ഭാഷാ പരിശീലന കോഴ്‌സുമായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ്
മൈസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് പ്രമുഖ ഇന്ത്യന്‍ ഭാഷകളില്‍ നല്‍കുന്ന 10 മാസത്തെ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മൈസൂരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴു കേന്ദ്രങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. ബംഗാളി, മറാത്തി, ഒറിയ, സന്താളി, ഡോഗ്രി, കാശ്മീരി, പഞ്ചാബി, ഉറുദു, ഗുജറാത്തി, കൊങ്കിണി, സിന്ധി, കന്നട, മലയാളം, തമിഴ്, തെലുഗു, ആസാമീസ്, ബോഡോ, മണിപ്പൂരി, എന്നീ ഭാഷകളിലാണ് പരിശീലനം നല്‍കുന്നത്. ഭാഷാദ്ധ്യാപകര്‍, ന്യൂനപക്ഷ ഭാഷ ഉപയോഗിക്കുന്നവര്‍, പരിഭാഷാ വിദഗ്ദര്‍, ഭാഷാ തല്‍പരര്‍ തുടങ്ങിയവര്‍ക്കെല്ലാം അപേക്ഷിക്കാവുന്ന കോഴ്‌സില്‍ ആകെ 561 പേര്‍ക്കാണ് പ്രവേശമുള്ളത്. 80 ശതമാനം സീറ്റുകളും ചുരുങ്ങിയത് മൂന്നു വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഗവണ്‍മെന്റ്, ഗവ. എയ്ഡഡ്, ഗവ. അംഗീകൃത ഹൈസ്‌ക്കൂളുകളിലെ അദ്ധ്യാപകര്‍ക്കും 10 ശതമാനം ബിരുദ പരിജ്ഞാനമുള്ള ന്യൂനപക്ഷ ഭാഷാ ഉപയോക്താക്കള്‍ക്കും ചെറുഗോത്ര വര്‍ഗ്ഗക്കാര്‍ക്കും സംവരണം ചെയ്യപ്പെട്ടതാണ്. പൊതു വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ അനുബന്ധ ഭാഷയില്‍ ബിരുദാനന്തര ബിരുദമുള്ളവരോ ബിരുദ തലത്തില്‍ ആ ഭാഷ പ്രധാന വിഷയമായി പഠിച്ചവരോ ആയിരിക്കണം. അപേക്ഷകരാരും മുമ്പ് ഈ കോഴ്‌സിനു കീഴില്‍ പരിശീലനം ലഭിച്ചവരാകാനും പാടില്ല. തെരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപകര്‍ക്ക് അവരുടെ നിലവിലെ ശമ്പളത്തോട് തുല്യമായ തുകയും അല്ലാത്തവര്‍ക്ക് പ്രതിമാസം 5000 രൂപ വീതവും ലഭിക്കും. പുറമെ ഓരോരുത്തര്‍ക്കും സ്‌റ്റൈപന്റ് ഇനത്തില്‍ മാസം 800 രൂപ വീതവും ലഭിക്കും. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളും അപേക്ഷാ ഫീസായി 150 രൂപയുടെ ഡി.ഡിയും ഉള്‍പ്പെടെ് ഡയറക്ടര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ്, മാനസഗംഗോത്രി, മൈസൂര്‍, 570006 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. കവറിന് പുറത്ത് അപ്ലിക്കേഷന്‍ ഫോര്‍ 10 മന്‍ത്ത് ലാംഗ്വേജ് കോഴ്‌സ് എന്ന് രേഖപ്പെടുത്തണം. വിശദ വിവരങ്ങള്‍ www.ciil.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. മാര്‍ച്ച് 31 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter