സാറെ, ഞങ്ങളുടെ ബിടെക്ക് പഠനം കഴിഞ്ഞു ഇനിയെന്ത് മുന്നിലുള്ള വഴി?
ഇന്നലെ കോട്ടയത്ത് നിന്ന് മൂന്ന് യുവ എഞ്ചിനീയർമാർ വാട്സപ്പിലയച്ച സന്ദേശമിത്. രണ്ട് മൂന്ന് ദിനം മുമ്പ് പത്രങ്ങളിലൂടെ കണ്ട ബിടെക്ക്കാരുടെ വറൈറ്റി ചായ വാർത്ത കണ്ട് അന്തം വിട്ടാണ് അവർ ഒരുപദേശത്തിനായി വന്നത്. അത് പോലൊത്തെ വഴിക്ക് തിരിയേണ്ടി വരുമോന്നായിരുന്നു ഉപചോദ്യം.
എഞ്ചിനീയറിങ്ങിന്റെ അടിസ്ഥാന യോഗ്യതയായ ബി ടെക്ക് എന്നത് ഇന്ന് ജോലികൾക്കുള്ള അടിസ്ഥാന യോഗ്യത ആയിത്തന്നെ മാറിയിട്ടുണ്ട്.
എഞ്ചിനീയറിങ്ങ് കഴിയുന്നവരില്‍ ഭൂരിഭാഗം പേരും ആ ജോലി ചെയ്യുവാന്‍ പ്രാപ്തരല്ല (എംപ്ലോയബിലിറ്റി സ്കിൽ ഇല്ല) എന്ന കണക്കുകൾ പുറത്ത് വരുമ്പോൾ പ്രത്യേകിച്ചും.
വീട്ടുകാർക്ക് വേണ്ടി ഒരു ബിടെക്ക് എടുത്തിട്ട് മറ്റ് ഫീൽഡിലേക്ക് തിരിയുന്നവർ ഇന്ന് നിരവധിയാണ്.
എഞ്ചിനീയിറിങ്ങ് കഴിഞ്ഞിട്ട് സ്വന്തം ബ്രാഞ്ചില്‍ ജോലി ചെയ്യുന്നവർ അല്ലെങ്കില്‍ അനുയോജ്യ ജോലി ലഭിക്കുന്നവർ കുറഞ്ഞ് വരികയാണ്.
എന്നാല്‍ ഇന്ത്യയിലെ ഡിഗ്രികളില്‍ കുറച്ചെങ്കിലും ഗ്ലോബല്‍ പോർട്ടബിലിറ്റി ഉള്ളത് എഞ്ചിനിയറിങ്ങിനാണ് എന്നതാണ് സത്യം. ആഗോള മേഖലയിലേക്ക് കുട്ടികളെ ബന്ധിപ്പിക്കുവാന്‍ ഇത്രയും സാധ്യതയുള്ളയൊരു വിഷയം വേറെയില്ല തന്നെ.
വലിയ നെറ്റ്-വർക്കുണ്ടാക്കുവാനും വിദേശങ്ങളിലൊക്കെ ജോലി ചെയ്യുവാനും ഏറ്റവും നല്ലയൊരു ഡിഗ്രിയാണിത്. എന്നാല്‍ അതേ ഫീൽഡില്‍ ജോലി ലഭിച്ചില്ല എന്ന് വിചാരിച്ച് എനിക്ക് എഞ്ചിനിയറിങ്ങ് പഠിച്ചിട്ട് ജോലിയേ കിട്ടിയില്ല എന്ന് വിലപിക്കുന്നതില്‍ അർത്ഥമില്ല.
കാരണം കാലം മാറിയിരിക്കുന്നു. .
AICTE യുടെ പുതിയ കണക്ക് പ്രകാരം 23.6 ലക്ഷത്തോളമാണ് ബി ടെക് സീറ്റെന്നോർക്കുക. ഇവരെല്ലാം അതേ ഫീൽഡില്‍ തന്നെ ജോലി ചെയ്യണമെങ്കില്‍ അതിനുള്ള സാഹചര്യം ഇന്ത്യയിലില്ലായെന്നോർക്കുമ്പോഴാണ് മറ്റ് നിരവധി മേഖലകളിലേക്കും ഇവർക്ക് തിരിയാവുന്നതാണ് എന്ന യാഥാർത്ഥ്യത്തെ നാം മനസ്സിലാക്കേണ്ടത്.
എഞ്ചിനിയറിങ്ങിന് പഠിക്കുന്ന കുട്ടികൾ തങ്ങളുടെ പ്രൊഫഷനിലെ അന്താരാഷ്ട്ര അസോസിയേഷന്‍ സ്റ്റുഡന്റ് ചാപ്റ്റർ മെമ്പർഷിപ്പ്, പറ്റിയാല്‍ ആ വിഷയത്തിലൊരു സർട്ടിഫിക്കേഷന്‍ കോഴ്സ് ഇവയൊക്കെ പഠന കാലത്തേ നേടിയെടുക്കുന്നത് ഏറെ നല്ലതാണ്.
ഏതൊരു കോഴ്സിനും പഠിക്കുന്ന വിഷയത്തോടൊപ്പമോ അതിലേറെയോ പ്രാധാന്യം പഠിക്കുന്ന സ്ഥാപനത്തിനാണ്.
എല്ലാ രാജ്യത്തേയും എഞ്ചിനിയറിങ്ങ് സ്ഥാപനങ്ങൾ അക്രഡിറ്റ് ചെയ്യുന്ന സംവിധാനമുണ്ട്.
ഇന്ത്യയില്‍ ഇത് ചെയ്യുന്നത് നാഷണല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷനാണ്. കോളേജുകളുടേയും വിദ്യാർത്ഥികളുടേയും നിലവാരം, പഠന രീതി തുടങ്ങി നിരവധി സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് നൽകുന്നത്. ഇന്ത്യ രാജ്യാന്തര അംഗീകാരമുള്ള അക്രഡിറ്റേഷന്‍ സംഘടനയായ വാഷിങ്ങ്ടണ്‍ അക്കോഡില്‍ ഒപ്പ് വെച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇത്തരം അംഗീകാരമുള്ള കോളേജുകളില്‍ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ജോലി സാധ്യത എവിടെ ചെന്നാലും കൂടുതലാണ്. വിദേശങ്ങളിൽ ജോലി ലക്ഷ്യമിടുന്നവർ തങ്ങളുടെ സ്ഥാപനവും, കോഴ്സും National Board of Accreditation (NBA) ഉള്ളതാണ് എന്നുറപ്പാക്കാൻ മടിക്കരുത്.
എഞ്ചിനീയറിങ്ങുകാർക്കുള്ള മേഖലകൾ
▫️എം ടെക്ക്
എഞ്ചിനിയറിങ്ങ് കഴിഞ്ഞവർക്ക് അതേ ഫീൽഡില്‍ തന്നെ അൽപം കൂടി ഗവേഷണാത്മകമായി ജോലി ചെയ്യണമെന്നുള്ളവർക്ക് എം ടെക്കിന് പോകാം.
രാജ്യത്തെമ്പാടുമായി ഏകദേശം 3 ലക്ഷത്തോളം സീറ്റുകളുണ്ട്.
രാജ്യ വ്യാപകമായി നടത്തുന്ന ഗേറ്റ് പരീക്ഷ വിജയിച്ച് വരുന്നവർക്കാണ് മിക്ക സ്ഥാപനങ്ങളിലും MTech അവസരമുള്ളത്.
ഗവേഷണം, അധ്യാപനം, കൺസൾട്ടൻസി തുടങ്ങിയ മേഖലകളിലേക്ക് തിരിയേണ്ടവർ ഈ വഴിയാണ് തിരഞ്ഞെടുക്കേണ്ടുന്നത്. മികച്ച അധ്യാപകരും ഗവേഷകരുമൊക്കെ ഉണ്ടാവേണ്ടുന്നത് സമൂഹത്തിന്റെ കൂടി ആവശ്യമാണ്.
▪️സർക്കാർ ജോലികൾ
എഞ്ചിനിയറിങ്ങ് ഡിഗ്രിയെ മറ്റേതൊരു ഡിഗ്രിയും പോലെ കാണുവാന്‍ തയ്യാറാണെങ്കില്‍ സർക്കാർ സർവീസ് എന്നയൊരു മേഖല ഇവിടെയുണ്ട്. അതായത് സിവില്‍ എഞ്ചിനിയറിങ്ങ് ബിരുദധാരി പിഡബ്ള്യഡി യില്‍ അസിസ്റ്റന്റ്. എഞ്ചിനിയർ ആയി മാത്രമേ ജോലി ചെയ്യുകയുള്ളു എന്ന പിടിവാശി ഉപേക്ഷിക്കണമെന്നർത്ഥം.
കേരളത്തില്‍ പഞ്ചായത്ത് സെക്രട്ടറി, ഡിവിഷനൽ അക്കൗണ്ടൻ്റ് മുതല്‍ ഡെപ്യൂട്ടി കളക്ടർ, KAS വരെ നേടാൻ ഏതെങ്കിലുമൊരു ഡിഗ്രി മതിയെന്നോർക്കുക. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ബിഡിഓ, മുനിസിപ്പല്‍ സെക്രട്ടറി, കെഎസ്ഇബി അസിസ്റ്റന്റ്, കെഎസ്എഫ് ഇ അസിസ്റ്റന്റ് , യൂണിവേഴ്സിറ്റി അസിസ്റ്റന്റ്‍ തുടങ്ങി നിരവധി തസ്തികകൾ ബിരുദധാരികൾക്കായി ഇവിടെയുണ്ട്. ഇതൊക്കെയും ബിടെക്കുകാർക്ക് പരീക്ഷിക്കാവുന്നതാണ്.
സിവില്‍ സർവീസ് എഞ്ചിനിയറിങ്ങ് ബിരുദധാരികൾക്ക് തിരഞ്ഞെടുക്കാവുന്ന നല്ല ഒരു ഓപ്ഷനാണ്.
നമ്മുടെ പ്രമുഖരായ പല സിവില്‍ സർവീസ് ഓഫീസർമാരും എഞ്ചിനിയർമാരാണ് എന്നോർക്കുക. ഇക്കഴിഞ്ഞ വർഷങ്ങളിൽ സിവിൽ സർവ്വീസിൽ ഉന്നത വിജയങ്ങൾ വരിച്ചവരിൽ 50% ലധികവും എഞ്ചിനീയർമാരായിരുന്നു.
ഒപ്പം ചില പ്രത്യേക ബ്രാഞ്ചുകാർക്ക് എഞ്ചിനീയറിങ് സർവീസും തിരഞ്ഞെടുക്കുവാന്‍ കഴിയും.
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഡിഗ്രിക്കാർക്കായി വിളിക്കുന്ന എല്ലാ തസ്തികകളിലേക്കും ഇവർക്ക് അപേക്ഷിക്കുവാന്‍ കഴിയും.
ഡിഫൻസിലെ വിവിധ ത്സതികകളും റെയിൽവേയിലെ ചില തസ്തികകളും എഞ്ചിനിയർമാർക്കായിട്ടുണ്ട് എന്നത് കൂടി മറക്കരുത്.
ബാങ്കുകളിലെയും ഇൻഷുറൻസ് സ്ഥാപനങ്ങളിലേയുമൊക്കെ സ്പെഷ്യലിസ്റ്റ് ഓഫീസർമാരാവാനും എഞ്ചിനീയർമാർക്ക് കഴിയും.
ഒപ്പം എല്ലാ ഡിഗ്രിക്കാർക്കും അപേക്ഷിക്കാവുന്ന ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ തസ്തികക്കും അപേക്ഷിക്കുവാന്‍ കഴിയും.
➖▪️ഗേറ്റ് കടക്കാം
എഞ്ചിനിയറിങ്ങ് രംഗത്തെ ഉന്നത പഠനത്തിന് അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷയാണ് ഗേറ്റ്. ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനിയറിങ്ങ് എന്ന് പൂർണ്ണ രൂപം.
എം ടെക്കിനുള്ള പ്രവേശന പരീക്ഷ മാത്രമല്ല ഇത്. രാജ്യത്തെ മുൻ നിര പൊതു മേഖലാ സ്ഥാപനങ്ങൾ തങ്ങളുടെ ടെസ്റ്റ് ഒഴിവാക്കി പകരം ഗേറ്റ് സ്കോർ അടിസ്ഥാനത്തില്‍ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്ത് ജോലിക്ക് എടുക്കുന്നുണ്ട്.
ഗേറ്റ് പരീക്ഷ എഴുതുന്നതിനോടൊപ്പം വിദ്യാർത്ഥികൾക്ക് ഇത്തരം കമ്പനികളിലേക്കും അപേക്ഷിക്കാവുന്നതാണ്.
മാനേജ്മെന്റി്ലേക്ക് തിരിയാം
എഞ്ചിനിയറിങ്ങിന്റെ മാത്രമല്ല മറ്റ് മേഖലയുടെയും കൂടി അടിസ്ഥാന യോഗ്യതയായി ബി ടെക് ഇപ്പോൾ മാറിയിട്ടുണ്ട് എന്ന് നേരത്തെ പറഞ്ഞു. ആയതിനാൽ ഇവർക്ക് മാനേജ്മെന്റിലേക്കും തിരിയാവുന്നതാണ്. സാങ്കേതിക വൈദഗ്ദ്യത്തോടൊപ്പം മാനേജ്മെന്റി്ലും പ്രാവിണ്യം നേടുന്നത് തൊഴില്‍ സാധ്യത കൂട്ടുന്നു.
എഞ്ചിനിയറിങ്ങ് കഴിഞ്ഞവർക്ക് മാത്തമാറ്റിക്സിലേയും റീസണിങ്ങിലേയും പ്രാവിണ്യം മറ്റ് ബിരുദക്കാരില്‍ നിന്നും ഇവരെ വേറിട്ട് നിർത്തുന്നു.
ഐഐഎംCAT, XAT, CMAT, IRMA തുടങ്ങിയ മാനേജ്മെൻ്റ് പ്രവേശന പരീക്ഷകൾക്ക് ബിരുദത്തിൻ്റെ അവസാന വർഷം തന്നെ തയ്യാറെടുക്കാവുന്നതാണ്.
ഐ ടി മേഖല
പൊതുവേ എഞ്ചിനിയറിങ്ങ് കോളേജുകളിലെല്ലാം തന്നെ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടക്കാറുണ്ട്.
അതില്‍ കൂടുതലും ഐടി കമ്പനികളാണ്. അവരെ സംബന്ധിച്ച് എഞ്ചിനിയിറിങ്ങിന്റെ ഏത് ബ്രാഞ്ച് ആയാലും കുഴപ്പമില്ല.
അവർ നൽകുന്ന ഫൌണ്ടേഷന്‍ കോഴ്സ് കൊണ്ട് ഐ ടി എഞ്ചിനിയര്‍മാർ ആക്കി എടുത്ത് കൊള്ളുമെന്നതിനാല്‍ ബ്രാഞ്ച് അത്ര പ്രശ്നമല്ല.
വിദേശ ഐടി കമ്പനികൾക്ക് പലപ്പോഴും സ്റ്റാഫുകളെ വിവിധ പ്രൊജക്ടുകൾക്കായി അമേരിക്കയിലും മറ്റും അയക്കേണ്ടതുണ്ട്.
നാല് വർഷത്തെ ഡിഗ്രി ഉള്ളവർക്കേ അമേരിക്കന്‍ സർക്കാർ എളുപ്പത്തില്‍ വിസ നൽകുകയുള്ളു എന്നതിനാൽ വിദേശ ഐ ടി കമ്പനികൾ ബിടെക്കുകാർക്ക് തിരഞ്ഞെടുക്കാവുന്ന നല്ലയൊരു ഓപ്ഷനാണ്.
സംരംഭകരാവാം
എഞ്ചിനിയറിങ്ങ് ബിരുദം നേടിയ ശേഷം തൊഴിലന്വേഷകരായി വർഷങ്ങൾ അലയുന്നവർ കുറഞ്ഞ് വരുന്ന കാലഘട്ടമാണിത്.
കുട്ടികൾ പലരും തന്നെ സ്റ്റാർട്ടപ്പ് സ്വയം സംരംഭകാരാകുവാന്‍ മുൻപോട്ട് വരുന്നതാണിതിന് കാരണം.
ഇന്നിപ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്റ്റാർട്ടപ്പുകളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. അതിനാൽ തന്നെ നിലവിലുള്ള ഇൻക്യുബേഷന്‍ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സ്വയം സംരംഭകരാകുന്നത് മാറുന്ന കാലഘട്ടത്തില്‍ ഏറെ ചിന്തിക്കാവുന്ന ഒരു പ്രൊഫഷനാണ്. വ്യത്യസ്ത ആശയങ്ങളുള്ളവർക്ക് തിളങ്ങാൻ പറ്റുന്ന ഇടമാണ് സ്റ്റാർട്ടപ്പുകൾ.
▪️ആദ്യത്തെ ജോലി കിട്ടുമ്പോൾ ഒരു കോടി രൂപ ശമ്പളം ഉണ്ടോ എന്നൊന്നും നോക്കേണ്ട കാര്യമില്ല, നിങ്ങളെ കമ്പനി പരിശീലനത്തിന് അയക്കുന്നുണ്ടോ, സ്വതന്ത്രമായി കുറച്ചൊക്കെ ജോലി ചെയ്യുവാൻ അവസരമുണ്ടോ, യാത്രകൾ ചെയ്യുവാനുള്ള സാധ്യതയുണ്ടോ ഇതൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. പണമെല്ലാം പിന്നാലെ വന്നോളും. അതിലൂടെ പ്രതാപവും പ്രശസ്തിയും തേടി വരും.
പഠനം തീരുന്നില്ല.
ബിടെക്ക് കഴിഞ്ഞതോടെ പഠിത്തം കഴിയുന്നില്ല. സാങ്കേതിക മേഖലയിൽ വിജ്ഞാനം അനുദിനം മാറിക്കൊണ്ടിരിക്കയാണ്. അറിവുകൾ അനുദിനം ഷാർപ് ചെയ്ത് കൊണ്ടിരിക്കണം. ഇതിന് സഹായമായി സിമ്പിൾലേൺ, ഉഡെമി, എഡക്സ്, കോഴ്സെറ, ഉഡാസിറ്റി, നാപ്ടെൽ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോറങ്ങൾ പ്രയോജനപ്പെടുത്താം.
Leave A Comment