പഴയ ഖബറുകള്‍ പൊളിച്ചുനീക്കി പള്ളി പുതുക്കിപ്പണിത് വിസ്തൃതി കൂട്ടാമോ?
ചോദ്യകർത്താവ്
അബ്ദുൽ ഫത്താഹ്
Apr 4, 2020
CODE :Fiq9680
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
പഴയ ഖബറുകള്‍ പൊളിച്ചുനീക്കല്‍ അനുവദനീയമാകുന്നതും അല്ലാതാകുന്നതും ആ ഭൂമിയുടെ ശറഇയ്യായ നില പരിഗണിച്ചാണ്.
നമ്മുടെ നാട്ടില്‍ പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട ഭൂമി ഖബറ്സ്ഥാനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നാട്ടുനടപ്പുണ്ട്. ഈ ഭൂമി മഖ്ബറയായി ഉപയോഗിക്കാന്‍ വഖ്ഫ് ചെയ്യപ്പെട്ടതോ അല്ലെങ്കില്‍ മഖ്ബറയായി ഉപയോഗിക്കുന്ന ഭൂമിയായി അറിയപ്പെട്ട (കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ മുസബ്ബലത് എന്ന പേരില്‍ പറയപ്പെട്ട) ഭൂമിയോ അല്ല. അവ പളളിയുടെ ഉപകാരത്തിന് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ടതിനാല്‍ അടക്കം ചെയ്യപ്പെട്ട മയ്യിത്ത് ദ്രവിച്ച് മണ്ണായ ഖബറുകള്‍ പൊളിച്ച് പള്ളിക്കുവേണ്ട ആവശ്യങ്ങള്‍ക്ക് വേണ്ടി ആ സ്ഥലം ഉപയോഗിക്കാവുന്നതാണ്. അപ്പോള്‍ പള്ളി വിശാലമാക്കുന്നതിനായി ആ സ്ഥലം ഉപയോഗപ്പെടുത്താവുന്നതുമാണ്.
മയ്യിതിന്‍റെ എല്ലടക്കം എല്ലാ അവയവങ്ങളും നുരുമ്പി മണ്ണായതിനു ശേഷം ശരീഅത് അനുവദിച്ച ആവശ്യങ്ങള്‍ക്കായി ആ ഭൂമി ഉപയോഗിക്കാവുന്നതാണ്. മറ്റുള്ളവരെ മറമാടുക, കൃഷി ചെയ്യുക, കെട്ടിടം നിര്‍മിക്കുക തുടങ്ങി അനുവദനീയമായ എല്ലാ ആവശ്യങ്ങള്‍ക്കും മയ്യിത്ത് നുരുമ്പി മണ്ണായതിനു ശേഷം ഖബ്റ് മാന്തി ഉപയോഗിക്കാം. ഓരോ നാട്ടിലേയും കാലാവസ്ഥക്കനുസരിച്ച് മയ്യിത് ദ്രവിച്ച് മണ്ണാവുന്ന കാലം വ്യത്യാസപ്പെടും. അത് അതുമായി ബന്ധപ്പെട്ട പരിചയസമ്പന്നരോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ് (മജ്മൂഅ് 6-308).
ഖബര്‍ പൊളിക്കാന്‍ പാടില്ലെന്നും അവിടെ കെട്ടിടം പണിയാന്‍ പാടില്ലെന്നും പറഞ്ഞത് അത് മഖ്ബറയായി ഉപയോഗിക്കാന്‍ വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയോ മഖ്ബറയായി ഉപയോഗിക്കപ്പെടുന്ന മുസബ്ബലതായ ഭൂമിയോ ആകുമ്പോഴാണ്. ഈ വിഷയം (ശര്‍വാനീ 4-192)ല്‍ കാണാം.
പളളിക്ക് വേണ്ടി വഖ്ഫ് ചെയ്ത ഭൂമിയില്‍ മറവ് ചെയ്താല്‍ അത് മുസബ്ബലത് ആകില്ലല്ലോ. അത് പള്ളിയുടെ വഖ്ഫ് ഭൂമിയാണ്.
മുസബ്ബലത്ത് എന്നാല്‍ നാട്ടുകാർ മറവുചെയ്യൽ പതിവാക്കിയ സ്ഥലമാണ്. അതിൻറെ അടിസ്ഥാനവും ദായകനും അറിയപ്പെടട്ടേ അറിയപ്പെടാതിരിക്കട്ടെ (തുഹ്ഫ: 3-198).
എന്നാല്‍ ഖബറിസ്ഥാനായിതന്നെ വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയോ പതിവായി മറമാടപ്പെട്ടു മുസബ്ബലതായ ഭൂമിയോ ആണെങ്കില്‍ അവിടെ പള്ളി നിര്‍മിക്കാന്‍ പറ്റില്ല.
ഖബറിസ്ഥാനിലും ഖബറുകള്‍ പൊളിച്ചു നീക്കിയ സ്ഥലമാണെങ്കിലും അവിടെ നിസ്കരിക്കല്‍ കറാഹത്താണ്. അപ്പോള്‍ അവിടെ പള്ളി നിര്‍മിച്ചാലും കറാഹത്ത് വരില്ലേ എന്ന സംശയത്തിന് ഇടയുണ്ട്.
നജസിനോട് നേരിട്ട് നിസ്കരിക്കല്‍ വരുന്നതിനാല്‍ ത്വാഹിറായ മഖ്ബറകളില്‍ വെച്ച് നിസ്കരിക്കല്‍ കാറാഹത്താണ്. (തുറക്കപ്പെട്ടത് കാരണം) ത്വാഹിറല്ലാത്ത മഖ്ബറയില്‍ നിസ്കരിക്കുമ്പോള്‍ വിരപ്പോ മറ്റോ വിരിച്ച് നിസ്കരിച്ചാല്‍ കറാഹത്തോടെ നിസ്കാരം ശരിയാകും. നിസ്കരിക്കുന്നവന്‍റെ ആറാലൊരുഭാഗത്തിലൂടെ നജസിനോട് നേരിടലുണ്ടായാല്‍ കറാഹത്ത് വരും. (തുഹ്ഫ 2-181)
ഖബറുകളുടെ മേല്‍ നിസ്കരിക്കുമ്പോള്‍ വിരപ്പോ മറ്റോ വിരിച്ച് നിസ്കരിച്ചാലും ഈ കറാഹത്ത് വരുമെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട് (ഇആനതുത്ത്വാലിബീന്‍ 1-227).
എന്നാല്‍ സാധാരണഗതിയില്‍് (ഉര്‍ഫ് അനുസരിച്ച്) മയ്യിത്തുകള്‍ നിസ്കരിക്കുന്നരില്‍ നിന്ന് അകലം ഉള്ളതുകാരണം നജസിനോട് നേരിടുകയെന്നത് ഇല്ലാത്തപക്ഷം ഈ കറാഹത്ത് നീങ്ങിപ്പോകുമെന്ന് തുഹ്ഫ(2-181)ല്‍ കാണാം.
പഴയ ഖബറുകള്‍ പൊളിച്ചു മണ്ണിട്ടുമൂടി തറയും ഫൌണ്ടാഷനും കോണ്‍ഗ്രീറ്റുമെല്ലാം കഴിഞ്ഞ് അതിന് മുകളിലാണല്ലോ പിന്നീട് പള്ളിയില്‍ നിസ്കാരം നിര്‍വഹിക്കപ്പെടുന്നത്. ആയതിനാല്‍ ഇവിടെ പൊതുവില്‍ നജസിനോട് നേരിടുന്നുണ്ടെന്ന് പറയപ്പെടില്ലെന്ന് സുവ്യക്തമായതിനാല്‍ ഈ കറാഹത്തും ഇവിടെ വരുന്നില്ല. പൊളിക്കപ്പെട്ട മഖ്ബറയില്‍ നിസ്കരിക്കുമ്പോള്‍ വിരിപ്പോ മുസ്വല്ലയോ വിരിച്ച് നിസ്കരിച്ചാലും കറാഹത്താണെന്ന് പറഞ്ഞത് ഉര്‍ഫ്(പതിവ്) അനുസിരച്ച് അത് നജസിനോട് നേരിടുന്നതിനാലാണ്. അതിവിടെ ബാധകമാകുന്നില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.