
1988 ഒക്ടോബർ 15 ന് തുർക്കി വംശജരായ ഒരു മുസ്ലിം കുടുംബത്തിലാണ് ഓസിൽ ജനിക്കുന്നത്.ചെറുപ്രായത്തിൽ തന്നെ ഫുട്ബോളിനോട് കൂടുതൽ പ്രിയം തോന്നിയിരുന്ന ഓസിൽ ജർമ്മനി യിലെ പ്രമുഖ സ്കൂൾ ടീമിന് വേണ്ടിയാണ് ആദ്യമായി കളിച്ച് തുടങ്ങുന്നത്.
2009 ൽ തൻ്റെ 20ആം വയസ്സിൽ തന്നെ ജർമ്മൻ നാഷണൽ ടീമിൽ ഇടം നേടിയ അദ്ദേഹം കുറഞ്ഞ കാലം കൊണ്ട് തന്നെ ടീമിൻ്റെ വലിയ നേട്ടങ്ങളിൽ പങ്കാളിയായി.2010 ഫിഫ ലോകകപ്പിലെ ടോപ്പ് അസിസ്റ്റ് പ്ലയേർ ആയും, 2014 ൽ ജർമ്മൻ ടീമിനെ ഫിഫ ലോകകിരീടം നേടി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. എന്നാൽ റഷ്യയിൽ നടന്ന ലോകകപ്പിൽ നിർഭാഗ്യമെന്നോണം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ജർമ്മനി പുറത്തായി. ഈ സമയത്താണ് ജർമ്മനിയിലെ തീവ്ര വലത് പക്ഷ വർഗീയവാദികൾ ഓസിലിനെതിരെ തിരിയുന്നത്. ടീമിൻ്റെ തോൽവിക്ക് കാരണം മുസ്ലിം കുടിയേറ്റക്കാരനായ ഓസിലാണെന്ന് അവർ മുദ്രകുത്തി. തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻമായുള്ള ഓസിലിൻ്റെ ഫോട്ടോയും ഏറെ വിവാദത്തിന് വഴിയൊരുക്കി. 2010 ലും, 14 ലും ഓസിലിന് വേണ്ടി കയ്യടിച്ചവർ അയാളെ പരിഹസിക്കാനും കുറ്റം പറയാനും തുടങ്ങി.ഈ ഒരു സംഭവം തന്നെ ഏറെ വേദനിപ്പിച്ചെന്നും ഇത് കാരണമായാണ് താൻ അന്താരാഷ്ട്ര കളി അവസാനിപ്പിക്കുന്നതെന്നും പിന്നീട് അയാൾ തൻ്റെ രാജിക്കത്തിൽ സൂചിപ്പിച്ചു. ആ കുറിപ്പ് ഇങ്ങനെയായിരുന്നു: "ഈ വംശീയതയും വർഗീയതയും തുടരുന്ന സാഹചര്യത്തിൽ ഞാൻ ജർമനിക്ക് വേണ്ടി ഇനി അന്താരാഷ്ട്ര മത്സരങ്ങളിൽ ബൂട്ടണിയില്ല. ജർമനിക്ക് വേണ്ടി കളിച്ചിരുന്ന സമയത്ത് വളരെ അഭിമാനത്തോടെയും അവേശത്തോടെയുമായാണ് ജർമ്മൻ ഷർട്ട് ധരിച്ചിരുന്നത്, ഇനി അതിന് കഴിയില്ല"
(I will no longer be playing for Germany at international level whilst I have this feeling of racism and disrespect. I used to wear the German shirt with such pride and excitement, but now I don't.)
ഷാല്‌ക്കെ ടീമിന് വേണ്ടി ബൂട്ടണിഞ്ഞാണ് ബുണ്ടെസ് ലീഗിൽ ഓസിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് വൻ തുകക്ക് ലോക ഫുട്ബോളിലെ തന്നെ പ്രമുഖ ക്ലബ്ബായ റയൽ മാഡ്രിഡ് ഇദ്ദേഹത്തെ സ്വന്തമാക്കുന്നു. റികർഡോ കക്കയുടെ പരിക്ക് മൂലം ഒരുപാട് അവസരങ്ങൾ ലഭിച്ച ഓസിൽ സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റിയാനോ റൊണാൾഡോയോടൊപ്പം ഗോൾ അടിച്ചും അടിപ്പിച്ചും കുറഞ്ഞ കാലയളവിൽ തന്നെ ടീമിൻ്റെ അനിഷേധ്യമായ അറ്റാക്കിങ് മിഡ്ഫീൽഡർ ആയി മാറിക്കഴിഞ്ഞിരുന്നു. "ഗോൾ കണ്ടെത്തുന്നതിനേക്കാൾ കൂടുതൽ അതിന് വേണ്ടിയുള്ള സൂത്രവഴികൾ കണ്ടെത്താനാണ് ഓസിൽ കൂടുതൽ ശ്രദ്ധിച്ചത്. ഒട്ടും സാധ്യമല്ലാത്ത പൊസിഷനിൽ നിന്നും ഗോൾ സ്കോർ ചെയ്യാനുള്ള നൈമിഷിക മാർഗങ്ങൾ അയാള് കണ്ടെത്തും" ഒസിലിനെ കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വാക്കുകളാണിവ. റയലിന് വേണ്ടി കളിക്കുന്നത് സമയത്താണ് ഒസിൽ 'ഫിഫ ബാലൺ ഡി ഒർ' ഷോർട്ട് ലിസ്റ്റിൽ വരുന്നതും, ലാലിഗ "അസിസ്റ്റ് ലീഡർ" ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നത്.
2014 സെപ്റ്റംബർ 2 ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ടീമായ ആഴ്സനൽ ഒരു ജർമ്മൻ താരത്തിൻ്റെ എക്കാലത്തെയും മികച്ച ട്രാൻസ്ഫർ റെക്കോർഡ് തുകക്ക് ഇദ്ദേഹത്തെ സ്വന്തമാക്കുന്നു. അധികം താമസിയാതെ തന്നെ അർസെൻ വെങറിന് കീഴിൽ ടീമിലെ നിർണായക കളിക്കാരനായി മാറാനും, ആഴ്സനലിൻ്റെ കിരീട ക്ഷാമത്തിന് അറുതി വരുത്താനും ഓസിലിൻ്റെ സാന്നിദ്ധ്യം കൊണ്ട് ടീമിന് സാധിച്ചു. 3 FA കപ്പും FA കമ്മ്യൂണിറ്റി ഷീൽഡും ഒസിലിന് കീഴിൽ ആഴ്സനൽ സ്വന്തമാക്കി. 2015-16 കലണ്ടർ വർഷത്തിലെ പ്രീമിയർ ലീഗ് "അസിസ്റ്റ് ലീഡറാ"യും ഓസിൽ തിരഞ്ഞെടുക്കപ്പെട്ടു. 
എന്നാല് ഗ്രൗണ്ടിന് പുറത്ത് മനുഷ്യാവകാശ ധ്വംസനതിനെത്തിരെ തൻ്റെ നിലപാട് പ്രകടിപ്പിചത്തിൻ്റെ പേരിൽ ഒസിലിനു പല അവസരങ്ങളും നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അവസരങ്ങൾക്ക് വേണ്ടി നിലപാട് മാറ്റിപ്പറയാൻ അയാള് തയ്യാറായിരുന്നില്ല. 2019 ഡിസംബറിൽ ചൈനയിലെ ഉയിഗൂർ മുസ്‌ലിംകൾക്ക് ഐക്യദാർഢ്യവുമായി ഓസിൽ പ്രതികരിക്കുകയുണ്ടായി. ചൈനീസ് ഭരണകൂടത്തെയും ഇതിനെതിരെ നിശബ്ദത പാലിക്കുന്ന മുസ്ലിം രാജ്യങ്ങളെയും അയാള് വിമർശിച്ചു. ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനത്തെ തുടർന്ന് ചൈനീസ് ചാനലുകളായ പി.പി സ്പോർട്സ്, ചൈന സെൻട്രൽ ടെലിവിഷൻ ആർസേനലിൻ്റെ കളികളുടെ സംപ്രേഷണം റദ്ദാക്കി. ഈ-ഫോട്ബോൾ പെസ് 2020 ൽ നിന്ന് ഓസിലിന്റെ പേര് ഒഴിവാക്കി. മാത്രവുമല്ല, ചൈനീസ് ഇൻറർനെറ്റ് ലോകത്ത് ഒരാൾ "ഓസിൽ" എന്ന് സെർച്ച് ചെയ്താൽ "റിസൾട്ട് എറർ" എന്ന് പറഞ്ഞ് ഒന്നും കാണിക്കാതെയായി. ഈ സംഭവത്തെ തുടർന്ന് ആർസനൽ ടീം മാനേജ്മെന്റ് ഓസിലിനോട് വിശദീകരണം തേടുകയും, ഇത്തരം രാഷ്ട്രീയ കമന്റുകൾ ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ടീമിലെ തന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് മനസ്സിലാക്കിയിട്ടും സ്വന്തം നിലപാട് മാറ്റാനോ തിരുത്തിപ്പറയാനോ അയാൾ തയ്യാറായില്ല. ഇതിനെ തുടർന്ന് മികച്ച ഫോമിൽ ഉള്ള സമയത്ത് പോലും ഓസിലിന് ടീം ബെഞ്ചിൽ ഇരിക്കേണ്ടി വന്നു. ആഴ്സനൽ മാനേജർ മൈക്കൽ ആർത്തറ്റെ ഓസിലിനെ ടീം ഇലവനിൽ ഉൾപ്പെടുത്താതെയായി. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാരണം ഓസിൽ ടീമിൽ നിന്ന് രാജി വെക്കുകയും തന്റെ കുടുംബ വേരുകൾ സ്ഥിതി ചെയ്യുന്ന തുർക്കിയിലെ ഫുട്ബോൾ ക്ലബായ "ഫെനർബഷേ" ടീമിൽ ജോയിൻ ചെയ്യുകയും ചെയ്തു. വംശീയ വെറിയൻമാരുടെയും വർഗീയ വാദികളുടെയും കുത്ത് വാക്കുകൾക്ക് ഇരയായ മെസൂദ് ഓസിലിന് തന്റെ കരീർ നഷ്ടപ്പെട്ടു എന്നതിനേക്കാൾ കൂടുതലായി എതിരാളികളുടെ കാലിനടിയിലൂടെ പന്ത് കൊണ്ട് മായാജാലം തീർത്ത ഒരു കാൽപന്ത് മാന്ത്രികനെയാണ് നഷ്ടപ്പെട്ടത് ഫുട്ബോൾ ലോകത്തിന് നഷ്ടമായത്.
പലസ്തീൻ ജനതയുടെ മോചനത്തിന് വേണ്ടിയും ഉയിഗൂർ മുസ്ലിംകൾക്ക് വേണ്ടിയും ശബ്ദിച്ച ഓസിൽ അവസാനമായി ഇന്ത്യയിൽ നടന്ന് കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ ആക്രമണത്തിനെതിരെയും പ്രതികരിച്ചിരുന്നു. 'ബ്രേക്ക് ദ സൈലൻസ്' എന്ന ഹാഷ്ടാഗോട് കൂടിയ ആ ട്വീറ്റ് ഇപ്രകാരമായിരുന്നു: " ഇന്ത്യയിലെ മുസ്‌ലിം സഹോദരി സഹോദരൻമാരുടെ സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി ലൈലത്തുൽ ഖദറിൻ്റെ വിശുദ്ധ രാത്രിയിൽ പ്രാർത്ഥിക്കുന്നു. ലജ്ജാകരമായ ഈ സംഭവത്തെ കുറിച്ച് നമുക്ക് ബോധവൽക്കരണം നടത്താം. ലോകത്തിലെ ഏറ്റവും വലിയ ജനാധിത്യ രാജ്യം എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്?!
സ്വന്തം നിലനിൽപ്പിനെ തന്നെ ഭീഷണി യാവുമെന്ന് മനസ്സിലാക്കിയിട്ടും ഓസിൽ തൻ്റെ നിലപാട് പറഞ്ഞ് കൊണ്ടേയിരുന്നു.അഭിപ്രായങ്ങൾ മാറ്റിപ്പറയാനോ വലതുപക്ഷ വർഗീയ വാദികൾക്ക് അടിയറവ് വെക്കാനോ അയാള് തയ്യാറായില്ല. ലോകത്ത് മുസ്‌ലിംകൾ നേരിട്ട് കൊണ്ടിരിക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾക്ക് വേണ്ടി അയാള് ശബ്ദിച്ചു കൊണ്ടേയിരിക്കും, കാരണം മേസുദ് ഒസിൽ നട്ടെല്ലുള്ള മുസ്ലിമാണ്!!!

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter