എന്തിനായിരുന്നു ആ വിവാഹം, ഒരു നിഷ്പക്ഷ വായന

പ്രവാചകരുടെ വിവാഹങ്ങള്‍ ആധുനിക യുഗത്തില്‍ വിവാദങ്ങളിലേക്ക് വലിച്ചഴിക്കപ്പെടുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ആ വിവാഹങ്ങളെ പൊതുവായും ആഇശ ബീവിയുമായുള്ള വിവാഹത്തെ പ്രത്യേകമായും നിഷ്പക്ഷമായി  നമുക്കൊന്ന് വായിച്ചുനോക്കാം.

ഒരേ സമയം പതിനൊന്ന് ഭാര്യമാരാണ് പ്രവാചകര്‍ക്കുണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേര്‍ പ്രവാചകരുടെ ജീവിത കാലത്ത് തന്നെ മരണപ്പെട്ടിട്ടുമുണ്ടായിരുന്നു. പതിനൊന്ന് പേരില്‍ രണ്ട് പേരൊഴികെയുള്ളവരെല്ലാം വിവാഹ സമയത്ത് 36നും 60നും മധ്യേ പ്രായമുള്ളവരായിരുന്നു. പ്രവാചകര്‍ 25-ാം വയസ്സില്‍ ആദ്യവിവാഹം ചെയ്തത്, 40 വയസ്സ് പ്രായമുള്ള ഖദീജ(റ)യെ ആയിരുന്നു. 25 വര്‍ഷം, മറ്റൊരു സ്ത്രീയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ അവരോടൊപ്പം സംതൃപ്ത ജീവിതം നയിച്ച പ്രവാചകര്‍, ശേഷം വിവാഹം ചെയ്തത് വിധവയായ സൌദ (റ)യെയായിരുന്നു. പറയത്തക്ക സൌന്ദര്യമോ തറവാടിത്തമോ ഇല്ലാത്ത സൌദ(റ)യെ വിവാഹം ചെയ്തതില്‍, ശത്രുക്കള്‍ പോലും അല്‍ഭുതം പ്രകടിപ്പിച്ചിരുന്നു. 

53മുതല്‍ 56 വയസ്സ് വരെയുള്ള കാലയളവിലാണ് മറ്റു വിവാഹങ്ങളെല്ലാം നടക്കുന്നത്. ഇസ്‍ലാം ഒരു രാഷ്ട്ര സംവിധാനം കൂടിയായി പ്രയോഗതലത്തില്‍ വികസിക്കുകയും പല രാഷ്ട്രനേതാക്കളുമായി നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത കാലം കൂടിയായിരുന്നു അത്. ആ വിവാഹങ്ങളുടെ പശ്ചാത്തലങ്ങള്‍ ചരിത്രപരമായി പരിശോധിക്കുമ്പോള്‍, നാല് കാരണങ്ങളായിരുന്നു അവക്കെന്ന് മനസ്സിലാക്കാം. 

1. മതപരമായ നിയമനിര്‍മ്മാണം 
2. ഇസ്‍ലാമിനും അതിന്റെ പ്രചാരണത്തിനും സഹായകമാവുന്ന ഘടകങ്ങള്‍
3. രാഷ്ട്രീയമായ നേട്ടങ്ങള്‍
4. വിജ്ഞാന പ്രസാരണം 

(വിശദ വായനക്ക് പ്രവാചകരുടെ ബഹുഭാര്യത്വം നോക്കുക)

ആഇശ(റ)യെ വിവാഹം ചെയ്തതിന് പിന്നിലെ പ്രധാന ചോദകം അവസാന കാരണമായിരുന്നു എന്ന് ചരിത്രം നോക്കിയാല്‍ വ്യക്തമാകാവുന്നതേയുള്ളൂ. സ്ത്രീകളുമായി ബന്ധപ്പെട്ട മതനിയമങ്ങളധികവും സമൂഹത്തിന് ലഭിക്കുന്നത് അവരിലൂടെയാണ്. പ്രവാചകരോടൊപ്പം ജീവിച്ചതിലൂടെ അവര്‍ നിവേദനം ചെയ്ത 2210 ഹദീസുകളാണ്, സ്ത്രീകളുമായി ബന്ധപ്പെട്ട ഇസ്‍ലാമിലെ നിയമങ്ങളുടെ അടിസ്ഥാനം എന്ന് തന്നെ പറയാം. ഏറ്റവും ആധികാരികമായ ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ 25 ശതമാനത്തോളം നിവേദനം ചെയ്തത് ആഇശ(റ)യാണ്. ഏറ്റവും കൂടുതല്‍ ഹദീസുകള്‍ നിവേദനം ചെയ്ത 5 പേരില്‍ ഒരാളാണ് ആഇശ(റ). പ്രാവചകരുടെ മറ്റ് പത്ത് പത്നിമാരെല്ലാം ചേര്‍ന്ന് നിവദേനം ചെയ്തവ 600ല്‍ താഴെ മാത്രമേ വരൂ എന്ന് കൂടി ഇവിടെ ഓര്‍ക്കേണ്ടതാണ്. അഥവാ, പ്രവാചക ജീവിതത്തില്‍ ആഇശ(റ)യെപ്പോലെ ബുദ്ധിമതിയും ചെറുപ്രായക്കാരിയുമായ ഒരു സ്ത്രീ ഇല്ലായിരുന്നുവെങ്കില്‍ ഈ ജ്ഞാന പ്രസാരണം നടക്കാതെ പോകുമായിരുന്നു എന്നര്‍ത്ഥം. 

അതോടൊപ്പം, പ്രവാചകര്‍ക്കെതിരെ തൊടുത്തുവിടാന്‍ ആരോപണങ്ങള്‍ക്കായി അക്കാലത്ത് കാത്തിരുന്നവരൊന്നും തന്നെ ഇത്തരം ഒരു ആരോപണം ഉന്നയിച്ചില്ല എന്നതും നാം ശ്രദ്ധിക്കേണ്ടതല്ലേ. അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളെയും ആ വിവാഹങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശ്യശുദ്ധിയെയുമാണ് അത് തെളിയിക്കുന്നത്. പ്രവാചകരുമായുള്ള വിവാഹം ആലോചിക്കും മുമ്പേ, ആഇശ (റ)യെ ജുബൈറുബ്നുമുത്ഇമുമായി വിവാഹം നടത്താനുള്ള ആലോചനകള്‍ നടന്നിട്ടുണ്ടായിരുന്നു എന്നതും പ്രാവചകര്‍ക്കായി ആഇശ(റ)യെ ആലോചിക്കുന്നത് ഖൌല ബിന്‍ത് ഹകീം എന്ന ഒരു സ്ത്രീ തന്നെയാണെന്നതും ഈ സാമൂഹ്യ സാഹചര്യങ്ങളെ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്.

അതിലെല്ലാമുപരി, ഇന്ന് നാം കരുതുന്ന പോലെയുള്ള, അപക്വമായ ഒരു ശൈശവ വിവാഹമായിരുന്നു അതെങ്കില്‍, അതില്‍ ഏറ്റവും അതൃപ്തി ഉണ്ടാവേണ്ടത് അതിന് ഇരയായ ആഇശ(റ)ക്ക് തന്നെയാണല്ലോ. എന്നാല്‍, ജീവിതത്തില്‍ ഏറ്റവും സന്തോഷവതിയും പ്രവാചകരോടൊത്തുള്ള ജീവിതം തന്റെ വലിയ ഭാഗ്യവുമായാണ് അവര്‍ കണ്ടിരുന്നത് തന്നെ. 

ഭാര്യമാര്‍ക്കെല്ലാം വേണമെങ്കില്‍ തന്നെ വിട്ടുപോവാനുള്ള സ്വാതന്ത്ര്യം പ്രവാചകര്‍ തന്നെ കൊടുത്ത വേളയില്‍, ഇല്ല, ഞാന്‍ പ്രവാചകരുടെ കൂടെ തന്നെ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന് ആദ്യം പറഞ്ഞത്, കൂട്ടത്തില്‍ ഏറ്റവും ചെറുപ്പമായ ആഇശ(റ) ആയിരുന്നു എന്നത് ഇതിന്റെ വ്യക്തമായ തെളിവാണ്. പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുമ്പോഴും, ചാരത്തുള്ള റൂമില്‍ ആര്‍ത്തവകാരിയായി ഇരിക്കുന്ന ആഇശ(റ)യോടെ തന്റെ മുടി ചീകിത്തരാന്‍ ആവശ്യപ്പെടുന്ന പ്രവാചകര്‍, അന്നത്തെ സമൂഹത്തിലെന്ന് മാത്രമല്ല, ഈ അടുത്ത കാലം വരെയും നിലനിന്നിരുന്ന തെറ്റായ ഒട്ടേറെ ധാരണകളെയാണ് പൊളിച്ചെഴുതുന്നത്.

പ്രവാചകരുടെ അവസാന നിമിഷങ്ങളില്‍, ദന്തശുദ്ധീകരണത്തിനായി മിസ്‍വാക്, വായിലിട്ട് നനച്ചുകൊടുക്കുന്നത് ആഇശ(റ)യാണ്. ആ സംഭവത്തെ കുറിച്ച് അവര്‍ അഭിമാനത്തോടെ പറയുന്നത് ഇങ്ങനെയാണ്, പ്രവാചകരുടെ ഉള്ളിലേക്ക് അവസാനമായി പ്രവേശിച്ചത് എന്റെ ഉമിനീരായിരുന്നു. മരണത്തിന് മുമ്പായി, എന്റെ ഉമിനീരും പ്രവാചകരുടെ ഉമിനീരും സംഗമിക്കാന്‍ അവസരം ലഭിച്ചത് വല്ലാത്ത ഭാഗ്യം തന്നെ.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter