വീട് നിര്‍മാണം, സ്ഥല നിര്‍ണയം, കട്ടിലവെക്കല്‍, ഗൃഹപ്രവേശം എന്നിവയുമായി ബന്ധപ്പെട്ട് പലവിധ ആചാരങ്ങളും നിലവിലുണ്ട്. ഇന്ന പ്രദേശത്ത് ശകുന പിഴയുണ്ട്, കന്നിമൂല ,നഹ്‌സുണ്ട്, അല്ലെങ്കില്‍ പൈശാചിക ബാധയേല്‍ക്കാന്‍ ഇടയുണ്ട്, പോക്കുവരവുണ്ട് തുടങ്ങിയ വിശ്വാസങ്ങള്‍ക്കൊക്കെ വല്ല അടിസ്ഥാനവും ഉണ്ടോ ?

ചോദ്യകർത്താവ്

Mishal

Sep 23, 2019

CODE :Fiq9445

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഭൂമിയിലെ ചില സ്ഥലങ്ങള്‍ക്ക് ഗുണങ്ങള്‍ക്കും മറ്റുചില സ്ഥലങ്ങള്‍ക്ക് ദോശങ്ങളുമുണ്ടെന്ന് വിശുദ്ധഖുര്‍ആനിലുണ്ട്. നിരിവധി ഹദീസുകളും ഈ ആശയത്തിലുണ്ട്.

ഇസ്റാഅ് സൂറത്തിലെ ആദ്യസൂക്തം ബൈതുല്‍മുഖദ്ദസ് സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും അനുഗ്രഹീതമാണെന്ന് പറഞ്ഞിട്ടുണ്ട്. സൂറത്തുല്‍അഅ്റാഫ്(137)ലും സൂറതുല്‍അമ്പിയാഅ്(71,81)ലും സമാനമായ ആശയം കാണാം.

ചില നാടുകളും പ്രദേശങ്ങളും മോശമാണെന്നും അല്ലാഹുവിന്‍റെ ശിക്ഷക്കും കോപത്തിനും ഇരയായ സ്ഥലങ്ങളാണന്നും പ്രമാണങ്ങളില്‍ പരാമര്‍ശമുണ്ട്. അത്തരം സ്ഥലങ്ങള്‍ താമസയോഗ്യമല്ലെന്നും യാത്രക്കിടയിലെ താല്‍ക്കാലികവിശ്രമത്തിന് പോലും ഇത്തരം സ്ഥലങ്ങള്‍ അനുയോജ്യമല്ലെന്നും അത്തരം സ്ഥലങ്ങള്‍് അതിവേഗം വിട്ടുകടക്കണമെന്നുമെല്ലാം ഹദീസുകളില്‍ വന്നിട്ടുണ്ട്.

അനസ്(റ)നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍കാണാം: ഒരാള്‍ നബിയോട് പറഞ്ഞു, നബിയേ, ഞങ്ങള്‍ ഒരു വീട്ടില്‍ താമസിക്കുകയായിരുന്നു. അവിടെ ഞങ്ങള്‍ എണ്ണം കൊണ്ടും സമ്പത്ത് കൊണ്ടും സമൃദ്ധരായിരുന്നു. പിന്നീട് ഞങ്ങള്‍ മറ്റൊരു വീട്ടിലേക്ക് താമസം മാറി. അപ്പോള്‍ ഞങ്ങളുടെ അംഗബലവും സമ്പല്‍സമൃദ്ധിയും ശോഷിച്ചു. അപ്പോള്‍് നബി(സ്വ) മറുപടി പറഞ്ഞു:  നിങ്ങള്‍ നിന്ദ്യമായ ആ സ്ഥലം ഉപേക്ഷിച്ചുപോകുക. (സുനനു അബീദാഊദ് 3926).

മറ്റൊരു ഹദീസില്‍ സമാനമായ ആശയം കാണാം. അന്‍സാരിയായ ഒരു സ്ത്രീ നബിയുടെ അടുത്തുവന്നു പറഞ്ഞു: ഞങ്ങള്‍ ഈ വീട്ടില്‍ താമസിക്കുമ്പോള്‍ അംഗബലമുള്ളവരായിരുന്നു. ഇപ്പോഴത് ശോഷിച്ചു. ഞങ്ങള്‍ നല്ല ഇണക്കത്തിലും സല്‍സ്വഭാവത്തിലുമായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ സ്വഭാവങ്ങളില്‍ മാറ്റം വന്നു. ഞങ്ങള്‍ ധനികരായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ധരിദ്രരായി. നബി അവരോട് പറഞ്ഞു: നിന്ദ്യമായ ആ സ്ഥലത്തുനിന്ന് നിങ്ങള്‍ക്ക് മാറിത്താമസിച്ചൂടെ? ആ സ്ത്രീ ചോദിച്ചു: അപ്പോള്‍ ഈ വീടെന്തു ചെയ്യും? നബി മറുപടി നല്‍കി: അത് വില്‍ക്കുകയോ ദാനം ചെയ്യുകയോ ആകാം (സുനനുല്‍ബൈഹഖി16970, മുസ്വന്നഫുഅബ്ദിര്‍റസാഖ് 19526).

ഇമാം മാലിക്(റ)നോട് വീട്ടിലും വാഹനത്തിലുമുള്ള ദുശ്ശകുനത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ മറുപടി പറഞ്ഞു: ഒന്നിനു പിറകെ ഒന്നായി ആളുകള്‍ വന്നു താമസിക്കുകയും അവരെല്ലാം നശിക്കുകയും ചെയ്ത എത്ര വീടുകളാണുള്ളത് (സുനനുഅബീദാഊദ് 3924)

നബി(സ്വ) പറഞ്ഞു: ശകുനം വീട്ടിലും ഭാര്യയിലും വാഹനത്തിലുമാണ്. (സുനനുഅബീദാഈദ് 3922).

ദുശ്ശകുമെന്നത് ഉണ്ടെന്നും താമസത്തിന് അനുയോജ്യമല്ലാത്ത സ്ഥലങ്ങളുണ്ടെന്നും വീട് താമസയോഗ്യമല്ലെങ്കില്‍ അവിടെനിന്ന് മാറിത്താമസിക്കലാണുത്തമമെന്നും മേല്‍സൂചിപ്പിച്ച ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും വ്യക്തമാണ്.

എന്നാല്‍, സാധാരണ നമ്മുടെ നാട്ടിലെ നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രധാനമാണ് തച്ചുശാസ്ത്രവും വാസ്തുശാസ്ത്രവും.

ഒരു പടവുകാരന്‍ അറിയേണ്ട കാര്യങ്ങള്‍, ഒരു ആശാരി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, വീടിന് സ്ഥാനം നിര്‍ണയിച്ചുകൊടുക്കുന്ന സ്ഥാനക്കാരന്‍ അറിയേണ്ട വിവരങ്ങള്‍ തുടങ്ങിയവയെല്ലാം അടങ്ങുന്ന വിജ്ഞാനശാഖയാണ് തച്ചുശാസ്ത്രം.

വീടിന്‍റെ സ്ഥാനവും അളവുകളും ബന്ധപ്പെട്ട അറിവുകള്‍ മാത്രമാണ് വാസ്തുശാസ്ത്രം.

നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള വാസ്തുശാസ്ത്രം മൂന്ന് രീതികളാണ്. 1. ചൈനീസ് വാസ്തുശാസ്ത്രം, 2. പാരമ്പര്യവാസ്തുശാസ്ത്രം 3. ഭാരതീയവാസ്തുശാസ്ത്രം.

ആദ്യമേ മനസ്സിലാക്കേണ്ടത് ഇന്ന് നാട്ടില്‍ സാധാരണക്കാരെ ചൂഷണം ചെയ്യാനുപയോഗിക്കുന്ന പ്രധാനമേഖലയായി  വാസ്തുശാസ്ത്രം മാറിയിട്ടുണ്ടെന്നാണ്. വിഷയവുമായി ശരിയായ വിവരമില്ലാത്തവരും ഇസ്ലാമികവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ കര്‍മങ്ങള്‍ ചെയ്യുന്നവരുമായ ആശാരികളെയോ മറ്റോ ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി നാമൊരിക്കലും വിളിക്കരുതെന്ന് തുടക്കത്തിലേ പറയട്ടെ.

ഇനി വാസ്തുശാസ്ത്രം നാം പരിഗണിക്കേണ്ടതുണ്ടോ എന്ന് നോക്കാം.

വാസ്തുശാസ്ത്രം കൊണ്ട് ലക്ഷ്യമാക്കുന്നത് ഐശ്വര്യസമ്പൂര്‍ണമായ ജീവിതമാണ്. പല വസ്തുക്കളിലും പല ഗുണങ്ങളാണല്ലോ ഉള്ളത്. എല്ലാ ഗുണങ്ങളും എല്ലാ വസ്തുവിലും ഉണ്ടാവില്ലല്ലോ. തേക്കുകൊണ്ട് കിട്ടുന്ന ഉപകാരം മുള കൊണ്ട് കിട്ടുകയില്ലല്ലോ. ഇവിടെ നിന്നാണ് വാസ്തുശാസ്ത്രം ഉടലെടുക്കുന്നത്. എല്ലാ ഭൂമിയും താമസിക്കാന്‍ യോഗ്യമല്ല. പിശാചിന്‍റെ സാന്നിധ്യമുള്ള ഭൂമിക്ക് താമസസൌകര്യം എന്ന ഗുണമില്ലെന്നതാണ് കാരണം.

വാസ്തുശാസ്ത്രം ചര്‍ച്ച ചെയ്യപ്പെടുന്നത് ഹൈന്ദവവേദങ്ങളായ യജുര്‍വേദത്തിലും അഥര്‍വവേദത്തിലുമാണ്. ഈ രണ്ടുവേദങ്ങളിലല്ലാതെ വാസ്തുശാസ്ത്രം മറ്റൊരു ഗ്രന്ഥത്തിലും ചര്‍ച്ച ചെയ്തിട്ടില്ല. ആയതിനാല്‍ ഇസ്ലാമികവാസ്തുശാസ്ത്രം എന്ന ഒന്നില്ല. വാസ്തുരശാസ്ത്രത്തിലെ അറിവുകളെല്ലാം ഹൈന്ദവമുനിമാരും സന്യാസിമാരും അവരുടെ വിശ്വാസകര്‍മമുറകളായ ജപങ്ങളിലൂടെയും തപസുകളിലൂടെയുമെല്ലാം നേടിയെടുത്ത അറിവുകളാണ്.

വാസ്തുശാസ്ത്രത്തിന്‍റെ അടിസ്ഥാനം ഭൂമിദേവനെ തൃപ്തിപ്പെടുത്തലാണ്. അറിവുള്ള ഒരു ആശാരിയെ നാം ഈ കര്‍മം ചെയ്യാന്‍ വിളിച്ചാല്‍ വാസ്തുപൂജ നടത്തിയ ശേഷമാണ് അയാള്‍ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്. ഈയടിസ്ഥാനത്തിലുള്ള ഒരു പ്രവര്‍ത്തനവും നമുക്ക് ചെയ്യാന്‍ പാടുള്ളതല്ല.

അല്ലാഹുവിന്‍റെ പ്രത്യേകമായ പ്രകാശത്തിന്‍റെ സഹായത്തോടെ അല്‍ഭുതങ്ങളെയും അബൌധികങ്ങളെയും ദര്‍ശിക്കാനാകുന്ന മഹാന്മാരുടെ കണ്ണുകള്‍ക്ക് മേല്‍പറഞ്ഞ വാസ്തുശാസ്ത്രത്തിന്‍റെ സഹായമൊന്നുമില്ലാതെ തന്നെ ഇത്തരം ഗുണദോഷങ്ങള്‍ മനസിലാക്കാന്‍ കഴിയുമെന്നത് പ്രാമാണികമായി സ്ഥിരപ്പെട്ടതാണ്. ആയതിനാല്‍ അത്തരം നല്ലവരായ ആളുകളെ കൊണ്ടുവന്ന് നമ്മുടെ വീടുനിര്‍മാണ കാര്യങ്ങളും മറ്റും ക്രമീകരിക്കലാണ് ഏറ്റവും നല്ലത്.

വീടുനിര്‍മാണത്തില്‍ പ്രധാനമായി മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.

1-സ്ഥാനം, 2-സൂത്രവേദം, 3-അളവ്.

വീടെടുക്കാനുദ്ദേശിക്കുന്ന പറമ്പിന്‍റെ സ്വാഭാവം വടക്ക്ഭാഗം ഉയരവും തെക്ക്ഭാഗം താഴ്ച്ചയുമാണെങ്കില്‍ ആ സ്ഥലത്തിന് അന്തകവീഥി എന്നാണ് പേര്. അതിന്‍റെ ഫലം ദുര്‍മൃതിയാണെന്നും അവിടെ വീടുവെക്കല്‍ നല്ലതല്ലെന്നുമാണ് വാസ്തുശാസ്ത്രം. ഇങ്ങനെയുള്ള ഭൂമി മാത്രമേ ഉള്ളൂവെങ്കില്‍ വീടുവെക്കുന്ന സ്ഥലം വടക്കുഭാഗവും തെക്കുഭാഗവും സമമാക്കണമത്രെ.

നേരെ തിരിച്ച് വടക്ക്ഭാഗം താഴ്ന്നും തെക്ക് ഉയര്‍ന്നുമാണെങ്കില്‍ അതിന് ഗജവീഥി എന്നാണ് പേര്. അവിടെ വീടെടുക്കല്‍ ഉത്തമമായ സ്ഥലമാണ്.

പടിഞ്ഞാറുയര്‍ന്ന് കിഴക്ക് താഴ്ന്ന ഭൂമിയാണെങ്കില്‍ ഐശ്വര്യപൂര്‍ണമായ ജീവിതമാണ് ഇവിടെ ഫലം എന്ന് പറയപ്പെടുന്നു.

പടിഞ്ഞാറ് താഴ്ന്ന് കിഴക്ക് ഉയര്‍ന്ന ഭൂമിയാണെങ്കില്‍ ജലവീഥി പുത്രനാശം, ഭാര്യനാശം,  ദാരിധ്യ്രം എന്നിവയാണ് ഫലം. പക്ഷെ, ആദ്യത്തെ പത്ത് വര്‍ഷം ഐശ്വര്യപൂര്ണമായ ജീവിതമാകും.

ഇതോടൊപ്പം ശ്രദ്ധിക്കേണ്ട പ്രധാനകാര്യം വീടെടുക്കുന്ന സ്ഥലത്തിന്‍റെ നാല് ഭാഗങ്ങളെ കുറിച്ചാണ്.

വീടെടുക്കുന്ന ആകെ സ്ഥലത്തെ 4 സമഭാഗങ്ങളാക്കുക. അതിലെ വടക്കുകിഴക്ക് ഭാഗമാണ് (മനുഷ്യഖണ്ഡം). ഇവിടെയാണ് വീടെടുക്കാന്‍ ഏറ്റവും ഉത്തമം. വീട് മുഴുവന്‍ അവിടെയാകണമെന്നില്ല. വീടിന്‍റെ അധികഭാഗവും അവിടയാവണം എന്നേ ഉള്ളൂ. ഐശ്വര്യസന്താനഅഭിവൃതിയാണ് ഫലമെന്ന് പറയപ്പെടുന്നു.

 തെക്ക്പടിഞ്ഞാറ് ഭാഗം (ദേവഖണ്ഡം) വീടെടുക്കാനുതുകന്ന രണ്ടാംസ്ഥാനമാണ്. ഉദ്ദേശസാഫല്യം ആണ് ഇവിടെ ഫലം.

തെക്ക്കിഴക്ക് ഭാഗമാണ് അഗ്നികോണ്‍. ഇവിടെ വീടെടുത്താലുള്ള ഫലം മരണപ്രദം എന്നാണ് പറയപ്പെടുന്നത്. മരണതുല്യജീവിതമാകുമെന്ന് അര്‍ത്ഥമാക്കുന്നു.

വടക്ക്-പടിഞ്ഞാറ് (അസുരഖണ്ഡം). നിന്ദ്യം എന്നതാണ് ഇവിടെ നിര്‍മാണത്തിലെ ഫലം .

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് സൂത്രവേദമുണ്ടാവാതിരിക്കുകയെന്നതാണ്. സൂത്രവേദമുണ്ടായാല്‍ അത് വാസ്തുനിയമപ്രകാരം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. സൂത്രവേദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലര്‍ ചുമരില്‍ ദ്വാരങ്ങളുണ്ടാക്കാറുണ്ട്. സൂത്രവേദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ദ്വാരങ്ങള്‍ പരിഹാരമാണെന്ന് ഒരു വാസ്തുനിയമത്തിലുമില്ല.

നാല് സൂത്രങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

വീടുവെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ തെക്ക്-വടക്ക് ദിശയില്‍ ഒരു നേര്‍രേഖ വരക്കുക. ആ നേര്‍രേഖക്ക് യമസൂത്രം എന്നാണ് പേര്. അതുപോലെ വീടിന്‍റെ തെക്കുവടക്കും ഒരു നേര്‍രേഖ വരക്കുക. അതും യമസൂത്രമാണ്. ഈ നേര്‍രേഖ വീടിന്‍റെ തെക്ക്ഭാഗത്തോ വടക്കുഭാഗത്തോ ഉള്ള കിണര്‍, കുളം, ടോയ്ലറ്റ്, ബാത്റൂം, വിറക്പുര തുടങ്ങിയവയുടെ സെന്‍ററിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍ സൂത്രവേദം സംഭവിച്ചു എന്ന് പറയുന്നു. തെക്ക് സൂത്രവേദം സംഭവിച്ചാല്‍ പുത്രനാശവും വടക്ക് സുത്രവേദം സംഭവിച്ചാല്‍ വംശനാശവുമാണ് ഫലം.

അതുപോലെ, വീടിന്‍റെയും സ്ഥലത്തിന്‍റെയും കിഴക്ക്പടിഞ്ഞാറ് ഒരു നേര്‍രേഖ സങ്കല്‍പ്പിക്കുക. ആ നേര്‍രേഖയെ കുറിച്ച് ഭ്രഹ്മസൂത്രം എന്നാണ് വിളിക്കുക. ഭ്രഹ്മാവ് എന്ന പിശാചിന്‍റെ സഞ്ചാരപാത(പോക്കുവരവ്)യാണിത്. ഇവിടെ കിഴക്ക് സൂത്രവേദം സംഭവിച്ചാല്‍ ശത്രുപീഠനവും പടിഞ്ഞാറ് സൂത്രവേദം സംഭവിച്ചാല്‍ ധനനഷ്ടവുമാണ് ഫലം.

മൂന്നാമതായി ശ്രദ്ധിക്കേണ്ട കാര്യം അളവുകളാണ്.

വീടിന്‍റെ ചുറ്റളവാണിത്. വീടിന്‍റെ ഭാഗങ്ങളും വലിപ്പവുമെല്ലാം പരിഗണിച്ച് മൂന്ന് തരം അളവുകളാണുള്ളത്. ഉത്തമം, മധ്യമം, അധമം. ഉത്തമം വീടു നിര്‍മിക്കാന്‍ അനുയോജ്യമായ കണക്കും മധ്യമം കുഴപ്പമില്ലാത്തതും അധമം പാടില്ലാത്തതുമാണ്.

മുകളില്‍ പറഞ്ഞത് ഹൈന്ദവവേദങ്ങളിലെ വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട ചെറിയ സൂചനകള്‍ മാത്രമാണ്. വളരെ വിശാലമായി കിടക്കുന്ന ഒരു വിജ്ഞാനശാഖ തന്നെയാണിത്. കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇതെന്താണെന്ന് മനസ്സിലാക്കാന്‍ വേണ്ടി അല്‍പം ചില കാര്യങ്ങള്‍ ഇവിടെ പറഞ്ഞുവെന്ന് മാത്രം.

എന്നാല്‍ പിശാചിന്‍റെ ശര്‍റുകളില്‍ നിന്ന് രക്ഷ നേടാനായി, വാസ്തുശാസ്ത്രത്തിലുള്ള അറിവുകള്‍ ഉപയോഗിച്ച് ഇസ്ലാമികവിശ്വാസങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത രീതിയില്‍  കാര്യങ്ങള്‍ ചെയ്യുന്നതിന് കുഴപ്പമില്ലെന്നതാണ് വാസ്തവം. പിശാചിന്‍റെ സാന്നിധ്യം എവിടെയാണെന്ന് വാസ്തുശാസ്ത്രത്തിന്‍റെ സഹായത്തോടെ നാം മനസ്സിലാക്കുകയും ആ പിശാചിനെ പ്രീതിപ്പെടുത്തി അവന്‍റെ ശര്‍റില്‍ നിന്ന് രക്ഷ നേടുന്നതിന് പകരം വിശുദ്ധഖുര്‍ആനിന്‍റെയും ദിക്റുകളുടെയും സഹായത്തോടെ അവനെ ആട്ടിയോടിച്ച് നാം രക്ഷ നേടുകയും ചെയ്യുകയെന്നത് അനുവദനീയമാണല്ലോ.പിശാചുകളുടെ ശര്‍റില്‍ നിന്ന് രക്ഷ നേടാനായി അവരുടെ ശല്യമുള്ള ഭാഗങ്ങളും അതിനുള്ള കാരണങ്ങളും ശ്രദ്ധിക്കുന്നതിന് കുഴപ്പമൊന്നുമില്ല. ഹൈന്ദവവേദങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന ആയുര്‍വേദചികിത്സാരീതി നമ്മുടെ വിശ്വാസങ്ങള്‍ക്കോ കര്‍മങ്ങള്‍ക്കോ വിരുദ്ധമാവാത്ത രീതിയില്‍ നാം വ്യാപകമായി ഉപയോഗിക്കുന്നുണ്ടല്ലോ.

അപ്പോള്‍ വാസ്തുശാസ്ത്രം അനുശാസിക്കുന്ന നിയമങ്ങളും നിര്‍ദേശങ്ങളും നമുക്ക് മൂന്നായി തരം തിരിക്കാം.

  1. ഏകദൈവവിശ്വാസത്തിന് കളങ്കമുണ്ടാക്കുന്നവ
  2. ഇസ്ലാമികവിരുദ്ധമായവ.
  3. ഇസ്ലാമിലെ വിശ്വാസകര്‍മശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമല്ലാത്തവ

വാസ്തുശാസ്ത്രത്തില്‍ പറയുന്ന വാസ്തുപൂജയും വാസ്തുബലിയുമെല്ലാം ഏകദൈവവിശ്വാസത്തിന് കളങ്കമുണ്ടാക്കുന്ന കാര്യങ്ങളാകയാല്‍ അവയില്‍ വിശ്വസിക്കുന്നത് ശിര്‍ക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഏകദൈവവിശ്വാസത്തിന് കളങ്കം വരുത്തുന്നില്ലെങ്കിലും ഇസ്ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായവ നിശിദ്ധവും (ഹറാം) അനുകരിക്കാന്‍ പാടില്ലാത്തതുമാണ്.

എന്നാല്‍ മതവിരുദ്ധമല്ലാത്ത കാര്യങ്ങള്‍, വാസ്തുശാസ്ത്രത്തിന്‍റെ ഭാഗമാണെന്നത് കൊണ്ട് മാത്രം എതിര്‍ക്കപ്പെടേണ്ടതില്ലെന്ന കാര്യം ശ്രദ്ധേയമാണ്.

സത്യനിശേധികളുടെ ആരാധനാമൂര്‍ത്തികള്‍ നമ്മുടെ കാഴ്ച്ചപ്പാടില്‍ പൈശാചികശക്തികളാണല്ലോ. പിശാചുക്കള്‍ ഉപദ്രവം ചെയ്യുമെന്നത് നമ്മുടെ വിശ്വാസങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ ഒരിക്കലും വിരുദ്ധവുമല്ല. ചില സ്ഥലങ്ങളില്‍ വീടുവെക്കരുതെന്നും വീടെടുത്താല്‍ ദോശകരമായി ബാധിക്കുമെന്നും വീടിന്‍റെ ചിലഭാഗങ്ങളില്‍ ശൌചാലയവും അനുബന്ധകാര്യങ്ങളും വരാന്‍ പാടില്ലെന്നും വാസ്തുശാസ്ത്രം പറയുന്നു. ഉദാഹരണമായി അമ്പലങ്ങളുടെ പരിസരത്ത് വീട്നിര്‍ണം നടത്തുന്നത് വാസ്തുശാസ്ത്രം നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഇസ്ലാമികമായി എവിടെയും വീടെടുക്കാമെങ്കിലും വീടിന്‍റെ ഏതുമൂലയിലും അടുക്കളയോ ശൌചാലയമോ ഒക്കെ സജീകരക്കാമെങ്കിലും പൈശാചികമായ ഉപദ്രവങ്ങളുടെ സാധ്യത പരിഗണിച്ച് മേല്‍പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ തെറ്റില്ല. പിശാചുകളുടെ കഴിവിനെ കുറിച്ച് വിശുദ്ധഖുര്‍ആന്‍ തന്നെ പലയിടങ്ങളിലായി വിശദീകരിച്ചിട്ടുണ്ടല്ലോ.

ഭൌതികമായ എന്തെങ്കിലും കുഴപ്പങ്ങളോ ഉപദ്രവങ്ങളോ ആരു പറഞ്ഞുതന്നാലും നാം സ്വീകരിക്കുന്നത് പോലെ, നമ്മുടെ വിശ്വാസത്തിന് വിരുദ്ധമല്ലാത്ത രീതിയിലുള്ള അഭൌതികമായ കുഴപ്പങ്ങളോ ഉപദ്രവങ്ങളോ ഇതരമതസ്തര്‍ പറഞ്ഞുതന്നാലും നമുക്ക് സ്വീകരിക്കുന്നതിന് ഒരു കുഴപ്പവുമില്ല. മഴ, വെയില്‍, രോഗാണുക്കള്‍, വിഷ ജന്തുക്കള്‍ തുടങ്ങിയവയൊക്കെ പരിഗണിച്ച് അവയെ പ്രതിരോധിക്കാന്‍ പ്രാപ്തമായ രീതിയില്‍ ഗൃഹനിര്‍മ്മാണം നിര്‍വ്വഹിക്കാറുണ്ടല്ലോ. പിശാച് നമ്മുടെ ആജന്മശത്രുവാണെന്ന് വിശുദ്ധഖുര്‍ആനും ചില നിയമങ്ങള്‍ പാലിക്കാതിരുന്നാല്‍ ആ പിശാചിന്‍റെ ഉപദ്രവങ്ങളുണ്ടാകുമെന്ന് പിശാചിന്‍റെ സില്‍ബന്ധികളായ ഹൈന്ദവസഹോദരങ്ങളും നമ്മോട് പറയുമ്പോള്‍ ഇസ്ലാമികവിരുദ്ധമല്ലാത്ത അത്തരം നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ എന്താണ് കുഴപ്പമുള്ളത്.

പിശാചുക്കളുടെ ഉപദ്രവങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാനും പിശാചുകളെ തുരത്തിയോടിക്കാനും കഴിയുന്ന മഹത് വ്യക്തികള്‍ക്ക് ഒരുപക്ഷേ ഇത്തരം സാഹചര്യങ്ങളെ ദിക്റുകള്‍ കൊണ്ടും തവക്കുല്‍ കൊണ്ടും മറികടക്കാന്‍ കഴിഞ്ഞേക്കാം. മാരകമായ അസുഖങ്ങള്‍ വരുമ്പോള്‍ പോലും അല്ലാഹുവില്‍ തവക്കുലാക്കി ഭൌതികമായ പരിഹാരം തേടിപ്പോകാത്ത ക്ഷമാശീലരായ മഹത്തുക്കളെ നമുക്കറിയാമല്ലോ.   എങ്കിലും ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്നവരോട് ദിക്റ് ചൊല്ലാന്‍ പറയുന്നതിന് പകരം മാറിത്താമസിക്കാനാണ് നബി(സ്വ) കല്‍പിച്ചത് എന്നത് ശ്രദ്ധേയമാണ്.

ഹയാത്തുല്‍ ഹയവാന്‍, സ്വലാഹുദ്ദീന്‍ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇത്തരം കാര്യങ്ങളെ കുറിച്ച പരാമര്‍ശങ്ങള്‍ കാണാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter