മൂത്രം ഒഴിച്ച് കഴുകിയതിന് ശേഷം എഴുന്നേറ്റ് രണ്ടടി നടന്ന് ഗുഹ്യസ്ഥാനം അമർത്തുമ്പോൾ ഒരു തുള്ളി വന്ന് നിൽക്കുന്നതായി കാണുന്നു. ഈ അവസ്ഥയില്‍ നിസ്കാരം ശരിയാകുമോ? നിസ്കരിച്ചവ മടക്കി നിസ്കരിക്കണോ?
ചോദ്യകർത്താവ്
Muhammad sabir
Mar 24, 2020
CODE :Fiq9647
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മനുഷ്യജീവിതത്തിന്‍റെ നിഖിലമേഖലകളിലും പാലിക്കേണ്ട കൃത്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും വിഭാവനം ചെയ്യുന്ന മതമാണ് വിശുദ്ധ ഇസ്ലാം.
വൃത്തിയും ശുദ്ധിയും പാലിച്ച് ജീവിക്കുകയെന്നത് ആരാധനാമുറകളുടെ സ്വീകാര്യതക്ക് പോലും നിബന്ധനയാക്കിയ മതമാണല്ലോ ഇസ്ലാം. ദിനേന അഞ്ചു നേരം നിസ്കരിക്കുമ്പോള്‍ അംഗസ്നാനം ചെയ്യാനും പ്രത്യേകസാഹചര്യങ്ങളില്‍ ദേഹസ്നാനം ചെയ്യാനും നിര്‍ബന്ധമാക്കിയതിലെ പൊരുള്‍ വൃത്തിയും ശുദ്ധിയും ഇല്ലാത്ത ഒരു സമയവും മനുഷ്യനില്ലാതിരിക്കണമെന്നതാണ്.
മലമൂത്രവിസര്‍ജനം നടത്തിക്കഴിഞ്ഞ ശേഷം പെട്ടന്ന് കഴുകിഎണീക്കുന്നതിന് പകരം ഗുഹ്യാവയവങ്ങളില്‍ തങ്ങിനില്‍ക്കുന്ന വിസര്‍ജ്യവസ്തുക്കള്‍കൂടി പുറത്തുപോരുന്നത് വരെ കാത്തിരിക്കാനും അവ പുറത്തുപോകാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
മലമൂത്രവിസര്‍ജനം നടത്തുമ്പോള്‍ ഇടതുഭാഗത്തേക്ക് ഭാരംകൊടുത്തിരിക്കാനും കഴുകിവൃത്തിയാക്കുന്നതിന് മുമ്പ് ശബ്ദമനക്കിയോ ഗുഹ്യാവയവങ്ങള്‍ ഇളക്കിയോ മറ്റോ തങ്ങിനില്‍ക്കുന്നവകൂടി പുറത്തേക്കുകളയുവാനും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.
നബി(സ്വ) ഒരു ദിവസം സ്വഹാബാക്കളോടൊപ്പം ഖബറാളികളുടെ അരികിലൂടെ സഞ്ചരിക്കുകയായിരുന്നു. നബി തങ്ങള്‍ അടുത്തുള്ള രണ്ട് ഖബറുകള്‍ ചൂണ്ടി ഈ രണ്ടു ഖബ്റിലുള്ളവരും ശിക്ഷിക്കപ്പെടുകയാണെന്ന് പറഞ്ഞു. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരെ, എന്തിനാണ് അവര്‍ ശിക്ഷിക്കപ്പെടുന്നത്. നബി (സ്വ) പറഞ്ഞു: ഇതില്‍ ഒരാള്‍ ഏഷണിക്കാരനും, മറ്റേയാള്‍ മൂത്രശുദ്ധി വരുത്താത്തയാളുമായിരുന്നു. നബി(സ്വ) സഹാബാക്കളോട് പച്ചയായ ഒരു ചെടിക്കൊമ്പ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അത് രണ്ട് കഷ്ണമായി മുറിച്ച് ഖബറിടത്തില്‍ കുത്തി. സ്വഹാബികള്‍ ചോദിച്ചു: എന്തിനാണ് നബിയേ ഇത്? നബി(സ്വ) മറുപടി പറഞ്ഞു: ആപച്ച കമ്പുകള്‍ പച്ചയായി നില്‍ക്കുന്ന കാലത്തോളം മയ്യിത്തിന് ശിക്ഷ ലഘൂകരിക്കാന്‍ കാരണമായേക്കാം (ബുഖാരി,മുസ്ലിം).
ചോദ്യകര്‍ത്താവ് ഉന്നയിച്ചത് പോലെ ശുദ്ധിവരുത്തിത ശേഷം പിന്നെയും മുത്രം പുറത്തേക്ക് വന്നുവെന്ന് ഉറപ്പായാല്‍ അത് വസ്ത്രത്തിലായ അവസ്ഥയില്‍ നിസ്കാരം ശരിയാവുകയില്ല. മൂത്രം ഒരു തുള്ളിയാണെങ്കിലും അത് വസ്ത്രത്തിലായിരിക്കെ നിസ്കാരം ശരിയാവുകയില്ല. അങ്ങനെ നിസ്കരിച്ചിട്ടുണ്ടെങ്കില്‍ അത് മടക്കിനിസ്കരിക്കല്‍ നിര്‍ബന്ധമാണ്. നിത്യഅശുദ്ധക്കാര്‍ പോലും നിസ്കാരത്തിന്‍റെ സമയമായ ശേഷം നജസ് പുറത്തുവരാത്ത രീതിയില്‍ ഗുഹ്യസ്ഥാനം കെട്ടിവെച്ച് പെട്ടന്ന് നിസ്കരിക്കണമെന്നാണ് ശറഇന്‍റെ നിര്‍ദേശം.
മൂത്രമൊഴിച്ച ശേഷം രണ്ടടി നടക്കുമ്പോള്‍ വീണ്ടും മൂത്രത്തുള്ളികള്‍ കാണുന്നത് വിസര്‍ജനം പൂര്‍ണമാകാത്തത് കൊണ്ടാണ്. അല്‍പം സമയമെടുത്ത് ശബ്ദമനക്കിയോ ഒന്ന് എണീറ്റിരുന്നോ മൂത്രം പൂര്‍ണമായി പുറത്തുപോയെന്നുറപ്പുവരുത്തിയ ശേഷം മാത്രം കഴുകിവൃത്തിയാക്കിയാല്‍ പിന്നീട് മൂത്രത്തുള്ളികള്‍ പുറത്തുവരുന്നത് ഒഴിവാക്കാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.