വിഷയം: ‍ ഇ-സലാം

വാട്സാപ്പിൽ സ്റ്റിക്കർ രൂപത്തിൽ ലഭിക്കുന്ന “അസ്സലാമുഅലൈക്കും” എന്ന മെസേജിന് സലാം മടക്കൽ നിർബന്ധമുണ്ടോ?

ചോദ്യകർത്താവ്

FASIL

Aug 14, 2025

CODE :Oth15338

അല്ലാഹുവിന്റെ തിരു നാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരു ദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ, ആമീൻ.

വാട്സാപ്പ് പോലെ നവമാധ്യമങ്ങൾ വഴി ഇ-സലാം പറയുന്നത് സംബന്ധിച്ച് സവിസ്തരം മുമ്പ് വിശദീകരിച്ചത് ഇവിടെ വായിക്കാവുന്നതാണ്.

പ്രസ്തുത ഭാഗത്ത്‌ വിവരിച്ച, ഇ-സലാം മുഖേനയുള്ള ടെക്സ്റ്റ്‌ - വോയ്‌സ് നിയമങ്ങളുടെ സംക്ഷിപ്‌ത രൂപം ചുവടെ ചേർക്കുന്നു.

  • രേഖാമൂലമുള്ള സലാം (Text Message):

“അസ്സലാമുഅലൈക്കും”എന്ന് വ്യക്തമായ എഴുത്തിലൂടെയോ സന്ദേശത്തിലൂടെയോ ലഭിച്ചാൽ, “വഅലൈകുമുസ്സലാം” എന്നു പ്രതിവചിക്കേണ്ടത് സ്വീകരിച്ച വ്യക്തിയുടെ മേൽ  നിർബന്ധമാണ്. സന്ദേശം വായിക്കുന്ന പക്ഷം, മറുപടിയും നൽകണം. വായിച്ച ഉടനെ നാവുകൊണ്ട് "വഅലൈക്കുമുസ്സലാം" എന്ന് ഉച്ചരിക്കുകയോ, അല്ലെങ്കിൽ മറുപടിയായി ടൈപ്പ് ചെയ്ത് അയക്കുകയോ ചെയ്യാവുന്നതാണ്. മൊഴിയുന്നത് കൊണ്ട് തന്നെ നിർബന്ധ ബാധ്യത ഒഴിവാകുമെങ്കിലും സന്ദേശം അയച്ച വ്യക്തിക്കു തന്നെ തിരിച്ചയക്കുന്നതാണ് അഭികാമ്യം.

  • ശബ്‍ദ സന്ദേശം വഴിയുള്ള സലാം (Voice Message):

വോയിസ് മെസേജിലൂടെ ലഭിക്കുന്ന സലാം, ഒരു വ്യക്തി നേരിട്ട് “അസ്സലാമുഅലൈക്കും” എന്നു പറയുന്നതിന് തുല്യമാണ്. വോയ്‌സ് കേൾക്കുന്ന മാത്രയിൽ തന്നെ "വഅലൈക്കുമുസ്സലാം" എന്ന് പ്രത്യുത്തരം നൽകൽ നിർബന്ധമെന്നർത്ഥം . കേവലം മനസ്സിൽ കരുതിയാൽ മാത്രം മതിയാകില്ല. സ്വശരീരം കേൾക്കുന്ന രീതിയിൽ മൊഴിയുക തന്നെ വേണം. നാവുകൊണ്ട് മറുപടി നൽകിയാൽ നിർബന്ധ ബാധ്യത തീരുമെങ്കിലും ഇവിടെയും സലാം പറഞ്ഞ വ്യക്തിക്ക് തന്നെ തിരിച്ചും വോയിസ് / ടെക്സ്റ്റ് മെസേജ് അയക്കുന്നതാണ് ഉത്തമം.

  • സ്റ്റിക്കർ രൂപത്തിലുള്ള സലാം:

"അസ്സലാമു അലൈക്കും" എന്ന രൂപത്തിലുള്ള സ്റ്റിക്കറുകളും നിമേഷൻ ചിത്രങ്ങളും ശാഫീ മദ്ഹബിലെ 'മുകാതബ' (ലിഖിത രൂപം) യുടെ പരിധിയിലാണ് പെടുന്നത്. അതിനാൽ തന്നെ മെസേജ് വായിക്കുന്നതോടെ (ഡൗൺലോഡ് ചെയ്ത് സ്‌ക്രീനിൽ തെളിയുന്നതോടെ) മറുപടി നൽകൽ നിർബന്ധമാണ്. മേൽ പറഞ്ഞ പോലെ, എഴുത്ത് മുഖേനയുള്ള സലാമിന് മറുപടി നൽകേണ്ട എല്ലാ രൂപങ്ങളും ഇവിടെയും ബാധകമായിരിക്കും .

നാഥൻ നമ്മുടെ വിജ്ഞാനത്തിൽ അഭിവൃദ്ധിയും സദ്കർമങ്ങൾ അധികരിപ്പിക്കുന്നതിന് തൗഫീഖും നൽകുമാറാകട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter